Onlive Talk

മുത്തലാഖ് ബില്‍, മുസ്‌ലിം സ്ത്രീ-പുരുഷ വിരുദ്ധമാണ്

(മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നടത്തിയ പ്രസംഗത്തിന്റെ വിവര്‍ത്തനം. തയ്യാറാക്കിയത് അബ്ദുസ്സമദ് അണ്ടത്തോട്.)

സര്‍, എന്റെ നിയമപരമായ വിയോജിപ്പും ബഹുമാന്യനായ മന്ത്രി മുന്നോട്ടു വെച്ച ബില്ലിനെതിരെയുള്ള എന്റെ ഭേദഗതിയും ഇതിനോടകം ഞാന്‍ താങ്കളുടെ മുന്നില്‍ സമര്‍പ്പിച്ചതാണ്.

ഈ വിഷയത്തില്‍ നേരത്തെ കൊണ്ട് വന്ന രണ്ടു ഓര്‍ഡിനനസിനെയും ഇപ്പോള്‍ മന്ത്രി കൊണ്ട് വന്ന ബില്ലുിനെയും ഞാന്‍ ശക്തമായി എതിര്‍ക്കുകയാണ്. ഈ ബില്ലിന് കൂടുതല്‍ പ്രചാരം നല്‍കേണ്ടതിന്റെയും അതിന്റ സമകാലിക പ്രസക്തിയെയും സംബന്ധിച്ച് ഏറെ സമര്‍ത്ഥമായി മന്ത്രി വിവരിക്കുകയുണ്ടായി. സുപ്രീം കോടതിയുടെ വിധി പ്രകാരം ഇത്തരം ഒരു ബില്‍ നിര്‍ബന്ധമാണ് എന്നാണ് നിയമ മന്ത്രി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. സുപ്രീം കോടതി വിധി ഒരു അഞ്ചംഗ ബെഞ്ചിന്റെതായിരുന്നു . അതും 3 : 2 എന്നതായിരുന്നു വിധിയുടെ സ്വഭാവം. വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിമാരില്‍ രണ്ടു പേര് ( ജസ്റ്റിസ് നരിമാനും ജസ്റ്റിസ് യു ലളിത് ) പറഞ്ഞത് 1937 ല്‍ നിലവില്‍ വന്ന മുസ്ലിം വ്യക്തി നിയമം പ്രകാരമുള്ള മുത്വലാഖു ഭരണഘടനയുടെ പതിനാലാം അനുച്ഛേദമായ തുല്യ നീതി എന്നതിന് വിരുദ്ധമാണ് എന്നാണു.

ജസ്റ്റിസ് കുര്യന്‍ തോമസ് വിധി പറഞ്ഞത് മുത്വലാഖു ഇസ്‌ലാമിലെ ഒരു ശരിയായ രീതിയല്ല അത് കൊണ്ട് തന്നെ അത് നിയമ വിരുദ്ധമാണ് എന്നതാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ജഡ്ജിമാര്‍ ( ജസ്റ്റിസ് ജഗദീഷ് ,ജസ്റ്റിസ് അബ്ദുല്‍ നസീര്‍) വിധി പറഞ്ഞത് മുത്വലാഖിനെതിരെ നിയമമുണ്ടാക്കേണ്ടത് പാര്‍ലിമെന്റാണ് കോടതിക്ക് ഈ വിഷയത്തില്‍ ഇടപെടുന്നതിന് ഏറെ പരിമിതിയുണ്ട് എന്നായിരുന്നു. അപ്പോള്‍ യാതാര്‍ത്ഥത്തില്‍ വിധി 2 : 1 : 2 എന്ന രീതിയിലായിരുന്നു. അതായത് വിധിയിലെ ഒരു ഭാഗം പൊക്കിപ്പിടിച്ചാണ് സര്‍ക്കാര്‍ ഇത്തരം ഒരു നിയമ നടപടിയുമായി മുന്നോട്ട് വരുന്നത് എന്ന് സാരം. അങ്ങിനെയെങ്കില്‍ ഒരു കാര്യം ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. കോടതിയുടെ വിധി വന്ന ശബരിമല കേസില്‍ എന്ത് നിയമ നിര്‍മാണമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് സമയത്ത് ചെന്നൈയില്‍ വെച്ച് എന്താണ് പറഞ്ഞത് എന്നതും സര്‍ക്കാരിന് ഓര്‍്മയുണ്ടാകും എന്ന് കരുതുന്നു.

ബഹുമാനപ്പെട്ട മന്ത്രി ഒരു കാര്യത്തില്‍ കൂടി വ്യക്തത വരുത്തണം. സുപ്രീം കോടതി ഒരിക്കലും പാര്‍ലിമെന്റിനോട് മുത്വലാഖു നിര്‍ത്തലാക്കാനുള്ള നിയമ നിര്‍മാണം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. അതെ സമയം ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡ് സുപ്രീം കോടതിക്ക് മുന്നില്‍ ഒരു സത്യവാങ് നല്‍കിയിട്ടുണ്ട്. ഇനി കോടതിയുടെ ന്യൂനപക്ഷ വിധിക്കനുസരിച്ചു ഇന്ത്യയിലെ പാവം മുസ്ലിം സ്ത്രീകളെ രക്ഷിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ എന്ത് കൊണ്ട് ആള്‍ക്കൂട്ട കൊലകളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. അടുത്തിടെ മൂന്നു പേരെ വീണ്ടും മൃഗീയമായി കൊന്നു തള്ളിയല്ലോ. ഈ വിഷയത്തില്‍ ഒരു വിശദമായ നിയമം നിര്‍മിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതാണല്ലോ. എന്ത് കൊണ്ട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നിയമ നിര്‍മാണത്തിന് മുന്നോട്ടു വരുന്നില്ല. സര്‍ അത് കൊണ്ട് തന്നെ ഇത് രാജ്യത്തെ ഒരു പ്രത്യേക ജന സമൂഹത്തെ ഉന്നം വെച്ച് കൊണ്ടുള്ള രാഷ്ട്രീയ നീക്കമായി വേണം മനസ്സിലാക്കാന്‍ . അതില്‍ യാതൊരു സംശയത്തിനും ഇടയില്ല.

സര്‍, ഈ വിഷയത്തില്‍ മൂന്നു ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരപ്പെട്ടു. 2018 സെപ്തംബര് 19 , രണ്ടാമത്തേത് ജനുവരി 2019 , മൂന്നാമത്തേത് ഫിബ്രുവരി 2019 . ഇത്ര തിരക്കുകൂട്ടി കുറഞ്ഞ സമയത്തിനുള്ളില്‍ ഈ വിഷയത്തില്‍ മൂന്നു ഓര്‍ഡിനന്‍സുകള്‍ കൊണ്ട് വരേണ്ട എന്ത് സാഹചര്യമായിരുന്നു നാട്ടില്‍ ഉണ്ടായിരുന്നത്. അതിനു നീതിപൂര്‍വകമായ ഒരു മറുപടി തരാന്‍ ഇത് വരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മറിച്ചു നേരത്ത പറഞ്ഞ രാഷ്ട്രീയം തന്നെയാണ് ഇതിന്റെ പിന്നിലെ ഉദ്ദേശ്യം. അത് തന്നെയാണ് ബി ജെ പി നയിക്കുന്ന സര്‍ക്കാരിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നെന്നു പറയാതിരിക്കാനും കഴിയില്ല. ഭരണ ഘടനയുടെ ഇരുപത്തിമൂന്നാം ഖണ്ഡിക പറയുന്നത്, ഒഴിച്ച് കൂടാന്‍ പറ്റാത്ത അവസരങ്ങളില്‍ മാത്രമാണ് ഓര്‍ഡിനനസുകള്‍ ഇറക്കേണ്ടത് എന്നാണല്ലോ. സര്‍ അത്തരത്തില്‍ എന്ത് സാഹചര്യമാണ് ഈ വിഷയകവുമായി നാട്ടില്‍ നില നില്‍ക്കുന്നത്?

സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ബീഹാര്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍ ‘ ഓര്‍ഡിനന്‍സുകള്‍ പുതുക്കുക എന്നത് നിയമ വിരുദ്ധവും ഭരണ ഘടനയോടു കാണിക്കുന്ന അനാദരാവായും കണക്കാക്കപ്പെടും’ എന്ന പരാമര്‍ശവും നമ്മുടെ മുന്നിലുണ്ടല്ലോ. ഓര്‍ഡിനന്‍സുകളുടെ ആധിക്യം പ്രസിഡന്റ് ഗവര്‍ണര്‍ എന്നിവരെ ഒരു സമാന്തര നിയമ നിര്‍മാണ വ്യവസ്ഥയായി കണക്കാക്കപ്പെടുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ അനാവശ്യമായി ഓര്‍ഡിനന്‍സുകള്‍ പുതുക്കുക എന്നതു കൊണ്ട് തന്നെ ഇത് നിയമ നിര്‍മാണ സഭകളോടും ഭരണഘടനയോടും വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. അത് കൊണ്ട് തന്നെ ഈ ഓര്‍ഡിനന്‍സിനെ ഞാന്‍ ശക്തമായി എതിര്‍ക്കുകയാണ്.

സര്‍, ഈ ബില്‍ മുസ്ലിം സ്ത്രീ-പുരുഷന്മാരുടെ താല്പര്യത്തിനു എതിരാണ്. ഈ ബില്‍ പറയുന്നത് ഒരേ സമയം തന്നെ മുസ്ലിം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെയും മുസ്ലിം സ്ത്രീയുടെ ക്ഷേമം ഉദ്ദേശിച്ചുമാണ് എന്നാണല്ലോ. ഷാബാനു ബീഗം കേസില്‍ സുപ്രീം കോടതി വിധിച്ചത് മുസ്ലിം ഭര്‍ത്താവ് തന്റെ മുസ്ലിം ഭാര്യയുടെ നേരെ നടത്തുന്ന മാറ്റാന്‍ കഴിയാത്ത ത്വലാഖ് നിയമ വിരുദ്ധം എന്നായിരുന്നു. അതായത് മുത്വലാഖ് ചൊല്ലിയാല്‍ ഇപ്പോള്‍ തന്നെ നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പെിടില്ല എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുമ്പോള്‍ പിന്നെ എന്തിനാണ് ഈ പുതിയ ബില്ലിന്റെ ആവശ്യം.

മറ്റൊരാള്‍ക്ക് കാര്യമായ ബുദ്ധിമുട്ടു ഉണ്ടാക്കിയാല്‍ മാത്രമാണ് നിയമം ശിക്ഷ ഉറപ്പു നല്‍കുന്നത്. ഈ വിധി വന്ന 2017 അഗസ്റ്റിന് ശേഷം മുത്വലാഖിന്റെ പേരില്‍ രാജ്യത്തു ഒരു മുസ്ലിം സ്ത്രീയും പീഡിപ്പിക്കപ്പെട്ടതായി പറയുന്നില്ല. ഒന്നുകില്‍ ഭര്‍ത്താവ് ഭരണ ഘടന വിരുദ്ധമായി പ്രവര്‍ത്തിക്കണം അല്ലെങ്കില്‍ സ്ത്രീ നിര്‍ബന്ധപൂര്‍വം വീട്ടില്‍ നിന്നും പുറത്താക്കണം. ഈ രണ്ടു അവസ്ഥക്ക് പകരമായി ഭരണ ഘടനയുടെ 498 വകുപ്പ് ( സ്ത്രീകളുടെ മേല്‍ നടക്കുന്ന ആഭ്യന്തര പീഡന പരിഹാര നിയമം ) ഇപ്പോള്‍ തന്നെ ഭരണഘടനയുടെ ഭാഗമാണ്. അങ്ങിനെയെങ്കില്‍ ഒരു പുതിയ നിയമ നിര്‍മാണത്തിന്റെ ആവശ്യമെന്ത്.

സര്‍, മറ്റൊന്ന് ഒരു സിവില്‍ നിയമത്തെ ക്രിമിനല്‍ നിയമത്തിലേക്കു മാറ്റുക എന്നതാണ്. ഇത് പൂര്‍ണമായും ഒരു വ്യക്തിഗത നിയമമാണ്. എങ്ങിനെയാണ് ഒരു വ്യക്തിഗത നിയമത്തെ ക്രിമിനല്‍ നിയത്തിലേക്കു മാറ്റാന്‍ കഴിയുക? വിവാഹവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും എല്ലാ മതത്തിലും സിവില്‍ നിയമമായി കണക്കാക്കുന്നു . വിവാഹ മോചനം അന്തരാവാകാശം എന്നിവയും അങ്ങിനെ തന്നെ. പിന്നെ എന്ത് കൊണ്ട് ഒരു വിഭാഗത്തിന്റെ കാര്യത്തില്‍ മാത്രം ഇത് ക്രിമിനല്‍ നിയമമായി മാറുന്നു. എന്ത് കൊണ്ട് വിവാഹ മോചനത്തിന്റെ കാര്യത്തില്‍ മൂന്ന് കൊല്ലം ജയില്‍ ശിക്ഷ എന്നതു ഹിന്ദു സമൂഹത്തിലും കൃസ്ത്യന്‍ സമൂഹത്തിലും നടപ്പാക്കുന്നില്ല? അത് കൊണ്ട് തന്നെ വിവേചനപരമായ നിയമ നിര്‍മാണമാണ്. അത് കൊണ്ട് തന്നെ ഇത് ഭരണ ഘടനയുടെ 14, 15, 25 എന്നീ അനുച്ഛേദങ്ങളുടെ നഗ്‌നമായ ലംഘനയാണ്.

മൂന്നാമതായി ഈ ബില്ലിന്റെ ഉള്ളടക്കം പൂര്‍ണമായി വൈരുദ്യം നിറഞ്ഞതാണ്. ബില്ലിന്റെ മൂന്നാം ഉപവാക്യം മുത്വലാഖ് നിയമ വിരുദ്ധം എന്ന് പറയുന്നു. ബില്ലിലെ CLAUSE നാലു പറയുന്നത് അത് കൊണ്ട് തന്നെ ഭര്‍ത്താവു ജയില്‍ ശിക്ഷക്ക് യോഗ്യനാണ് എന്നാണു. CLAUSE അഞ്ചു ഭാര്യക്ക് ചെലവ് നല്‍കല്‍ ഭര്‍ത്താവിന്റെ ചുമതലയെന്നും പറയുന്നു. എങ്ങിനെയാണ് സാര്‍ ജയിലില്‍ കിടക്കുന്ന ഒരാള്‍ ഭാര്യക്ക് ചിലവിന്ന് നല്‍കുക? എങ്ങിനെയാണ് ഇവിടെ ഭാര്യയുടെ അവകാശം സംരക്ഷിക്കപ്പെടുന്നത്? അതെ സമയത് കുട്ടികളുടെ സംരക്ഷണവും ഭാര്യയുടെ അടുത്ത് തന്നെ വരുന്നു . മറ്റൊരു വൈരുധ്യം മുത്വലാഖ് നിയമ വിരുദ്ധം എന്നിരിക്കെ എങ്ങിനെയാണ് നിയമം ഭാര്യ ഭര്‍ത്താക്കന്മാരെ
വേര്‍പ്പെടുത്തുന്നത്? അത് പോലെ എങ്ങിനെയാണ് കുട്ടികളെ ഭര്‍ത്താവില്‍ നിന്നും വേര്‍തിരിക്കുക? അതെ സമയം ജയിലില്‍ പോയ ഭര്‍ത്താവിന് ജാമ്യം നല്‍കേണ്ട അവകാശവും ഭാര്യക്ക് തന്നെ നല്‍കുന്നു.

സര്‍, ഇത് മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമമല്ല പകരം മുസ്ലിം ഭര്‍ത്താക്കന്മാരെ പീഡിപ്പിക്കാനാണ്. വിവാഹം നില നില്‍ക്കുമ്പോള്‍ തന്നെ ഭര്‍ത്താവിനെ മൂന്നു കൊല്ലം ജയിലില്‍ പാര്‍പ്പിക്കുക എന്നതിന്റെ നീതി എന്താണ് സാര്‍? അത് കൊണ്ട് തന്നെ ഈ നിയമം മുസ്ലിംകളെ ഉന്നം വെച്ചുള്ള ഒരു രാഷ്ട്രീയ ഗൂഡാലോചനയും ഭരണഘടനയുടെ നേര്‍ക്കുള്ള ശക്തമായ കയ്യേറ്റവുമാണ്.

Facebook Comments
Related Articles
Close
Close