Onlive Talk

ഓര്‍മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലക്കുമോ?

അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ക്ക് 45 വയസ്സായി. വിസ്മൃതിക്കെതിരെ കലഹിച്ചാലേ ചരിത്രത്തിലെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. ഓര്‍മകളെ ജ്വലിപ്പിച്ച് നിര്‍ത്തുകയെന്നത് ഒരു വിപ്ലവ പ്രവര്‍ത്തനമാണ്. ഇന്ന് 55 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആ 21 മാസങ്ങള്‍ ഓര്‍ക്കാന്‍ സാധിക്കണമെന്നില്ല. 65 വയസ്സെങ്കിലും ഉള്ളവര്‍ക്ക് ഓര്‍ക്കാനാവും. അവരില്‍ ഗണ്യഭാഗം മണ്‍മറഞ്ഞിരിക്കും. കുറെ പേര്‍ക്ക് സ്മൃതിനാശം സംഭവിച്ചിരിക്കും. വേറെ ചിലര്‍ സൗകര്യപൂര്‍വം മറക്കാന്‍ ശ്രമിക്കും. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കരിനിഴലിലാണ് ഭാരത ജനത ഇന്നുള്ളത്. യു.എ.പി.എ, പൗരത്വ നിയമ ഭേദഗതി, എന്‍.എര്‍.സി ഇവ പോലുള്ള മറ്റ് കരിനിയമങ്ങളുടെയും പല വിധ ചങ്ങലകളാല്‍ പല മാര്‍ഗേണ കൂച്ചുവിലങ്ങുകള്‍ ഇട്ടുകൊണ്ടേയിരിക്കുന്നു. അടിയന്തരാവസ്ഥ അനുഭവിച്ചവരാണ് പുതിയ അടിയന്തരാവസ്ഥ ഉണ്ടാക്കിയെടുത്തത്. അന്തമാന്‍ ജയിലില്‍ നിന്ന് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ അയച്ചതുപോലെ  ബാലസാഹേബ് ദേവറസ് ഇന്ദിരഗാന്ധിക്ക് കത്തയച്ചതും പിന്നീട് ആര്‍.എസ്.എസ് ഇന്ദിരയെ രൂക്ഷമായി എതിര്‍ക്കാതിരുന്നതും ഓര്‍മയില്‍ വരേണ്ടതുണ്ട്. അതിന്ന് മുമ്പ് ജെ.പി നടത്തികൊണ്ടിരുന്ന ഇന്ദിരാവിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടുവന്നപ്പോള്‍ അതിലേക്ക് നുഴഞ്ഞുകയറി ആര്‍.എസ്.എസിന്റെ അജണ്ടകള്‍ അതിസമര്‍ഥമായി ഒരളവോളം സാധിച്ചു.

ഈ നുഴഞ്ഞുകയറ്റിത്തിലൂടെ കിട്ടിയ സൗകര്യമുപയോഗിച്ച് റാം മനോഹര്‍ ലോഹ്യയെ പോലുള്ളവര്‍ പടുത്തുയര്‍ത്തിയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ അതിവിഗ്ദമായി ശിഥിലമാക്കി, ദുര്‍ബലപ്പെടുത്തി. പിന്നീട് ജനതാ പാര്‍ട്ടി രൂപീകൃതമായപ്പോള്‍ ആര്‍.എസ്.എസ്സുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് അദ്വാനിയും വാജ്പേയും ജെ.പിക്ക് വാക്കുകൊടുത്തത് ജെ.പി വിശ്വസിച്ചത് അദ്ദേഹത്തിന് പിണഞ്ഞ വലിയ ഒരബന്ധമാണ്. മോറാര്‍ജി മന്ത്രിസഭയില്‍ വളരെ സുപ്രധാന വകുപ്പുകളാണ് വാജ്പേയിയും അദ്വാനിയും കയ്യാളിയത്. ഈ സൗകര്യമുപയോഗിച്ച് സര്‍ക്കാറിന്റെ മെഷനറിയിലേക്ക്-ഉദ്യോഗ തലങ്ങളിലേക്ക്-വ്യാപകമായ നുഴഞ്ഞുകയറ്റം നടത്തി. അതിന് മുമ്പും സകല തന്ത്രങ്ങളുമപയോഗിച്ച് ഭരണതലങ്ങളിലേക്ക് (പട്ടാളത്തിലടക്കം) നുഴഞ്ഞുകയറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കും പ്രബല കക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും മറ്റും നുഴഞ്ഞുകയറി, കടത്തിവിട്ട് തങ്ങള്‍ക്ക് വേണ്ടി കുത്തിത്തിരുപ്പും കുതന്ത്രങ്ങളും നടത്തുന്നതിലുള്ള ആര്‍.എസ്.എസ്സിന്റെ മിടുക്ക് പലരും വേണ്ടപോലെ തിരിച്ചയറിയാറില്ല. മാര്‍ക്സിസ് പാര്‍ട്ടി ഉള്‍പ്പടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് ഈ വിദഗ്ധ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ട്. അതിന്റെ കൂടി ഫലമാണ് ബംഗാളിലും ത്രിപുരയിലും സി.പി.എമിനും മറ്റും വന്ന വലിയ ക്ഷീണം.

Also read: നീന്തല്‍ അഭ്യാസം: അതിജീവനത്തിന്‍റെ കലയും ചികില്‍സയും

ഏതായാലും 1977ല്‍ മൊറാര്‍ജി മന്ത്രസഭയില്‍ ലഭിച്ച വളരെ മുന്തിയ പരിഗണന ഉപയോഗിച്ച് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന പേരുദോഷത്തില്‍ നിന്ന് മുക്തരാവാന്‍ ആര്‍.എസ്.എസ്- ജനസംഘം വിഭാഗത്തിനായി. സാധിക്കേണ്ട കാര്യങ്ങള്‍ സാധിച്ചപ്പോള്‍ ജനതാ പാര്‍ട്ടിയെ പൊളിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് രഹസ്യമായും അതിവിദഗ്ധമായും ഇന്ദിരയെ പിന്തുണച്ചു. ഇന്ദിര ജയിക്കുകയും ചെയ്തു. ദേവറസും ഇന്ദിരയും തമ്മില്‍ നടന്ന കത്തിടപാട് മറക്കാന്‍ പാടില്ലാത്തതാണ്. അടിയന്തരാവസ്ഥക്കറുതി വരുത്താന്‍ ആര്‍.എസ്.എസ് അദ്ധ്വാനിച്ചുവെന്നത് അതിവിദഗ്ധമായി അവര്‍ നടത്തിയ പ്രചരണം മാത്രമാണ്. അടിയന്തിരാവസ്ഥയെ ചെറുത്തുനിന്നു എന്ന് കാട്ടികൂട്ടി വരുത്തിതീര്‍ക്കുന്നതില്‍ അവര്‍ വിജയിച്ചുവെന്നതാണ് ശരി.

പിന്നീട്, വി.പി സിംഗിന്റെ മന്ത്രിസഭയില്‍ പങ്കാളിയായപ്പോഴും സര്‍ക്കാര്‍ സംവിധാനത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പൂര്‍വോപരി ശ്രദ്ധ പുലര്‍ത്തി. ആര്‍.എസ്.എസ് ലോബിക്ക് കോണ്‍ഗ്രസില്‍ എത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്നതിന്റെ ഒരു പ്രധാന തെളിവാണ്, കോണ്‍ഗ്രസുകാരനായ പ്രധാനമന്ത്രിയെ (നരസിംഹറാവു) തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ചട്ടുകമായി ഉപയോഗിക്കാനായത്. ജോര്‍ജ് ഫെര്‍ണാണ്ടസ് ഉള്‍പ്പടെയുള്ള സോഷ്യലിസ്റ്റുകളെ തങ്ങളുടെ ചട്ടുകമാക്കുന്നതിലും ആര്‍.എസ്.എസ് വിജയിച്ചു. ശ്രീമതി ഇന്ദിരഗാന്ധി തുടക്കം കുറിച്ച ഫാസിസ്റ്റ് ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതായിരുന്നില്ല. ഇന്ദിരയെ ആര്‍.എസ്.എസ് പരോക്ഷമായി സ്വാധീനിച്ചിരുന്നു. 1971ലെ ബംഗ്ലാദേശ് യുദ്ധ വിജയം ഉണ്ടാക്കിയ ഉന്മാദ ദേശീയതയുടെ വികാര വേലിയറ്റത്തെ താല്‍ക്കാലിക രാഷ്ട്രീയ വിജയത്തിന്നു
പയോഗിക്കുകപ്പെടുത്തുകയും ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ ദേശസുരക്ഷ, ആഭ്യന്തരഭദ്രത തുടങ്ങിയ വായ്ത്താരികള്‍ നടത്തി കാലം കഴിക്കുകയും ചെയ്തപ്പോഴാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നകന്ന് സര്‍വോദയ പ്രസ്ഥാനത്തിലും മറ്റും വ്യാപൃതനായ ജയപ്രകാശ് നാരായണന്‍ സന്ദര്‍ഭത്തിന്റെ തേട്ടം മാനിച്ച് രംഗത്തിറങ്ങിയത്. അത്തരത്തില്‍ ഒരു ജയപ്രകാശ് നാരായണനെ കാത്തിരിക്കുകയാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയം. രാജ്യസ്നേഹികളായ ജനകോടികള്‍ക്ക് നേതൃത്വം നല്‍കാന്‍, നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയെ പുരോഗതിയിലേക്ക് നയിക്കാന്‍, ദരിദ്രകോടികളുടെ നീറുന്ന നൂറുനൂറു പ്രശ്നങ്ങള്‍ക്ക് നല്ലതായ പരിഹാരം കണ്ടെത്താന്‍ ഒരു കരുത്തുറ്റ നേതാവ് ഉയിര്‍ത്തെഴുന്നേറ്റ് വരണം. അങ്ങനെ ഒരു നേതാവിനായി ഭാരതമക്കള്‍ പ്രാര്‍ഥനപൂര്‍വം കാത്തിരിക്കുകയാണ്.

Facebook Comments
Related Articles

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി കറാച്ചിയില്‍ ജനിച്ചു.

 

Close
Close