Onlive Talk

ഇസ്രായേല്‍ പാഠപുസ്തകങ്ങളിലെ ഫലസ്തീന്‍ വെറുപ്പ്

ഇസ്രായേലിനെയും ഇസ്രായേലി സമൂഹത്തെയും കുറിച്ച യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും അനിവാര്യമായും വായിച്ചിരിക്കേണ്ട ഒന്നാണ് ഇസ്രായേലി വിമത പണ്ഡിത നൂരിത് പെലെദ് എല്‍ഹനാന്‍റെ “Palestine in Israeli School Books” എന്ന സുപ്രധാന അക്കാദമിക് പഠനം.

ഒരു അധിനിവേശ-കോളോണിയല്‍ ഉണ്മ എന്ന നിലക്ക്, ഇസ്രായേലി സമൂഹത്തിനകത്തു നിന്നും ഒരിക്കലും മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നില്ല. പുറത്തു നിന്നും മാറ്റത്തിനു വേണ്ടിയുള്ള സമര്‍ദ്ദം ഉണ്ടാവുക മാത്രമേ രക്ഷയുള്ളു. സൗത്ത് ആഫ്രിക്കയിലെ വെളുത്ത വംശജരെ പോലെ, കുടിയേറ്റക്കാര്‍ എന്ന നിലയിലുള്ള തങ്ങളുടെ വിശേഷാധികാരം (privileged position) ഇസ്രായേലി ജൂതന്‍മാര്‍ ഒരിക്കലും സ്വമേധയാ ഉപേക്ഷിക്കുകയില്ല.

(ചില വെളുത്ത വംശജരായ വിമതരുടെ പിന്തുണയോടെ) സൗത്ത് ആഫ്രിക്കന്‍ ജനതയും അവരുടെ രാഷ്ട്രീയ നേതാക്കളും ആഗോളതലത്തിലെ ഐക്യദാര്‍ഢ്യ കാമ്പയിനുകളും ചേര്‍ന്നായിരുന്നു സൗത്ത് ആഫ്രിക്കയില്‍ നിലനിന്നിരുന്ന വര്‍ണവിവേചനത്തെ എതിര്‍ത്തുതോല്‍പ്പിച്ചത്. അതേരീതിയില്‍, ഇസ്രായേലി അപ്പാര്‍ത്തീഡിനെ ഫലസ്തീനിയന്‍ പോരാട്ടം എതിര്‍ത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും. ഈ പോരാട്ടത്തിന് ന്യൂനപക്ഷ ഇസ്രായേലി വിമതരുടെയും അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങളുടെയും, പ്രത്യേകിച്ച് ബി.ഡി.എസ് മൂവ്മെന്‍റിന്‍റെയും പിന്തുണയുണ്ട്.

ചരിത്രം, ഭൂമിശാസ്ത്രം, നാഗരിക പഠനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട 17 ഇസ്രായേലി സ്കൂള്‍ പാഠപുസ്തകങ്ങളെ അധികരിച്ച് നടത്തിയ പഠനമായിരുന്നു പെലെദ് എല്‍ഹനാന്‍റെ ഗ്രന്ഥം.

ഫലസ്തീനികളെ കുറിച്ച് പരാമര്‍ശിക്കുന്നിടത്തെല്ലാം ഒരു “വംശീയ വ്യവഹാര”മാണ് ഇസ്രായേലി ഔദ്യോഗിക പാഠപുസ്തകങ്ങള്‍ മുന്നോട്ടുവെച്ചത്. ഫലസ്തീന്‍ ഭൂപടം അക്ഷരാര്‍ഥത്തില്‍ തന്നെ പാഠപുസ്തകങ്ങളില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടു.

ഫലസ്തീനികളുടെ സാംസ്കാരിക സമൂഹിക ജീവിതപരിസരത്തെ കുറിച്ചോ, കാവ്യ-സാഹിത്യലോകത്തെ കുറിച്ചോ, ചരിത്ര-കാര്‍ഷികമേഖലകളെ കുറിച്ചോ, കല, ആചാരങ്ങള്‍ എന്നിവയെ കുറിച്ചോ ഒന്നും തന്നെ ഒരൊറ്റ പാഠപുസ്തകത്തിലും ഒരു വരിപോലും കാണാന്‍ കഴിയില്ലെന്ന് എല്‍ഹനാന്‍ വിശദീകരിക്കുന്നു.

അപൂര്‍വ്വമായി ഫലസ്തീനികളെ പരാമര്‍ശിക്കുന്നിടത്തെല്ലാം തന്നെ, അവരെ തീവ്രവാദികളും, അഭയാര്‍ഥികളും, പൗരാണിക കര്‍ഷകരും ആയാണ് ചിത്രീകരിക്കുന്നത്. അതായത് ഇസ്രായേലിന്‍റെ നിലനില്‍പ്പിനെതിരെയുള്ള മൂന്ന് ഭീഷണികള്‍ മാത്രമായി.

ഇസ്രായേലി-ജൂത സംസ്കാരം അറബ്-ഫലസ്തീന്‍ സംസ്കാരത്തേക്കാള്‍ മഹത്തരമാണെന്നും, തങ്ങളുടെ ജീവിതരീതിയാണ് മികച്ചതെന്നുമാണ് ഇസ്രായേലി പാഠപുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് എല്‍ഹനാന്‍ വ്യക്തമാക്കുന്നു.

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്, പെലെദ് എല്‍ഹനാന്‍ തന്‍റെ പുസ്തകം പ്രസിദ്ധീകരിക്കുന്ന സമയത്ത്, ഇസ്രായേല്‍ സമൂഹത്തിനകത്തു നിന്നു തന്നെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന ലിബറല്‍ പ്രതീക്ഷകള്‍ക്കു കടകവിരുദ്ധമായി, കാര്യങ്ങള്‍ അത്യന്തം വഷളായി കൊണ്ടിരിക്കുകയാണെന്നും, ആ സമയത്തെ പാഠപുസ്തകങ്ങള്‍ “സൈനിക പത്രികകളില്‍” കുറഞ്ഞ ഒന്നുമല്ലെന്നും, മുന്നറിയിപ്പു നല്‍കിയിരുന്നു.

ഫലസ്തീന്‍ എന്നൊരു രാഷ്ട്രമുണ്ടായിരുന്നു എന്നുപോലും അറിയാത്ത മൂന്നു തലമുറ വിദ്യാര്‍ഥികളാണ് ഇന്ന് ഇസ്രായേലില്‍ ഉള്ളത്. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം, കാര്യങ്ങള്‍ കൂടുതല്‍ വഷളാവുക മാത്രമാണ് ഉണ്ടായത്. ഈസ്റ്റ് ജറൂസലേമിലെ ഫലസ്തീന്‍ വീടുകള്‍ ഡൈനാമിറ്റ് വെച്ച് തകര്‍ത്തതിനു ശേഷം ആഘോഷപൂര്‍വ്വം നൃത്തമാടുന്ന യുവ ഇസ്രായേലി പട്ടാളക്കാരുടെ വീഡിയോ ഈ ആഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നതില്‍ നിന്നും ഇതു വ്യക്തമാവും. ഇസ്രായേലി വിദ്യാഭ്യാസ വ്യവസ്ഥയുടെ ഉല്‍പ്പന്നങ്ങളാണ് പ്രസ്തുത സൈനികര്‍.

പൊതുജനാഭിപ്രായം വളരെയധികം ഇസ്രായേലിന് പ്രതികൂലമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, സയണിസ്റ്റ് പ്രത്യയശാസ്ത്രം വളര്‍ന്നുവരുന്ന തലമുറയില്‍ കുത്തിവെക്കുക മാത്രമാണ് അവര്‍ കാണുന്ന ഏക പോംവഴി. അതിന്‍റെ ഭാഗമായാണ്, വിദേശയാത്രകള്‍ നടത്തുന്ന ഹൈസ്കൂള്‍ തലവിദ്യാര്‍ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ പ്രൊപഗണ്ട കോഴ്സ്. ഈ കോഴ്സ് പാസാകുന്നവര്‍ക്കു മാത്രമേ വിദേശയാത്ര നടത്താന്‍ സാധിക്കുകയുള്ളു. അതായത്, ആധുനിക സെമിറ്റിക് വിരുദ്ധതയുടെ ഉത്ഭവകേന്ദ്രം എവിടെനിന്നാണ്? എന്ന ചോദ്യത്തിന്, ‘മുസ് ലിം സംഘടനകള്‍’ എന്ന ശരിയുത്തരം എഴുതുന്നവര്‍ക്കു മാത്രമേ വിദേശയാത്ര സാധ്യമാവുകയുള്ളു. രണ്ടാംകിട പൗരന്‍മാരായ ഫലസ്തീന്‍ വിദ്യാര്‍ഥികളും ഈ ഉത്തരം തന്നെയാണ് എഴുതേണ്ടത്.

ഇങ്ങനെയൊക്കെയാണ് ഇസ്രായേല്‍ കുട്ടികളില്‍ വെറുപ്പ് കുത്തിവെക്കുന്നത്. അതായത്, ഫലസ്തീനികളെയും മുസ്ലിംകളെയും അറബികളെയും വെറുക്കുക, അവരോടൊപ്പം നിലകൊള്ളുന്നവരെയും വെറുക്കുക.

അവലംബം : middleestmonitor
വിവ. ഇര്‍ശാദ് കാളാചാല്‍

Facebook Comments
Show More

Related Articles

Close
Close