Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യയെ മാറ്റിമറിച്ച 2020

സിറിയ

10 വര്‍ഷത്തെ ആഭ്യന്തര യുദ്ധം അഞ്ച് ലക്ഷം പേരുടെ ജീവഹാനിക്ക് മാത്രമല്ല കാരണമായത്, പകരം 13 മില്യണ്‍ ജനതയെ കുടിയൊഴിപ്പിക്കുന്നതിലേക്കും അത് നയിച്ചു. മൊത്തം സിറിയന്‍ ജനതയുടെ പകുതിയിലേറെ വരുമിത്. ഇവിടെ ഇപ്പോഴം ഒരു ശാശ്വതമായ പരിഹാര ശ്രമങ്ങള്‍ കാണുന്നില്ല. വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ പുതിയ വെടിനിര്‍ത്തല്‍ കരാറിന് തുര്‍ക്കിയും റഷ്യയും മുന്‍കൈയെടുത്തിരുന്നു.

എന്നാല്‍ ഇദ്‌ലിബും കുര്‍ദുകള്‍ നിയന്ത്രിക്കുന്ന വടക്കുകിഴക്കന്‍ മേഖലയുമടക്കം സിറിയയുടെ ഓരോ മണ്ണും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് പ്രസിഡന്റ് ബശ്ശാര്‍ അസദ്. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടെങ്കിലും സിറിയയിലെ ഇറാനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേലും സൈനിക ആക്രമണങ്ങള്‍ തുടരുകയാണ്. ഇത് ഐ.എസിന്റെ പുനരുജ്ജീവനത്തിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

ചില കേന്ദ്രങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള നടപടികള്‍ യു.എസ് കൈകൊണ്ടിരുന്നു. എന്നാല്‍ ഐ.എസിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം നിരവധി ആക്രമണങ്ങള്‍ നടത്തി തങ്ങളുടെ ശക്തി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന സിറിയന്‍ സര്‍ക്കാരിനെതിരായ യു എസ് ഉപരോധം അവസാനിക്കാത്തത് മൊത്തത്തിലുള്ള സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്. ഇത് 2021 പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും ബാധിക്കും.

യെമന്‍

യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും എസ്.ടി.സിയും (Southern Transitional Council-STC) തമ്മിലുള്ള യുദ്ധം ഇപ്പോഴും തുടരുകയാണ്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്കും വടക്കന്‍ മേഖലയിലെ സര്‍ക്കാര്‍ സൈന്യത്തിനുമെതിരെ ഒരു ഭാഗത്ത് ഹൂതി വിമതരും പോരാട്ടം മാറ്റമില്ലാതെ തുടരുകയാണ്. ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം 2015 മുതല്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് ഇവിടെ നടത്തുന്നത്.

തലസ്ഥാനമായ സന്‍ആയും രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറുള്ള വലിയ പ്രദേശങ്ങളും ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഹൂതികള്‍ സൗദി എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് വര്‍ധിക്കുന്നത്, അന്താരാഷ്ട്ര കപ്പല്‍ ചരക്ക് ഗതാഗതത്തെയും ബാധിക്കുന്നുണ്ട്. മാത്രമല്ല, കഴിഞ്ഞ 10 വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് പേരാണ് സംഘര്‍ഷം മൂലം ഇവിടെ കൊല്ലപ്പെട്ടത്. യു.എന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം ദശാബ്ദങ്ങളായി ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധിയിലൂടെയാണ് യെമന്‍ കടന്നുപോകുന്നത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അന്താരാഷ്ട്ര സഹായം ഗണ്യമായി കുറഞ്ഞു. ഡിസംബര്‍ അവസാന വാരത്തില്‍ സൗദിയുടെ മധ്യസ്ഥതയുടെ ഫലമായി യെമനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടുണ്ട്. യെമനിലെ തെക്കന്‍ വിഘടനവാദി പരിവര്‍ത്തന കൗണ്‍സിലുമായി (STC) ധാരണയിലെത്തിയാണ് പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍ മാലികിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. യെമനിലെ വടക്കന്‍ തെക്കന്‍ മേഖലകളില്‍ നിന്നുമുള്ള ഇരു വിഭാഗങ്ങളിലെയും അംഗങ്ങളെ തുല്യമായി തെരഞ്ഞെടുത്താണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.

ലിബിയ

വലിയ രീതിയിലുള്ള വിദേശ ഇടപെടല്‍ നടക്കുന്ന മറ്റൊരു പശ്ചിമേഷ്യന്‍ രാജ്യമാണ് ലിബിയ. യു.എന്നിന്റെ അംഗീകാരമുള്ള അന്താരാഷ്ട്ര തലത്തില്‍ പിന്തുണയുള്ള Government of National Accord (GNA) സ്വയംപ്രഖ്യാപിത നേതാവ് ഖലീഫ ഹഫ്തറിന്റെ Libyan National Army (LNA)യും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടല്‍. തുര്‍ക്കിയുടെ പിന്തുണ ജി.എന്‍.എക്കും റഷ്യ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ എല്‍.എന്‍.എക്കുമാണ് ഇവിടെ പിന്തുണ നല്‍കുന്നത്.

ഒരു വര്‍ഷത്തിലേറെയായി ഹഫ്തറിന്റെ സൈന്യം നിയന്ത്രിച്ച തലസ്ഥാനമായ ട്രിപ്പോളിയുടെ പൂര്‍ണ്ണ നിയന്ത്രണം ജി.എന്‍.എ തിരിച്ചുപിടിച്ചിരുന്നു. ഓഗസ്റ്റ് മുതല്‍ വെടിനിര്‍ത്തലിനും രാഷ്ട്രീയ പരിഹാരത്തിനുമുള്ള പ്രതിജ്ഞാബദ്ധത ജി.എന്‍.എ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ സ്വിറ്റസര്‍ലാന്റില്‍ വെച്ച് നടന്ന യോഗത്തില്‍ ലിബിയന്‍ യുദ്ധമുന്നണിയിലുള്ള നിര്‍ണ്ണായക ശക്തികളുടെയും യു.എന്‍ ദൗത്യത്തിലെ അംഗങ്ങളുടെയും അംഗീകാരത്തോടെ ക്രിയാത്മകമായ ചര്‍ച്ചയും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.

2021 ഡിസംബര്‍ 24ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ ഇരു വിഭാഗവും അംഗീകരിക്കുകയും ചെയ്തു. എന്നിരുന്നാലും കോവിഡ് മൂലം നിരവധി പ്രശ്‌നങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. കോവിഡ് മൂലം യൂറോപ്യന്‍ രാജ്യങ്ങള്‍ ലിബിയയില്‍ നിന്നും ശ്രദ്ധ തിരിക്കുകയും റഷ്യക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുകയും ചെയ്തു. കോവിഡ് മൂലം ലിബിയക്ക് ഇളവ് കിട്ടിയേക്കില്ലെന്നും ഇത് റഷ്യക്ക് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ ഇടയാക്കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പശ്ചിമേഷ്യയുടെ ഭൂരിഭാഗം മേഖലയിലും തന്റെ അടയാളം രേഖപ്പെടുത്തിയാണ് 2020 പിന്‍വാങ്ങുന്നത്. പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്‍ ചില സംഭവവികാസങ്ങള്‍ പ്രതീക്ഷയുടെ തിളക്കം ഉണ്ടായപ്പോള്‍, ചില നീക്കങ്ങള്‍ മേഖലയിലുടനീളം നിലവിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചു.

ഈജിപ്ത്

പ്രസിഡന്റ് ഫതാഹ് അല്‍ സീസി രാജ്യത്ത് പിടിമുറുക്കുമ്പോഴും സിനായി ഉപദ്വീപുമായി അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഐ.എസിനെതിരെയുള്ള പോരാട്ടം ഈജിപ്ത് സര്‍ക്കാര്‍ ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്കും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിനും എതിരെ കഴിഞ്ഞ സെപ്റ്റംബറിലും രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയിരുന്നു. ഭരണകൂടത്തിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നവരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് രാജ്യത്തെ അപകടത്തിലാക്കുന്നു എന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്നത് രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ അടക്കം ആശങ്ക അറിയിച്ചിരുന്നു. ഇതാണ് രാജ്യത്ത് നിലനില്‍ക്കുന്ന പുതിയ പ്രതിഷേധവും ആശങ്കയും.

എന്നാല്‍ ഈജിപ്ത് സര്‍ക്കാര്‍ അന്താരാഷ്ട്ര വിമര്‍ശനങ്ങളെ നിരസിക്കുകയും ഇത് രാജ്യത്തിനെതിരെയുള്ള വിദേശ ഇടപെടലാണെന്നുമാണ് ആരോപിക്കുന്നത്. സാമ്പത്തികമായി തകര്‍ന്നിടിഞ്ഞിരിക്കുന്ന ഈജിപ്തില്‍ 2-3 ശതമാനം വരെ പേരെ മാത്രമേ സമ്പന്നരായി കണക്കാക്കുന്നുള്ളൂ. മാത്രമല്ല കോവിഡ് 19 സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തു. ആരോഗ്യ-ശുചീകരണ പ്രതിസന്ധി, അസമത്വം തുടങ്ങിയവയെല്ലാം മറ്റൊരു ജനകീയ പ്രക്ഷോഭത്തിന് കാരണമായേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഫലസ്തീന്‍

അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടതോടെ ഫലസ്തീന്‍ വീണ്ടും ഒറ്റപ്പെടുന്ന അവസ്ഥതയുണ്ടായി. ഒരു തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകുമെന്ന് ഫലസ്തീന്‍ അതോറിറ്റി (പി.എ) പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞിരുന്നു. അതേസമയം, പി.എയുടെ എതിരാളികളായ ഹമാസുമായുള്ള അനുരഞ്ജനം ഇനിയും വേണ്ടത്ര മുന്നോട്ടുപോയിട്ടില്ല. അതിപ്പോഴും മരവിച്ച് കിടക്കുകയാണ്.

‘അറബ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും പ്രത്യേകിച്ച് അവരുടെ കഴിവില്ലാത്ത നേതൃത്വവും ഫലസ്തീനികളെ ഉപേക്ഷിച്ചു, ഇത് ആഴത്തിലുള്ള വേരുകളുള്ള ഒരു ട്രെന്‍ഡായിത്തീര്‍ന്നിട്ടുണ്ട്. അത് തീര്‍ച്ചയായും പുതുവര്‍ഷത്തിലും തുടരും’ -പശ്ചിമേഷ്യന്‍ ഗവേഷകനായ നാദിര്‍ ഹാഷ്മി പറഞ്ഞു.

ഫലസ്തീനികള്‍ക്ക് എതിരായ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഇസ്രായേല്‍ എങ്ങനെ മുന്നോട്ടുവച്ചു എന്നതിന് ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ഫലസ്തീനികള്‍ സാക്ഷ്യം വഹിച്ചു. മുമ്പ് അന്താരാഷ്ട്ര സമൂഹം ഒരു ചുവന്ന രേഖയായി തീരുമാനിച്ച അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ 20 വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ കുടിയേറ്റ വാസസ്ഥലം നിര്‍മ്മിക്കും. പ്രധാനമായും ഫലസ്തീനിലെ കിഴക്കന്‍ ജറുസലേമിനെ ബെത്‌ലഹേം നഗരത്തില്‍ നിന്ന് വേര്‍പെടുത്തുകയാണ് ഇത് ചെയ്യുക.

ദ്വിരാഷ്ട്ര പരിഹാര ഉടമ്പടി മുന്നോട്ടു വെക്കുന്ന കിഴക്കന്‍ ജറൂസലേമിനെ ഫലസ്തീന്‍ തലസ്ഥാനമായുള്ള ധാരണകള്‍ മിക്കവാറും അസാധ്യമായി മാറും. പുതിയ യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ദ്വിരാഷ്ട്ര പരിഹാരത്തിനായി വാദിച്ച ആളായിരുന്നു. ഫലസ്തീനികള്‍ക്കുള്ള യു എസ് സഹായം പുന:സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള സ്ഥിതിയില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധ്യതയില്ല. ഡൊണാള്‍ഡ് ട്രംപിന്റെ പടിയിറക്കം മൂലം ഇസ്രായേലി കുടിയേറ്റ കൊളോണിയലിസം വെസ്റ്റ് ബാങ്കില്‍ തുടരുന്നത് പതുക്കെയാകും എന്നത് മാത്രമാകും വ്യത്യാസം.

ഇസ്രായേല്‍

ഫലസ്തീനികള്‍ക്ക് ദോഷം ചെയ്യുന്ന നോര്‍മലൈസേഷന്‍ കരാര്‍ മുഖേന സാമ്പത്തിക അഭിവൃദ്ധിയും തങ്ങളുടെ മുഖ്യ എതിരാളിയായ ഇറാനെതിരെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇസ്രായേല്‍ ഇത് പ്രധാനമായി കാണുന്നു. മാത്രമല്ല, പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ സൗദി അറേബ്യയിലേക്കുള്ള അത്ര രഹസ്യമല്ലാത്ത യാത്ര ഇസ്രായേല്‍-അറബ് സാധാരണവല്‍ക്കരണത്തിലെ നിര്‍ണായക ഘട്ടമായി കണക്കാക്കാം.

ഫലസ്തീനുമായുള്ള ഇസ്രായേലിന്റെ ബന്ധത്തെ സംബന്ധിച്ചിടത്തോളം, 2021ല്‍ വലിയ മാറ്റമൊന്നും സംഭവിച്ചേക്കില്ല, ഇസ്രായേലിനുള്ള അമേരിക്കന്‍ പിന്തുണ ഗണ്യമായും അതുപോലെതന്നെ നിരുപാധികവുമായും തുടരും.

ജോ ബിഡന്‍ അമേരിക്കന്‍ നയം ഒബാമ കാലഘട്ടത്തിലെ പോലെ തിരികെ കൊണ്ടുവന്നേക്കും, ഇതിനര്‍ത്ഥം ഇസ്രായേലിനുള്ള പിന്തുണ യു എസ് ശക്തമാക്കുകയും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിതാക്കുമെന്നുമാകും.

അതേസമയം, അന്താരാഷ്ട്ര വേദിയില്‍ നെതന്യാഹു കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും അദ്ദേഹത്തിന്റെ ആഭ്യന്തര സ്ഥിതി പ്രശ്‌നമായി തുടരുകയാണ്. അദ്ദേഹത്തിന്റെ ലികുഡ് പാര്‍ട്ടിയും ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യ സര്‍ക്കാരിന് വാര്‍ഷിക ബജറ്റ് വിഷയത്തില്‍ യോജിപ്പിലെത്താനായില്ല. ഡിസംബര്‍ 23ലെ സമയപരിധി പ്രകാരം ഒരു ബജറ്റ് അംഗീകരിക്കാന്‍ കഴിഞ്ഞില്ല, അതിന്റെ ഫലമായി സര്‍ക്കാര്‍ പിരിച്ചുവിട്ടു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ നാലാമത്തെ തിരഞ്ഞെടുപ്പിനെയാണ് അഭിമുഖീകരിക്കുന്നത്. ഇസ്രായേല്‍ പാര്‍ലമെന്റില്‍ നെതന്യാഹുവിന് ഇളക്കം തട്ടുകയും രാഷ്ട്രീയ എതിരാളികള്‍ വര്‍ധിക്കുകയും ചെയ്തതോടെ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിലാണ്.

മൊഴിമാറ്റം: സഹീര്‍ വാഴക്കാട്
അവലംബം: അല്‍ജസീറ

 

Related Articles