Current Date

Search
Close this search box.
Search
Close this search box.

ട്രംപ്‌ യുഗം അവസാനിക്കുമ്പോള്‍

പശു ചത്താലും മോരിന്റെ പുളി പോകില്ല എന്നൊരു ചൊല്ല് നമ്മുടെ നാട്ടിൽ പറഞ്ഞു വരാറുണ്ട്. അമേരിക്കക്കാർ അതിനു പകരം പറഞ്ഞു വരുന്നത് ട്രംപ് പോയാലും ട്രംപിസം പോകുമോ” എന്നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏകദേശം ഏഴു കോടി വോട്ടുകൾ ട്രംപ് നേടിയിട്ടുണ്ട് എന്നത് നിസ്സാര കാര്യമായി ലോകം എടുക്കുന്നില്ല. സാധാരണ മുൻ പ്രസിഡന്റ്മാരുടെ കാലത്ത് അമേരിക്കൻ ഭരണാധികാരികളുടെ നയവൈകല്യം അമേരിക്കയുടെ പുറത്തുള്ള ജനതകളെയാണ് ബാധിച്ചിരുന്നതെങ്കിൽ ഒരേ സമയം അകത്തും പുറത്തും അമേരിക്ക പ്രതിയാകുന്ന അവസ്ഥയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമ്പോൾ വാഷിംഗ്‌ടൺ ഡി സിയിൽ ആയിരക്കണക്കിനു സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നു എന്ന വിവരമാണ് അൽ ജസീറ പുറത്തു വിടുന്നത്. ട്രംപ്‌ അനുകൂലികളായ വലതു പക്ഷ തീവ്ര വിഭാഗം സായുധ സമരം നടത്തും എന്ന ഭീതിയിലാണ് അമേരിക്കൻ ജനത. അഫ്ഗാനിസ്ഥാൻ സിറിയ എന്നീ രാജ്യ തലസ്ഥാനങ്ങളിലുള്ള സുരക്ഷാ സൈനികരേക്കാൾ കൂടുതലാണ് വാഷിംഗ്‌ടണിലുള്ളത് എന്ന് വാർത്ത പറയുന്നു. ട്രംപിന്റെ നാല് വർഷം എങ്ങിനെ എന്ന് ചോദിച്ചാൽ നൽകാൻ കഴിയുന്ന മറുപടിയാണ്‌ ഈ സൈനിക വ്യന്യാസം. ഒരു കറുത്ത വർഗക്കാരനെ നടുറോഡിൽ വെച്ച് പരസ്യമായി കഴുത്തു ഞെരിച്ചു കൊല്ലാൻ മാത്രം ധൈര്യം വെളുത്ത പോലീസുകാരന് കൈവന്നത് ഒരു യാദൃശ്ചികതായായി കണക്കാക്കാൻ കഴിയില്ല.

പുതിയ ഇംഗ്ലീഷ് നിഘണ്ടുവിൽ Trumpism എന്നൊരു വാക്ക് കയറിക്കൂടിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. അതിനു ഓൺലൈനിൽ വിശദീകരണവും ലഭ്യമാണ്. “ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം, ഒരു ഭരണ രീതി, നിലവിലെ അമേരിക്കൻ പ്രസിഡൻറ് ട്രംപുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനം. അമേരിക്ക വലതു പക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ജനകീയ മുഖം”. 2016 തിരഞ്ഞെടുപ്പിൽ മൂന്നു മില്യൻ പോപ്പുലർ വോട്ടുകൾ ഹിലാരി ക്ലിന്റനാണ് കൂടുതൽ ലഭിച്ചത്. പക്ഷെ അമേരിക്കൻ ജനാധിപത്യത്തിന്റെ “ലൂപ്പ് ഹോളുകൾ” മുതലാക്കി പോപ്പുലർ വോട്ടുകൾ എതിരായിട്ടും പ്രസിഡന്റ് പദവിയിലെത്തുന്ന അഞ്ചാമത്തെയാൾ എന്ന ഖ്യാതി ട്രംപ്‌ വാങ്ങിച്ചു. ഹിലാരി വൻ വിജയം നേടുമെന്ന പ്രതീക്ഷിയിലായിരുന്നു ലോകം . പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ട്രംപ്‌ അധികാരത്തിലെത്തി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപ് മുഴക്കിയ മുദ്രാവാക്യം “ അമേരിക്ക ഫസ്റ്റ്” എന്നായിരുന്നു. ട്രംപിനു മുമ്പ് Woodrow Wilson, Warren G. Harding എന്നീ പ്രസിഡന്റ്മാരും ഈ മുദ്രാവാക്യം ഉയർത്തിയിട്ടുണ്ട്. അമേരിക്കൻ വിദേശകാര്യവുമായി ബന്ധപ്പെട്ടാണ് ഈ മുദ്രാവാക്യം ഉന്നയിക്കപ്പെടുന്നത്‌. നൂറു വർഷങ്ങൾക്കു മുമ്പാണ് അവസാനമായി ഈ മുദ്രാവാക്യം ഉന്നയിക്കപ്പെട്ടത്.

അമേരിക്ക എന്ന വികാരത്തെ ഒരു ഭരണാധികാരിയും ചോദ്യം ചെയ്തിട്ടില്ല. ഒബാമയുടെ കാലത്താണ് അമേരിക്ക പല രാജ്യങ്ങളുമായും സമാധാന കരാറുകൾ ഉണ്ടാക്കിയത്. അത് അമേരിക്കൻ താല്പര്യങ്ങൾക്ക് എതിരാണ് എന്നൊരു ധ്വനി കൂടി ട്രംപ് നൽകിയിരുന്നു. അധികാരത്തിൽ വന്നപ്പോൾ അത്തരം കരാറുകൾ റദ്ദ് ചെയ്യുന്നതിൽ ഒരു വീഴ്ചയും ട്രംപ് വരുത്തിയില്ല. തന്റെ ജനസമ്മിതി ആദ്യ നൂറു ദിനം കൊണ്ട് തന്നെ നാല്പതു ശതമാനത്തിൽ താഴെയെത്തി എന്നതാണ് ട്രംപ്‌ നേരിട്ട ആദ്യ ദുരന്തങ്ങളിൽ ഒന്ന്. നൂറു ദിവസത്തിനുള്ളിൽ തന്നെ ഭരണകൂടത്തിലെ മുപ്പത്തിനാല് ശതമാനം ജോലിക്കാർ ഒന്നുകിൽ സ്വയം പിരിഞ്ഞു പോകുകയോ അല്ലെങ്കിൽ പിരിച്ചുവിടപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. അതും ഒരു റെക്കോര്ഡ് നേട്ടമാണ്. നുണ പറയുന്ന പ്രസിഡന്റ് എന്ന ഖ്യാതിയും മാധ്യമ ലോകം ട്രംപിനു ചാർത്തി നൽകിയിരുന്നു. 2018 സെപ്റ്റംബർ വരെ ഏകദേശം അയ്യായിരം കളവുകൾ അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണു അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ട്രംപിൽ ഒരു ജനാധിപത്യ കശാപ്പുകാരനെ പലരും കണ്ടിരുന്നു. ആ ഭയം പലരും തുറന്നു പറഞ്ഞിരുന്നു. ഭരണ രംഗത്ത്‌ ഒരു മുൻകാല പരിചയവുമില്ലാതെയാണ് ട്രംപ്‌ നേരെ പ്രസിഡന്റ് പദവിൽ എത്തിയത്. തിരഞ്ഞടെപ്പു സമയത്ത് തന്നെ പല വിവാദ പ്രസ്താവനകളും അദ്ദേഹം നടത്തിയിരുന്നു. ഒരു കോമാളിയുടെ രീതിയിലായിരുന്നു പലപ്പോഴും പല മാധ്യമങ്ങളും ട്രംപിനെ പരിചയപ്പെടുത്തിയത്.

ആധികാരമെറ്റ ആദ്യ സമയങ്ങളിൽ തന്നെ അദ്ദേഹം നടപ്പിലാക്കാൻ ശ്രമിച്ചത് ഇറാഖ്, ഇറാൻ, ലിബിയ, സുഡാൻ, സൊമാലിയ സിറിയ യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്രാ നിരോധനമായിരുന്നു. അമേരിക്കയിൽ തന്നെ ഇത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി. പാവപ്പെട്ടവർക്ക് ഉപകാരപ്രദമായിരുന്ന “ ഒബാമ കെയർ” ചികിത്സ പദ്ധതി നിർത്തലാക്കി. പകരം ട്രംപ് കെയർ കൊണ്ടുവന്നു. മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടുന്ന കാര്യത്തിലും ട്രംപ് വലിയ ശ്രദ്ധ പുലർത്തിയിരുന്നു. മെക്സിക്കോയിൽ നിന്നും വരുന്ന “ കുടിയേറ്റക്കാരെ തടഞ്ഞു നിർത്തുക” എന്ന നയത്തിന്റെ പേരിലായിരുന്നു പ്രസ്തുത മതിൽ. അതിന്റെ ചിലവു മെക്സിക്കോയിൽ നിന്നും വാങ്ങുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ഇപ്പോൾ മതിൽ പണി പകുതി പോലും എത്താത്ത അവസ്ഥയാണ്‌. പുതിയ പ്രസിഡന്റ് ഈ നീക്കത്തിന് അനുകൂലമല്ല എന്നതു കൊണ്ട് തന്നെ മതിൽ നിർമ്മാണം അവസാനിക്കാനാണ് സാധ്യത. മെക്സിക്കൻ അതിർത്തിയിൽ ബന്ധുക്കളെ നഷ്ടമായി കരയുന്ന പല കുട്ടികളുടെ ചിത്രങ്ങളും വാർത്തകളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ സിംഹ ഭാഗവും സ്വകാര്യ മേഖലയിലാണ് എന്നത് കൊണ്ട് തന്നെ സർക്കാരിന് അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ മേൽ കാര്യമായ സ്വാധീനമില്ല. പണക്കാർക്ക് അനുകൂലമായ പല തീരുമാനങ്ങളും ട്രംപ്‌ ഭരണകാലത്ത് ഉണ്ടായി. കൊറോണ വ്യാപനം തടയുന്നതിൽ ട്രംപ്‌ ഒരു പൂർണ പരാജയമായിരുന്നു എന്ന് ലോകവും അമേരിക്കയും വിലയിരുത്തുന്നു.

അമേരിക്കൻ നയങ്ങൾ ലോകത്തെ സ്വാധീനിക്കുക എന്നത് ഒരു സാധാരണ കാര്യം മാത്രം. മറ്റു പല രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ കഴിയുന്നു എന്നത് അമേരിക്ക നേടിയെടുത്ത രാഷ്ട്രീയ മേൽക്കോയ്മയാണ്. യു എസ് എസ് ആർ എന്ന സാമ്രാജ്യം തകർന്നപ്പോൾ പിന്നെ ബാക്കിയായത് അമേരിക്ക മാത്രം. അത് കൊണ്ട് തന്നെ ലോകം ഒറ്റ ചേരിയിലേക്ക് മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. അമരിക്കൻ സ്വാധീനം കൂടുതൽ പ്രകടമാകുന്ന രാജ്യങ്ങളാണ് പശ്ചിമേഷ്യ. പല രാജ്യങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണികളിൽ പ്രാധാനം ഇസ്രയേൽ വിരുദ്ധതയും ഫലസ്തീൻ അനുകൂലവുമായിരുന്നു. പശ്ചിമേഷ്യയിൽ ഒരു ഇസ്രയേൽ വിരുദ്ധ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാൻ കഴിഞ്ഞു എന്നതാണ് ട്രംപ് നേടിയ വലിയ വിജയം. മുസ്ലിം രാജ്യങ്ങളിലേക്ക് സയണിസ്റ്റ്കൾക്ക് യഥേഷ്ടം കടന്നു കയറാനുള്ള വാതിൽ തുറന്നു കിട്ടുന്നതിൽ ട്രംപ് വിജയിച്ചു. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചു എന്നത് ഫലസ്തീൻ ഒരു അടഞ്ഞ അദ്ധ്യായമാണ് എന്ന സൂചന കൂടിയായിരുന്നു.

ഇറാൻ വിഷയം കത്തിക്കുന്നതിലും കഴിഞ്ഞ നാല് വര്ഷം അത് സജീവമാക്കി നിർത്തുന്നതിലും ട്രംപ് വിജയിച്ചു. തന്റെ കാലത്ത് തന്നെ ഇറാനെ ആക്രമിക്കുക എന്ന പദ്ധതി മാത്രമാണ് നടക്കാതെ പോയത്. അതിനു മേഖലയിലെ മറ്റു രാജ്യങ്ങളുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ല എന്നാണു മാധ്യമ വിലയിരുത്തൽ. മേഖലയിലെ നിലവിലുള്ള അവസ്ഥക്ക് ഭംഗം വരുന്നത് പലരും ആഗ്രഹിക്കുന്നില്ല. വടക്കൻ കൊറിയയുമായി പലപ്പോഴും കൊമ്പു കോർത്തെങ്കിലും അത് സമാധാനത്തിന്റെ വഴിയിലൂടെ കടന്നു പോകുകയാണ് ചെയ്തത്. ചൈന വിരോധം അമേരിക്കൻ രാഷ്ട്രീയത്തിന്റെ ആണിക്കല്ലാണ്. അമേരിക്കൻ മേൽക്കോയ്മ ചോദ്യം ചെയ്യാൻ കെൽപ്പുള്ള രാജ്യങ്ങളിൽ അവർ മുഖ്യമായി കാണുന്നത് ചൈനയെ എന്നത് കൂടി മറ്റൊരു കാരണമാണ്. കൊറോണ ഒരു ചൈനീസ് ഉൽപ്പന്നം എന്ന തന്റെ ആദ്യ അഭിപ്രായത്തിൽ ട്രംപ്‌ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. തങ്ങളുടെ പ്രസിഡന്റ് റഷ്യൻ പാവയാണ് എന്നാണു സംവാദ സമയത്ത് ഒരിക്കൽ ബൈഡൻ ഉന്നയിച്ച ആരോപണം.

ഇന്ത്യയുമായി അമേരിക്കൻ സർക്കാർ എന്നും നല്ല നിലയിൽ തന്നെ വർത്തിച്ചിരുന്നു. പുതിയ കാലത്ത് ട്രംപിന്റെ “ അമേരിക്കൻ ഫസ്റ്റും” മോഡിയുടെ തീവ്ര ദേശീയതയും ഒന്നിച്ചു വരുന്നത് കൊണ്ട് മോഡി ട്രംപ് ബന്ധം സജീവമായിരുന്നു. രണ്ടു ഭരണാധികാരികളും ചില കാര്യങ്ങളിൽ സാമ്യത പുലർത്തുകയും ചെയ്യുന്നു. അതിൽ മുഖ്യം ഇവരുടെ കാലത്താണ് ഇരു നാടുകളിലും തീവ്ര വലതു പക്ഷങ്ങൾ സ്ഥാനം ഉറപ്പിച്ചത് എന്നതു തന്നെയാണ്. ഇരു ഭരണാധികാരികളും അത്തരം ദേശ വിരുദ്ധ ശക്തികൾക്കു പിന്തുണ നൽകുന്നു എന്നതും എടുത്തു പറയേണ്ടസാമ്യത തന്നെ.

പരിസ്ഥിതി കാര്യത്തിൽ അമേരിക്ക കൈകൊണ്ട നിലപാടുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്തരീക്ഷ മാലിന്യം കുറക്കാൻ ഉതകുന്ന രീതിയിൽ ഒബാമ കാലത്ത് അംഗീകരിച്ച ഐക്യരാഷ്ട്രസഭ പ്രമേയങ്ങൾ നിരുത്തരവാദപരമായ രീതിയിൽ തള്ളിക്കളയുന്നതാണ് ട്രംപ്‌ കാലത്ത് നാം കണ്ടത്.

അത് കൊണ്ട് തെന്നെയാണ് ആദ്യ ചോദ്യം പ്രസക്തമാകുന്നത്. ട്രംപ് പോയാലും ട്രംപിസം അത്ര പെട്ടെന്നൊന്നും അമേരിക്കൻ സമൂഹത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ ഇടയില്ല. പുതിയ പ്രസിഡന്റിനെ മുന്നിലുള്ള വെല്ലുവിളികളിൽ സജീവമായത് അത് തന്നെയാണ്. പല വിഷയങ്ങളിലും സഖ്യകക്ഷികളായ “ NATO യുമായും ട്രംപ്‌ ഇടഞ്ഞിട്ടുണ്ട്. ഇടയുക പ്രശ്നം സങ്കീർണ്ണമാക്കുക എന്നതായിരുന്നു ട്രംപ് ലൈൻ. ഒരു പാട് കാലത്തെ പല പ്രശ്നങ്ങളിലും മഞ്ഞുരുക്കം വരുത്തിയാണ് ഒബാമ ഒഴിഞ്ഞു പോയത്. അടുത്ത പ്രസിഡന്റ് ബൈഡനാണ് എന്നത് കൊണ്ട് തന്നെ ചില പ്രതീക്ഷകൾ നൽകുന്നു.

“ ദീർഘമായ രാത്രിക്ക് ശേഷം പ്രഭാതം വന്നിരിക്കുന്നു . പക്ഷെ ഇതിപ്പോഴും മഞ്ഞു നിറഞ്ഞതാണ്‌”

Related Articles