Current Date

Search
Close this search box.
Search
Close this search box.

‘മനോവിഭ്രാന്തി പൂണ്ട ഭരണകൂടം’

മനോവിഭ്രാന്തി പൂണ്ടതും ജനങ്ങളെ ഭയക്കുന്നതുമായ ഒരു ഭരണകൂടത്തിന്റെ നെറികെട്ട നടപടികളാണ് പ്രതിഷേധങ്ങളെപ്പോലും നിരോധിക്കുന്നതിന് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ നിലവിലുള്ള സെക്ഷന്‍ 144ന്റെ പ്രയോഗമെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പൗരത്വ നിയമത്തിനെതിരെ ബാംഗ്ലൂരില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായി നാലു മണിക്കൂറോളം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഈ അറുപത്തൊന്നുകാരന്‍ എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിലാണ് തുറന്നടിച്ചത്. ബ്രിട്ടീഷ് വൈസ്രോയി ചെയ്തതും ഇന്ദിരാ ഗാന്ധി ചെയ്തതും ഇതു തന്നെയായിരുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍നിന്ന് 15 പേരെ പിടിച്ചുകൊണ്ടുപോയാല്‍ അവര്‍ ഭയന്നു പിന്മാറുമെന്നാണ് പോലീസ് കരുതിയിരിക്കുന്നത്. വിവരംകെട്ട ഭരണകൂടത്തിനല്ലാതെ പ്രതിഷേധക്കാര്‍ക്കുനേരെ 144 പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ഗുഹ ഓര്‍മിപ്പിക്കുന്നു.

‘വിവിധ മതസ്ഥരായ നൂറുകണക്കിനാളുകളാണ് ഞങ്ങളോടൊപ്പം ചേര്‍ന്നത്. വസ്ത്രം കണ്ട് അവര്‍ ദേശസ്‌നേഹികളോ ദേശവിരുദ്ധരോയെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവില്ല,’ വസ്ത്രം കണ്ടാല്‍ പ്രതിഷേധിക്കാരെ തിരിച്ചറിയാമെന്ന നരേന്ദ്ര മോദിയുടെ നിരുത്തരവാദപരമായ പ്രസ്താവനയെ പരിഹസിച്ച് രാമചന്ദ്ര ഗുഹ പറഞ്ഞു. ബാംഗ്ലൂര്‍ ടൗണ്‍ഹാളിനു മുന്നില്‍ പ്രതിഷേധിക്കുമ്പോഴാണ് ഒരു സംഘം പോലീസുകാര്‍ ഗുഹയെ വലിച്ചിഴച്ച് ബസിനകത്തേക്ക് കയറ്റിയത്. ‘ഗാന്ധിജിയുടെ ചിത്രം കയ്യിലേന്തി ഭരണഘടനയെക്കുറി്ച്ച് സംസാരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് അവര്‍ എന്നെ പിടിച്ച് വലിച്ചിഴച്ചത്’.

തലസ്ഥാനഗരിയില്‍ പോലും ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചത് ലോകത്തിനു നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. കഴിഞ്ഞ 38 ദിവസത്തിനിടയില്‍ ദല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ ഇന്റര്‍നെറ്റ് വിഛേദിച്ചിരിക്കുകയാണ് ഭരണകൂടം. കശ്മീരില്‍ 138 ദിവസമായി ഇന്റര്‍നെറ്റില്ല. ഗാന്ധിജി വധം, എഴുപതുകളിലെ അടിയന്തരാവസ്ഥ, 1990കളിലെ വര്‍ഗീയ കലാപങ്ങള്‍ തുടങ്ങി ഏറെ പ്രയാസകരമായ ഘട്ടങ്ങളിലൂടെ രാജ്യം കടന്നുപോയിട്ടുണ്ട്. ഇത്തരത്തിലുള്ള നാലാമത്തെ വന്‍ പ്രതിസന്ധിയാണിത്. സഹനത്തിലൂടെയും അഹിംസാ മാര്‍ഗത്തിലൂടെയും നാം ഇതിനെ മറികടക്കുമെന്നും രാമചന്ദ്ര ഗുഹ ആത്മവിശ്വാസം കൊള്ളുന്നു.

Related Articles