Current Date

Search
Close this search box.
Search
Close this search box.

പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ ?

പശ്ചിമ ബംഗാള്‍ ആരോഗ്യമേഖല അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നിരിക്കുകയാണ്. തങ്ങളുടെ ജീവനും സുരക്ഷക്കും സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റസിഡന്റ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ദിനേന ശക്തിയാര്‍ജിച്ചു വരികയാണ്. സമരം ചെയ്യുന്ന തങ്ങളുടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് നൂറുകണക്കിന് സീനിയര്‍ ഡോക്ടര്‍മാര്‍ രാജി ഭീഷണിയുമായി രംഗത്തു വന്നതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്.

കഴിഞ്ഞ തിങ്കളാഴ്ച കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ 85കാരനായ ഒരു രോഗി മരണപ്പെട്ടതിനെത്തുടര്‍ന്ന് മരണത്തിന് കാരണം അവിടുത്തെ ഡോക്ടറാണെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ കോളേജിലേക്ക് സംഘടിതമായി അതിക്രമിച്ച് കയറുകയും ജൂനിയര്‍ ഡോക്ടര്‍മാരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു ഡോക്ടര്‍ അതിഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. ഇതിനെത്തുടര്‍ന്നാണ് പശ്ചിമബംഗാളില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി രാജ്യത്താകമാനം ഡോക്ടര്‍മാരും ഐക്യദാര്‍ഢ്യ സമരം നടത്തുകയാണിപ്പോള്‍.

ഇതില്‍ പ്രധാനപ്പെട്ട കാര്യം കൊല്‍ക്കത്തയില്‍ നടന്നത് ഒറ്റപ്പെട്ട സമഭവമല്ല. ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് രോഗികള്‍ മരിക്കുന്നത് എന്ന ആരോപണം പശ്ചിമ ബംഗാളില്‍ സ്ഥിര സംഭവമാണ്. എത്രത്തോളമെന്നാല്‍ ബംഗാളിലെ മുഴുവന്‍ മെഡിക്കല്‍ കോളേജിലും വിദ്യാര്‍ത്ഥികള്‍ സ്വയംപ്രതിരോധിക്കാനായി തൈക്വാന്‍ഡോ അഭ്യസിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത്തരത്തില്‍ നടപടികള്‍ എടുത്തിട്ടും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടസ്സമില്ലാതെ തുടരുകയാണ്.

പ്രതിസന്ധിയുടം ഉത്ഭവം

പശ്ചിമബംഗാളിലെ ആരോഗ്യ സംരക്ഷണ മേഖലയുടെ പ്രതിസന്ധിക്ക് കാരണമാകുന്ന പരസ്പരബന്ധിതമായ ചില പ്രശ്‌നങ്ങളുണ്ട്. ഒന്ന്, സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്ത സ്റ്റാഫുകള്‍ക്കെതിരെ ജനങ്ങള്‍ പെട്ടെന്ന് ക്ഷോഭിക്കുന്നു. തത്ഫലമായി ഒരു രോഗിയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു മെഡിക്കല്‍ സ്റ്റാഫുകളും രോഗിയുടെ ബന്ധുക്കളുടെ ഇരയായി മാറുന്നു. വര്‍ഷങ്ങളായി സര്‍ക്കാര്‍ പൊതുജനാരോഗ്യ മേഖലയെ അവഗണിക്കുന്നത് മൂലം ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തെ സാരമായി ബാധിക്കുന്നു. മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളുടെ മാനദണ്ഡങ്ങളുടെ തകര്‍ച്ച രോഗികളുടെ അനിയന്ത്രിതമായ വര്‍ധനക്കും തിരക്കിനും കാരണമാകുന്നു.

ഇക്കാര്യത്തില്‍ കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കൊല്‍ക്കത്തയിലെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള രോഗികള്‍ മാത്രമല്ല ഇവിടേക്ക് വരുന്നത്. മറിച്ച് സമീപ ജില്ലകളായ 24 പര്‍ഗനാസ്,മദിനിപ്പൂര്‍,മുര്‍ഷിദാബാദ്,നദിയ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളെയും കൊല്‍ക്കത്തയിലേക്കാണ് റഫര്‍ ചെയ്യുന്നത്. ദിവസവും ഇവിടെ 3500-4000 വരെ രോഗികളാണ് എത്തുന്നത്.

അതിനാല്‍ തന്നെ ഇവരോടൊപ്പം വരുന്നവരുടെ ഒഴുക്കും നിയന്ത്രിക്കാനാവില്ല. അതിനാല്‍ തന്നെ ഇത്രയും രോഗികള്‍ക്ക് സമയവും ഉപകരണങ്ങളും നീക്കിവെക്കാന്‍ പ്രയാസമാണ്. രോഗിയും ഡോക്ടറുമായുള്ള പരസ്പര ഇടപെടല്‍ വളരെ ചുരുങ്ങിയ സമയമാകും. ഇത് രോഗിക്കും അവരുടെ ബന്ധുക്കള്‍ക്കും തീര്‍ത്തും അസംതൃപ്തിയുണ്ടാക്കുന്നു.

പല ആളുകളും ഇവിടെ പരിശോധിക്കാനായി അവരുടെ വ്യക്തിബന്ധങ്ങളുപയോഗിച്ചും ദല്ലാള്‍മാര്‍ക്ക് കൈക്കൂലി നല്‍കിയുമാണ് ഡോക്ടര്‍മാരെ കാണാനുള്ള മുന്‍ഗണന തേടുന്നത്. ഇത് സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ അപര്യാപ്തത മൂലം ഉയര്‍ന്നു വന്നതാണ്. നിലവില്‍ ബംഗാളില്‍ ശരാശരി 10,441 സര്‍ക്കാര്‍ ഡോക്ടര്‍മാരാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഡോക്ടര്‍-രോഗി അനുപാതത്തിനും എത്രയോ താഴെയാണ് ഇവിടെ. ഈ കണക്കുപ്രകാരം ആയിരം രോഗിക്ക് ഒരു ഡോക്ടര്‍ മാത്രമാണിവിടെയുള്ളത്. ഇത് തന്നെ സ്വകാര്യ,ആയുഷ് ഡോക്ടര്‍മാരെ കൂട്ടിയുള്ള കണക്കാണ്. 2018ല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പതിനായിരം ആളുകള്‍ക്ക് 5.62 കിടക്കകള്‍ മാത്രമാണുള്ളത്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ആശുപത്രികളെ ഇത്രയും വലിയ പ്രതിസന്ധിയിലാക്കുന്നത് എന്താണെന്നുള്ളത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ആരോഗ്യമേഖലക്ക് ആവശ്യമായ സാമ്പത്തിക വിഭവങ്ങള്‍ നല്‍കുന്നുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ക്ക് സൗജന്യ സേവനം ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ പ്രചാരണപരിപാടികളില്‍ പറയുന്നത്.

നിലവില്‍ തുടരുന്ന ഡോക്ടര്‍മാരുടെ സമരം ദരിദ്രരായ ആളുകളെയാണ് ദോഷകരമായി ബാധിക്കുന്നത്. സര്‍ക്കാര്‍ ആരോഗ്യ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ആരാണെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. ദേശീയ സാംപിള്‍ സര്‍വേ പ്രകാരം ബംഗാളില്‍ 80 ശതമാനം ദരിദ്രരില്‍ 40 ശതമാനവും വളരെ താഴ്ന്ന വിഭാഗക്കാരും അവര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരാണെന്നും പറയുന്നുണ്ട്. ഇത്തരക്കാര്‍ സ്വകാര്യ ആശുപത്രികളിലേക്ക് പോകില്ല. അതുകൊണ്ടാണ് അവര്‍ ചികിത്സയും കാത്ത് സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ അവരെ പരിശോധിക്കുന്നതും കാത്ത് കിടക്കുന്നത്. അതിനാല്‍ തന്നെ നിലവിലെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്. മികച്ച ബോധമുള്ള ഇരു വിഭാഗവും ഉടന്‍ തന്നെ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അവലംബം:thewire.in
വിവ: സഹീര്‍ വാഴക്കാട്

Related Articles