Current Date

Search
Close this search box.
Search
Close this search box.

കാക്ക കണ്ടറിയും കൊക്ക് കൊണ്ടാലും അറിയില്ല

സുന്നി ഷിയാ വിഭജനം ഒരു സത്യമായി അംഗീകരിച്ചു കൊണ്ടേ ലോകത്തിനു മുന്നോട്ടു പോകാന്‍ കഴിയൂ. സുന്നികളും ശിയാക്കളും തമ്മില്‍ ആദര്‍ശ തലത്തില്‍ വിയോജിപ്പുകള്‍ ധാരാളം. പ്രവാചകനു ശേഷം ആരെന്ന ചോദ്യത്തില്‍ നിന്നും ആ ഭിന്നത ആരംഭിക്കുന്നു. തുടക്കത്തില്‍ അധികാരം സുന്നികളുടെ കയ്യിലായിരുന്നു. ഇപ്പോള്‍ രണ്ടു കൂട്ടര്‍ക്കും അധികാരം കയ്യിലുണ്ട്. സുന്നി ലോകത്തേക്ക് പതുക്കെ കടന്നു കയറാന്‍ ഇറാന്‍ ശ്രമം നടത്തുന്നു എന്നത് ഒരു ആരോപണമല്ല. സിറിയ ഇറാഖ് ലബനോന്‍ യമന്‍ തുടങ്ങി പലയിടത്തും അവരുട സ്വാദീനം നാം കാണുന്നു. ശിയാക്കള്‍ സുന്നികളെക്കാള്‍ ജനാധിപത്യത്തോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു. തിരഞ്ഞെടുപ്പിലൂടെ ഭരണാധികാരികള്‍ വരുന്ന രീതി സുന്നി ലോകത്തിനു അത്ര പരിചിതമല്ല എന്ന് കൂടി ചേര്‍ത്ത് വായിക്കണം.

ഷിയാ ലോകത്ത് നേതാവ് ഇറാനും സുന്നി ലോകത്ത് ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സഊദിയും തുര്‍ക്കിയും. ഇതിനിടയില്‍ സാമ്രജത്വ ശക്തികള്‍ കാര്യങ്ങള്‍ മേലനങ്ങാതെ നടപ്പിലാക്കുന്നു. ശത്രു ആരന്നെ ചോദ്യത്തിന് അത് ഇസ്രായേലല്ല ഇറാനാണ് എന്ന ഉത്തരം അറബ് ഇസ്ലാമിക ലോകത്തെ പറഞ്ഞു പഠിപ്പിക്കുന്നതില്‍ പടിഞ്ഞാറ് വിജയിച്ചു എന്നതിന്റെ തെളിവാണ് സഊദി ഭരാണിധികാരി  നടത്തിയ പ്രസ്താവന. ട്രംപ് പടിയിറങ്ങുന്നു എന്നത് നേരത്തെ പറഞ്ഞത് പോലെ അമേരിക്കയെ മാത്രം ബാധിക്കുന്ന കാര്യമല്ല. ലോകത്തിന്റെ പല ഭാഗത്തും അത് ബാധിക്കും. ഇറാനെ ഒറ്റപ്പെടുത്തി അറബ് ഇസ്രായേല്‍ ബന്ധം ശക്തിപ്പെടുത്താന്‍ ട്രമ്പ്‌ നടത്തിയ പ്രയത്നം വിജയം കണ്ടിരുന്നു. ഇറാനെ പോലെ തന്നെ ന്യൂക്ലിയര്‍ ആയുധം കൈവശമുള്ള രാജ്യമാണ് ഇസ്രയേല്‍. ഏകപക്ഷീയമായ രീതിയില്‍ അധിനിവേശത്തിന്റെ എല്ലാ തിന്മകളും നമുക്ക് ഇസ്രയേലില്‍ നിന്നും ദര്‍ശിക്കാം. ഇസ്രായേലിന്റെ അണുവായുധത്തെക്കാള്‍ മുസ്ലിം ലോകത്തിനു പ്രശ്നം ഇറാന്റെ ആയുധങ്ങളാണ് എന്ന തിരിച്ചറിവ് എത്ര മാത്രം അറബ് ലോകത്ത് ശകതമാണ് എന്നും ഇന്നത്തെ സഊദി രാജാവിന്റെ പ്രസ്താവന തെളിയിക്കും.

Also read: സ്ത്രീകളോടുള്ള ആദരവ്

ഇറാന്‍ വിഷയത്തില്‍ ഒബാമ കാലത്തേക്ക് തിരിച്ചു പോകും എന്നതായിരുന്നു ബൈഡന്‍ നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇറാനെതിരെ ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഉപരോധത്തില്‍ ഒരു കുറവും പാടില്ല എന്നതാണ് രാജാവ്‌ ആവശ്യപ്പെട്ടത്. മേഖലയിലെ ഭീകവാദത്തിനു കാരണം ഇറാന്‍ മാത്രമാണ് എന്ന രീതിയിലാണ്‌ തുടര്‍ സംസാരം. ഇറാന്‍ അവരുടെ “ വികസനവാദവുമായി” മുന്നോട്ടു പോകുന്നത് മേഖലക്ക് ഭീഷണിയാണ് എന്ന് പറയാനും രാജാവ്‌ മറന്നില്ല. ഇറാന്‍ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ പ്രദേശത്തിന്റെ സാമാധാന അന്തരീക്ഷത്തിനു കാര്യമായ കോട്ടം തട്ടിച്ചിരിക്കുന്നു. സിറിയയിലും യമനിലും നാം അത് കാണുന്നു. രണ്ടു ഭാഗത്തും മരിച്ചു വീഴുന്നത് മുസ്ലിംകള്‍ മാത്രമാണ് എന്ന കാര്യം എല്ലാവരും മറക്കുകയും ചെയ്യുന്നു.

അറബ് ലോകത്ത് ട്രംപിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ച ഭരണാധികാരിയാണ് സഊദി രാജകുമാരന്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍. “maximum pressure campaign on Iran” എന്നൊരു അജണ്ട തന്നെ സഊദി നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നാണു ലോക വര്‍ത്തമാനം. ട്രംപിന്റെ പിന്തുണയോടെ ചില അറബ് രാജ്യങ്ങള്‍ തുടക്കം കുറിച്ച ഇസ്രയേല്‍ ബാന്ധവം സഊദി തള്ളിക്കളഞ്ഞിട്ടില്ല. തല്‍ക്കാലം അത്തരം ഒരു നിലപാടിന് സഊദി തയ്യാറല്ല എന്ന് പറയുമ്പോഴും ചില രാജ്യങ്ങള്‍ നടപ്പിലാക്കിയ ഉടമ്പടിയെ അപലപിക്കാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അടുത്ത് തന്നെ സഊദിയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ ദിവസങ്ങള്‍ക്ക് മുമ്പാണ് സഊദി ഇറാനെതിരെ ഇത്തരം ഒരു നിലപാട് സ്വീകരിച്ചത് എന്നതിനു വലിയ രാഷ്ട്രീയ പാധാന്യം കണക്കാക്കുന്നു. അതെ സമയം സഊദിയില്‍ അന്യായമായി തടങ്കലില്‍ വെച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണം എന്ന പ്രസ്ഥാനവന Human Rights Watch ഗ്രൂപ്പും നടത്തിയിട്ടുണ്ട്. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഭരണ പരിചയമുള്ളയാളാണ് എന്നത് അറബ് മുസ്ലിം ലോകത്ത് പ്രതീക്ഷ നല്‍കുന്നുണ്ട്. ബുഷിന്റെ കാലത്താണ് സുന്നി ഷിയാ വിഷയം കൂടുതല്‍ തീവ്രത കൈവന്നത്. സദ്ദാം ഹുസൈനിന്റെ മരണം അത് കൂടുതല്‍ കുലുഷിതമാക്കി. ശേഷം വന്ന ഒബാമ ഈ വിഷയത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയില്ല. പക്ഷെ വംശീയത ഒരു വികാരമായി കൊണ്ട് നടന്ന ട്രംപ്‌ സുന്നി ഷിയാ അകലം വര്‍ധിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും വേണ്ടെന്നു വെച്ചില്ല. അതിനിടയില്‍ ഇസ്രയേല്‍ അറബ് ലോകത്തിന്റെ അടുത്ത സുഹൃത്തായി എന്നത് നാം കാണാതെ പോകുകയും ചെയ്യുന്നു.

Also read: എന്തുകൊണ്ട് സഞ്ചാര സാഹിത്യം

ഒരു ശത്രുവിനെ സ്ഥാപിക്കാതെ സാമ്രാജ്യത്വത്തിനു മുന്നോട്ട് പോകാന്‍ കഴിയില്ല. ഇന്ത്യ പാകിസ്താന്‍ എന്ന ശത്രുത അത് കൊണ്ട് തന്നെ ലോക ആയുധ വിപണിക്ക് വലിയ കരുത്താണ്. അത് പോലെ തന്നെ ഇറാന്‍ അറബ് ലോകത്ത് ആയുധം വില്‍ക്കാന്‍ മറ്റൊരു കാരണം കൂടിയാണ്. അയല്‍വാസി ശത്രുവാണ് എന്ന അറിവ് ആര്‍ക്കും സന്തോഷം നല്‍കില്ല, സമാധാനവും. കോഴിയുടെ ചുമതല കുറുക്കനെ ഏല്‍പ്പിക്കാനുള്ള തിരക്കിലാണ് പലരും. “ കാക്ക കണ്ടറിയും കൊക്ക് കൊണ്ടാലും അറിയില്ല” എന്ന പഴമൊഴി ഇവിടെയാണ് അര്‍ത്ഥവത്താകുന്നത്.

Related Articles