Current Date

Search
Close this search box.
Search
Close this search box.

ഒന്നും നമ്മള്‍ കൊണ്ടുവന്നതല്ല, കൂടെ കൊണ്ടുപോവുകയുമില്ല

ഞാനൊരു ദൈവവിശ്വാസിയാണ്. സാങ്കേതികമായി ഒരു മതപുരോഹിതനാണെന്ന് പറയാം. പൗരോഹിത്യത്തെയും പുരോഹിതാധിപത്യത്തെയും തള്ളിപ്പറയാന്‍ ലഭ്യമായ എല്ലാ വേദികളും ഉപയോഗിക്കുന്ന ഒരു പുരോഹിതന്‍. സ്വതന്ത്രചിന്തയെയും യുക്തിചിന്തയെയും ആദരിക്കുന്ന ഒരാള്‍. ഇപ്പറഞ്ഞത് രണ്ടും സോകോള്‍ഡ് യുക്തിവാദികളുടെ കുത്തകയാണെന്നോ സ്വാതന്ത്ര്യത്തെയും യുക്തിയെയും കുറിച്ച അവരുടെ വ്യാഖ്യാനം ശരിയാണെന്നോ കരുതുന്നില്ലെങ്കിലും നിരീശ്വര യുക്തിവാദം സ്വീകരിക്കാനുള്ള ഒരാളുടെ അവകാശത്തെ ഞാന്‍ മാനിക്കുന്നു. മനുഷ്യന്റെ ധര്‍മബോധവും മനുഷ്യത്വവുമൊക്കെ അവന്റെ നൈസര്‍ഗികതയുടെ തന്നെ പ്രതിഫലനങ്ങളാണെന്നാണ് ഖുര്‍ആന്റെ നിലപാട്. എന്നുവെച്ചാല്‍ ഇന്‍ബോണ്‍ മനുഷ്യരെല്ലാവരും നല്ലവരാണ്. ഖുര്‍ആന്‍ ഈയാശയത്തെ ഫിത്വ്‌റഃ എന്ന പദം കൊണ്ടാണ് അടയാളപ്പെടുത്തുന്നത്.

എന്നുവെച്ചാല്‍ പ്രകൃത്യാ നിങ്ങള്‍ നല്ലവരാണെന്നും ആ നന്മയില്‍ നിന്നും നിങ്ങള്‍ വ്യതിചലിക്കരുതെന്നും മനുഷ്യനെ ഓര്‍മപ്പെടുത്തുകയാണ് മതം ചെയ്യുന്നത്. അല്ലാതെ മനുഷ്യനില്‍ നന്മ ഉണ്ടാക്കുകയല്ല. ഉണ്ടാക്കാനൊന്നുമില്ലത്, ഇന്‍ബോണ്‍ അവനങ്ങനെയാണ്. അതുകൊണ്ടു തന്നെ ഏതൊരാളുടെയും നന്മയെ, അയാള്‍ വിശ്വാസിയായാലും അവിശ്വാസിയായാലും അംഗീകരിക്കാന്‍ എനിക്ക് കഴിയും. തീര്‍ച്ചയായും ആ നന്മയെ ആദരിക്കുകയും ചെയ്യും. മനുഷ്യനിലുള്ള നന്മയുടെ പേരാണ് എനിക്ക് ഇസ്‌ലാം എന്നത്.

ഇനി കാര്യത്തിലേക്ക് വരാം.

ഒരു പ്രഖ്യാപിത നിരീശ്വരവാദിയുടെ പോസ്റ്റിന്റെ ഒരു ഭാഗം സ്‌ക്രീന്‍ഷോട്ട് ചെയ്തതാണ് ഇതോടൊപ്പമുള്ള ഇമേജ്. എറണാകുളത്തെ നൗഷാദിനെക്കുറിച്ചു തന്നെയാണ് പോസ്റ്റ്. ഒരിക്കല്‍ക്കൂടി പറയട്ടെ, ഞാന്‍ പ്രത്യേകിച്ച് ഒരവകാശവാദവുമുന്നയിക്കുകയല്ല. മറിച്ച് നൗഷാദ് തന്നെ തന്റെ പ്രവൃത്തിയെക്കുറിച്ച് പറഞ്ഞതെന്താണ്?

ഒന്നും നമ്മള്‍ കൊണ്ടുവന്നതല്ല, ഒന്നും കൂടെ കൊണ്ടുപോവുകയുമില്ല.
കട കാലിയാവുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. അതിനിയും പടച്ചവന്‍ തന്നോളും.
എല്ലാം ദൈവം തരുന്നതാണ്. നമ്മള്‍ മറ്റുള്ളവര്‍ക്ക് കഴിയുന്നത്ര ഉപകാരം ചെയ്യണം. ഇനിയും ചോദിച്ചാല്‍ ഇനിയും ഞാന്‍ കൊടുക്കും.  ഞാന്‍ കൊടുക്കുന്നതിന്റെ കൂലി എനിക്ക് പടച്ചോന്‍ തരും. എനിക്കത് മതി. നോക്കൂ. ഓരോ വാക്യത്തിലും ആ മനുഷ്യന്‍ പടച്ചോന്‍, ദൈവം എന്നീ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. നമ്മുടെ നിരീശ്വരവാദിയാകട്ടെ, തന്റെ പോസ്റ്റില്‍ നിന്ന് ആ പദങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നു. നൗഷാദിന്റെ നന്മയെ ഉയര്‍ത്തിക്കാട്ടാനുള്ള സന്നദ്ധതയെ ആദരിച്ചുകൊണ്ടുതന്നെ ഞാന്‍ ചിലത് ചോദിക്കട്ടെ.

1) ഒരാളുടെ നന്മയെ നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം. പക്ഷേ, അയാളുടെ വാക്കുകളെ മുറിച്ചു മാറ്റുന്നതിന്റെ യുക്തിയെന്താണ്? നിരീശ്വരയുക്തിവാദത്തിന്റെ ഏത് ധര്‍മസംഹിതയാണ് അതിന്റെ ആധാരം?

2) ഇനി മറിച്ചൊന്ന് ചിന്തിക്കുക. എവിടെയെങ്കിലും ആരെങ്കിലും ഒരു പന്നിപ്പടക്കം പൊട്ടിച്ചിട്ട് അല്ലാഹു അക്ബര്‍ എന്ന് വിളിക്കുകയാണെങ്കില്‍ എന്തായിരിക്കുമിവിടെ നിങ്ങള്‍ സൃഷ്ടിക്കുന്ന ജഗപൊഗ? പൊട്ടിക്കുന്നവന്റെ മാത്രം ഭ്രാന്തായല്ലല്ലോ നിങ്ങളതിനെ കാണുക? അത് സംബന്ധമായ പോസ്റ്റില്‍ നിന്ന് നിങ്ങള്‍ ഈ അല്ലാഹു അക്ബര്‍ വെട്ടിമാറ്റുമോ?

3) ഐ.എസ് ഉള്‍പ്പെടെയുള്ള സായുധ തീവ്രവാദികള്‍ ഒട്ടും ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നില്ലെന്നാണ് ലോകത്തെല്ലായിടത്തുമുള്ള പ്രത്യേകിച്ചും കേരളത്തിലുള്ള മുസ്‌ലിം പണ്ഡിതന്മാരുടെയും സംഘടനകളുടെയും നിലപാട്. എന്നിട്ടും അബൂബക്കര്‍ ബഗ്ദാദിയുടെ പൈശാചിക ഗുണ്ടാസംഘം കാട്ടിക്കൂട്ടുന്ന ളുല്‍മുകളുടെ പേരില്‍ നിങ്ങള്‍ നിരന്തരം ഇവിടെയുള്ള മുസ്‌ലിംകളെയും പ്രതികളാക്കാറില്ലേ?

4) അവിടെ മറക്കാതെ ചേര്‍ക്കുന്ന ദൈവത്തെ നൗഷാദിന്റെ കാര്യത്തില്‍ മറന്നു പോവുന്നതിന്റെ പേരാവുമോ ആ ഡോക്ടര്‍മാര്‍ പറഞ്ഞ റെട്രോഗ്രേഡ്’ അംനീഷ്യ?

ഒരിക്കല്‍ക്കൂടി പറയട്ടെ. നല്ലത് ഏത് നിരീശ്വരവാദി ചെയ്താലും നല്ലത് തന്നെ. ഞാന്‍ ആരുടെയും അവകാശം ഏറ്റെടുക്കുകയല്ല. പക്ഷേ ഇന്റലക്ച്വല്‍ ഓണസ്റ്റി എന്ന ഒരു സാധനമുണ്ട്. നിങ്ങളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണെങ്കിലും.

Related Articles