Current Date

Search
Close this search box.
Search
Close this search box.

മുലായവും മായാവതിയും ഒന്നിച്ചു; മോദിയെ താഴെയിറക്കാന്‍

ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷം 1993ലാണ് രണ്ട് എതിര്‍പാര്‍ട്ടികളായ ബി.എസ്.പിയും(ബഹുജന്‍ സമാജ് പാര്‍ട്ടി) എസ്.പിയും(സമാജ്‌വാദി പാര്‍ട്ടി) ആദ്യമായി ബി.ജെ.പിക്കെതിരെ ഒരുമിച്ചു കൈകോര്‍ത്തത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വേണ്ടിയായിരുന്നു അന്ന് ഇരു പാര്‍ട്ടികളും അന്ന് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുന്‍പത്തെക്കാള്‍ 20 ശതമാനം സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെട്ടെങ്കിലും 177 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പി തന്നെ വന്നു. 425 സീറ്റില്‍ മുലായം സിങ്-കാന്‍ഷിറാം സഖ്യം 176 സീറ്റുമായി തൊട്ടുപിന്നിലെത്തി. അന്നുയര്‍ത്തിയ മുദ്രാവാക്യം സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ഇപ്പോഴും ഓര്‍മിക്കപ്പെടുന്നതാണ്.

1995 ജൂണ്‍ 2നാണ് കുപ്രസിദ്ധമായ ആ സംഭവം അരങ്ങേറിയത്. ഗസ്റ്റ് ഹൗസ് ആക്രമം എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടത്. സമാജ്‌വാദി പാര്‍ട്ടിയുടെ ഒരു കൂട്ടം ഗുണ്ടകള്‍ ചേര്‍ന്ന് മായാവതിയെയും കാന്‍ഷിറാമിനെയും ആക്രമിച്ചു. തുടര്‍ന്ന് മുലായം സിങ് യാദവും മായാവതി-കാന്‍ഷിറാം വിഭാഗവും എന്നെന്നേക്കുമായി പിരിഞ്ഞു. ഇരു വിഭാഗവും കടുത്ത ശത്രുക്കളും പരസ്പരം മുഖത്തോടു മുഖം നോക്കാത്ത തരത്തിലും പിരിഞ്ഞു.

ഇപ്പോള്‍ നരേന്ദ്ര മോദിയും ബി.ജെ.പിയും ഉയര്‍ത്തുന്ന ഭീഷണിയെത്തുടര്‍ന്ന് മുലായം സിങ് യാദവും മായാവതിയും വീണ്ടും പര്‌സപര വൈര്യം മറന്ന് കൈകോര്‍ക്കുകയാണ്. ഗസ്റ്റ് ഹൗസ് സംഭവത്തിന് 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരേ വേദിയിലെത്തുന്നത്. അതേസമയം ഈ സഖ്യമുണ്ടാക്കിയതില്‍ 79കാരനായ മുലായത്തിന് താല്‍പര്യമില്ലെന്നും അദ്ദേഹം സന്തുഷ്ടവാനല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വേദിയില്‍ വെച്ച് മായാവതിയുമായി അദ്ദേഹം ഒരക്ഷരം മിണ്ടിയിട്ടുമില്ല. ഇരുവരും കൈകൂപ്പി പര്‌സപരം ചിരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ പ്രസംഗത്തില്‍ മായാവതിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. മായാവതിയെ സ്വാഗതം ചെയ്യുന്നതായും ഇപ്പോഴും ഭാവിയിലും നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള യാദവ-ദലിദ് സമുദായ സഖ്യത്തിന്റെ വിജയമാണ് ഇതിന് പിന്നിലുള്ളത്. മായാവതിയുമായി സഖ്യമുണ്ടാക്കുന്നതില്‍ മധ്യസ്ഥം വഹിച്ചത് മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവ് ആണ്. എന്നാല്‍ യാദവ സമുദായത്തിന് മായാവതിയെ അംഗീകരിക്കുക അത്ര എളുപ്പമല്ല. അതിനാലാണ് മായാവതിയെ ബഹുമാനിക്കാനും സ്വീകരിക്കാനും പ്രസംഗത്തില്‍ മുലായം സിങ് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചത്.

24 വര്‍ഷത്തിനു ശേഷം എന്തുകൊണ്ടാണ് തങ്ങള്‍ ഒരുമിക്കുന്നതെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മായാവതിയും റാലിയില്‍ ഒരുമിച്ചു കൂടിയ ജനസഞ്ചയത്തോട് വിശദീകരിച്ചു. മോദി രാജ്യത്തെ നരകമാക്കുകയാണെന്നും എല്ലാ നമേഖലയിലും മോദി സമ്പൂര്‍ണ പരാജയമാണെന്നും അവര്‍ പറഞ്ഞു. അതിനാലാണ് തങ്ങള്‍ ഒരുമിക്കുന്നത്. കാരണം മുലായം ആണ് പിന്നോക്ക വിഭാഗത്തിന്റെ യഥാര്‍ത്ഥ നേതാവ് അവര്‍ പറഞ്ഞു.

യു.പിയിലെ ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിലും മുസ്‌ലിം-ദലിത് സഖ്യത്തിന് വളരെ പ്രാധാന്യമുള്ളതായിരുന്നു. മൂന്നാം ഘട്ടം യാദവ വിഭാഗത്തിന് സ്വാധീനമുള്ളയിടങ്ങളിലുമാണ്. ഈ സഖ്യത്തിനു പിന്നില്‍ മറ്റു പല കാരണങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നാണ് എസ്.പി അധ്യക്ഷന്‍ കൂടിയായ അഖിലേഷ് യാദവ് നല്‍കുന്ന സൂചനകള്‍. ഈ തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ളതാണെന്നാണ് അഖിലേഷ് പറഞ്ഞു വെക്കുന്നത്. എന്നാല്‍ ആരെയാണ് പ്രധാനമന്ത്രിയായി ഇവര്‍ കാണുന്നതെന്ന് വ്യക്തമല്ല.മായാവതിയാണ് അടുത്ത പ്രധാനമന്ത്രി എന്നാണ് സഖ്യമുണ്ടാക്കിയ ശേഷം ബി.എസ്.പി നേതാക്കള്‍ പറയുന്നത്. മായാവതി പ്രധാനമന്ത്രിയാവില്ല എന്നുള്ള സൂചനകള്‍ അഖിലേഷ് നല്‍കിയിട്ടുമില്ല.

അവലംബം: firstpost.com
വിവ: സഹീര്‍ അഹ്മദ്‌

Related Articles