Onlive Talk

നിലനില്‍പ്പിനായി പുതിയ രീതി ശാസ്ത്രം കണ്ടെത്തണം

മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായ അമേരിക്കക്കാരന്‍ കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ എതിരാളികളെ തോല്പിച്ചിരുന്നത് മിക്കപ്പോഴും തന്റെ പേശീ ബലത്തിലേറെ മനഃശാസ്ത്രപരമായ തന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു. തന്റെ പതിനെട്ടാം വയസ്സില്‍ ഒളിമ്പിക്‌സ് ജേതാവായ ശേഷം മുഹമ്മദ് അലിക്ക് ലോക ചാമ്പ്യനാവണമെന്നു തോന്നി. സണ്ണി ലിസ്റ്റണ്‍ എന്ന അന്നത്തെ ലോക ചാമ്പ്യനെ തോല്‍പ്പിച്ചു വേണമായിരുന്നു അത് സാധിക്കാന്‍. സണ്ണി ലിസ്റ്റണിനെ തോല്‍പ്പിക്കാന്‍ കൈ കരുത്തു മതിയാവില്ലെന്നു മനസ്സിലാക്കിയ മുഹമ്മദ് അലി ഒരു തന്ത്രം കണ്ടു പിടിച്ചു. സണ്ണി ലിസ്റ്റണിനെ മാനസികമായി തകര്‍ത്ത ശേഷം കായികമായി നേരിടുക. മുഹമ്മദ് അലി സണ്ണിയെ പരമാവധി പ്രകോപിക്കാന്‍ തീരുമാനിച്ചു. റിങ്ങില്‍ കായികമായി നേരിടുന്നതിന് മുമ്പ് സണ്ണിക്കെതിരെ വീരവാദങ്ങള്‍, പരിഹാസങ്ങള്‍, കുത്തുവാക്കുകള്‍ എന്നിവ അഴിച്ചു വിട്ടു പൊതുജന മധ്യത്തില്‍ പരമാവധി സ്വഭാവ ഹത്യ നടത്തി മുഹമ്മദ് അലി, ലിസ്റ്റണെ മാനസികമായി തകര്‍ത്തു. തന്ത്രം ഫലിച്ചു. അങ്ങേയറ്റം പ്രകോപിതനായ സണ്ണി മാനസികമായി തകര്‍ന്ന് ആത്മ നിയന്ത്രണം പാടെ നഷ്ടപ്പെട്ട നിലയിലാണ് റിങ്ങില്‍ എത്തിയത്. ശേഷം അന്നത്തെ മറ്റു ലോക താരങ്ങളായിരുന്ന ജോ ഫ്രേസിയര്‍, ജോര്‍ജ് ഫോര്‍മാന്‍ എന്നിവരെ മുഹമ്മദ് അലി പരാജയപ്പെടുത്തിയതും ഇതേ തന്ത്രം ഉപയോഗിച്ചായിരുന്നു.

പരമാവധി പ്രകോപിപ്പിക്കുക. പ്രക്ഷുബ്ധരാക്കുക. മാനസികമായി തകര്‍ക്കുക. ആത്മനിയന്ത്രണം കൈവിട്ടു പ്രവര്‍ത്തിക്കുന്നവരാക്കി മാറ്റുക. തീവ്രമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു വംശീയ ഉന്മൂലനം നടത്തുക. വേട്ടക്കാരുടെ സ്ഥിരം പദ്ധതിയാണിത്. ഇരകളെ നിഷ്‌കാസനം ചെയ്യുന്നതിന് മുമ്പ് നിഷ്‌കാസിതരാവാന്‍ അവര്‍ അര്ഹരായിരുന്നുവെന്നു മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക. ഇരകളെ പറ്റി അവര്‍ ശല്യക്കാര്‍ അല്ലെങ്കില്‍ ഭീകരര്‍ അങ്ങ് തല്ലിക്കൊന്നേക്കൂ വെന്നു മറ്റുള്ളവര്‍ പറയുന്ന സാഹചര്യം സംജാതമാക്കുക. ഇതൊരു വലിയ തന്ത്രമാണ്. ഈ തന്ത്രത്തില്‍ വീഴാതെ സൂക്ഷിക്കുന്നിടത്താണ് ഇരകള്‍ മികവ് തെളിയിക്കേണ്ടത്.

പരമ്പരാഗതമായി ശീലിച്ചു വന്ന ചില കിതാബുകളുടെ ആവര്‍ത്തിച്ച പാരായണം ഒരു പുതിയ അതിജീവന തന്ത്രം ആവിഷ്‌കരിക്കാന്‍ സഹായിച്ചു കൊള്ളണമെന്നില്ല. അബുല്‍ കലാം ആസാദ് ഉദാഹരണം. താന്‍ അല്‍ അസ്ഹറില്‍ പഠിച്ചതായി പലരും വിശ്വസിക്കുന്നുണ്ട്. ഞാന്‍ അവിടെ പഠിച്ചിട്ടില്ല. എനിക്ക് അതിന്റെ ആവശ്യവുമില്ല. പുതിയ ലോകത്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളും തിരിഞ്ഞു നോക്കേണ്ടതില്ലാത്ത അത്രയും ജീര്‍ണത അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയെ അന്ന് ബാധിച്ചതായി അല്ലാമാ അബുല്‍ കലാം ആസാദ് തന്റെ ആത്മ കഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലോക പ്രശസ്തനായ എഴുത്തുകാരന്‍ മുഹമ്മദ് അസദ് തന്റെ മക്കയിലേക്കുള്ള പാത എന്ന ഗ്രന്‍ഥത്തിലും അല്‍ അസ്ഹറിന്റെ ജീര്ണതയെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഈജിപ്ഷ്യന്‍ പണ്ഡിതന്‍ മുഹമ്മദ് മുസ്തഫ അല്‍ മറാഗിയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് കൂടിയാണ് മുഹമ്മദ് അസദ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്. ഒരു കൂട്ടം ആളുകള്‍ ഏതെങ്കിലും പള്ളികളിലോ മറ്റോ കൂടിച്ചേര്‍ന്നു പരമ്പരാഗത പഠിപ്പില്‍ ഏര്‍പ്പെടുന്നു. അത് തന്നെ സമുദായത്തെ കൊണ്ടും ശീലിപ്പിക്കുന്നു. ശത്രുക്കളാവട്ടെ സന്ദര്‍ഭമുപയോഗപ്പെടുത്തി വംശീയ ഉന്മൂലനത്തിന്റെ പതിനെട്ട് അടവുകളിലും വൈദഗ്ദ്യം നേടുന്നു. ഇരകളെ വളയുന്നു. ഓര്‍ക്കാ പുറത്തു ശത്രുക്കളാല്‍ വലയം ചെയ്യപ്പെടുമ്പോള്‍ ആവശ്യത്തിലേറെ പ്രകോപിതരായി അവര്‍ ശത്രുക്കളെ അവരുടെ കൃത്യം അനായാസം നിര്‍വഹിക്കാന്‍ സഹായിക്കുന്നു.പരമ്പരാഗത ഗ്രന്‍ഥങ്ങള്‍ വീണ്ടും വീണ്ടും ആറ്റി കുറുക്കി കൊണ്ടിരിക്കുക. നിലനില്‍പിന് ഭീഷണി നേരിടുന്ന സന്ദര്‍ഭങ്ങളില്‍ നില വിട്ടു പെരുമാറുക യെന്ന സ്ഥിരം ജീര്‍ണതയില്‍ നിന്ന് സമുദായം പുറത്തു വരണം.

ഒരു സമുദായം ലളിതവും ആത്മഹത്യാ പരമല്ലാത്തതുമായ മാര്‍ഗങ്ങളിലൂടെ അവരുടെ അതിജീവനം ഉറപ്പു വരുത്തുന്നതാണ് നവോത്ഥാനം. അവരില്‍ പെട്ടവര്‍ ഒറ്റക്കും കൂട്ടായും നാനാ വഴികളിലൂടെ സഞ്ചരിച്ചു അതിജീവനത്തിന്റെ പല വഴികള്‍ കണ്ടു പിടിക്കുന്നതാണു നവോത്ഥാനം. ഒരു ഗ്രന്‍ഥത്തെ ചൊല്ലി മാത്രം മുടി നാരിഴ കീറി തലകള്‍ തമ്മില്‍ ഇടിച്ചു സ്വയം തകരുന്നതിനെ നവോത്ഥാനമെന്നു നാമകരണം ചെയ്യുക സാധ്യമല്ല. ഒരു നവോത്ഥാനം സംഭവിച്ചു കഴിഞ്ഞാല്‍ നവോത്ഥാന ഘട്ടത്തില്‍ ഉയര്‍ന്നു വന്ന സര്‍വ സമ്മതരായ നവോത്ഥാന നായകര്‍ പ്രഭാവം കാണിച്ചു നില്‍പുണ്ടാവും. നവോത്ഥാനത്തിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ മുന്നോട്ടുള്ള വഴി അടഞ്ഞു പോയ പ്രതീതി നവോത്ഥാനന്തര കാലത്തു ജീവിക്കുന്നവരെ അലട്ടുന്ന സാഹചര്യം ഉണ്ടാവുകയില്ല.

പ്രശസ്ത സിന്ധി എഴുത്തുകാരി റിത കൊത്താരിയുടെ ‘അഭയാര്‍ഥികളുടെ ഭാരം’ എന്ന ഒരു പുസ്തകമുണ്ട്. 2002 ലെ ഗുജറാത്തിലെ ഗോദ്ര കലാപം അതിലെ പരാമര്‍ശ വിഷയമാണ്. എ ഡി 711 ല്‍ മുഹമ്മദ് ബിന്‍ ഖാസിം സിന്ധ് (ഇന്നത്തെ ലാഹോര്‍ ഉള്‍പ്പെടുന്ന പ്രദേശം) കീഴ്‌പെടുത്തിയത് മുതല്‍ 1843 ല്‍ ആ പ്രദേശം ബ്രിട്ടീഷുകരുടെ വരുതിയില്‍ അകപ്പെടുന്നത് വരെയുള്ള ആയിരത്തിലധികം വര്‍ഷം ആ പ്രദേശത്തിന്റെ അധികാരികളായിരുന്നിട്ടും അവിടുത്തെ മുസ്ലിങ്ങള്‍ ജീര്‍ണിച്ചു നാമാവശേഷമായതിന്റെ വിവരണമാണ് ആ ഗ്രന്‍ഥം. അധികാരത്തിലിരുന്നിട്ടും പുതുതായി ഒന്നും പഠിക്കാത്തത് കാരണം അതിജീവനത്തില്‍ മുസ്ലിങ്ങള്‍ അമ്പേ പരാജയപ്പെട്ടു. പരമ്പരാഗത വിശ്വാസികളായി തുടരുക. ഭീഷണിക്കു മുമ്പില്‍ പടവെട്ടുക. രക്തസാക്ഷി കാളാവുക എന്ന നൂറ്റാണ്ടുകള്‍ക്കു മുമ്പേ അനുവര്‍ത്തിച്ചു വരുന്ന ടേപ് റെക്കോര്‍ഡര്‍ പരിഹാരം ആത്മഹത്യാ പരമാണു. നില നില്‍പ്പിന്റെ പുതിയ രീതി ശാസ്ത്രം കണ്ടെത്തണം. ദേശീയവും പ്രാദേശികവുമായ തേട്ടങ്ങളെ ഉള്‍കൊള്ളുന്ന പുതിയ വര്‍ണങ്ങള്‍ വിരിയിക്കുന്ന പരിഹാര വഴികള്‍ നിര്‍ബന്ധമായും ഉരിത്തിരിഞ്ഞെ പറ്റൂ.

Facebook Comments
Related Articles
Show More
Close
Close