Onlive Talk

സിംഗപ്പൂരോ തോറാബോറയോ?

ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഹമാസിനും അധിവേശ ഇസ്രയേല്‍ രാഷ്ട്രത്തിനുമിടയിലുണ്ടാക്കിയ ‘വെടിനിര്‍ത്തല്‍ കരാറി’ന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കെയ്‌റോയുടെ ഭാഗത്തു നിന്നും ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ഗസ്സക്കകത്തും പുറത്തുമുള്ള നിരവധി പേര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഗസ്സയില്‍ തുടരുന്ന ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ ആ പ്രതീക്ഷകളെ തകര്‍ക്കുക മാത്രമല്ല, ഇസ്രയേലെന്ന ശത്രുവിന്റെ യഥാര്‍ത്ഥ മുഖവും കൊലപാതകങ്ങളും നശീകരണങ്ങളും തുടരുന്നതിലെ അവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളും വെളിപ്പെടുത്തുന്നു. ഇസ്രയേലിനായിരുന്നു അതില്‍ മേല്‍ക്കൈ എന്നും ചര്‍ച്ചകള്‍ രണ്ട് തുല്യശക്തികള്‍ക്കിടയിലായിരുന്നില്ലെന്നുമാണത് വ്യക്തമാക്കുന്നത്. ഇസ്രയേല്‍ മേധാവിത്വം അടിച്ചേല്‍പ്പിക്കുന്ന ഏകപക്ഷീയമായ ഒരു ‘കേട്ടെഴുത്ത്’ ഇടപാടായിരുന്നു അതെന്നും വ്യക്തമാകുന്നു.

ആക്രമണത്തിന് മുതിര്‍ന്ന ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുവരുത്തിയ ഹമാസിന്റെ വിദേശത്തുള്ള നേതാക്കളെ ബോധപൂര്‍വം നിന്ദിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇസ്രയേല്‍ വിമാനങ്ങള്‍ നടത്തിയ അവസാന കൂട്ടകശാപ്പിന് ഇരയാക്കപ്പെട്ടത് അബൂ ഖമാശ് കുടുംബമാണ്. ദേര്‍ബലഹിലെ അവരുടെ കൊച്ചുവീടിന്റെ മേല്‍ക്കൂര ഭേദിച്ചെത്തിയ മിസൈലുകള്‍ അവരില്‍ മൂന്ന് പേരുടെ ശരീരങ്ങള്‍ പിച്ചിചീന്തി. ആറ് മാസം ഗര്‍ഭിണിയായ ഈനാസ് അബൂ ഖമാശ്, അവരുടെ ചെറിയ കുഞ്ഞ് മുഹമ്മദ് ഖമാശ്, അവരുടെ അയല്‍വാസി അലി അല്‍ഗന്‍ദൂര്‍ എന്നിവര്‍ രക്തസാക്ഷികളാവുകയും പിതാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്റെ ജന്മനാടായ ഈ പട്ടണത്തിലെ മിക്ക കുടുംബങ്ങളെയും എനിക്കറിയാവുന്നത് പോലെ നേരിട്ട് അറിയുന്ന ഒരു കുടുംബമാണിതെന്നത് എന്റെ വേദന വര്‍ധിപ്പിക്കുന്നു.

ഹമാസിന്റെ സൈനിക വിംഗ് ‘വെടിക്ക് വെടി’യെന്ന നയം നടപ്പാക്കി പ്രതികരിക്കുന്നതിന് ഒട്ടും അമാന്തിച്ചില്ല. ഗസ്സക്ക് ചുറ്റുമുള്ള ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് 180 മിസൈലുകളും ഒരു മോര്‍ട്ടാര്‍ ഷെല്ലും അവര്‍ അയച്ചു. അതില്‍ 30 എണ്ണത്തെ പ്രതിരോധിക്കാന്‍ മാത്രമാണ് ഇസ്രയേലിന്റെ അയണ്‍ ഡോമിന് കഴിഞ്ഞിട്ടുള്ളത്. ഈ സൈനിക വിംഗിന്റെ ആക്രമണ ശേഷി വര്‍ധിച്ചിരിക്കുന്നു എന്ന കാര്യത്തെയാണത് പ്രതിഫലിപ്പിക്കുന്നത്. ഒരു പക്ഷേ ഇതിലേറെ ശക്തമായതും അവരുടെ പക്കലുണ്ടാവാം.

സെദ്‌റോത്ത് നഗരത്തിലെ കുടിയേറ്റക്കാര്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറിയതും ഹപോയെല്‍ ബീര്‍ ഷെബ ടീമിനും നിക്കോസിയ ടീമും തമ്മില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫുട്‌ബോള്‍ മത്സരം മാറ്റിവെച്ചതും തായ്‌ലന്റ് ജോലിക്കാരിക്ക് പരിക്കേറ്റതുമായിരുന്നു ഇസ്രയേലിന്റെ ആകെ നഷ്ടം. എന്നാല്‍ അതുണ്ടാക്കിയ മാനസിക നഷ്ടമായിരുന്നു ഏറ്റവും വലുത്. 2014ലെ ആക്രമണത്തിന് ശേഷം ആദ്യമായാണ് കുടിയേറ്റക്കാര്‍ അവിടെ നിന്നും ഇറങ്ങേണ്ടി വരുന്നത്. ബീര്‍ ഷേവ പോലുള്ള ഒരു നഗരത്തില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുന്നതും ആദ്യമായാണ്. തങ്ങള്‍ സുരക്ഷിതരല്ലെന്ന തോന്നലാണ് ഇസ്രയേലികളെ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തുന്നത്. ഫലസ്തീനികളുമായി എത്ര തന്നെ കരാറുകള്‍ ഒപ്പുവെച്ചാലും അവകാശികള്‍ക്ക് അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചു നല്‍കിയാലല്ലാതെ അതവര്‍ക്ക് ലഭിക്കില്ലെന്നുറപ്പാണ്.

ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് വിഭാഗം ധാരണയായിട്ടുള്ള വെടിനിര്‍ത്തലിന്റെ പരിണതി നമുക്കറിയില്ല. ഹമാസ് – ഇസ്രയേല്‍ പക്ഷങ്ങള്‍ക്കിടയില്‍ സംഭാഷണം നടത്തിയാണ് അതിലെ വ്യവസ്ഥകള്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇസ്രയേലിന്റെ വന്യമായ ഈ ആക്രമണങ്ങള്‍ വിനാശത്തെയും കൊലകളെയും കുറിച്ചല്ലാതെ മുന്നറിയിപ്പ് നല്‍കുന്നില്ല. വെടിനിര്‍ത്തല്‍ പരാജയപ്പെടുത്താനുദ്ദേശിക്കുന്നവര്‍ ഇരുപക്ഷത്തും, വിശിഷ്യാ ഫലസ്തീന്‍ പക്ഷത്ത് ഉണ്ടാവാനുള്ള സാധ്യതയും അകറ്റിനിര്‍ത്താനാവില്ല. ഒരുപക്ഷേ സൈനിക വിംഗായ അല്‍ഖസ്സാമും അതിന്റെ പോരാളികളും സവിശേഷമായി തന്നെ അതിന് മുതിര്‍ന്നേക്കും. അവരില്‍ പലരും തിരശ്ശീലക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നതും ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നു.

രണ്ട് ദശലക്ഷത്തോളം വരുന്ന ഗസ്സ നിവാസികള്‍ കടുത്ത ഉപരോധത്തില്‍ കിടന്ന് ശ്വാസം മുട്ടുകയാണ്. അവരിലേറെയും കടുത്ത പട്ടിണിയുടെ വക്കിലാണ്. വെള്ളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന സംവിധാനങ്ങള്‍ പോലും തകര്‍ന്നിരക്കുകയാണ്. ഉയര്‍ന്ന തൊഴിലില്ലായ്്മയുടെ നിരക്ക് 80 ശതമാനത്തിലെത്തിയിരിക്കുന്നു. അവരുടെ പ്രയാസങ്ങള്‍ ലഘുകരിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരത്തിന് പകരം അവരെ തളര്‍ത്തിയിടുന്ന പരിഹാരങ്ങള്‍ അംഗീകരിപ്പിക്കുന്ന തരത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിക്കൊപ്പം നില്‍ക്കുകയാണ് അറബ് ലോകത്തെയും ഇസ്രയേലിലെയും അന്താരാഷ്ട്രതലത്തിലെയും ശക്തികള്‍. അവരുടെ മടക്ക പ്രയാണങ്ങള്‍ക്ക് തടയിടാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. രണ്ട് ദശലക്ഷത്തോളം ആളുകള്‍ അവരുടെ അതിര്‍ത്തിയിലേക്ക് – തങ്ങളുടെ അതിര്‍ത്തിയിലേക്കല്ല – ഇരച്ചെത്തുന്നതും സ്വന്തം ഗ്രാമങ്ങളിലേക്കവര്‍ മടങ്ങിയെത്തുന്നതുമാണ് ഇസ്രയേലിനെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്.

പട്ടിണി കിടക്കുന്നവനോട് അവന്റെ പട്ടിണിയില്‍ തുടരാന്‍ ആവശ്യപ്പെടുന്നതും ഭക്ഷണം ഉപേക്ഷിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നതും പ്രയാസമാണ്. നിരായുധനായി കടുത്ത ആക്രമണങ്ങള്‍ക്ക് കീഴിയില്‍ കഴിയുന്നവനോട് വെടിനിര്‍ത്തല്‍ നിരാകരിക്കാന്‍ ആവശ്യപ്പെടുന്നതും അംഗീകരിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ഇസ്രയേലും അവര്‍ക്ക് കുടപിടിക്കുന്ന അറബികളും ഫലസ്തീനികളെ 1967ലെ പരാജയത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആരംഭത്തിനും മുമ്പത്തെ അവസ്ഥയിലേക്ക് മടക്കാനാണ് ഉദ്ദേശിക്കുന്നത്. യുനവര്‍വയുടെ അഭയാര്‍ഥി ഏജന്‍സിക്ക് മുമ്പില്‍ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി യാചിക്കുന്നവരാക്കി അവരെ മാറ്റാനാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അവകാശമുള്ള ഫലസ്തീനികള്‍ക്ക് അഭയാര്‍ഥി പദവി വാങ്ങിക്കൊടുത്ത് അവരെ നശിപ്പിക്കാനാണ് യുനര്‍വ ശ്രമിക്കുന്നതെന്നത് മറ്റൊരു കാര്യം.

സമാധാന കരാര്‍ നിരാകരിക്കുന്നതിന്റെ ഫലം നമ്മെ ഓര്‍മപ്പെടുത്താനുദ്ദേശിച്ചു കൊണ്ടുള്ളതാണ് ഇസ്രയേലിന്റെ വന്യമായ വ്യോമാക്രമണങ്ങളും നശീകരണ കൊലകളും. ഓസ്‌ലോ കരാറിനെ നാം നിരാകരിക്കുകയും അതിന്റെ വേദിയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തപ്പോള്‍ അതിന്റെ ദുരന്തഫലങ്ങളെ കുറിച്ച് പലരും നമ്മെ അറിയിച്ചിരുന്നു.

ഫലസ്തീന്‍ അതോറിറ്റിയുടെയും ജനതയുടെയും ഇന്നത്തെ ദുരിതപൂര്‍ണമായ അവസ്ഥയില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട ഓസ്‌ലോ കരാറിന് പ്രധാന പങ്കുണ്ട്. സമരരംഗത്ത് ഫലസ്തീനികല്‍ കൈവരിച്ച സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ തകര്‍ത്തെറിഞ്ഞ യാചക സമൂഹമായി അവരെയത് മാറ്റി. അവശേഷിക്കുന്ന അവരുടെ ഭൂമിയും ഇസ്രയേലിന് വിഴുങ്ങാനും അവിടെ കുടിയേറ്റം നടത്താനും അത് സൗകര്യം ഒരുക്കി. നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഫലങ്ങള്‍ എങ്ങനെയായിരിക്കും കാണപ്പെടുക? അതിന് പകരം എന്ത് വിലയായിരിക്കും ഫലസ്തീനികള്‍ കൊടുക്കേണ്ടി വരിക? വെടിനിര്‍ത്തലിന് പകരമല്ല; പകരം നിന്ദ്യതയില്‍ മുക്കിയ റൊട്ടിക്കഷണത്തിന് പകരമായിരിക്കുമോ ഈ വെടിനിര്‍ത്തല്‍? അല്ലെങ്കില്‍ പണത്തിനോ കൂടുതല്‍ കുടിയേറ്റത്തിനോ പകരമായിരിക്കുമോ അത്? അതുമല്ലെങ്കില്‍ ഫലസ്തീനികളില്‍ അവശേഷിക്കുന്ന പോരാട്ടവീര്യവും ഇല്ലാതാക്കുന്നതിന് പകരമാണോ അത്?

മേല്‍ചോദ്യങ്ങള്‍ക്കുള്ള ഉത്തരമൊന്നും നമ്മുടെ പക്കലില്ല. ഈ കരാര്‍ ഒപ്പുവെച്ചവര്‍ ഒരുപക്ഷേ ഓസ്‌ലോ കരാറിന്റെ അണിയറ ശില്‍പികളെ പോലെ ഇതിന്റെ പൂര്‍ണ ഫലമറിയാല്‍ കാല്‍നൂറ്റാണ്ടു കാലം കാത്തിരുന്നു കൊള്ളണമെന്നില്ല. കാരണം കാലം മാറിയിരിക്കുന്നു. അതിന്റെ പ്രയാണത്തിന് വേഗം കൂടിയിരിക്കുന്നു. എല്ലാറ്റിലും ആ മാറ്റം വന്നിട്ടുണ്ട്.

അവസാനിപ്പിച്ചു കൊണ്ട് പറയാനുള്ളത് മിഡിലീസ്റ്റിലെ സമാധാന പ്രവര്‍ത്തനങ്ങളുടെ ചുമതലയേല്‍പ്പിക്കപ്പെട്ടിട്ടുള്ള ഐക്യരാഷ്ട്രസഭ കോഡിനേറ്റര്‍ നിക്കോലായ് മെലാദേനോവിനെയും അദ്ദേഹത്തിന്റെ വിഷംപുരട്ടിയ വാഗ്ദാനങ്ങളെയും സൂക്ഷിക്കണമെന്നാണ്. വിട്ടുവീഴ്ച്ചകളെ മനോഹരമായി നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു തരുന്ന അറബ് ദല്ലാള്‍മാരെയും നിങ്ങള്‍ കരുതിയിരിക്കണം. പണവും പ്രൊജക്ടുകളുമായി വരുന്ന അവരെയും നിങ്ങള്‍ കരുതിയിരിക്കണം. മുഴുവന്‍ ഫലസ്തീനും വിട്ടുകൊടുത്താലും അവിടേക്ക് മടങ്ങാനുള്ള അവകാശവും അതിന്നുള്ള മോഹം പോലും പകരമായി നല്‍കിയാല്‍ പോലും ഗസ്സ മറ്റൊരു സിംഗപ്പൂരായി മാറില്ല. ഒരുപക്ഷേ മറ്റൊരു തോറാബോറയോ ഹാനോയിയോ ആയേക്കാം.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Show More

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
Close
Close