Onlive Talk

എന്‍ ഐ എ കോടതി ചോദിച്ചതും ഇത് തന്നെ

“ഒരാള്‍ മാവോയിസ്റ്റാകുന്നത് ഒരു കുറ്റകരമമായ കാര്യമല്ല. മാവോയിസ്റ്റ് ആദര്‍ശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുളിവിളിക്കുന്നുവെങ്കിലും അവര്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കുന്നത് വരെ കുറ്റവാളി എന്ന് പറയാന്‍ കഴിയില്ല. ആളുകളുടെ അഭിരുചി അഗീകരിക്കപ്പെടണം………..” കേരള ഹൈകോടതി 2015 ല്‍ നടത്തിയ ഒരു കണ്ടെത്തല്‍ ഇങ്ങിനെയാണ്.

ലോകത്ത് ഏറ്റവും വലിയ ഭീകരത ഭരണകൂട ഭീകരതയാണ്. പ്രജകളെ രക്ഷിക്കേണ്ട സര്‍ക്കാരുകള്‍ തന്നെ ജനത്തിന്റെ ശത്രുക്കളായി മാറുന്ന അവസ്ഥ നാം പലയിടത്തു നിന്നും കേട്ടിട്ടുണ്ട്. അടിയന്തിരാവസ്ഥ അങ്ങിനെ ഒന്നായി ഇന്ത്യക്കാര്‍ മനസ്സിലാക്കുന്നു. സര്‍ക്കാര്‍ ഒരു പക്ഷം ചേര്‍ന്നാല്‍ പിന്നീട് സംഭവിക്കുക തികഞ്ഞ അരാജകത്വം മാത്രമാകും. സംഘ പരിവാര്‍ ഭരണകൂടം നമുക്ക് നല്‍കുന്ന അവസ്ഥ അങ്ങിനെ തന്നെയാണ്. ഒരു ജനതയുടെ എല്ലാ മനുഷ്യാവകാശങ്ങളും ഇല്ലാതാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതിന്റെ അവസാന ഇരയായി ഖഫീല്‍ ഖാനെ നമുക്ക് കണക്കാക്കാം.

അലന്‍ താഹ എന്നിവര്‍ എന്തിനു അറസ്റ്റ് ചെയ്യപ്പെട്ടു എന്നതു കേരളം പലപ്പോഴും ചോദിച്ച കാര്യമാണ്. അതിനു അന്ന് പോലീസ് പറഞ്ഞ കാരണം മാവോയിസ്റ്റ് എന്നതാണ്. വളരെ പെട്ടെന്ന് തന്നെ യു എ പി എ ചുമത്തിയാണ് പോലീസ് കേസെടുത്തതും. മുമ്പ് ഇന്ത്യയില്‍ സംഘടകനകളെയായിരുന്നു ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.രണ്ടാം മോഡി സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതി പ്രകാരം ഇനിമുതല്‍ വ്യക്തികളെയും അന്വേഷണ ഏജന്‍സികള്‍ക്ക് വേണമെങ്കില്‍ ഭീകരര്‍ എന്ന് മുദ്ര കുത്താം.

Also read: വടക്കുകിഴക്കന്‍ ഡല്‍ഹി വംശഹത്യാ റിപ്പോര്‍ട്ട്

ഈ നിയമ പ്രകാരവും ഒരാളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പല കടമ്പകളും കടക്കണം. ഒന്ന് നിയമ വിരുദ്ധമായ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടണം. മറ്റൊന്ന് ഭീകര പ്രവര്‍ത്തനത്തിനു അനുയോജ്യമായ പ്രവര്‍ത്തനം നടത്തണം, മൂന്നാമത് ഈ വിഷയത്തില്‍ ഗൂഡാലോചന നടത്തണം. ഇന്ന് അലനും ത്വാഹക്കും ജാമ്യം നല്‍കുമ്പോള്‍ എന്‍ ഐ എ കോടതി ചോദിച്ചതും ഇത് തന്നെ. യു എ പി എ ചുമത്താന്‍ കാരണമായ എന്ത് കുറ്റമാണ് ഇവര്‍ ചെയ്തതെന്ന പ്രസക്തമായ ചോദ്യം. കഴിഞ്ഞ പത്തു മാസം കൊണ്ട് കാര്യമായ തെളിവുകള്‍ കൊണ്ട് വരാന്‍ കുറ്റം ചുമത്തിയ പോലീസിനും ഐ എന്‍ എ ക്കും കഴിഞ്ഞില്ല. കേസ് വളരെ ധൃതിപ്പെട്ടാണ് പോലീസ് യു എ പി എ എന്ന് മാറ്റിയത്. അന്ന് തന്നെ കേരള പൊതു സമൂഹം അതിനെതിരെ രംഗത്ത്‌ വന്നിരുന്നു. സി പി എം പ്രവര്‍ത്തകര്‍ എന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി പറഞ്ഞിട്ടും മുഖ്യമന്ത്രി പോലീസ് ഭാഷ്യത്തില്‍ ഉറച്ചു നിന്നു . “ അവര്‍ ചായ കുടിക്കാന്‍ പോയതല്ല” എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്ന് തന്നെ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

എന്‍ ഐ എ ഒരു കേന്ദ്ര സംഘമാണ്. അത് കൊണ്ട് തന്നെ പ്രതികളുടെ പേര് തന്നെ അവര്‍ക്ക് വിഷയമാണ്. ഇന്ത്യയില്‍ യു എ പി എ ഒരു “ selective” വിഷയം കൂടിയാണു. അബ്ദുന്നാസര്‍ മഅദനിയും ഖഫീല്‍ ഖാനും എന്ത് കൊണ്ട് പീഡിപ്പിക്കപ്പെടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ നമുക്ക് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ല. അതിനു ശേഷം കേരളത്തില്‍ സംഘ പരിവാര്‍ വളരെ വലിയ ഒരു കാമ്പയിന്‍ നടത്തി. ഒരു പടി കടന്നു കേരള സര്‍ക്കാരിനെ പുകഴ്ത്താനും അവര്‍ മറന്നില്ല. സംഘ പരിവാര്‍ യു എ പി എ നിയമം കൊണ്ട് പ്രത്യേക അജണ്ടകള്‍ മുന്നോട്ടു വെക്കുന്നു. നാട്ടില്‍ കൂടി വരുന്ന പുതിയ ജിഹാദ് രൂപങ്ങള്‍ അതിന്റെ തെളിവാണ്. അതിനു ചൂട്ടു പിടിച്ചു കൊടുക്കാന്‍ മതേതര സര്‍ക്കാരുകള്‍ മത്സരിക്കുന്നു എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.

Also read: സാമ്പത്തിക മാന്ദ്യ കാലത്തെ നിക്ഷേപ സാധ്യതകള്‍

യു എ പി എ നിയമം കൊണ്ട് വന്നത് കോണ്ഗ്രസ് സര്‍ക്കാരാണ്. അന്ന് തന്നെ അതിന്റെ മാനുഷിക വിരുദ്ധത ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ പുതിയ ഭേദഗതിയോടെ അത് കൂടുതല്‍ ഗുരുതരമായി. യു എ പി എ പാടില്ല എന്ന് പാര്‍ട്ടി പറയുമ്പോഴും പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ഒരു തെളിവുമില്ലാതെ രണ്ടു ചെറുപ്പക്കാരെ ബലിയാടാക്കാന്‍ തുനിഞ്ഞ പോലീസ് നീക്കത്തെ എങ്ങിനെ നേരിടും എന്നതാണ് പ്രസക്തമായ ചോദ്യം?. യു എ പി എ ആരോപിത പ്രതിക്ക് ജാമ്യം കിട്ടി എന്നത് കൊണ്ട് വിഷയത്തിന്റെ പ്രസക്തി അവസാനിക്കുന്നില്ല. ഡമോക്ലസ്സിന്റെ വാള് പോലെ ജനാധിപത്യ ഇന്ത്യയുടെ മേല്‍ തൂങ്ങി നില്‍ക്കുന്ന ഒന്നാണ് യു എ പി എ. സക്കറിയ എന്നൊരു ചെറുപ്പക്കാരന്‍ ഇതേ നിയമത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്നുണ്ട്. ഈ കരി നിയമത്തിന്റെ അവസാനം കൊണ്ട് മാത്രമേ ജനത്തിന്റെ മേല്‍ കുതിര കയറാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരത തടയിടാന്‍ കഴിയൂ.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker