Onlive Talk

നുസ്ഹ ഇബ്രാഹീം – സഫലമായൊരു ഹ്രസ്വജീവിതം

2013 ജൂണ്‍ ആദ്യവാരത്തിലാണ് നുസ്ഹ ഇബ്രാഹിം എന്ന ബി.ടെക് ബിരുദധാരിണി D4മീഡിയയിലെ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് വിഭാഗത്തില്‍ ജോലിക്കെത്തുന്നത്. പിതാവ് ഇബ്‌റാഹീം സാഹിബിനും ഭര്‍ത്താവ് ജരീറിനുമൊപ്പമാണ് അവള്‍ ഇന്റര്‍വ്യൂവിനെത്തിയത്. ജീവിതത്തിലെ ആദ്യ ജോലിയായി വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് നിയമന വിവരം അറിയിച്ചപ്പോള്‍ അവള്‍ പ്രതികരിച്ചത്. അതിനാല്‍ തന്നെ അത്യധികം ഉല്‍സാഹത്തോടെയും ആത്മാര്‍ഥതയോടെയും ജോലി ചെയ്യാന്‍ അവള്‍ക്ക് സാധിച്ചു.

തഫ്ഹീമുല്‍ ഖുര്‍ആന്‍ സോഫ്റ്റ്‌വെയര്‍ രണ്ടാം പതിപ്പിന്റെ വികസനമായിരുന്നു നുസ്ഹ ഉള്‍പ്പെടെയുള്ള പ്രോഗ്രാമിംഗ് ടീമിന് നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യം. ഖുര്‍ആന്റെ അറബിക് ടെക്സ്റ്റിലും, മലയാളം പരിഭാഷയിലും, വ്യാഖ്യാനത്തിലുമുള്ള വ്യത്യസ് രീതികളിലെ സെര്‍ച്ച് സംവിധാനം ക്രമപ്പെടുത്തലായിരുന്നു തുടക്കത്തില്‍ നുസ്ഹയെ പ്രത്യേകമായി ചുമതലപ്പെടുത്തിയതെങ്കിലും ഏറെക്കുറെ സോഫ്റ്റ്‌വെയര്‍ വികസനത്തിന്റെ ഇതര മേഖലകളിലും അവളുടെ സമര്‍ഥമായ കരങ്ങള്‍ പ്രവര്‍ത്തിക്കുകയുണ്ടായി. രണ്ട് വര്‍ഷത്തോളമാണ് നുസ്ഹ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. പ്രധാന ഘടകകങ്ങളെല്ലാം പൂര്‍ത്തിയായപ്പോഴേക്കും പ്രസവത്തിനായി നുസ്ഹക്ക് D4മീഡിയയുടെ ആസ്ഥാനമായ ഹിറാ സെന്ററിനോട് വിട പറയേണ്ടി വന്നു. എന്നാലും പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്നായി വീട്ടിലിരുന്ന് തനിക്ക് സാധിക്കുന്നതെല്ലാം ചെയ്യാമന്ന പ്രതീക്ഷയോടെത്തന്നെയാണ് അവള്‍ പടിയിറങ്ങിയത്. തുടര്‍ന്നും ടീം അംഗങ്ങളുമായി അവള്‍ നിരന്തരം ബന്ധപ്പെട്ടു. തഫ്ഹീം വികസനത്തിന്റെ പ്രവര്‍ത്തന പുരോഗതി ചര്‍ച്ച ചെയ്തു. പിന്നീട് സോഫ്റ്റ്‌വെയറിന്റെ റിലീസ് വേളയില്‍ കൈകുഞ്ഞുമായി അത്യധികം സന്തോഷത്തോടെ അവളെത്തി. തുടര്‍ന്നും ഭര്‍ത്താവ് ജരീറിനോടൊപ്പം ഇടക്കിടെ അവള്‍ D4മീഡിയ സന്ദര്‍ശിക്കുമായിരുന്നു.

ഓഫീസില്‍ നേരില്‍ വന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെങ്കെിലും വീട്ടിലിരുന്ന് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് എങ്ങനെ പങ്കാളിയാവാന്‍ സാധിക്കുമെന്നായിരുന്നു സ്ഥിരോല്‍സാഹിയും ജോലിയെ അളവറ്റ് സ്‌നേഹിക്കുകയും ചെയ്ത നുസ്ഹ ചിന്തിച്ചത്. ഫോണ്‍ കാളുകളിലൂടെ ഈ ആഗ്രഹം ബന്ധപ്പെട്ടവരുമായി അവള്‍ പലപ്പോഴും പങ്കുവച്ചു. അങ്ങനെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക വെബ് സൈറ്റിനുള്ള ആന്‍ഡ്രോയ്ഡ് പതിപ്പിന്റെ വികസനം സ്വയം ഏറ്റെടുത്ത് അവള്‍ മാതൃക കാണിച്ചത്. അതിന്നായി ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ പ്രോഗ്രാമിംഗ് സ്വന്തമായിത്തന്നെ നുസ്ഹ പഠിച്ചെടുത്തു. ടെക്‌നോളജി രംഗത്ത് പഠനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് കുടുംബ ബാധ്യതകള്‍ നിര്‍വഹിക്കുന്നതോടൊപ്പം, തങ്ങള്‍ സ്‌നേഹിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി വീട്ടിലിരുന്നും സേവനമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് നുസ്ഹ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു. വളരെപ്പെട്ടെന്ന് തന്നെ ആപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി D4മീഡിയക്കയച്ചു തന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ആപ്പ് ഗൂഗ്ള്‍ പ്ലേസ്‌റ്റോറിലുണ്ടായിരുന്നു. പിന്നീട് ജമാഅത്ത് വെബ്‌സൈറ്റ് പുതിയ രീതിയില്‍ മാറ്റിപ്പണിതതോടെ ആപ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലക്കുകയാണുണ്ടായത്. പുതിയ രിതിയില്‍ ഇനി അത് പരിഷ്‌കരിക്കേണ്ടതുണ്ട്. അതിന് നുസ്ഹ ഇനി നമ്മോടൊപ്പമില്ലല്ലോ.

ഇന്ന് തഫ്ഹീമുല്‍ ഖുര്‍ആന്‍ സോഫ്റ്റ്‌വെയറിന് കമ്പ്യൂട്ടര്‍ പതിപ്പുള്‍പ്പെടെ, വെബ്, ആന്‍ഡ്രോയ്ഡ്, ഐഫാണ്‍ എന്നിങ്ങനെ വ്യത്യസ്ത പതിപ്പുകളിലായി ലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗം പഠനത്തിനും റഫറന്‍സിന്നും വേണ്ടി നിത്യേന അതുപയോഗപ്പെടുത്തി വരുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന കരങ്ങളിലൊന്ന് അകാലത്തില്‍ പൊലിഞ്ഞ സഹോദരി നുസ്ഹയുടേതായിരുന്നുവെന്ന് വേദനയോടെ ഇവിടെ അനുസ്മരിക്കുകയാണ്. ജിവിതത്തില്‍ താന്‍ നേടിയ സാങ്കേതിക അറിവ് മുഴുക്കെ ഹ്രസ്വകാലത്തേക്കാണെങ്കിലും വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പിക്കാന്‍ സാധിച്ചുവെന്നത് നുസ്ഹക്ക് ലഭിച്ച അത്യപൂര്‍വ ഭാഗ്യമായി കണക്കാക്കാം. പറക്കമുറ്റാത്ത രണ്ട് പിഞ്ചുമക്കളെ ഭര്‍ത്താവിനെയും കുടുംബത്തെയും ഏല്‍പിച്ചാണ് അവള്‍ വിടപറഞ്ഞിരിക്കുന്നത്. അല്ലാഹു ആ കുടുംബത്തിന് ക്ഷമയും ആശ്വാസവും പ്രദാനം ചെയ്യുമാറാകട്ടെ. അവന്റെ ശാശ്വത സ്വര്‍ഗ്ഗത്തില്‍ പ്രവേശനമരുളി ആ സഹോദരിയെ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.

Facebook Comments
Show More

Related Articles

Close
Close