Current Date

Search
Close this search box.
Search
Close this search box.

കുട്ടിക്കടത്ത്: ഉത്തരവാദപ്പെട്ടവര്‍ മാപ്പുപറയണം

അന്നവും വിദ്യാഭ്യാസവും തേടി കേരളത്തിലെ യതീംഖാനകളിലേക്ക് വന്ന പാവപ്പെട്ട കുട്ടികളെ വഴിയാധാരമാക്കിയവര്‍ക്കെതിരേയുള്ള കനത്ത മറുപടിയാണ് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. 2014 മെയ് 24, 25 തിയതികളില്‍ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ജാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 606 കുട്ടികളെയാണ് മനുഷ്യക്കടത്ത് ആരോപിച്ച് ദിവസങ്ങളോളം കടുത്ത പീഡനത്തിന് വിധേയമാക്കിയത്. കേരളത്തിലെ പ്രമുഖ അനാഥാലയങ്ങളായ മുക്കം മുസ്‌ലിം ഓര്‍ഫനേജ്, വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ യതീംഖാന എന്നിവിടങ്ങളിലേക്ക് വന്ന കുട്ടികളായിരുന്ന ഇവര്‍.

കുട്ടിക്കടത്തെന്ന ഇല്ലാത്ത ഒരു സംഭവം ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുകയായിരുന്നു ചിലര്‍. വന്‍ ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് പൂര്‍ണമായും ശരിവെക്കും വിധമാണ് ബിഹാര്‍ സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സൗജന്യ വിദ്യാഭ്യാസം ലക്ഷ്യമാക്കി കൊണ്ടുവന്ന കുട്ടികളെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും രക്ഷിതാക്കളുടെ പൂര്‍ണ അനുമതിയോടെയാണ് കുട്ടികള്‍ യാത്ര തിരിച്ചതെന്നും ബിഹാര്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടുവെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് മോശമായ പെരുമാറ്റമോ അവഹേളനമോ മുന്‍കാലങ്ങളില്‍ പഠിക്കാന്‍ വന്ന കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ ചാരക്കേസ് പോലെ മനുഷ്യക്കടത്ത് കേസും വിസ്മൃതിയിലാവുകയാണ്. അതേസമയം ഇതിന്റെ പേരില്‍ പൊതുസമൂഹത്തിനിടയില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും മാനേജ്‌മെന്റിനുമുണ്ടായ പരുക്ക് ചെറുതൊന്നുമല്ല. ഗൂഢ ലക്ഷ്യം വെച്ചുകൊണ്ട് കുട്ടികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന വന്‍ റാക്കറ്റിനെ പിടികൂടി എന്ന തലക്കെട്ടിലായിരുന്നു ഈ വിഷയത്തെ ചില മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. പതിവുപോലെ അധ്യായന വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ജൂണിന് മുന്‍പായി തങ്ങളുടെ സ്ഥാപനത്തിലെത്തുകയെന്നതായിരുന്നു കുട്ടികളുടെ ലക്ഷ്യം. മുന്‍കാലങ്ങളിലെ പോലെ അവധി കഴിഞ്ഞുവരുമ്പോള്‍ അനുജ സഹോദരങ്ങളെയും പരിസരത്തുള്ള കുട്ടികളെയും കൂടെ കൂട്ടിയിരുന്നു. െ്രെപമറി സ്‌കൂളിന്റെ പടിപോലും കാണാന്‍ കഴിയാത്തവരായിരുന്നു ഇവരൊക്കെയും. മാത്രമല്ല ഒരു നേരം ക്ഷുത്തടക്കാന്‍ പോലും വകയില്ലാത്ത പാവങ്ങളില്‍ പാവങ്ങളുമായിരുന്നു.

ഏറെ പ്രതീക്ഷയോടെ കേരളത്തിലെത്തിയ കുട്ടികള്‍ കണ്ടത് ക്രൂരതയുടെ മലയാളനാടിനെയാണ്. ദിവസങ്ങളോളം പാലക്കാട് റെയില്‍വേ സ്‌റ്റേഷനിലും തിരിച്ചുള്ള യാത്രയിലുമായി ആ പിഞ്ചുകുട്ടികള്‍ അനുഭവിച്ച പീഡനത്തിന് വിലയിടാന്‍ കഴിയില്ല. സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള ശിശുക്ഷേമ സമിതിയും കേരള പൊലിസും കൊള്ളസംഘത്തെ കൈകാര്യം ചെയ്യുന്നത് പോലെയാണ് ഇവര്‍ക്ക് നേരെ തിരിഞ്ഞത്. ഇതോടെ വിദ്യാഭ്യാസമെന്ന പലരുടെയും സ്വപ്നം എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു. പലകുട്ടികളും പതിവുപോലെ ജാര്‍ഖണ്ഡിലെയും, ബംഗാളിലെയും തെരുവുകളിലേക്ക് തിരിച്ചുപോവേണ്ടിവന്ന അനുഭവം ഇന്നും ഞെട്ടലുളവാക്കുന്നതാണ്.

ചില പത്രങ്ങളും ചാനലുകളും ഈ സംഭവത്തോട് സ്വീകരിച്ച സമീപനം പൂര്‍ണമായും നിരുത്തരവാദപരവും ശത്രുതാപരവുമായിരുന്നു. മുസ്‌ലിം സമുദായത്തിലെ കുട്ടികളാണെന്നതും മുസ്‌ലിം സ്ഥാപനമാണെന്നതും പകപോക്കാനുള്ള കാരണമായി കണ്ടവര്‍ ചെയ്തത് കൊടും ക്രൂരതയാണ്. ദിവസങ്ങളോളം അപസര്‍പ്പകഥപോലെയുള്ള പത്ര റിപ്പോര്‍ട്ടിങ്ങുകളും അന്തിച്ചര്‍ച്ചകളും കൊണ്ട് കൊഴുപ്പുകൂട്ടിയവര്‍ ചെയ്ത പാപം ചെറുതൊന്നുമല്ല.

വമ്പനൊരു ഇരയെ ലഭിച്ച പ്രതീതിയായിരുന്നു പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതരസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് ചതിക്കാനോ വില്‍ക്കാനോ മറ്റുജോലികള്‍ ചെയ്യിക്കുന്നതിനോ ആണെന്നായിരുന്നു പൊലിസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്. മനുഷ്യക്കടത്ത് നിയമം സെക്ഷന്‍ 370(5) പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതികളാക്കപ്പെട്ടവരില്‍ ചിലര്‍ കുട്ടികളുടെ രക്ഷിതാക്കളായിരുന്നു.

ഇക്കാര്യം മറച്ചുവച്ചാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്. കുട്ടികളില്‍ പകുതിയോളം പേര്‍ വേനലവധികഴിഞ്ഞുള്ള വരവാണെന്നകാര്യവും പൊലിസ് മറച്ചുവച്ചു. അനാഥാലയത്തില്‍ പഠിക്കാനാണ് എത്തിയതെന്ന് കുട്ടികള്‍ ഏക സ്വരത്തില്‍ മൊഴി നല്‍കിയെങ്കിലും അതംഗീകരിക്കാന്‍ പൊലിസ് തയ്യാറായിരുന്നില്ല. മനുഷ്യക്കടത്തെന്ന ആരോപണം ഏറ്റുപിടിച്ച ആഭ്യന്തരവകുപ്പ് മന്ത്രി അതാത് സംസ്ഥാനങ്ങളില്‍ പോയി യതീംഖാന നടത്താന്‍ ഉപദേശിക്കുകയായിരുന്നു ചെയ്തത്.

പാലക്കാട് ശിശു ക്ഷേമസമിതി ചെയര്‍മാന്‍ ഫാദര്‍ ജോസ് പോളിന്റെ നിലപാടും വിമര്‍ശനവിധേയമായതാണ്. അദ്ദേഹം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ പൊലിസ് മനുഷ്യക്കടത്ത് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ ഏതാനും കുട്ടികള്‍ക്ക് റെയില്‍വേ ടിക്കറ്റ് ഇല്ലാത്തതിനാല്‍ അതിഗുരുതരമായ മനുഷ്യക്കടത്തായി കണക്കാക്കി നിയമ നടപടി സ്വീകരിക്കണമെന്നായിരുന്നു സി.ഡബ്ല്യൂ.സി ചെയര്‍മാന്റെ ശുപാര്‍ശ. സി.ഡബ്ല്യൂ.സിയിലെ മറ്റംഗങ്ങളോട് കൂടിയാലോചിക്കാതെയാണ് ചെയര്‍മാന്‍ പൊലിസിന് ശുപാര്‍ശ നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാരോ സാമൂഹ്യ ക്ഷേമ വകുപ്പോ ചെയര്‍മാനെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കേരളത്തിലെ രണ്ടു പ്രമുഖ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടാണ് പൊലിസ് എഫ്.ഐ.ആര്‍ ഇട്ടത്. 1956 മുതല്‍ സ്തുത്യര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മുക്കം മുസ്‌ലിം ഓര്‍ഫനേജ്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സേവനമനുഷ്ടിക്കുന്ന അനാഥ കുട്ടികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട.് 1982 ലും 2008 ലും ശിശുക്ഷേമ സമിതിയുടെ ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയ സ്ഥാപനമാണിത്. വെട്ടത്തൂര്‍ യതീംഖാനയും അനാഥ അഗതി സംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ്.

സര്‍ക്കാരിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നിര്‍വഹിക്കുന്ന സ്ഥാപനങ്ങളെ അവമതിക്കുന്ന അധികൃതരുടെ നിലപാട് പൊറുക്കാവുന്നതല്ല. പരലോക മോക്ഷം ലക്ഷ്യമാക്കി കോടിക്കണക്കിന് രൂപ ചെലവഴിച്ച് തികച്ചും ധര്‍മ്മസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള സന്‍മനസ്സെങ്കിലും ബന്ധപ്പെട്ടവര്‍ കാണിക്കണം.

ഏതായാലും തങ്ങളുടെ കണ്‍മുന്‍പില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കിലും ബിഹാര്‍ സര്‍ക്കാരിനും ശിശു ക്ഷേമ വകുപ്പിനും കഴിഞ്ഞുവെന്നത് ശുഭോദര്‍ക്കമാണ്. നൂറുകണക്കിന് അനാഥ കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുക വഴി അവരുടെ ഭാവി തകര്‍ക്കുകയും രണ്ടു പ്രമുഖ സ്ഥാപനങ്ങളെ പൊതു സമൂഹത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാന്‍ കാരണക്കാരായവര്‍ പരസ്യമായി മാപ്പുപറയണം.

കടപ്പാട്: suprabhaatham.com

Related Articles