Onlive Talk

വെനസ്വേലക്കെതിരെ പുതിയ സാമ്രാജ്യത്വ പടയോട്ടം

ഒരു കാലത്ത്, ഭൂമിയില്‍ എവിടെയൊക്കെ പ്രകൃതി വിഭവങ്ങള്‍ ഉണ്ടോ അവിടെയൊക്കെ ഇടപെട്ട് അവിടുത്തെ ജനങ്ങളെ അടിമകളാക്കി അവിടത്തെ വിഭവങ്ങള്‍ കരസ്ഥമാക്കുക എന്നതായിരുന്നു സാമ്രാജ്യത്വ ശക്തികളുടെ അടിസ്ഥാന രീതി. സാമ്രാജ്യത്വം പ്രത്യക്ഷത്തില്‍ അവസാനിച്ചതിനു ശേഷം പുതിയ സാമ്രാജ്യത്വ രീതിയാണ് അവര്‍ പിന്തുടര്‍ന്നത്.

സൈനിക അട്ടിമറികള്‍, തങ്ങളുടെ ആശയങ്ങള്‍ അംഗീകരിച്ച, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ശിങ്കിടികളെ അധികാരത്തില്‍ അവരോധിക്കല്‍, ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കല്‍, വേണ്ടിവന്നാല്‍ സൈനിക നീക്കം ഇങ്ങിനെ പോകുന്നു നവ സാമ്രാജ്യത്വത്തിന്റെ ആധുനിക രീതികള്‍, അഫ്ഘാനിസ്ഥാന്‍, ഇറാഖ്, ഗ്വാട്ടിമാല, ചിലി, ലിബിയ തുടങ്ങിയ നിരവധി രാഷ്ട്രങ്ങള്‍ ഇരകളുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു. പട്ടിക അവസാനിക്കുന്നില്ല. അറബ് ലോകത്ത് ഇവര്‍ പുതിയ തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചത്, അതിന്റെ വിപത്തുകള്‍ ഇന്നും ആ ജനതയെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ലോകമൊട്ടുക്കും നടന്നു കൊണ്ടിരിക്കുന്ന പുരോഗമന പരിപാടികളിലും സംരംഭങ്ങളിലും പങ്കെടുക്കാന്‍ കഴിയാത്ത ഒരു ജനത, ഇതിലപ്പുറം എന്ത് വേണം ഒരു സമൂഹത്തിന്റെ ആശയ തകര്‍ച്ചക്ക് !

സാമ്രാജ്യത്വ ശക്തികളുടെ പുതിയ ഇര വെനസ്വേലയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത രാജ്യത്തിന്റെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ നിഷ്‌കാസനം ചെയ്യാന്‍ അമേരിക്കന്‍-യൂറോപ്യന്‍ ശക്തികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത പരിപാടി സൈനിക നീക്കം തുടങ്ങുക എന്നതാണ്. നിരത്തപ്പെടുന്ന കാരണങ്ങളായി പറയുന്നത് എന്നും പറയാറുള്ളവ തന്നെ, അഥവാ ഏകാധിപതിയായ നിക്കോളാസ് മദുറോയെ മാറ്റി തല്‍സ്ഥാനത്ത് ജനകീയ ഭരണാധികാരിയായ ജുവാന്‍ ഗെയ്‌ഡോയെ അവരോധിക്കുക, ജനങ്ങളെ നിലവിലുള്ള അവസ്ഥയില്‍നിന്ന് രക്ഷപ്പെടുത്തുക. യൂറോപ്പിന്റെയും അമേരിക്കയുടെയും കപട രാഷ്ട്രീയം വ്യക്തമാകുന്ന മറ്റൊരു സംഭവത്തിന് ലോകം സാക്ഷിയാവാന്‍ പോകുകയാണ് എന്നര്‍ത്ഥം.

അണിയറകളില്‍ എന്താണ് നടക്കാന്‍ പോകുന്നത് എന്നറിയാതെയാണ് സ്വയം പ്രസിഡന്റ് ആയി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവായ ജുവാന്‍ ഗെയ്‌ഡോയെ പാവം ചില വെനസ്വേലക്കാര്‍ പിന്താങ്ങുന്നത്. സാമ്രാജ്യത്വം എവിടെയൊക്കെ ഇടപെട്ടിട്ടുണ്ടോ അവിടെയൊക്കെ അവര്‍ക്ക് വ്യക്തമായ താല്പര്യങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ ഓരോ രാഷ്ട്രങ്ങളുടെയും ശാപം അവിടെയൊക്കെ ഇവരുടെ ന്യൂനപക്ഷ ശിങ്കിടികള്‍ നിലനില്‍ക്കുന്നു എന്നതാണ്. എവിടെയും നിങ്ങള്‍ക്ക് ഈ ശിങ്കിടികളെ കാണാം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അറബ് രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന പട്ടാള ശിങ്കിടികള്‍ക്കു പകരം ജനകീയ ശിങ്കിടികളാണ് ഇവിടെ രംഗത്തുള്ളത് എന്നര്‍ത്ഥം.പട്ടാളത്തെ ഭീഷണിപ്പെടുത്തികൊണ്ടുള്ള സന്ദേശം ആഗോള സാമ്രാജ്യത്വ തലവന്‍ ട്രംപ് വെനസ്വേല സൈന്യത്തിന് നല്‍കിക്കഴിഞ്ഞു.

വെനസ്വേല പ്രതിസന്ധി നമുക്ക് പല പാഠങ്ങളും നല്‍കുന്നു. ഒന്ന്, ആഗോള തലത്തില്‍ സാമ്രാജ്യത്വത്തിനെതിരെ ഉയര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ശക്തികള്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന വന്‍ രാഷ്ട്രങ്ങള്‍ എന്തുകൊണ്ട് ആ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ രംഗത്ത് വരുന്നില്ല ? രണ്ട് വിശാലമായ മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു ആഗോള സഖ്യത്തിന്റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ചില രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ അത് വരിക തന്നെ ചെയ്യും. കാരണം അത് പ്രാപഞ്ചിക നിയമമാണ്.

Facebook Comments
Related Articles
Close
Close