Onlive Talk

നാലു വര്‍ഷം ജയില്‍വാസം; ഒടുവില്‍ നിരപരാധി

2015 സെപ്റ്റംബറില്‍ കിഴക്കന്‍ മഹാരാഷ്ട്രയിലെ പുസാദ് നഗരത്തില്‍ നിന്നും ഒരു വാര്‍ത്ത പുറത്തു വന്നു. സംസ്ഥാനത്ത് ബീഫ് നിരോധിച്ചതില്‍ രോഷം പൂണ്ട് ഒരു മുസ്ലിം യുവാവ് മൂന്ന് പൊലിസുകാരെ കത്തിയുപയോഗിച്ച് കുത്തിപ്പരുക്കേല്‍പ്പിച്ചു എന്നതായിരുന്നു വാര്‍ത്ത. ഇരുപതുകാരനായ അബ്ദുല്‍ മാലികിനെ അറസ്റ്റു ചെയ്തു. ഇതിനു പിന്നാലെ ഒരു മാസത്തിനു ശേഷം മറ്റു രണ്ടു പേരെയും അറസ്റ്റ് ചെയ്തു. 28കാരനായ ഷുഹൈബ് ഖാന്‍,30കാരനായ മൗലാന മുജീബ് റഹ്മാന്‍ എന്നിവരായിരുന്നു അത്.

ഈ മൂന്ന് പേരുടെയും കേസ് പിന്നീട് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറുകയും ചെയ്തു. ഈ മൂന്ന് യുവാക്കള്‍ക്കും ഐ.എസുമായി ബന്ധമുണ്ടെന്ന തരത്തിലാണ് പിന്നീട് പ്രമുഖ പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ് എന്ന മുടന്തന്‍ ന്യായീകരണ വാര്‍ത്തയാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് യുവാക്കളെയും മുഴുവന്‍ തീവ്രവാദ ആരോപണ കേസുകളില്‍ നിന്നും കുറ്റവിമുക്തരാക്കപ്പെട്ടു. മെയ് 21ന് അകോലയിലെ പ്രത്യേക കോടതി മുജീബ് റഹ്മാനെയും ഷുഹൈബ് ഖാനെയും നിരോധിത ഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്ന കേസില്‍ നിന്നും കുറ്റവിമുക്തരാക്കി. യു.എ.പി.എ വകുപ്പാണ് ഇരുവര്‍ക്കുമെതിരെ ചാര്‍ത്തിയിരുന്നത്. എന്നാല്‍ തീവ്രവാദ ബന്ധം ആരോപിക്കുന്ന തെളിവുകളൊന്നും എ.ടി.എസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിടുകയായിരുന്നു.

മാലികിനെയും തീവ്രവാദ ബന്ധ കേസില്‍ നിന്നും കുറ്റവിമുക്തനാക്കി. എന്നാല്‍ പൊലിസുകാരനെ കുത്തിയ കേസില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷവും എട്ട് മാസവും മാലിക് ജയിലില്‍ കിടന്നു. 2015ല്‍ ഇവരെ അറസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന വാര്‍ത്താ പ്രാധാന്യമൊന്നും ഇവരെ വിട്ടയച്ചപ്പോള്‍ മാധ്യമങ്ങള്‍ നല്‍കിയില്ല. തീവ്രവാദ വിരുദ്ധ സേനയുടെ തെറ്റിദ്ധാരണകള്‍ മൂലം മൂന്ന് നിരപരാധികളായ ചെറുപ്പക്കാരുടെ മൂന്നര വര്‍ഷമാണ് നഷ്ടപ്പെട്ടത്. ഇവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഒരു മറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്തു.

2015ല്‍ ഇവരുടെ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി. മുസ്ലിമായതിന്റെ പേരിലാണ് തന്റെ മകനെ ലക്ഷ്യം വെക്കുന്നതെന്ന് ഷുഹൈബ് ഖാന്റെ പിതാവായ റഹ്മാന്‍ ഖാന്‍ പറഞ്ഞു. 1990 മുതല്‍ തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രാജ്യത്ത് നിരവധി മുസ്ലിം യുവാക്കളാണ് വിവിധ ജയിലുകളില്‍ കഴിയുന്നത്. ഇത്തരം കേസുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. 2016 മേയില്‍ കേന്ദ്ര നിയമമന്ത്രി ഡി.വി സദാനന്ദ ഗൗഡ തെറ്റിദ്ധാരണകളുടെ പേരില്‍ മുസ്ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതായി പറഞ്ഞിരുന്നു.

എ.ടി.എസിന്റെ കസ്റ്റഡിയിലെ പീഡനം

വീട്ടില്‍ തിരിച്ചെത്തിയ യുവാക്കള്‍ക്ക്് തങ്ങള്‍ കസ്റ്റഡിയില്‍ അനുഭവിച്ച ഭയാനകരമായ കഥകളാണ് പറയാനുള്ളത്. കോടതിയില്‍ തെറ്റായ കാര്യങ്ങള്‍ പറയാനായി എ.ടി.എസ് സംഘത്തിന്റെ ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദമാണുണ്ടായത്. തങ്ങള്‍ പറയുന്ന പോലെ കോടതിയില്‍ പറഞ്ഞാല്‍ നിങ്ങളെ മോചിപ്പിക്കാം പണം തരാം കുടുംബത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കാം എന്നൊക്കെയാണ് സംഘം ഞങ്ങളോട് പറഞ്ഞത്-ഷുഹൈബ് ഖാന്‍ സ്‌ക്രോള്‍ ലേഖകന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കസ്റ്റഡിയിലെ ആദ്യ നാളുകളില്‍ പൊലിസ് ബെല്‍റ്റ് കൊണ്ട് അടിക്കുമായിരുന്നു. ഷോക്കേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. തെറ്റായ കാര്യങ്ങള്‍ സമ്മദിക്കാനായി കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതായി മുജീബ്‌റഹ്മാനും പറഞ്ഞു.

ആളുകള്‍ ഞങ്ങളെ ഇപ്പോഴും കുറ്റവാളികളായാണ് കാണുന്നത്

അകോല ജയിലില്‍ നിന്ന് മോചിതരായി നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷവും തങ്ങളെ ആളുകള്‍ കുറ്റവാളികളായാണ് കണക്കാക്കുന്നതെന്ന് മുജീബുറഹ്മാന്‍ പറഞ്ഞു. ഞാന്‍ ജയിലിലായിരിക്കെ എന്റെ സഹോദരന്‍ മരണപ്പെട്ടു. എനിക്ക് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. സഹോദരിയുടെ വിവാഹത്തിലും പങ്കെടുക്കാന്‍ സാധിച്ചില്ല. മുജീബുറഹ്മാന്‍ പറഞ്ഞു. നിരന്തരം പൊലിസ് ചോദ്യം ചെയ്ത് പീഡിപ്പിച്ചതോടെ ആത്മഹത്യ ചെയ്യുമെന്ന് തന്റെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. അറസ്റ്റ് മൂലം കുടുംബം സാമ്പത്തികമായും സാമൂഹികമായും ഏറെ തളര്‍ന്നു. മുജീബ് റഹ്മാന്‍ പറഞ്ഞു. എന്റെ കണ്‍സട്രക്ഷന്‍ സംരംഭം അടച്ചു പൂട്ടി. കാരണം എന്നെ തീവ്രവാദിയുടെ പിതാവ് എന്നാണ് മുദ്ര കുത്തിയത്. മുജീബ് റഹ്മാന്റെ പിതാവ് ഷെയ്ഖ് മെഹബൂബ് പറയുന്നു.

അവലംബം:scroll.in
മൊഴിമാറ്റം: സഹീര്‍ അഹ്മദ്‌

Facebook Comments
Show More

Related Articles

Close
Close