Current Date

Search
Close this search box.
Search
Close this search box.

മഹാരാഷ്ട്ര: പുതിയ സര്‍ക്കാര്‍ എന്താണ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ?

മഹാരാഷ്ട്രയിലെ 19ാമത് മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഏറെ ആഢംബരപൂര്‍ണമായ വേദിയിലായിരുന്നു നടന്നത്. സിനിമാസെറ്റുകളില്‍ മാത്രം കാണുന്ന വേദിയും സദസ്സും. ശിവജി രാജാവിന്റെ ചിത്രങ്ങളുടെ ഗാംഭീര്യം നിറച്ച് പ്രകാശങ്ങളാല്‍ അലംകൃതമായിരുന്നു ചുറ്റും. ബോളിവുഡിലെ പ്രമുഖ സെറ്റ് ഡിസൈനര്‍ നിതിന്‍ ദേശായി ആയിരുന്നു ഇതിനു പിന്നില്‍. ശിവസേന,എന്‍.സി.പി കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളടങ്ങിയ മഹാസഖ്യത്തിന്റെ common minimum programme (CMP) അഥവാ പൊതുമിനിമം പരിപാടി അവിടെ വെച്ചാണ് അവതരിപ്പിച്ചത്.

സര്‍ക്കാര്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍

സഖ്യത്തിന്റെ ഏറ്റവും പ്രധാന പ്രതിസന്ധിയായ വിഷയങ്ങളിലൊന്നായിരുന്നു പൊതുമിനിമം പരിപാടി. മുന്‍പ് മൂന്ന് പാര്‍ട്ടികള്‍ക്കും സമവായത്തിലെത്താന്‍ കഴിയാത്ത വിഷയമായിരുന്നു അത്. നവംബര്‍ 28ന് സത്യപ്രതിജ്ഞ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സഖ്യം അവരുടെ പൊതുമിനിമം പരിപാടി അവതരിപ്പിച്ചു. പ്രത്യയശാസ്ത്രരപരമായി വിഭിന്ന നിലപാടുള്ള മൂന്ന് പാര്‍ട്ടികളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിഹാരമായിരുന്നു common minimum programme (CMP).

ശിവസേനക്കുള്ളിലെ പ്രാരംഭ പ്രതിഷേധങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വായ്പകള്‍ അടിയന്തിരമായ എഴുതിത്തള്ളും,മഹാരാഷ്ട്ര നിവാസികള്‍ക്ക് ജോലിയില്‍ 80 ശതമാനം സംവരണം ഉറപ്പാക്കുന്ന നിയമം,ഒരു രൂപക്കുള്ള താലൂക്ക് ഹെല്‍ത്ത് ക്ലിനിക്കുകള്‍,10 രൂപക്ക് താലി ഭക്ഷണം എന്നിവയാണ് പരിപാടിയില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍.

ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സഖ്യകക്ഷികള്‍ പ്രതിജ്ഞാബദ്ധരാണ്. ദേശീയ,സംസ്ഥാന പ്രാധാന്യമുള്ള വിഷയങ്ങള്‍ പരിഗണിച്ചും രാജ്യത്തിന്റെ മതേതരത്തിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തര്‍ക്കവിഷയങ്ങളില്‍ മൂന്ന് പാര്‍ട്ടികളും ചര്‍ച്ച നടത്തിയുമാണ് തീരുമാനം കൈകൊള്ളുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ഷകര്‍ക്ക് ഉടനടി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും വിള ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിക്കുന്നതിനും കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാനും സി.എം.പിയില്‍ പറയുന്നു. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സുസ്ഥിര ജലവിതരണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍,നവംബര്‍ മാസങ്ങളിലെ കാലം തെറ്റിയുള്ള കാലവര്‍ഷത്തില്‍ 93.89 ലക്ഷം ഹെക്ടര്‍ കൃഷിയാണ് നശിച്ചിരുന്നത്. ഇത് മൂലം 1.04 കോടി കര്‍ഷകര്‍ക്കാണ് നഷ്ടം സംഭവിച്ചത്. രണ്ട് കമ്മിറ്റികള്‍ രൂപീകരിക്കാനും മഹാസഖ്യം തീരുമാനിച്ചിട്ടുണ്ട്. ഒന്ന് സംസ്ഥാന മന്ത്രിസഭക്കുള്ളിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനും രണ്ടാമത്തേത് മൂന്ന് സഖ്യകക്ഷികളിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനുമാണ്.

സത്യപ്രതിജ്ഞ ചടങ്ങ്

മൂന്ന് പാര്‍ട്ടികളില്‍ നിന്നും നാല്‍പതിനായിരത്തോളം വരുന്ന അനുയായികളാണ് വ്യാഴാഴ്ച്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തുക എന്നായിരുന്നു പൊലിസ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ സെന്‍ട്രല്‍ മുംബൈയിലെ ശിവജി പാര്‍ക്കിലേക്ക് ഈ കണക്കുകളെല്ലാം തെറ്റിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയത്. ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് പൊലിസ് പറഞ്ഞത്.

ബാല്‍ താക്കറെയുടെ ചിത്രങ്ങളുമേന്തി കുടുംബ സമേതം വിദൂര ദിക്കുകളില്‍ നിന്നും വരെ ശിവസേനയുടെ അനുയായികള്‍ ചടങ്ങിനെത്തിയിരുന്നു. സംസ്ഥാനത്ത് കടുത്ത കാര്‍ഷിക പ്രതിസന്ധി നേരിടുന്ന വേളയിലാണ് ആഢംബരപൂര്‍ണമായി ചടങ്ങ് നടത്തിയത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങിനെയൊന്നും ഇതിനെ കാണുന്നില്ല. ഇതിനെ തങ്ങളുടെ ശക്തിപ്രകടനമായി കണക്കാക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇഷ്ടപ്പെടുന്നത്. മാത്രമല്ല അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനം ഭരിക്കാന്‍ മുന്നണിക്ക് കഴിയുമെന്ന് എതിര്‍ പാര്‍ട്ടികളെ അറിയിക്കുക എന്നതു കൂടി ഇതിനു പിന്നിലുണ്ട്.

മൂന്ന് പാര്‍ട്ടികളുടെയും മുതിര്‍ന്ന സംസ്ഥാന നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളും സ്റ്റേജിന് അരികിലായി ഉണ്ടായിരുന്നു. ഡി.എം.കെയുടെ മുതിര്‍ന്ന നേതാവ് എം.കെ സ്റ്റാലിന്‍,ടി.ആര്‍ ബാലു എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും ചടങ്ങില്‍ പങ്കെടുക്കാനെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ്,അഹ്മദ് പട്ടേല്‍,കപില്‍ സിബല്‍, വ്യവസായി മുകേഷ് അംബാനി,മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ്,അടുത്ത അനുയായി ചന്ദ്രകാദ് പാട്ടീല്‍,നിരവധി ബോളിവുഡ് താരങ്ങളും മറാത്തി സിനിമ താരങ്ങളും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

കോണ്‍ഗ്രസ് ദേശീയ നേതാക്കളായ സോണിയ ഗാന്ധി,രാഹുല്‍ ഗാന്ധി,മന്‍മോഹന്‍ സിങ് എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ആദിത്യ താക്കറെ ഡല്‍ഹിയിലേക്ക് പോയിരുന്നു. എന്നാല്‍ യാത്രയുടെ അസൗകര്യം കാരണം ചടങ്ങിന് എത്താന്‍ കഴിയില്ലെന്നും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പദവി ചരിത്രപരമായ സംഭവമാകട്ടെയെന്നും ഇരുവരും ആശംസിച്ചു.

മൂന്ന് മുന്നണികളിലെയും ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും മന്ത്രിമാര്‍ സാമൂഹിക പരിഷ്‌കര്‍ത്താവും ജാതിവിരുദ്ധ നേതാവുമായി ബി.ആര്‍ അംബേദ്കര്‍,ജോതിഭ ഫൂലെ,സാവിത്രി ഭായി ഫൂലെ,ഷാഹു മഹാരാജ്,ബുദ്ധ എന്നിവരുടെ പേര് ഉച്ചരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന മന്ത്രിമാര്‍ തങ്ങളുടെ താത്വികാചാര്യനായ ബാല്‍ താക്കറയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ പേരിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ബഹുജന്‍ ജാതിയില്‍ നിന്നും രണ്ട് പേരാണ് സഖ്യത്തിലുള്ളത്. സ്ത്രീ എം.എല്‍.എമാര്‍ ആരും തന്നെ വേദിയില്‍ ഉണ്ടായിരുന്നില്ല.

അവലംബം: thewire.in
വിവ: പി.കെ സഹീര്‍ അഹ്മദ്

Related Articles