Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ഭേദഗതി ബിൽ, വിരട്ടലിന്റെ മുന്നിൽ കീഴ്പ്പെടാനും വഴങ്ങാനും ഉദ്ദേശിക്കുന്നില്ല

അമിത് ഷായുടെ നേതൃത്വത്തിൽ പാർലമെൻറിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്ത പൗരത്വ ഭേദഗതി ബിൽ തീർത്തും അന്യായവും ഒരുനിലക്കും അംഗീകരിക്കാൻ പറ്റാത്തതുമാണ്. രാജ്യത്തെ ജനതയെ മതപരമായി വിഭജിക്കുന്ന ഒന്നാണത്. ഇന്ത്യയുടെ ഭരണഘടനക്കും അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്കും ഒരുനിലക്കും യോജിക്കാത്തതുമാണ്  ഈ ബിൽ. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായിട്ടുള്ള 14, 15, 21, 25, 26 വകുപ്പുകളുമായി ഏറ്റുമുട്ടുന്നതുമാണ്. രാജ്യത്തെ ജനതയെ മതത്തിൻറെ അടിസ്ഥാനതത്തിൽ വിവേചനം കൽപിക്കുന്ന ഒന്നാണിത്.

സെക്കുലർ ജനാധിപത്യ ഇന്ത്യയിലെ പാർലമെൻറിൽ ഇതുപോലെ ഒരു ബില്ല് അവതരിപ്പിക്കപ്പെട്ടു എന്നതുതന്നെ ഒരു ദുരന്തമാണ്. സംഘപരിവാറിന്റെ നിഗൂഢമായ ലക്ഷ്യങ്ങളും താത്പര്യങ്ങളുമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അയൽ രാജ്യത്തുള്ള പീഡിതരായിട്ടുള്ള അഭയാർഥികളോടുള്ള അനുകമ്പയാണ് എന്നാണ് ഇതിനെ സംബന്ധിച്ച് പറയുന്നത്.
അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമീങ്ങള്ളല്ലാത്ത ആളുകൾക്ക് അഥവാ ഹൈന്ദവ ക്രൈസ്തവ സിഖ് പാഴ്സി അങ്ങനെ തുടങ്ങി എല്ലാ മതങ്ങളിലും പെട്ട ആളുകൾക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവസരം നൽകുകയും മുസ്ലിംങ്ങൾക്കിത് നിഷേധിക്കലുമാണ്  ബില്ലിന്റെ അന്തസത്ത. മതപരമായ വിവേചനമാണത്. അയൽ രാജ്യങ്ങളിൽ നിന്നുള്ള പീഡിതരായ അഭയാർത്ഥികൾക്ക് അഭയം നൽകുക എന്ന മഹിതമായ മൂല്യമാണ് അതിനുള്ളത് എങ്കിൽ തീർച്ചയായും അത് ഭാരതത്തിൻറെ ഒരു മൂലം തന്നെയാണ്. എങ്കിൽ പറയേണ്ടിയിരുന്നത് അയൽ രാജ്യങ്ങളിൽ നിന്നുള്ള പീഡിതരായ അഭയാർത്ഥികൾക്കൊക്കെയും സാധ്യമാകുന്ന രീതിയിൽ വ്യവസ്ഥകളോട് കൂടി ഇന്ത്യ പൗരത്വം നൽകുമെന്നായിരുന്നു. അങ്ങനെയാകുമ്പോൾ ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികൾ നേപ്പാളിൽ നിന്നുള്ള അഭയാർഥികൾ അങ്ങനെ ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളിൽ നിന്നുമുള്ള പീഡിതരായിട്ടുള്ള അഭയാർഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായിട്ട് ഇന്ത്യ പൗരത്വം നൽകും എന്നായിരുന്നു പറയേണ്ടിയിരുന്നത്. എന്നാൽ ബില്ലിൽ പറയുന്നത് മുസ്ലീങ്ങളെ തന്നെ മാറ്റിയിരിക്കുന്നു എന്നാണ്. ഇത് യഥാർത്ഥത്തിൽ ലക്ഷ്യമാക്കുന്നത് നമ്മുടെ രാജ്യത്ത് വർഗ്ഗീയമായ അസ്വസ്ഥത ഉണ്ടാക്കുവാനാണ്. വിവേചനങ്ങൾ സൃഷ്ടിക്കാനാണ്. അതുവഴി തങ്ങളുടെ രാഷ്ട്രീയമായ ലാഭം നേടിയെടുക്കാനാണ്. ഇതിനുവേണ്ടിയാണ് സംഘപരിവാറും അതിൻറെ നേതൃത്വത്തിലുള്ളവരും ഇത്തരം പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്.

ഇത് ഒരു തരത്തിലുള്ള ഭയപ്പെടുത്തലും പേടിപ്പെടുത്തലും ഭീഷണിപ്പെടുത്തലും വിരട്ടലുമാണ് . പാർലമെൻറിൽ പ്രതിപക്ഷത്തുനിന്നുള്ള പ്രഗൽഭരായ വ്യക്തിത്വങ്ങൾ ധീര മായിട്ടാണ് അതിനെ നേരിട്ടത്. അത് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്ന ഒന്നാണ് . തീർച്ചയായും അവർ അഭിനന്ദനങ്ങൾ അർഹിക്കുന്നവരാണ്. നമ്മുടെ രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിൽനിന്നും ഇത് രാജ്യത്തിൻറെ നന്മക്കും നല്ല ഭാവിക്കും  രാജ്യം ഇത്രയും കാലം ഉയർത്തിപ്പിടിച്ച മഹിതമായ മൂല്യങ്ങൾക്കും എതിരാണ് എന്ന് മനസ്സിലാക്കി കൊണ്ടുള്ള വിപുലമായ പ്രക്ഷോഭങ്ങളും സമരങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നല്ലവരായ മുഴുവൻ ആളുകളോടും ഈ ബില്ലിനെ ബഹിഷ്കരിക്കുകയാണ് വേണ്ടത് എന്ന് പറയാൻ ഞാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഇത് രാജ്യത്തിൻറെ നന്മക്ക് വേണ്ടി ഉള്ളതല്ല. നാശത്തിനു വേണ്ടിയുള്ളതാണ്. മതത്തിൻറെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ വേണ്ടിയുള്ളതാണ് . ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായി നിലകൊള്ളാൻ നമുക്ക് കഴിയേണ്ടതുണ്ട്. എല്ലാ സംസ്ഥാന സർക്കാറുകളും ഇതിനെതിരായ നിലപാടെടുക്കേണ്ടതുമുണ്ട്. ഫാസിസ്റ്റ് വിരുദ്ധമായ നിലപാട് എടുക്കുന്ന കേരള സർക്കാർ ഇതിനെതിരായി നേതൃത്വപരമായ പങ്കുവഹിക്കണം.  നമ്മൾ ഒരിക്കലും ഈ വിരട്ടലിന്റെ മുന്നിലും പേടിപ്പെടുത്തലിന്റെ മുന്നിലും കീഴ്പ്പെടാനും വഴങ്ങാനും ഉദ്ദേശിക്കുന്നില്ല. ഇതിനോട് പോരാടാനും അതിജയിക്കാനുമാണ് നമ്മൾ ആഗ്രഹിക്കുന്നത്. രാജ്യത്തിൻറെ നന്മ അതിലാണ് അതിൻറെ ഭാവിയും.

Related Articles