Current Date

Search
Close this search box.
Search
Close this search box.

‘സഞ്ജീവിനായുള്ള പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കും’

‘ഒരു ദിവസം രാവിലെ ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് കയറി വന്നാണ് സഞ്ജീവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്. അതും 23 വര്‍ഷം മുമ്പുള്ള ഒരു കേസിന്റെ പേരില്‍’. ‘സഞ്ജീവ് എന്റെ പ്രിയപ്പെട്ട ഭര്‍ത്താവാണ്. എന്റെ നല്ല കൂട്ടുകാരന്‍. എന്റെ ആണിക്കല്ല്. എന്റെ ഭര്‍ത്താവിനെ എനിക്ക് തിരിച്ചു കിട്ടണം. അതിനു നിങ്ങളുടെ പിന്തുണ വേണം’.

മലയാളികളോട് ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. ഓരോ പത്തു മിനിറ്റിലും കാര്യങ്ങള്‍ അന്വേഷിച്ചു ഒരു കാള്‍ വന്നിരിക്കും. അതില്‍ കൂടുതലും കേരളത്തില്‍ നിന്ന് തന്നെയാകും. അതിനെല്ലാം നിങ്ങളെ നേരില്‍ കണ്ടു നന്ദി അറിയിക്കാന്‍ തന്നെയാണ് ഈ വരവിന്റെ ഉദ്ദേശം. മൂന്നു പതിറ്റാണ്ട് മുമ്പ് വിവാഹ സമയത്ത് ഞങ്ങള്‍ ഒരു കരാര്‍ ചെയ്തിരുന്നു. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഒന്നിച്ചു നില്‍ക്കുമെന്ന കരാര്‍. ആ കരാറാണ് ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ എനിക്ക് ധൈര്യം നല്‍കുന്നത്. ആ പ്രതിജ്ഞ പൂര്‍ത്തിയാക്കാന്‍ നിങ്ങളും എന്റെ കൂടെയുണ്ടാകണം എന്നതാണ് എന്റെ ആഗ്രഹം. ജീവിതത്തില്‍ നിരാശ തോന്നുമ്പോള്‍ ഞാന്‍ സ്വയം ചോദിക്കും. ഞാന്‍ സഞ്ജീവ് പഠിപ്പിച്ച വഴിയില്‍ തന്നെയല്ലേ?. കാരണം ജീവിതത്തിലെ തുരുത്തുകള്‍ മുറിച്ചു കടക്കാന്‍ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്.

ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു കുറ്റത്തിന്റെ പേരിലാണ് അദ്ദേഹം ശിക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കേസ്. എനിക്ക് നിയമത്തില്‍ പൂര്‍ണ വിശ്വാസമാണ്. അത് കൊണ്ട് തന്നെ അതിന്റെ വഴിയില്‍ നീങ്ങുക എന്നതാണ് എന്റെ മുന്നിലുള്ള വഴി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്നയാളെ സഞ്ജീവല്ല അറസ്റ്റു ചെയ്തത്. അയാളെ ചോദ്യം ചെയ്യാനും സഞ്ജീവ് ഉണ്ടായിരുന്നില്ല. വിട്ടയച്ച ദിവസങ്ങള്‍ കഴിഞ്ഞാണ് അയാള്‍ കിഡ്‌നി സംബന്ധിയായ രോഗം മൂലം മരിക്കുന്നത്. മരണത്തിനും കുറെ ദിവസങ്ങള്‍ക്കു ശേഷമാണ് കേസ് കോടതിയില്‍ എത്തുന്നതും.

ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്. ഇവിടെ കൊലപാതകികളും ബാലാത്സംഗ വീരന്മാരും കള്ളന്മാരും വര്‍ഗീയ വാദികളും രാജ്യം ഭരിക്കുകയും നാട്ടില്‍ വിലസുകയും ചെയ്യുന്നു. തന്റെ ഉത്തരവാദിത്വം മാന്യമായി നിര്‍വഹിച്ച ഒരു ഉദ്യോഗസ്ഥനെ സത്യം തുറന്നു പറഞ്ഞു എന്നതിന്റെ പേരില്‍ നിയമവും വ്യവസ്ഥകളും ദുരുപയോഗം ചെയ്ത് പീഡിപ്പിക്കുന്നു. കീഴ്‌കോടതിയുടെ വിധിയെ ഞങ്ങള്‍ ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യും. സത്യം ജയിക്കും എന്നുറപ്പാണ്. അടുത്ത പ്രാവശ്യം ഞാനിപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് സഞ്ജീവ് വന്നു നിന്ന് നിങ്ങളെ അഭിസംബോധന ചെയ്യും. സഞ്ജീവ് ജയില്‍ മുക്തനായി നമ്മുടെ ഇടയിലേക്ക് കടന്നു വരുന്നത് വരെ ഈ പോരാട്ടം നമുക്ക് നിര്‍ത്താന്‍ കഴിയില്ല.

മുപ്പതു വര്‍ഷം മുമ്പാണ് സഞ്ജീവ് ജോലിയില്‍ പ്രവേശിച്ചത്. രാജ്യത്തെയും ജനങ്ങളെയും ആത്മാര്‍ത്ഥമായി സേവിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരിക്കല്‍ പോലും ഔദ്യോഗിക ജീവിതത്തില്‍ ഒരു ക്രമക്കേടിനും കൂട്ടുനിന്നില്ല. എല്ലാ തിന്മകളെയും അദ്ദേഹം പ്രതിരോധിച്ചു. അത് കൊണ്ട് തന്നെ എന്നും അദ്ദേഹം അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണിലെ കരടായി. എന്താണ് സഞ്ജീവ് ഭട്ട് ചെയ്ത കുറ്റം എന്നത് ഇനിയും അറിഞ്ഞിട്ടു വേണം. ഒരു ഉന്നത പോലീസ് ഓഫീസറുടെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ സാധാരണ ജനത്തിന്റെ അവസ്ഥയെന്താകും എന്ന് ഞാന്‍ മറ്റൊരു പോലീസ് ഓഫീസറോട് ചോദിച്ചു. ഒരു മറുപടിയും അദ്ദേഹത്തിനു നല്‍കാന്‍ കഴിഞ്ഞില്ല.

പല കേസുകളിലും കോടതിയും അന്വേഷണ കമ്മീഷനും ചോദിച്ച രേഖകള്‍ നല്‍കി എന്നതാണു സഞ്ജീവ് ചെയ്ത തെറ്റ്. ഫാസിസം ശരികളെ തെറ്റാക്കി തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കും. എനിക്കെന്റെ സഞ്ജീവിനെ തിരിച്ചു വേണം. അതിനു നല്ല മനസ്സുകളുടെ പിന്തുണ ആവശ്യമാണ്. നിങ്ങള്‍ക്ക് ഞങ്ങളുടെ രക്തം ഊറ്റിക്കുടിക്കാം, അപായപ്പെടുത്താം പക്ഷെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല. കാരണം സഞ്ജീവ് എന്നും നന്മയുടെയും സത്യത്തിന്റെയും കൂടെയായിരുന്നു.

(സഞ്ജീവ് ഭട്ടിന് പിന്തുണയര്‍പ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് നടത്തിയ പ്രഭാഷണത്തിന്റെ ഹ്രസ്വ പരിഭാഷ.)

മൊഴിമാറ്റം: അബ്ദുസ്സമദ് അണ്ടത്തോട്

Related Articles