Onlive Talk

സബ്സിബാഗിൽ മുഴങ്ങുന്ന ഷഹീൻബാഗ് മുദ്രാവാക്യങ്ങൾ

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ഒരു മാസത്തോളമായി ഡൽഹിയിലെ ഷഹീൻബാഗിൽ നടന്നു വരുന്ന പ്രതിഷേധപരിപാടികളിൽ നിന്ന് ഊർജമുൾക്കൊണ്ട്, പാട്നയിലെ സബ്സിബാഗിൽ ഒരു സംഘം സ്ത്രീകൾ തിരക്കേറിയ മാർക്കറ്റ് പ്രദേശത്ത് കുത്തിയിരിപ്പ് സമരം തുടങ്ങികഴിഞ്ഞു. ജനുവരി 12 തുടങ്ങിയ പ്രതിഷേധപരിപാടിയിലേക്ക് കടുത്ത ശൈത്യത്തെ അവഗണിച്ച് കുട്ടികളും മുതിർന്നവരും പ്രായമായവരുമടങ്ങുന്ന വൻ ജനാവലിയാണ് എത്തിയത്. “ഷഹീൻബാഗിനെ കുറിച്ച് ഞങ്ങൾ ഒരുപാടു കേട്ടു. ഇത് സബ്സിബാഗാണ്. സി.എ.എ വിരുദ്ധ പ്രതിഷേധങ്ങൾ അരങ്ങേറിയ ഡൽഹിയിലെ ‘ബാഗ്’ (പൂന്തോട്ടം) പോലെ തന്നെ, ഈ പൂന്തോട്ടത്തിലും പൂക്കൾ മൊട്ടിട്ട് വിരിഞ്ഞുകൊണ്ടിരിക്കുകയാണ്,” പ്രതിഷേധപരിപാടിയുടെ സംഘാടകരിൽ ഒരാളും പാട്ന യൂണിവേഴ്സിറ്റി വിദ്യാർഥിയുമായ അകൻഷ പറഞ്ഞു.

കാമറവെളിച്ചങ്ങളിൽ നിന്നുമാറി, പ്രധാനറോഡിലും തെരുവോരങ്ങളിലും ‘ഹം കാഘസ് നഹി ദിഖായേംഗെ’ (ഞങ്ങൾ രേഖ കാണിക്കില്ല) തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേൾക്കാം. ത്രിവർണപതാകകൾ കൊണ്ട് പ്രതിഷേധസ്ഥലം നിറഞ്ഞിരുന്നു. കടയുടമകളും തെരുവോരകച്ചവടക്കാരും സഹകരിക്കുകയും, വാഹനങ്ങളും ആംബുലൻസുകളും സുഗമമായി കടന്നുപോകുന്നത് ഉറപ്പാക്കാൻ സന്നദ്ധസേവകർ രംഗത്തിറങ്ങുകയും ചെയ്തിരുന്നു. ഇത്തരത്തിൽ എല്ലാവിധ അച്ചടക്കവും ഉത്തരവാദിത്വബോധവും അവിടെ പാലിക്കപ്പെട്ടിരുന്നു. ബാങ്കുവിളി മുഴങ്ങിയപ്പോൾ ആ പ്രദേശമൊന്നാകെ നിശബ്ദതയിൽ മുങ്ങി. “ജില്ലാ ഭരണകൂടത്തിന്റെ മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചാണ് സമരം മുന്നോട്ടുപോകുന്നത്. തുടക്കത്തിൽ 500-ന് അടുത്ത് പ്രതിഷേധകരാണ് ഉണ്ടായിരുന്നത്, ഒറ്റ പകലു കൊണ്ട് ആളുകൾ ഇരട്ടിയായി. നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നതു വരേക്കും ഇവിടെയിരിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ ദുർബലപ്പെടുത്താൻ മരംകോച്ചുന്ന തണുപ്പിനു കഴിയില്ല,” പ്രദേശത്തെ സമരസംഘാടകരിൽ ഒരാളായ റിസ് വാൻ പറഞ്ഞു.

Also read: “മതാപിതാ ഗുരു ദൈവം” എന്നതിൻെറ പൊരുൾ

ജനുവരി 14ന് വൈകുന്നേരം കനയ്യ കുമാർ സമരസ്ഥലത്തേക്ക് വരുന്ന കാഴ്ചയാണ് കണ്ടത്. തെരുവിന്റെ ഓരോ മൂലയിൽ ആളുകൾ നിറഞ്ഞു. പ്രതിഷേധപരിപാടികളിലെ സ്ത്രീകളുടെ നേതൃപരമായ പങ്കിനെ പ്രകീർത്തിച്ച് സംസാരിച്ച അദ്ദേഹം ഈ പ്രസ്ഥാനത്തിന്റെ ബഹുസ്വര സ്വഭാവത്തെ ഊന്നിപ്പറഞ്ഞു. ബി.ജെ.പി സർക്കാറിനും ബ്രിട്ടീഷ് അധിനിവേശകർക്കും ഇടയിലെ സാമ്യതകൾ വ്യക്തമാക്കികൊണ്ടാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്. “ബ്രിട്ടീഷുകാരെ പെരുമാറാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ, അഷ്ഫാഖുല്ലാ ഖാനും റാംപ്രസാദ് ബിസ്മിലും ആവാനാണ് ഞങ്ങളുടെ തീരുമാനം” അദ്ദേഹം വ്യക്തമാക്കി. ഷഹീൻബാഗിലെ പോലെതന്നെ, ഒരു താൽക്കാലിക സമരപ്പന്തൽ ഇവിടെ ഒരുക്കിയിട്ടുണ്ട്, സമരപ്പന്തലിൽ ആളില്ലാത്ത അവസ്ഥ ഒരിക്കലും ഉണ്ടാവാതിരിക്കാൻ വേണ്ടി സ്ത്രീകൾ ഊഴമനുസരിച്ച് ഇരുന്നാണ് സമരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ സമരപ്രസ്ഥാനം രാഷ്ട്രീയപക്ഷപാതിത്വങ്ങൾക്ക് അതീതമായിരിക്കാൻ സംഘാടകർ ബദ്ധശ്രദ്ധപുലർത്തുന്നുണ്ട്.

സ്ത്രീകൾ അവരുടെ ആത്മവിശ്വാസവും രോഷവും തുറന്നുപ്രകടിപ്പിച്ചു. “ജാമിഅയിലെ നമ്മുടെ കുട്ടികളോട് അവർ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ചായവിൽപ്പനക്കാരൻ ഈ രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലിംകളെയും സിഖുകാരെയും ക്രിസ്ത്യാനികളെയും തെരുവിൽ ഇറക്കിയിരിക്കുകയാണ്. കാമ്പസിൽ അവർ നമ്മുടെ മക്കളെ ആക്രമിച്ചു. ഞാനുമൊരു മാതാവാണ്. ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട കുട്ടിക്ക് അദ്ദേഹം (പ്രധാനമന്ത്രി നരേന്ദ്ര മോദി) തന്റെ കണ്ണു നൽകുമോ, കാലൊടിഞ്ഞ കുട്ടിക്ക് അദ്ദേഹം തന്റെ കാൽ നൽകുമോ? ഞങ്ങൾ പോരാടും, ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്യും,” സബ്സിബാഗ് നിവാസി മെഹറുന്നിസ പറഞ്ഞു.

“രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കൽ പ്രക്രിയക്കു വേണ്ടി ചെലവഴിക്കാൻ പോകുന്ന പണം ഞങ്ങളുടേതാണ്. ഇത് സംഭവിക്കാൻ ഞങ്ങളൊരിക്കലും അനുവദിക്കില്ല” നുസ്റത്ത് അറ കൂട്ടിച്ചേർത്തു. പ്രായമേറെ ആയെങ്കിലും ഖുറേഷാ ബീഗം ഒറ്റക്കാണ് സമരത്തിന് എത്തിയത്. ഒരു കാൽ ഒടിഞ്ഞിട്ടുണ്ട്, തണുപ്പിനെ പ്രതിരോധിക്കാൻ മാത്രമുള്ള വസ്ത്രമൊന്നും ധരിച്ചിട്ടില്ല. പക്ഷേ സംസാരിക്കുന്ന കാര്യത്തിൽ ഖുറേഷാ ബീഗത്തിന് അവ്യക്തതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, “ഞങ്ങളുടെയൊക്കെ കാലത്ത്, രേഖയൊന്നും ഉണ്ടായിരുന്നില്ല. എന്റെ വയസ്സ് എനിക്കപ്പോഴും അറിയില്ല.”

“സർക്കാറിന്റെ ഭിന്നിപ്പിക്കൽ നയത്തിനെതിരെ പ്രതിഷേധിക്കാനാണ് ഞാനിവിടെ വന്നിട്ടുള്ളത്. എനിക്ക് വയസ്സായി, ഇനി കുറച്ചുകാലം കൂടിയേ ഉള്ളൂ. പക്ഷേ, ഈ പോരാട്ടം, ഇവിടെ ഇനിയും ഒരുപാട് കാലം ജീവിച്ച് തീർക്കാൻ ബാക്കിയുള്ള ഇളംതലമുറക്കു വേണ്ടിയാണ് ഞാൻ ഇതു ചെയ്യുന്നത്.” പ്രദേശവാസികളായ സ്ത്രീകൾ സമരപ്പന്തലിൽ ഇരിക്കുമ്പോൾ, തീപ്പൊരി പ്രസംഗങ്ങളും, കവിതകളും, മുദ്രാവാക്യങ്ങളും കൊണ്ട് വിദ്യാർഥികൾ സ്റ്റേജ് കൈയ്യടക്കി. ഒരു പരീക്ഷ എഴുതാൻ വേണ്ടി പശ്ചിം ചംമ്പരണിൽ നിന്ന് പാട്നയിൽ എത്തിയതാണ് ഹിമാൻഷും കുമാർ, പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനു പകരം പ്രതിഷേധസമരക്കാർക്കൊപ്പം ചേരാനാണ് അദ്ദേഹം തീരുമാനിച്ചത്.

Also read: മതം വിട്ടവർ ഇസ് ലാം വിരോധികളാവുന്നതിന്റെ മനശാസ്ത്രം

“തൊഴിലില്ലായ്മ, വിദ്യാഭ്യാസം തുടങ്ങിയ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാൻ ഈ സർക്കാർ സമൂഹത്തിൽ ബോധപൂർവ്വം ഭിന്നിപ്പുണ്ടാക്കുകയാണ്,” അദ്ദേഹം പറഞ്ഞു. “ഇതൊരു ഹിന്ദു-മുസ്ലിം പ്രശ്നമല്ല. വ്യത്യസ്ത മതവിശ്വാസികളായ ആളുകൾ ഇവിടെ സമാധാനപരമായി പ്രതിഷേധിക്കുന്നുണ്ട്. ഇതു നമ്മുടെ ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. പാട്നയിലെയും, ബീഹാറിലെ മറ്റിടങ്ങളിലെയും സമരക്കാർ, പൗരത്വ വിഷയവുമായി ബന്ധപ്പെട്ട നിതീഷ് സർക്കാറിന്റെ സംശയാസ്പദ നിലപാടിനെയും ചോദ്യം ചെയ്യുന്നുണ്ട്. പാട്നയിലെ പുൽവാരി പ്രദേശത്തും സമാനമായ ധർണ ആരംഭിച്ചിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്ത പ്രക്ഷോഭകർക്കു നേരെ പോലീസ് അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഇവിടെയും സ്ത്രീകളാണ് സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തിട്ടുള്ളത്. എൻ.പി.ആർ ബീഹാറിൽ ഒരിക്കലും നടപ്പാക്കില്ലെന്ന് നിതീഷ് കുമാറും പ്രഖ്യാപിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.” അകൻഷ പറഞ്ഞു.

കോൺഗ്രസ് എം.എൽ.എയും മുൻ ജെ.എൻ.യു.എസ്.യു പ്രസിഡന്റുമായിരുന്ന ഷക്കീൽ അഹ്മദ് ഖാനും സമരപ്പന്തലിൽ സന്നിഹിതനായിരുന്നു. “അക്രമത്തിലൂടെ സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ, വലിയൊരു വിഭാഗം ജനങ്ങൾ ഇതു വെച്ചുപൊറുപ്പിക്കാൻ പോകുന്നില്ല. ജനങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തെയും ഐക്യത്തെയും തകർക്കാൻ ഒരു ദുർഭരണാധികാരി ശ്രമിക്കുമ്പോൾ, പ്രതിഷേധിക്കുകയല്ലാതെ ജനങ്ങൾക്ക് മറ്റൊരു വഴിയുമില്ല. വിദ്യാർഥികൾക്കും, പ്രതിഷേധകർക്കും എതിരെയുള്ള അക്രമസംഭവങ്ങളെ അപലപിക്കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും സാധാരണക്കാരുടെയും കൂട്ടുത്തരവാദിത്തമാണ്. അവരുടെ (ബി.ജെ.പിയുടെയും ആർ.എസ്.എസ്സിന്റെയും) ചരിത്രം നമുക്കറിയാം. ഈ ജനുവരി 30ന്, അവരാണ് മഹാത്മ ഗാന്ധിയെ വധിച്ചതെന്ന് ഈ രാഷ്ട്രം ഒന്നടങ്കം സ്മരിക്കണം.”

 

വിവ. ഇർഷാദ് കാളാചാൽ

Facebook Comments
Related Articles
Show More
Close
Close