Current Date

Search
Close this search box.
Search
Close this search box.

‘ഞങ്ങളുടെ ജീവന് പശുവിന്റെ വില പോലുമില്ലല്ലോ !’

ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. ചില സന്ദര്‍ഭങ്ങളില്‍ ദലിതരും. ഇതിന്റെ അടുത്ത പതിപ്പായിട്ട് ഗുജറാത്തിലും ജാര്‍ഖണ്ഡിലും ആദിവാസി ജനതയെയും കൊന്നൊടുക്കുന്നതായി നമ്മള്‍ക്ക് വിവരിക്കാന്‍ സാധിക്കും.

ഈ കഥയില്‍ ഗുജറാത്തില്‍ നിന്നും ഒരു ദാരുണമായ ട്വിസ്റ്റ് കാണാന്‍ സാധിക്കും. ഇവിടെ പശു സംരക്ഷകരായ ആള്‍ക്കൂട്ടമല്ല സാധാരണക്കാരനെ കൊന്നൊടുക്കുന്നത്. പകരം പൊലിസ് തന്നെ നേരിട്ട് ഇവിടെ ഗോ സംരക്ഷകരായി ആള്‍ക്കൂട്ടക്കൊലപാതകം നടത്തുകയാണ്.

ഗുജറത്തിലെ സബര്‍ക്കന്ദ് ജില്ലയിലെ അതി ദാരിദ്ര്യം നിറഞ്ഞ ചെറിയ ഗോത്ര ഗ്രാമമാണ് കോത്ഡാഗാദി. 2017 മെയ് 2നാണ് ഇവിടെ ആരോ ഒരാള്‍ പശുവിനെ കൊന്നതായി ആരോപിച്ച് പൊലിസ് എത്തുന്നത്. സംഭവം അന്വേഷിച്ച് സ്ഥലത്തെത്തിയ പൊലിസ് അഞ്ചു യുവാക്കള്‍ ഒരു കാളയെ അറുത്ത സ്ഥലത്ത് ഒരുമിച്ചു കൂടി നില്‍ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.

പൊലിസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത് അവര്‍ അറുത്തത് പശുവിന്റെ കുട്ടിയെയാണെന്നാണ്. അറുക്കുന്ന സമയത്ത് കാളക്ക് കഠിനമായ വേദന അനുഭവിച്ചെന്നും അതിനെ കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നുമുള്ള തരത്തില്‍ ഗ്രാഫിക് രൂപത്തിലെല്ലാം വിശദമായി തന്നെയാണ് പൊലിസ് നിരവധി പേജുള്ള എഫ്.ഐ.ആര്‍ തയാറാക്കിയത്. തല അറുത്തു,കൊമ്പ് മുറിച്ചു,തൊലി വലിച്ചൂരി,ശരീരം രണ്ടായി പിളര്‍ത്തി,ചുറ്റിലും രക്തം തളം കെട്ടിനില്‍ക്കുന്നു തുടങ്ങി ഭീകരമായ ഭാഷയിലാണ് കാളയെ അറുത്ത സംഭവത്തെ പൊലിസ് വിശദീകരിക്കുന്നത്. സംഭവസ്ഥലത്തു നിന്നും കത്തിയും ത്രാസും മഴുവും കണ്ടെത്തിയെന്നും നാലു പേര്‍ ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

നിരപരാധിത്വത്തിനായുള്ള വാദിക്കല്‍

സംഭവത്തിന്റെ പേരില്‍ ദലിത് വംശജനായ ലെബാബായിയെ പിടികൂടാന്‍ പൊലിസ് തീരുമാനിക്കുകയും പശുവിനെ കൊന്നു എന്നാരോപിച്ച് അയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ താന്‍ കാളയെ കൊന്നിട്ടില്ലെന്നും പശുവിറച്ചി വില്‍പ്പന നടത്തുകയോ ചെയ്യാറില്ലെന്നും കേണപേക്ഷിച്ചു. ചത്ത പശുവിന്റെ തോല്‍ ഉരിയല്‍ ആണ് തന്റെ ജാതി നിര്‍ണയിച്ച തൊഴിലെന്നും ചെറുപ്പം തൊട്ടേ ഞാന്‍ ആ ജോലിയാണ് ചെയ്യുന്നതെന്നും ലെബാബായി നിരവധി തവണ പറഞ്ഞു. അന്ന് അദ്ദേഹം നേരത്തെ തന്നെ ചത്ത ഒരു പശുവിന്റെ തൊലി ഉരിഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം കള്ളം പറയുകയാണെന്ന് ആരോപിച്ച് പൊലിസ് നിരന്തരം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തന്നെ വിട്ടയക്കണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് പൊലിസ് ആവശ്യപ്പെട്ടതായി അദ്ദേഹം പിന്നീട് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. അങ്ങിനെ അദ്ദേഹത്തിന്റെ കുടുംബം ഒരു ലക്ഷം രൂപ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പൊലിസിന് അത് മതിയായിരുന്നില്ല.

പിന്നീട് 55കാരനായ ആദിവാസി കര്‍ഷകന്‍ കോദര്‍ഭായ് ഗമറിനെയും ഇമാം ഭായി,ഷബീര്‍ ഭായ് എന്നീ രണ്ടു മുസ്‌ലിം ചെറുപ്പക്കാരെയും പൊലിസ് പിടികൂടി. ഇവരെ പൊലിസ് അതിക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് കോദര്‍ ഭായ് അടിയേറ്റ് മരിക്കുകയും ചെയ്തു.

തന്റെ ഭര്‍ത്താവ് ചെറിയ കുടിലില്‍ കിടന്നുറങ്ങുമ്പോള്‍ ഒരു ദിവസം രാവിലെയാണ് പൊലിസെത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്ന് അവരുടെ വിധവ ശാന്ത ബെന്‍ പറഞ്ഞു. അതിരാവിലെ ഒരു സംഘം പൊലിസുകാര്‍ വന്നു തന്റെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിക്കുകയും നിര്‍ദാരുണം വലിച്ചിഴച്ച് കൊണ്ടുപോകുകയുമായിരുന്നു. താന്‍ പൊട്ടിക്കരയുകയും ഭര്‍ത്താവിനെ വിട്ടയക്കാന്‍ അവരോട് കേണപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ എന്റെ കൈ ശക്തമായി തട്ടി മാറ്റി പൊലിസുകാരന്‍ പറഞ്ഞു, നിന്റെ ഭര്‍ത്താവിന്റെ മുഖം അവസാനമായി വേണമെങ്കില്‍ കണ്ടോ, ഭര്‍ത്താവിന്റെ ശവസംസ്‌കാരത്തിനായി കാത്തിരുന്നോ എന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിനെ റോഡിലൂടെ വലിച്ചിഴച്ച് വില്ലേജ് സെന്ററിലേക്ക് കൊണ്ടു പോയി. പോകുന്ന വഴിയിലുടനീളം അദ്ദേഹത്തെ ബെല്‍റ്റ് കൊണ്ട് ലാത്തി കൊണ്ടും ശക്തമായി അടിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടവും തന്റെ മകനും ഇതിനെല്ലാം സാക്ഷിയാണ്. അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി മലിനമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ 20 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും പിന്നീട് വീണ്ടും വില്ലേജ് സ്‌ക്വയറില്‍ എത്തിച്ച് ക്രൂരമായി അടിക്കുകയും തൊഴിക്കുകയും ചെയ്തു.

ദുര്‍ബലരായ ആദിവാസികളെയും ദലിതുകളെയും മുസ്ലിംകളെയും പൊലിസ് മര്‍ദിച്ചു കൊലപ്പെടുത്തുക എന്നത് പുതിയ സംഭവമല്ല.
ഇതെല്ലാം എല്ലായിപ്പോഴും പൊലിസ് സ്റ്റേഷന്റെ അകത്ത് വെച്ചാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ ഇതെല്ലാം പൊതുജനത്തിനും ഇരകളുടെ കുടുംബത്തിനും മുന്നില്‍ വെച്ചാണ് ചെയ്തത് എന്ന വ്യത്യാസമാണുള്ളത്. പശുവിനെ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷ ഇതാണ് എന്ന് പൊതുജനത്തിന് കാണിച്ചുകൊടുക്കുകയാണ് ഇതിലൂടെ പൊലിസ് ചെയ്യുന്നത്. ഇതെല്ലാം ആള്‍ക്കൂട്ടക്കൊലപാതകമായിട്ടാണ് ചിത്രീകരിക്കുക. ഒന്ന് ജനക്കൂട്ടം തല്ലിക്കൊല്ലുന്നതും മറ്റൊന്ന് യൂണിഫോമിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ.

പിന്നീട് കോദര്‍ബായിയെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അന്ന് വൈകീട്ട് കോദര്‍ബായി തന്റെ മകനെ ഫോണില്‍ വിളിച്ചിരുന്നു. ”ഞാന്‍ അടികൊണ്ട് ഏറെ ക്ഷീണിതനാണ്. എനിക്ക് നടക്കാന്‍ കഴിയുന്നില്ല. എനിക്ക് സുഖമില്ല. അവര്‍ ഒരു ബെല്‍റ്റ് കൊണ്ട് എന്റെ തലക്കടിച്ചു. നാല് ലക്ഷം നല്‍കുകയാണെങ്കില്‍ വെറുതെ വിടാമെന്നാണ് പൊലിസ് അറിയിച്ചത്. എത്രയും പെട്ടെന്ന് നീ നമ്മുടെ ഭൂമി പണയം വെച്ച് ഈ പണം പൊലിസ് സ്റ്റേഷനില്‍ എത്തിക്കണം, അല്ലാത്തപക്ഷം ഞാന്‍ ജീവനോടെ ഉണ്ടാവില്ല” അദ്ദേഹം ഫോണില്‍ പറഞ്ഞു.

ഭീകരമായ കഥ

തുടര്‍ന്ന് കോദാര്‍ഭായിയുടെ മകന്‍ തന്റെ അയല്‍ക്കാരനായ ഒരു ധനികന് ഈ ഭൂമി വില്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ അടുത്ത ദിവസം രാത്രി അവരുടെ അയല്‍വാസിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. കോദര്‍ബായി അതീവ ഗുരുതരാവസ്ഥയില്‍ അഹ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുകയാണെന്നായിരുന്നു വിവരം. തുടര്‍ന്ന് ഏതാനും ഗ്രാമീണര്‍ ഒരു ടാക്‌സി വിളിച്ച് ആശുപത്രിയിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ അതീവഗുരുതരാവസ്ഥയില്‍ അദ്ദേഹം തീവ്രപരിചരണവിഭാഗത്തിലായിരുന്നു. പിറ്റേ ദിവസം അദ്ദേഹം മരിക്കുകയും ചെയ്തു.

ഈ കഥകളെല്ലാം ശാന്ത ബെന്‍ ഞങ്ങളോട് ആവര്‍ത്തിച്ചു. തന്റെ ഭര്‍ത്താവ് ഒരിക്കല്‍ പോലും പശുവിനെ അറുക്കുകയോ ചത്ത പശുവിന്റെ തൊലിയുരിയുകയോ ചെയ്തിട്ടില്ല. അത്തരം പ്രവൃത്തികളില്‍ വിദൂരമായി പോലും അദ്ദേഹത്തിന് ബന്ധമില്ല. ഞങ്ങള്‍ക്ക് രണ്ട് പശുക്കളുണ്ട്. അവ രണ്ടിനെയും പാല്‍ കറക്കാനാല്ലാതെ മറ്റൊന്നിനും ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. വര്‍ഷം മുഴുവന്‍ അധ്വാനിക്കുന്ന ഒരു കര്‍ഷകനാണ് എന്റെ ഭര്‍ത്താവ്. എന്തിനാണ് അദ്ദേഹത്തെ പശുവിനൈ കൊന്നു എന്ന പേരില്‍ പൊലിസ് വേട്ടയാടിയതെന്ന് മനസ്സിലാകുന്നില്ല. അവസാനം പശുവിന്റെ പേരില്‍ അവര്‍ അദ്ദേഹത്തെ കൊന്നു.11 മക്കളെ വിട്ടേച്ചാണ് അദ്ദേഹം പോയത്. ഏറ്റവും ചെറിയവന് അഞ്ച് വയസ്സ്. മൂത്തയാള്‍ക്ക് 30. ബാക്കി കുട്ടികളെ എങ്ങിനെ വളര്‍ത്തുമെന്ന് എനിക്കറിയില്ല- ബെന്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി പറഞ്ഞു.

ഞങ്ങളുടെ ജീവിതത്തിന് പശുവിന്റെ വില പോലുമില്ല. ഞങ്ങളുടെ ജീവിതം പട്ടിയെ പോലായാണ്-തേങ്ങലടക്കാനാവാതെ അവര്‍ പറഞ്ഞു.

ഇതാണ് തലതിരിഞ്ഞ ധാര്‍മിക നാടകത്തിന്റെ പാരഡി. ഒരു ആദിവാസി,ഒരു ദലിത്,രണ്ട് മുസ്ലിംകള്‍. എല്ലാവരും പശുവിനെ കൊന്നു എന്ന കുറ്റമാരോപിച്ച് പൊലിസ് വേട്ടയാടിയവര്‍. അത് ഒരു പശു ആയിരുന്നില്ല, കാളയായിരുന്നു. എല്ലാവരെയും പൊലിസ് അതിക്രൂരമായി മര്‍ദിച്ചു. ജീവിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ നഷ്ടപരിഹാരം ചോദിച്ചു. ഇതില്‍ ഒരാളെ പൊതുജനത്തിന് മുമ്പില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു കൊന്നു. ആള്‍ക്കൂട്ടക്കൊലപാതകത്തെ പോലെ.

യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യം മുസ്ലിംകള്‍ക്കും ആദിവാസികള്‍ക്കും ദലിതര്‍ക്കും പശുവിന്റെയത്ര വില പോലുമില്ലാത്ത രാജ്യമായി മാറിയിരിക്കുന്നു.

അവലംബം: scroll.in
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്

Related Articles