Onlive Talk

മണ്ണ് ദിന ചിന്തകൾ

“ഒരുപിടി മണ്ണിൽ നിന്നു –
രുവാർന്ന ജീവനിൽ ,
ഒരുപാട് മോഹം
വിതച്ചു മണ്ണ് ”

ലോകത്തിലെ മൊത്തം ജീവിവർഗങ്ങൾക്കും അതിപ്രധാനവും പ്രത്യേകതയും ഉള്ള ഒരു ദിവസമാണ് ഇന്ന്. തങ്ങളുടെ ആവിർഭാവത്തിനും നിലനിൽപ്പിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായൊരു വസ്തുവിന്റെ ദിനമാണിന്ന്. ഈ ദിനാചരണത്തിന്റെ നാൾവഴികളിലൂടെ ഒരോട്ട പ്രദക്ഷിണമാണ് ഇന്ന് ഉദ്ദേശിക്കുന്നത് . ഡിസംബർ അഞ്ച് ലോക മണ്ണുദിനമായി ഐക്യരാഷ്ട്രസംഘടന ആചരിച്ചുവരുന്നതും അതുകൊണ്ടാവണം എന്നാണ് അനുമാനം. മണ്ണിന് വേണ്ടി മാത്രം ജീവിച്ച , നഗ്നപാദനായി മണ്ണിൽ ചവിട്ടി നടന്നു ജീവിച്ച് കാണിച്ചു തന്ന തായ് ലന്റിലെ ചക്രവർത്തി ഭൂമിബോൽ അതുല്യതേജിന്റെ ജന്മദിനമാണ് 2002 മുതൽ ലോകസംഘടന ലോകമണ്ണു ദിനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തത് എന്നത് ഔചിത്യദീക്ഷ പുലർത്തുന്ന തീരുമാനമായി.

ആധുനിക യൂറോപ്യൻ ചരിത്രത്തിൽ സ്വന്തം മണ്ണ് നഷ്ടപ്പെട്ട് പട്ടിണി കിടന്ന് മരിച്ച ചീഫ് സിയാറ്റിലിനെ നാം മറക്കാതിരിക്കുക. പതിനെട്ടാം നൂറ്റാണ്ടിലെ അമേരിക്കൻ ഐക്യനാടുകളിലെ സുക്കാമിഷ്, ദുവാമിഷ് എന്നീ ആദിമ അമേരിക്കൻ ഇന്ത്യൻ നിവാസികളുടെ നേതാവുമായിരുന്നു സിയാറ്റിൽ മൂപ്പൻ ‍. തന്റെ സമൂഹത്തിലെ പ്രഗൽഭനായിരുന്ന അദ്ദേഹം ഇന്നത്തെ വാഷിംഗടണിലെ സിയാറ്റിൽ പ്രവിശ്യയിൽ ആയിരുന്നു അധിവസിച്ചിരുന്നത്. വികസനത്തിന് വേണ്ടി സ്വന്തം നാട് വിടേണ്ടി വന്ന , പിന്നീട് ലോകം മുഴുവൻ പരന്ന മണ്ണിന്റെ മക്കൾ വാദത്തിന്റെ ആദ്യ മുന്നണി പോരാളി. സ്വന്തം നാട്ടിൽ നിന്ന് ബഹിഷ്കൃതരായ ഈ ആദിമ നിവാസികൾ അവസാന കാലത്ത് മണ്ണ് കഴിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്രേ. ( കേരളീയ പരിസരത്തേക്ക് ദയവായി ഈ സംഭവത്തെ കൊണ്ടുവരരുത് ) .

ജന്മം കൊണ്ട് മണ്ണിന് വേണ്ടി മരണം വരെ പോരാടേണ്ടി വന്ന മനുഷ്യർ ഉണ്ടെന്ന് ബോധ്യപ്പെടുന്നത് പുരോഗമനം നേടി എന്ന് വാദിക്കുന്ന അമേരിക്കയിലാണ് എന്നത് വിധിവൈപരീത്യമല്ലാതെ ഒന്നുമല്ല എന്ന് നാം അറിയുക. ‘മണ്ണ് സംരക്ഷണം’ എന്നത് പാശ്ചാത്യര്‍ കണ്ടു പിടിച്ചതൊന്നുമല്ല എന്നാണ് ഇസ്ലാമിക പ്രമാണങ്ങൾ വായിക്കുമ്പോൾ ബോധ്യമാവുന്നത്. ഇക്കോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, നേച്ച്വര്‍ കെയര്‍, കണ്‍സര്‍വേഷന്‍ ഓഫ് എന്‍വിയോണ്‍മെന്റ്, എന്‍വിയോണ്‍മെന്റല്‍ എത്തിക്‌സ് എന്നിത്യാദി നാമകരണങ്ങള്‍ ഇംഗ്ലീഷുകാരന്റേതാകാം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസ്ഥാപിത ശാസ്ത്രശാഖകളുടെയും സംഘടനകളുടെയും തുടക്കം കേവലം ഒന്നു രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണെന്ന് കണ്ടെത്താനാവും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ച്വര്‍ (WWF), 1961-ലും ഗ്രീന്‍പീസ് എന്ന പരിസ്ഥിതി സംഘടന 1971-ലുമാണ് രൂപീകരിക്കപ്പെട്ടത്. റേച്ചല്‍ കഴ്‌സണിന്റെ ശാന്തവസന്തം (സൈലന്റ് സ്പ്രിംഗ്) 1960-കളിലാണ് വിരചിതമായത്. എന്നാല്‍ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന പരിസ്ഥിതി ധര്‍മശാസ്ത്രത്തിന് മനുഷ്യാരംഭത്തോളം തന്നെ കാലപ്പഴക്കമുണ്ട്.

ചില ഖുർആനിക നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക :- ”നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ (മണ്ണിൽ) കുഴപ്പമുണ്ടാക്കരുത്. അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്” (11: 85,86).
മൂസാനബി(അ)യുടെ ജനതയോടുള്ള നിര്‍ദേശവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ”അല്ലാഹുവിന്റെ വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ തിന്നുക. കുടിക്കുക. ഭൂമിയില്‍ (മണ്ണിൽ) കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത്.” (2:60)
സ്വര്‍ഗത്തോപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട ആദമിനെയും പത്‌നിയെയും വസിക്കാനായി ജീവമണ്ഡലമായ (ബയോസ്ഫിയര്‍) മണ്ണിലേക്ക് / ഭൂമിയിലേക്ക് പറഞ്ഞയക്കുകയാണ് അല്ലാഹു ചെയ്തതെന്നും ഖുർആൻ പറയുന്നു(7:24)
പ്രവാചക അനുയായികളിൽ മണ്ണുമായി നിരന്തര ബന്ധം കാത്തുസൂക്ഷിച്ചിരുന്നവർ ഉണ്ടായിരുന്നു. വിശ്രമം പോലും വെറും നിലത്ത് അഥവാ മണ്ണിൽ കിടക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന, ആ പേരിൽ തനിക്ക് ലഭിച്ച അബൂ തുറാബ് (മണ്ണിന്റെ പിതാവ് ) എന്ന ചെല്ലപ്പേരിന് സന്തോഷത്തോടെ വിളികേട്ടിരുന്ന അലി (റ) അക്കൂട്ടത്തിൽ പെടുന്നു.
ഖുബയിലും മദീനയിലും നബി (സ) പണിത പള്ളികളുടെ അസ്ഥിവാരം മണ്ണും വെള്ളവും ചേർത്തായിരുന്നുവെന്ന് ചരിത്രം . മണ്ണൊരിക്കലും മ്ലേഛമല്ല എന്നത് കൊണ്ടാണ് അംഗസ്നാനത്തിന് വെള്ളം ലഭ്യമാവാതിരിക്കുകയോ , ഉപയോഗിക്കാൻ പറ്റാതിരിക്കുകയോ ചെയ്യുമ്പോൾ ശുദ്ധ മണ്ണ് ഉപയോഗിക്കാൻ പ്രവാചകൻ നിർദേശിച്ചത്. നായ തൊട്ട് അശുദ്ധമാക്കിയത് വൃത്തിയാക്കാനും കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ മണ്ണു തന്നെയാണ് നിർദ്ദേശിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Facebook Comments
Related Articles

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.
Close
Close