Current Date

Search
Close this search box.
Search
Close this search box.

തമസ്‌കരിക്കപ്പെട്ട നവോത്ഥാന ശില്‍പികള്‍

കെ.ഇ.എന്‍ തന്റെ ‘കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ‘കേരളീയ നവോത്ഥാനത്തിന്റെ അതി ബ്രഹത്തായ ചരിത്രം സംഗ്രഹിക്കുക പ്രയാസമാണ്. 1852ല്‍ തന്നെ മമ്പുറം തങ്ങള്‍ ആചാര ഭാഷയെ വെല്ലുവിളിക്കുന്നുണ്ട്. ‘തിരുമേനി’ എന്നു വിളിക്കരുതെന്നും ആരുടെയും ഉഛിഷ്ടം ഭക്ഷിക്കരുതെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനടിസ്ഥാനം ഇസ്‌ലാം മതം ഉയര്‍ത്തിപ്പിടിക്കുന്ന തൗഹീദില്‍ (ഏകദൈവ ദര്‍ശം) കണ്ടെത്താന്‍ കഴിയും.’പടച്ച തമ്പുരാനല്ലാതെ വേറൊരു തമ്പുരാനുമില്ല’ എന്ന മതതത്വം തന്നെയാണ് ഒരു സവിശേഷ സാമൂഹ്യ സന്ദര്‍ഭത്തില്‍ മമ്പുറം തങ്ങള്‍ അമര്‍ത്തിപ്പറഞ്ഞത് ‘ (പുറം: 19)

ഇനി ഡോ: കെ.കെ.എന്‍ കുറുപ്പിനെ ഉദ്ധരിക്കാം: ‘കുഞ്ഞാലി മരക്കാരുടെ ചെറുത്തുനില്‍പ്പാണ് മലയാളത്തെ സംരക്ഷിച്ചത്. തുഞ്ചത്തെഴുത്തച്ഛന് രാമായണമെഴുതാനും ഭാഷയുടെ സേവനത്തില്‍ വ്യാപൃതനാവാനും കഴിഞ്ഞത് കുഞ്ഞാലി മരക്കാരുടെ ചെറുത്തുനില്‍പ്പിന്റെ ഫലമായാണ്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പൈതൃകത്തെക്കുറിച്ചു പറയുമ്പോള്‍ കുഞ്ഞാലി മരക്കാരുടെ ചെറുത്ത് നില്‍പ്പുകളെ ആരും അനുസ്മരിക്കാറില്ല’ (കുഞ്ഞാലി മരക്കാര്‍: ഡോ: കെ.കെ.എന്‍ കുറുപ്പും മറ്റുള്ളവരും)

സ്വല്‍പം കൂടി പിറകോട്ട് പോയാല്‍ ചിത്രത്തില്‍ നാം ടിപ്പു സുല്‍ത്താനെ കാണുന്നു. കാല്‍ നൂറ്റാണ്ടുകാലത്തെ ഹൈദരാലി- ടിപ്പു കൂട്ടുകെട്ടിന്റെ മലബാര്‍ ഭരണത്തെ വെറും ‘പടയോട്ടം’ മാത്രമായി ചുരുക്കിയവര്‍ പോലും ജാതീയതക്കും ലൈംഗികരാജകത്വത്തിനുമെതിരെയും സ്ത്രീകള്‍ മാറുമറക്കാന്‍ വേണ്ടിയും ടിപ്പു സുല്‍ത്താന്‍ നടത്തിയ വിപ്ലവ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട് (പി.കെ.ബാലകൃഷ്ണന്റെ ‘ടിപ്പുസുല്‍ത്താന്‍’ കാണുക).

അതുപോലെ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും മഖ്ദൂം രണ്ടാമനും. തുടര്‍ന്ന് ഖാദി മുഹമ്മദ്. പിന്നെ മമ്പുറം സയ്യിദ് അലവി തങ്ങള്‍, അദ്ദേഹത്തിന്റെ മകന്‍ ഫസല്‍ പൂക്കോയ തങ്ങള്‍…നവോത്ഥാന മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഇവര്‍ രചിച്ച തഹ്‌രീദ്, തുഹ്ഫത്തുല്‍ മുജാഹിദീന്‍,ഫത്ഹുല്‍ മുബീന്‍, സൈഫുല്‍ബത്താര്‍, ഉദ്ദത്തുല്‍ ഉമറാഅ എന്നീ വിഖ്യാത ഗ്രന്ഥങ്ങള്‍… ബ്രിട്ടീഷ് ഇന്ത്യയില്‍
നികുതി നിഷേധ പ്രസ്ഥാനത്തിനും ഒപ്പം മനുഷ്യസ്‌നേഹത്തിനും നേതൃത്വം നല്‍കിയ ഉമര്‍ ഖാദി, പീഡിത പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി തൂലിക പടവാളാക്കിയ മക്തി തങ്ങള്‍…(ഇവരെ കുറിച്ചറിയാന്‍ കെ.ടി ഹുസൈന്‍ രചിച്ച ‘കേരള മുസ്‌ലിംകള്‍ അധിനിവേശ പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രം’
എന്ന പുസ്തകം സഹായകമാണ്)

മലബാര്‍സമര നായകന്മാരായ ആലി മുസ്‌ല്യാരും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ജാതീയതക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ജീവിതം കൊണ്ട് പോരാടി. കീഴ്ജാതിക്കാര്‍ക്കൊപ്പം തോളില്‍ കയ്യിട്ടു നടക്കാനും ഭക്ഷണം കഴിക്കാനും ഇവര്‍ സമയം കണ്ടെത്തി.

വക്കം മൗലവിയാണ് അവിസ്മരണീയനായ മറ്റൊരാള്‍. ശ്രീനാരായണ ഗുരുവിന്റെ സമശീര്‍ഷകനാണ് വക്കം മൗലവി. ഗുരുവുമായി മൗലവിക്ക് ഗാഢബന്ധം ഉണ്ടായിരുന്നു. ഗുരുവിന്റെ സമത്വചിന്തയില്‍ ഇസ്‌ലാമിനും വക്കം മൗലവിക്കുമുള്ള പങ്ക് പലരും സ്മരിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരു 1928ല്‍ സമാധിയായപ്പോള്‍ 1932ല്‍ ആണ് വക്കം മൗലവിയുടെ ദേഹവിയോഗം. രണ്ട് നവോത്ഥാന സാരഥികളുടെയും വേര്‍പാടുകള്‍ക്കിടയില്‍ 4 വര്‍ഷങ്ങളുടെ മാത്രം വ്യത്യാസം!

അടുത്തിടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തന്നെ പറഞ്ഞതുപോലെ ‘വക്കം മൗലവി ഇല്ലായിരുന്നെങ്കില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉണ്ടാകുമായിരുന്നില്ല’ സ്വദേശാഭിമാനി മാത്രമല്ല, നവോത്ഥാനത്തിനു വേണ്ടി ദീപിക, മുസ്‌ലിം,ഇസ്‌ലാം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും മൗലവി നടത്തിയിരുന്നു. ഇതില്‍ സ്ത്രീ സംസ്‌കരണം മാത്രം ലക്ഷ്യമിട്ട് പുറത്തിറക്കിയതായിരുന്നു ‘അല്‍ ഇസ് ലാം’!.

Related Articles