Onlive Talk

പുതിയൊരു ലോകം പണിയാം

പുതിയ ഒരു വർഷത്തേക്ക് നാം പ്രവേശിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ നിന്ന് ഒരു വർഷം കൊഴിഞ്ഞു പോവുക കൂടിയാണ്.  തേഞ്ഞു തീരാറായ ചെരുപ്പ് പറയുന്നത് , തേയ്മാനം സംഭവിച്ചിട്ടുള്ളത് എനിക്ക് മാത്രമല്ല നിന്റെ ആയുസ്സിനു കൂടിയാണ് എന്നാണ് . ഇന്നലെകളെ കുറിച്ച് നാം ഓർക്കണം അത് നമ്മുടെ മുന്നോട്ടുള്ള യാത്രക്ക് ഉപകരിക്കും. അതിനാലാണ് സന്മാർഗ ഗ്രന്ഥം ചരിത്രം പറയുകയും ചരിത്ര പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. “അവര്‍ ഈ ഭൂമിയില്‍ സഞ്ചരിക്കാറില്ലേ? എങ്കിലവര്‍ക്ക് ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകുമായിരുന്നു. സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്. (Sura 22 : Aya 46)

ഭൂതകാലത്തിൽ തളച്ചിടാനല്ല ചരിത്രം. നാളെയെ കരുത്തുറ്റതാക്കാനുള്ള പ്രചോദനമായിരിക്കണമത്.  ‘ന്റുപ്പാപ്പക്കൊരാനണ്ടാർന്നു’ ശരിയാണ് , പക്ഷേ ഇപ്പോൾ നീ എന്ത് ചെയ്യുന്നു? ഇന്ന് നീ ആരാണ്? എന്താവാൻ സാധിക്കും? എന്നത് പ്രധാനമാണ്. ഇന്നലെയുടെ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്നുകൾ ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇന്ന് ചെയ്യാവുന്ന പരമാവധി ചെയ്യാൻ കഴിയും. എങ്കിൽ നാളെ സുന്ദരമായി തീരും. അസ്തമിക്കുന്നതിന് തൊട്ടുമുമ്പ് സൂര്യൻ ചോദിച്ചു വല്ലോ ഞാനിതാ പോയി മറയുകയാണ് എനിക്ക് ശേഷം ഇനി ആരുണ്ട് ഈ ഭൂമിക്ക് വെട്ടം നൽകാൻ എന്ന് നിശബ്ദമായ ആ സന്ദർഭത്തിൽ അങ്ങകലെ നിന്ന് ഒരു മൺചിരാത് പറഞ്ഞുവത്രെ, എനിക്ക് സാധിക്കുന്നത് ഞാൻ ചെയ്യാമെന്ന്. അങ്ങനെ പറയാൻ നാം തയ്യാറായാൽ അസ്തമയസൂര്യനോട് പരാതി പറയാതെ നാളത്തെ ഉദയം പ്രതീക്ഷിച്ചു നമുക്കു പൊരുതാനും മുന്നേറാനും സാധിക്കും. നമുക്കിനിയും ഏറെ ദൂരം സഞ്ചരിക്കാൻ ഉണ്ട്. മുന്നിൽ കാണുന്ന വഴികളൊക്കെയും നടന്നുതീർക്കണം. നമുക്കുവേണ്ടി മറ്റാരും നടക്കുകയില്ല.

ഒരു കുറുക്കൻ ആമയെ പിടികൂടി അതിന്റെ തോട് പൊട്ടിച്ചു തിന്നാൻ ഒരുങ്ങുമ്പോൾ കുറുക്കൻ ആമയോട് ചോദിച്ചു “നിനക്ക് എന്തെങ്കിലും അന്ത്യാഭിലാഷം ഉണ്ടോ” എന്ന്. ആമ പറഞ്ഞു: “അല്പസമയം എനിക്ക് നൽകണം” കുറുക്കൻ അത് അനുവദിച്ചു. ആമ തൊട്ടടുത്തുണ്ടായിരുന്ന ചപ്പുചവറുകളൊക്കെ വാരിക്കൂട്ടി തന്റെ കൊച്ചു കാലുകൾ കൊണ്ട് ഒരു കുഴിയെടുത്ത് അതിലിട്ട് മൂടി. മടങ്ങി വന്നപ്പോൾ കുറുക്കൻ ചോദിച്ചു ” എന്തു വിഡ്ഢിത്തമാണ് നീ ചെയ്തത്? എന്താണ് നിനക്ക് അതു കൊണ്ടുള്ള പ്രയോജനം? ആമ പറഞ്ഞു: ” ഈ ഭൂമിയിൽ ഞാൻ ജീവിച്ചിരുന്നതിന് തെളിവ് രേഖപ്പെടുത്താൻ എനിക്ക് സാധിച്ചുവല്ലോ! ” നമുക്ക് നമ്മുടെ ഭൂമിയിലെ ഭാഗധേയം നിർവഹിക്കാൻ, ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കണം . നമ്മുടെ കർമ്മങ്ങൾ മാത്രമല്ല അതിലൂടെ ഭൂമിയിൽ ബാക്കിയാകുന്ന അനന്തരഫലങ്ങളും രേഖപ്പെടുത്തപ്പെടും എന്ന് ഖുർആൻ പറയുന്നു: “നിശ്ചയമായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു. (Sura 36 : Aya 12)”

പുതിയ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കലണ്ടർ മാറ്റി വെക്കുക എന്നതല്ലാത്ത എന്തുമാറ്റമാണ് നാം നേടുന്നത്? പുതിയ പ്രഭാതത്തിൽ ‘ഗുഡ്മോർണിംഗ്’ എന്ന് പറയുന്നു . സുന്ദരമായ ഒരു സ്വപ്നമെങ്കിലും ഓരോ പുലരിയിലും നമുക്ക് ഉണ്ടാവുന്നുണ്ടോ?. നമുക്ക് പുതിയൊരു ലോകം വേണം. ശാന്തിയുടെയും സമാധാനത്തിന്റെയും ലോകം. സ്വാതന്ത്ര്യത്തിന്റെയും നിർഭയത്വത്തിന്റെയും പുതിയ ലോകം. ആ ലോകത്ത്, ജാതിയുടെയോ മതത്തിന്റെയോ പേരിൽ മനുഷ്യൻ മനുഷ്യന്റെ മുന്നിൽ തല കുനിക്കേണ്ടി വരില്ല. നമ്മുടെ മുഴുവൻ കഴിവുകളും പുതുലോക നിർമ്മിതിക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ ഒരുക്കം ആണെങ്കിൽ നമുക്ക് ലക്ഷ്യം നേടാൻ സാധിക്കും. വലിയ സ്വപ്നങ്ങൾ ഉണ്ടെങ്കിലേ, വലിയ നേട്ടങ്ങൾ കൈവരിക്കാനാവൂ. അചഞ്ചലമായ വിശ്വാസവും നിരന്തര കർമവും ഈ ലോകത്തെ മുഴുവൻ ചൂഴ്ന്നു നിൽക്കുന്ന സ്നേഹവും ആവണം നമ്മുടെ പ്രകൃതം. ലോകത്തെയും അതിലുള്ളതിനെയും സ്നേഹിക്കുന്നത് അടവുനയം ആയല്ല തനത് നയമായി സ്വീകരിക്കാൻ നമുക്ക് സാധിക്കുമെങ്കിലേ, നിർഭയത്വമുള്ള ലോകം യാഥാർഥ്യമാകൂ.

ആശങ്കകളുടെ ഇറയത്തു നിന്നാൽ നേട്ടങ്ങൾ കേവല സ്വപ്നമായി അവശേഷിക്കും. ചവിട്ടുന്ന സൈക്കിൾ കണ്ടിട്ടില്ലേ, സ്വയം നിൽക്കാൻ സാധ്യമല്ലാത്ത ഒരു വാഹനമാണത്. എവിടെയെങ്കിലും ചാരി വെക്കുകയോ സ്റ്റാൻഡിൽ നിർത്തുകയോ വേണം . എന്നാൽ എവിടെയും ചാരി വെക്കാതെ ഭാരം കയറ്റി അത് ഉരുണ്ടു പോകുന്നു. സൈക്കിൾ ചവിട്ടുന്നയാൾ എന്തെല്ലാം കാര്യങ്ങളാണ് ഒരേസമയം ചെയ്യുന്നത്! കാലുകൊണ്ട് ചവിട്ടി കറക്കണം, ബെല്ലും ബ്രേക്കും കൈകൾകൊണ്ട് നിയന്ത്രിക്കണം… ഇത് നോക്കി നിൽക്കുന്ന ആൾക്ക് ഒരു അത്ഭുത വാഹനം തന്നെ!. എന്നാൽ യാത്രക്കാരൻ ഇതു വല്ലതും ചിന്തിക്കുന്നുണ്ടോ? ഇല്ല. ചവിട്ടി പഠിക്കുന്ന കാലത്ത് ചെറിയ വീഴ്ചകൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ എത്ര നിസ്സാരമായാണ് തിരക്കേറിയ റോഡിലൂടെ അദ്ദേഹം സൈക്കിൾ കൊണ്ടുപോകുന്നത്! നിരന്തര പരിശീലനത്തിലൂടെ നമുക്ക് നേടിയെടുക്കാൻ ആവാത്ത ഒന്നും തന്നെയില്ല. പൂർവികർ കഠിനാധ്വാനം ചെയ്തു നേടിത്തന്ന ജീവിതസൗകര്യങ്ങൾ വരും തലമുറയ്ക്ക് കൂടി കൈമാറാനും, സ്വന്തം ഉത്തരവാദിത്വം നിർവഹിച്ചവരായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട വരാവാനും പരിശ്രമിക്കുമെന്ന പ്രതിജ്ഞയോടെ പുതുവർഷത്തെ നമുക്ക് വരവേൽക്കാം.

Facebook Comments
Related Articles
Show More
Close
Close