Current Date

Search
Close this search box.
Search
Close this search box.

ദേശീയ പൗരത്വ പട്ടിക ഭരണഘടനാ വിരുദ്ധം

ദേശീയ പൗരത്വ പട്ടികയിലെ ഒരു വലിയ വിടവ് തുറന്നു കാട്ടുന്നതായിരുന്നു മുഹമ്മദ് സനാഉല്ല എന്ന മുന്‍ സൈനികനെ വിദേശിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ആസാം ട്രൈബ്യൂണലിന്‍റെ വിധി. അദ്ദേഹത്തിനോടു കാട്ടിയ അനീതി സംസ്ഥാന ഭരണകൂടം തിരുത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ ഈ രാജ്യത്തെ ദരിദ്രജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, ആരും അവരെ തിരിഞ്ഞുനോക്കാന്‍ പോകുന്നില്ല.

ദേശീയ പൗരത്വ പട്ടിക, പൗരത്വ ഭേദഗതി ബില്‍ എന്നിവയുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഒരു ട്രൈബ്യൂണല്‍, പെട്ടെന്നൊരു ദിവസം ലക്ഷക്കണക്കിനു വരുന്ന ആളുകള്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടുന്ന കൊടിയ അനീതിയോട് സംസ്ഥാനത്തെ മുസ്‌ലിം ന്യൂനപക്ഷം രോഷാകുലരാണെന്ന് വെളിപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര നിയമം ലംഘിച്ചു എന്ന പേരില്‍ ചിലര്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ അടക്കപ്പെട്ടിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം, അങ്ങേയറ്റം പരിതാപകരവും ദുരിതമയവുമായ സാഹചര്യങ്ങളാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടുന്നതും സര്‍ക്കാറിന്‍റെ ആരോഗ്യ വിദ്യഭ്യാസ സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നതും മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഭയപ്പാടിലാണ് അവര്‍ കഴിയുന്നത്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആസാമിലെ തദ്ദേശീയരും ഗോത്രവിഭാഗങ്ങളും, നാള്‍ക്കുനാള്‍ കൂടിക്കൂടി വരുന്നു എന്ന് അവര്‍ സ്വയം കരുതുന്ന തങ്ങളുടെ പാര്‍ശ്വവത്കരണത്തില്‍ നിരാശരാണ്:ഇന്‍-മൈഗ്രേഷന്‍ (ഇങ്ങോട്ടുള്ള കുടിയേറ്റം) തടയുക എന്ന ഉദ്ദേശത്തോടെ പാസാക്കപ്പെട്ട 1985-ലെ ആസാം ഉടമ്പടി നിലനില്‍ക്കുമ്പോഴും, നിലക്കാത്ത ഇന്‍-മൈഗ്രേഷന്‍ തുടര്‍ന്നു. ലക്ഷക്കണക്കിനു കുടിയേറ്റക്കാരെ സ്ഥിരതാമസക്കാരാക്കി മാറ്റാന്‍ ഇടയുള്ള പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നീക്കത്തില്‍ അവര്‍ രോഷാകുലരാണ്. ഭാഗ്യകരമെന്നു പറയട്ടെ, രണ്ടു സമൂഹങ്ങളുടെയും നേതൃത്വത്തിലുള്ളവര്‍ അസാധാരണമായ രാഷ്ട്രതന്ത്രജ്ഞതയാണ് പ്രദര്‍ശിപ്പിച്ചത്. ഏതാനും ചില ഗോത്രനേതാക്കളുമായി സംസാരിക്കാന്‍ കഴിഞ്ഞത് എടുത്തുപറയേണ്ട ഒന്നാണ്. “വിദേശികള്‍” ആയി പ്രഖ്യാപിക്കപ്പെട്ടവരെ നാടുകടത്താന്‍ സമ്മര്‍ദ്ദം ചെലുത്തുമോ എന്നു ചോദിച്ചപ്പോള്‍, അത്തരം തീവ്രനിലപാടൊന്നും എടുക്കില്ല എന്ന് അവര്‍ പറയുകയുണ്ടായി. അതിലുപരി, ഇന്‍-മൈഗ്രേഷന്‍റെ ഭാരം മുഴുവന്‍ ആസാം ഒറ്റയ്ക്ക് ചുമയ്ക്കേണ്ട കാര്യമില്ല എന്നും അവര്‍ വ്യക്തമാക്കി.

ആസാം ഉടമ്പടി നടപ്പാക്കാതെ മുന്‍ സര്‍ക്കാറുകള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് വ്യക്തമായ ബോധ്യമുള്ള സിവില്‍ സമൂഹം, ഭൂമികൈമാറ്റ നിരോധനം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കി തദ്ദേശീയ ജനതയുടെ അവകാശ സംരക്ഷണം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്: സ്വന്തം നാട്ടില്‍ അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷമായി അവര്‍ മാറിയിരിക്കുന്നു. പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാനുള്ള നീക്കത്തെ അവസാന കച്ചിത്തുരുമ്പായാണ് അവര്‍ കാണുന്നത്.

ദേശീയ പൗര്വത പട്ടിക നടപ്പാക്കാനും, നാലു ദശലക്ഷം വരുന്ന ആസാം നിവാസികളെ നാടുകടത്താനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇന്ത്യക്കെതിരെ വംശീയ ഉന്‍മൂലകര്‍ എന്ന കുറ്റാരോപണം ഉയരാനും കാരണമാകും. ലോകത്ത് രാഷ്ട്രരഹിതരായി ലക്ഷക്കണക്കിന് ആളുകള്‍ ജീവിക്കുന്നുണ്ട്, ആ പട്ടികയിലേക്ക് നാലു ദശലക്ഷം പേരെയാണ് ഇന്ത്യ ഇപ്പോള്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. ഇപ്പോള്‍ നാടുകടത്തപ്പെടുന്ന ആളുകള്‍ ദശാബ്ദങ്ങളോളം ആസാമില്‍ ജീവിച്ചവരും, പ്രാദേശിക സമൂഹവുമായി എല്ലാ അര്‍ഥത്തിലും ഇഴുകിച്ചേര്‍ന്നവരുമാണ് എന്ന വസ്തുത, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ നടപടി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമെന്ന് വിലയിരുത്തപ്പെടാന്‍ ഇടയാക്കും.

യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സിന്‍റെ ആര്‍ട്ടിക്ക്ള്‍ 15 എല്ലാവര്‍ക്കും പൗരത്വത്തിനുള്ള അവകാശമുണ്ടെന്ന് ഉറപ്പിച്ചു പറയുന്നു. ജനങ്ങള്‍ രാഷ്ട്രരഹിതരാവുന്ന അവസ്ഥ ഇല്ലാതാക്കാന്‍ വേണ്ടി ചേര്‍ന്ന 1961-ലെ യു.എന്‍ കണ്‍വെന്‍ഷന്‍, ആളുകളെ രാഷ്ട്രരഹിതരാക്കി മാറ്റുന്ന പൗരത്വം റദ്ദാക്കല്‍ പോലുള്ള നടപടികള്‍ നിരോധിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്.

അത്തരം നടപടികളില്‍ നിന്നും സര്‍ക്കാറിനെ പിന്തിരിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കാന്‍ കഴിയുമായിരുന്ന ജുഡീഷ്യറി പക്ഷേ എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചെയ്തത്. നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ സ്വീകരിക്കുന്ന നടപടികളും ബലപ്രയോഗത്തിലൂടെ ഒരു ജനവിഭാഗത്തെ നാടുകടത്തുന്ന നടപടികളും രണ്ടും രണ്ടാണ്. കുടിയേറ്റ ജനവിഭാഗങ്ങളില്‍ പ്രശ്നക്കാരുണ്ടെങ്കില്‍ അവരെ കണ്ടെത്തി തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് തീര്‍ച്ചയായും നിയമപരമായി യാതൊരു തടസ്സവുമില്ല, പക്ഷേ ലക്ഷക്കണക്കിന് വരുന്ന അശരണരായ അഭയാര്‍ഥികളെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ഒരുതരത്തിലും അനുവദനീയമല്ലാത്ത കാര്യമാണ്. അതിര്‍ത്തികള്‍ അടക്കുകയും ദശാബ്ദങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്നവരെ സ്ഥിരപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് – ചക്മകളുടെ കാര്യത്തില്‍ സുപ്രീംകോടതി കൈക്കൊണ്ട നിലപാട് ഉദാഹരണം.

ദേശീയ പൗരത്വ പട്ടിക, അങ്ങേയറ്റം അപമാനകരവും നിയമവാഴ്ചയുടെ അന്തസത്തക്ക് നിരക്കാത്തതുമാണ്. തികച്ചും ഏകപക്ഷീയമായി ബലപ്രയോഗത്തിലൂടെ പൗരത്വം റദ്ദുചെയ്യപ്പെട്ട ജനങ്ങളുടെ സങ്കടകരമായ അനുഭവസാക്ഷ്യങ്ങള്‍ പാനലുകള്‍ കേട്ടുകഴിഞ്ഞതാണ്. പൗരത്വം തെളിയിക്കേണ്ട ബാധ്യത – ഭരണഘടനാ വിരുദ്ധമായ നിയമനിര്‍മാണത്തിലൂടെ – കുടിയേറ്റക്കാരനിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷ സമൂഹത്തില്‍ ആരെ വേണമെങ്കിലും ഏകപക്ഷീയമായി പിടികൂടാനും വിദേശികളെന്ന് മുദ്രകുത്താനും, ട്രൈബ്യൂണലുകള്‍ക്കു മുന്നില്‍ ഹാജറാക്കി അവരോട് സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യപ്പെടാനും ഭരണകൂടത്തിനു നിഷ്പ്രയാസം കഴിയും. കുറ്റം തെളിയിക്കപ്പെടാത്തിടത്തോളം കാലം ഒരാള്‍ നിരപരാധിയാണെന്ന നിയമത്തിന്‍റെ അടിസ്ഥാനതത്വം ഇവിടെ അട്ടിമറിക്കപ്പെടുന്നു. 1971-ന് മുന്‍പ് സംസ്ഥാനത്ത് താമസിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ കുടിയേറ്റക്കാര്‍ ഹാജറാക്കേണ്ടതുണ്ട്. വീടുകള്‍ അടക്കം മുങ്ങിപ്പോകുന്ന വെള്ളപ്പൊക്കങ്ങള്‍ സാധാരണമായ ഒരു സംസ്ഥാനത്ത് 1971-ന് മുന്‍പുള്ള രേഖകള്‍ തപ്പിയെടുത്ത് ഹാജറാക്കുക എന്നത് എന്തുമാത്രം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ആര്‍ക്കും മനസ്സിലാവും. ദരിദ്രജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം രേഖകള്‍ ഹാജറാക്കുക എന്നത് അസാധ്യമായ കാര്യമാണ്. വളരെ വ്യക്തമായ വംശീയ ഉന്‍മൂലനമാണിതെന്ന് ചരിത്രം വിധിയെഴുതുക തന്നെ ചെയ്യും.

ഫോറിനേഴ്സ് ട്രൈബ്യൂണലുകളില്‍ ജുഡീഷ്യല്‍ അംഗങ്ങള്‍ വേണമെന്നാണ് നിയമം അനുശാസിക്കുന്നത്. ജുഡീഷ്യല്‍ അംഗങ്ങള്‍ ഇല്ലാത്ത ട്രൈബ്യൂണലുകള്‍ കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. എന്നാല്‍ ഇന്ന്, ജുഡീഷ്യല്‍ അംഗങ്ങളല്ലാത്ത ആളുകളെ കൊണ്ട് നിറയുകയാണ് ഫോറിനേഴ്സ് ട്രൈബ്യൂണലുകള്‍. രാഷ്ട്രീയാധികാരം കൈയ്യാളുന്നവരുമായുള്ള അടുത്തബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് അവരുടെ നിയമനങ്ങള്‍ നടക്കുന്നത്. എത്രത്തോളം ആളുകളെ വിദേശികളായി പ്രഖ്യാപിക്കുന്നുവോ അത്രത്തോളം അവരുടെ നിയമന കലാവധിയും നീളും. ഇന്ത്യന്‍ പൗരനാണെന്ന് പ്രഖ്യാപിക്കപ്പെട്ട ആളുകളെ, ഏതെങ്കിലും ട്രൈബ്യൂണല്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കും വരെ വീണ്ടും വീണ്ടും വിചാരണ ചെയ്യുംവിധം പരിതാപകരമാണ് അവരുടെ നിയമജ്ഞാനം. റെസ് ജുഡിക്കാറ്റ ( തീര്‍പ്പു കല്‍പ്പിച്ചു കഴിഞ്ഞ കേസ്) തത്വം പാലിക്കപ്പെടുന്നില്ല.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ നാണംകെടുത്താന്‍ മാത്രം ഇടയാക്കുന്ന വര്‍ഗീയ നടപടികളില്‍ നിന്നും ജുഡീഷ്യറി അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഈ സന്ദര്‍ഭത്തില്‍ ഉണര്‍ത്താന്‍ ആഗ്രഹിക്കുന്നു.

സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും ‘ഹ്യൂമണ്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്ക് ’ സ്ഥാപക മേധാവിയുമാണ് ലേഖകന്‍.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : the indian express

Related Articles