Current Date

Search
Close this search box.
Search
Close this search box.

മ്യാൻമർ: മുസ് ലിംകളോടുള്ള നിലപാട് അന്നും ഇന്നും

1978 ലെ പഴയ പ്രബോധനം ലക്കങ്ങളിലൂടെ കണ്ണോടിക്കാൻ ഇടവന്നു. നാല് പതിറ്റാണ്ട് പഴക്കമുള്ള വാർത്തകളും വിശകലങ്ങളും ഇന്ന് വായിക്കുമ്പോൾ ഒരു അനുഭൂതിയാണ്. ലോകം അന്ന് എങ്ങിനെയായിരുന്നു എന്നറിയാൻ പഴയ കാലത്തെ എഴുത്തുകൾ ഉപകാരപ്പെടും. അക്കാലത്തുണ്ടായിരുന്ന പ്രബോധനത്തിൽ കാര്യമായി കണ്ട ഒരു വാർത്ത ബർമീസ് മുസ്ലിംകളെ കുറിച്ചായിരുന്നു. ഇന്ത്യക്ക് മുമ്പേ പൗരത്വ നിയമം നടപ്പാക്കിയ രാജ്യമാണ് മ്യാൻമാർ. 1823 നു മുമ്പുള്ള പൗരത്വം തെളിയിക്കാനുള്ള രേഖകളില്ലാത്ത കാരണത്താൽ തന്നെ നൂറ്റാണ്ടുകൾ രാജ്യത്ത് താമസിച്ചിട്ടും പല മുസ്ലിംകളും രാജ്യത്ത് നിന്നും പുറത്ത് പോകേണ്ടി വന്നു.

ബർമയിൽ മുസ്ലിംകൾക്ക് നേരെയുള്ള പീഡനത്തിനു കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോളം പഴക്കമുണ്ട്. അന്നും രക്ഷപ്പെടാൻ അവർ ചെന്നെത്തിയത് ബംഗ്ലാദേശിൽ തന്നെ. ആളുകളുടെ ശല്യം സഹിക്കവയ്യാതെ ബംഗ്ലാദേശ് അതിർത്തി അടച്ചിരുന്ന വാർത്തകളും വായിക്കാൻ കഴിയുന്നു. അതെ കാലത്ത് തന്നെയാണ് ഫലസ്തീനും ഇസ്രയേൽ വിഴുങ്ങുന്നത്. വർഷങ്ങളായി ഈ രണ്ടു രാജ്യങ്ങളിലെയും വലിയ വിഭാഗം ജനത നാടിനു പുറത്താണ് ജീവിക്കുന്നത്. രണ്ടിടത്തും അവർ മുസ്ലിംകളായി എന്നത് മാത്രമാണ് കാരണാമായി കാണാൻ കഴിയുന്നത്.

നീണ്ട കാലം കൊണ്ട് അന്താരാഷ്ട്ര സമൂഹത്തിനു ഈ വിഷയങ്ങൾക്ക്‌ ഒരു പരിഹാരം കാണാൻ കഴിയാതെ പോയി എന്ന് നാമാരും ചിന്തിക്കാറില്ല. ബർമ്മയിൽ പട്ടാളം പോയി ജനാധിപത്യ സർക്കാർ വന്നെങ്കിലും കാര്യങ്ങൾക്ക് ഒരു പരിഹാരവും ഉണ്ടായില്ല എന്ന് മാത്രമല്ല ജനാധിപത്യ സർക്കാരിന്റെ കാലത്താണ് നൂറ്റാണ്ടിലെ വലിയ വംശീയ ആക്രമണം നടന്നതും. ലോകത്തിന്റെ മുന്നിൽ മനുഷ്യ ജീവൻ വലിയ ചോദ്യമാകുന്നത് ആദ്യത്തെ സംഭവമല്ല. എല്ലാ മനുഷ്യാവകാശ ധ്വംസനങ്ങളും പരിഹാരമില്ലാതെ നിലനിൽക്കുന്നു എന്നതാണ് അതിലെ വർത്തമാന ദുരന്തം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ പല രാജ്യങ്ങളിലെ ജനതകളും പീടിപ്പിക്കപ്പെട്ടിരുന്നത് ആ നാട് ഭരിച്ചു കൊണ്ടിരുന്ന വിദേശ ശക്തികളിൽ നിന്നായിരുന്നു. തങ്ങളുടെ നാടിനു മോചനം വേണം എന്ന അർത്ഥത്തിൽ പലയിടത്തും ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറി. ആയിരക്കണക്കിന് മനുഷ്യർ അതിൽ കൊല്ലപ്പെട്ടു. വിദേശി പോയിട്ട് സ്വദേശി വന്നിട്ടും സാധാരണക്കാരന്റെ ദുരിതം അവസാനിച്ചില്ല. ജനാധിപത്യ സർക്കാരുകളും പട്ടാള ഭരണവും ഇക്കാര്യത്തിൽ ഏകദേശം ഒരേപോലെതന്നെയായിരുന്നു.

ഐക്യരാഷ്ട്രസഭ ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ്. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും രാജ്യങ്ങളിൽ മനുഷ്യർ നേരിടുന്ന വിഷയങ്ങളും അവരുടെ മുഖ്യ അജണ്ടയിൽ വരുന്നു. പക്ഷെ ലോകത്തെ ഒരു വിഷയവും അവരുടെ മേൽനോട്ടത്തിൽ അവസാനിച്ചതായി നമുക്കറിയില്ല. മ്യാന്മാർ മുസ്ലിം ജനത കഴിഞ്ഞ ഏഴു പതിറ്റാണ്ടായി തീരാ ദുരിതത്തിൽ ജീവിക്കുന്നു. അത് പോലെ തന്നെ ഫലസ്തീൻ ജനതയും. ഈ രണ്ടു കാര്യത്തിലെയും സമാനത രണ്ടു കൂട്ടരും സ്വന്തം നാട്ടിൽ നിന്നും പുറത്ത് പോകേണ്ടി വന്നു എന്നതാണ്.

മ്യാന്മാർ ഒരിക്കൽ പട്ടാളം ഭരിച്ച നാടാണ്. അവിടെയാണ് നീണ്ട കാലത്തെ സമരത്തിന്‌ ശേഷം ജനാധിപത്യ ക്രമം നിലവിൽ വന്നത്. അത് കൊണ്ടും അവിടുത്തെ മുസ്ലിംകളുടെ ദുരിതം അവസാനിച്ചില്ല. സൂചി ഒരു മടിയുമില്ലാതെ പട്ടാളത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചു. ലോക കോടതിയിൽ പോലും അവർ കളവ് ആവർത്തിച്ചു. ആയിരക്കണക്കിന് മുസ്ലിംകളുടെ രക്തം കൊണ്ട് ബർമ്മ ചുവന്നിട്ടും അത് അംഗീകരിക്കാൻ ഭരണകൂടം തയ്യാറായില്ല.

ഇന്ന് വീണ്ടും മ്യാൻമാർ തെരുവുകൾ ചുവന്നിരിക്കുന്നു. അന്താരാഷ്ട്ര സമൂഹം ആ കാര്യത്തിൽ കാര്യമായ ഒരു ഇടപെടലും നടത്തുന്നില്ല. തങ്ങളുടെ നാട്ടിൽ ജനാധിപത്യം തിരിച്ചു കൊണ്ട് വരാനുള്ള സമരത്തിലാണ് ജനത. അവർക്കെതിരെ പട്ടാളം ദയാരഹിതമായി വെടിവെപ്പ് നടത്തി. പലരും കൊല്ലപ്പെട്ടു. ഈ ആധുനിക കാലത്തും സ്വാതന്ത്രത്തിനു വേണ്ടി സമരം ചെയ്യേണ്ടി വരുന്നത് ദൌർഭാഗ്യകരമാണ്. ഒരിക്കൽ മുസ്ലിംകളെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിച്ചപ്പോൾ മറ്റാരും പ്രതിഷേധിക്കാൻ തെരുവിൽ വന്നില്ല. ജനം പ്രതികരിക്കുന്നില്ല എന്നത് തന്നെയാണ് ഭരണകൂട ഭീകരതയുടെ മുഖ്യ കാരണം.

പൗരത്വ നിയമത്തിൽ മ്യാന്മാർ നമ്മുടെ മുന്നിലെ ഒരു ഉദാഹരണം മാത്രം. ചിലത് ഭരണകൂടം മനസ്സിൽ കാണുന്നു. അത് നടപ്പാക്കിയാൽ സംഭവിക്കുക മറ്റൊരു മ്യാൻമാർ തന്നെ. ജനാധിപത്യ വിരുദ്ധതകൾ അതിന്റെ മുളയിൽ തന്നെ ഇല്ലാതാക്കണം എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് നമ്മുടെ മുന്നില ആധുനിക മ്യാൻമാർ.

Related Articles