Onlive Talk

മതസൗഹാര്‍ദ്ദപൂര്‍ണ്ണമാണ് കേരളീയ നവോത്ഥാനം

വനിതാ മതില്‍ കേരളീയ ചരിത്രത്തിലെ ഒരു ഏടാകാന്‍ ശ്രമിക്കുമ്പോള്‍ ,ഉണര്‍വിന്റെ ചരിത്രം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ജാതീയ ഭ്രാന്തിന്റെ സൃഷ്ടിയാണോ എന്ന് മതന്യൂനപക്ഷങ്ങള്‍ ഭയപ്പെടുമ്പോള്‍, കേരളീയ നവോത്ഥാനത്തിന്റെ അടിവേരാഴ്ന്ന മണ്ണ് ചികയുന്നത് ചരിത്രത്തോടും മഹാരഥന്മാരായ സാമൂഹിക പരിഷ്‌കര്‍ത്താക്കളോടും അത്യാവശ്യം ചെയ്യേണ്ട നീതിയാണ്. മാനവിക മൂല്യങ്ങളുയര്‍ത്തി മനുഷ്യനെ മാലാഖയോളം ഉയര്‍ത്താന്‍ പരിശ്രമിച്ച മുസ്ലിം െ്രെകസ്തവ ധാര്‍മിക മൂല്യങ്ങളെ തമസ്‌കരിച്ച്, ഏതൊരു നവോത്ഥാനത്തെക്കുറിച്ച് സംസാരിച്ചാലും അത് അപൂര്‍ണമാകും.

കൊളോണിയലിസത്തിന്റെ ഭാഗമായി ആധുനികവിജ്ഞാനം ക്രിസ്ത്യന്‍ മിഷനറിമാറിലൂടെ കേരളം പരിചയപ്പെട്ടുവെങ്കിലും നവോത്ഥാന മൂല്യങ്ങളായി കരുതപ്പെടുന്ന സമത്വവും മാനവികതയും അതിനും എത്രയോമുമ്പ് പ്രബോധകരായും കച്ചവടക്കാരുമായി ഇവിടെവന്ന ആദ്യകാല അറബ് മുസ്ലീങ്ങളിലൂടെയാണ് കേരളം മനസ്സിലാക്കിയത്. അല്പമെങ്കിലും ചരിത്ര ജ്ഞാനമുള്ളവര്‍ക്ക് നിഷേധിക്കാനാവാത്ത സത്യത്തെ വോട്ടുബാങ്ക് മുന്നില്‍ കണ്ട് ചില ആശ്വാസ സൂചകങ്ങളില്‍ ഒതുക്കിയാല്‍ തീരുന്നതല്ല, സവര്‍ണ്ണ പീഡയില്‍ ഞെരിഞ്ഞമര്‍ന്ന കീഴാള വിഭാഗത്തിന് ഉയിരും അന്തസ്സും നല്‍കിയ പ്രഭയാര്‍ന്ന കേരളീയ നവോത്ഥാനത്തിന്റെ കഥ.

.മണ്ണാപ്പേടിയും പുലയപ്പേടിയും കാരണം ജാതിഭ്രഷ്ടരായവര്‍ക്ക് മനുഷ്യനായി മാറാന്‍ മുസ്ലീങ്ങളാവേണ്ടിവന്നത് ഒറ്റപ്പെട്ട സംഭവമല്ല .ഇവിടെ ജീവിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ജനതയുടെ ബാഹുല്യം മാത്രം മതി ആ ജാതിഭ്രാന്തിന്റെ ആഴമളക്കാന്‍. കീഴാളരെ കണിയായിക്കണ്ട കാരണം ജാതിഭ്രഷ്ടരായ സ്ത്രീകളുമായ വിവാഹമാണ് കേരളത്തിലെ പ്രമുഖമായ പല മുസ്ലിം കുടുംബങ്ങളുടെയും ഉല്‍പ്പത്തിക്ക് കാരണം. 1930കളില്‍ രചിക്കപ്പെട്ട ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം’ എന്ന പുസ്തകം അതിനുദാഹരണമാണ് . ‘എത്രയോ ദൂരം വഴി തെറ്റി നില്‍ക്കേണ്ടാ രേഴചെറുമന്‍ പോയി തൊപ്പിയിട്ടാ
ചുറ്റും അവനെത്തിച്ചാരത്തിരുന്നിടാ ചെറ്റും പേടിക്കണ്ട തമ്പുരാനേ..’എന്ന കുമാരനാശാന്റെ ദുരവസ്ഥയിലെ കവിതാശകലം മതപരിവര്‍ത്തനത്തിലൂടെ കീഴാളര്‍ക്ക് ലഭിച്ച സാമൂഹിക പദവിയും അംഗീകാരവും അനാവരണം ചെയ്യുന്നു.

കേരളീയ നവോത്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്കുള്ള സുപ്രധാനവും അനിഷേധ്യവുമായ പങ്ക് മനസ്സിലാക്കാന്‍ ടിപ്പുസുല്‍ത്താന്റെ ഭരണപരിഷ്‌കരണങ്ങളെയും മലബാറിലെ മാപ്പിളമാര്‍ ഒരു നൂറ്റാണ്ടുകാലം നടത്തിയ സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ സമരങ്ങളെയും അവയുടെ ആശയ സ്രോതസ്സുകളെയും കുറിച്ച് നിഷ്പക്ഷമായും വസ്തുനിഷ്ഠമായും പഠിച്ചാല്‍ മാത്രം മതി. മാനവികത ,സമത്വം എന്നിവയുടെ കൂടെ ഇസ്ലാം ശക്തമായി മുന്നോട്ടുവെക്കുന്ന നീതിയുടെയും സത്യത്തിന്റെയും മുഴുവന്‍ സനാതനമൂല്യങ്ങളെയും ഉള്‍ക്കൊണ്ടാണ് ഈ സമരങ്ങളെല്ലാം രൂപപ്പെട്ടത് .നായര്‍ സമൂഹത്തിലെ ലൈംഗിക അരാജകത്വത്തിനെതിരെയും കീഴാള സ്ത്രീകള്‍ മാറുമറയ്ക്കാതിരിക്കുന്നതിനെതിരെയും ടിപ്പുസുല്‍ത്താന്‍ നടത്തിയ നീക്കങ്ങള്‍ ശ്രദ്ധേയമാണ്.

പില്‍ക്കാലത്ത് മാറുമറക്കാനുള്ള അവകാശം കീഴാള സ്ത്രീകള്‍ക്ക് ലഭിക്കാന്‍ ചാന്നാര്‍ ലഹളയും ചേരൂര്‍ ലഹളയും നടത്താനുള്ള ധൈര്യം നല്‍കിയത് അക്കാലത്തെ മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ നിര്‍ബന്ധബുദ്ധിയുടെ സ്വാധീനം കൂടിയാണ്. മമ്പുറം തങ്ങളുടെ നേതൃത്വത്തില്‍ ചേരൂര്‍ ലഹള നടന്നത് ,ചിരുത എന്ന കീഴാളസ്ത്രീ മതംമാറി കുപ്പായമിട്ടപ്പോള്‍ അവരുടെ മാറ് വലിച്ചുകീറിയ ജന്മിക്കെതിരെ ആയിരുന്നു.

കേരളത്തിന്റെ പൊതുജീവിതത്തെ തുറവിയുള്ളതാക്കിയതും ജാത്യാചാരങ്ങളെ പാലിക്കാത്ത സാമൂഹിക ഘടനയിലേക്ക് പതുക്കെയാണെങ്കിലും കേരളീയരെ എത്തിച്ചതും ഇസ്ലാമികാശയങ്ങളും മുസ്ലിം ജീവിതങ്ങളും ആയിരുന്നു .’മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മില്‍ വളരെ സൗഹാര്‍ദ്ദത്തിലും മമതയിലുമാണ് വര്‍ത്തിച്ചിരുന്നത് .വ്യാപാരകുത്തക പ്രധാനമായും മുസ്ലിങ്ങള്‍ക്കായിരുന്നു.അതിനാല്‍ ഹിന്ദുക്കള്‍ മുസ്ലിങ്ങളെ ബഹുമാനിച്ചിരുന്നു .മലബാറിലെ പല ഭാഗങ്ങളുടെയും പുരോഗതിക്ക് പ്രധാന കാരണക്കാര്‍ മുസ്ലിംകളായിരുന്നു .സവര്‍ണ്ണ ജന്മിമാര്‍ക്ക് മുസ്ലിങ്ങളുടെ സഹായം കൂടാതെ ജീവിക്കാന്‍ സാധിച്ചിരുന്നില്ല.കീഴാളരായ ജനതക്ക് മുസ്ലിം സമൂഹത്തില്‍ അന്തസ്സും അഭിമാനവും അനുവദിച്ചു കിട്ടിയിരുന്നു .എത്ര താഴ്ന്ന ജാതിയില്‍പ്പെട്ട വനാണെങ്കിലും ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞാല്‍ മറ്റു മുസ്ലിംകളെ പോലെ അദ്ദേഹത്തോടും പെരുമാറിയിരുന്നു .

പുതുതായി ഇസ്ലാമിലേക്ക് വരുന്നവരെ മാന്യരായി പുനരധിവസിപ്പിക്കാന്‍ ഒരു ഫണ്ട് തന്നെ മുസ്ലിങ്ങള്‍ക്കിടയില്‍ സ്വരൂപിച്ചിരുന്നു .മനുഷ്യനായി നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ ആഗ്രഹമുള്ളവര്‍ സ്വാഭാവികമായും ഇസ്ലാമിലേക്ക് വരാന്‍ പ്രേരിതരായി ‘(കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ബ വേലായുധന്‍ പണിക്കശ്ശേരി പേജ് 88).

ഇസ്ലാമിന്റെ പ്രചാരണം കേരളത്തിലെ ജാതി ബോധ സമവാക്യങ്ങളില്‍ വിള്ളല്‍ വീഴ്ത്തി.ഹിന്ദു സമൂഹത്തിലും ആഭ്യന്തരമായ പരിവര്‍ത്തനങ്ങളെ കുറിച്ചുള്ള ചിന്തകള്‍ക്കും ഇസ്ലാമികസമൂഹം തുടക്കമിട്ടു.സാംസ്‌കാരികമായി ജാത്യാചാരങ്ങളുടെ സംഘര്‍ഷം അനുഭവിച്ചിരുന്ന സ്ത്രീസമൂഹത്തിനു ഇസ്ലാം അനുഗ്രഹമായി. നായര്‍ സമുദായത്തില്‍ ഉണ്ടായിരുന്ന ബഹുഭര്‍ത്തൃത്വം ,ആശാരിബ മൂശാരി ബതട്ടാന്‍ കരുവാന്‍ തുടങ്ങിയ കമ്മാള ജാതിക്കാരില്‍ നിലനിന്നിരുന്ന പാണ്ഡവ ചാരം (ഒരു സ്ത്രീയെ രണ്ടോമൂന്നോ സഹോദരന്മാര്‍ ചേര്‍ന്ന് കല്യാണം ചെയ്യുക )തുടങ്ങിയ ആചാര വിപത്തുകളില്‍ നിന്ന് സമൂഹത്തെ പരിരക്ഷിക്കാന്‍ കൂടി ഇസ്ലാം സഹായകമായി.

‘ഈ വിധത്തിലുള്ള അനേകം ദുരാചാരങ്ങള്‍ അവര്‍ അജ്ഞത കൊണ്ട് സ്വയം നിര്‍ബന്ധമാക്കിയിട്ടുണ്ട് .ഇത്തരം അനാചാരങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയതിനാല്‍ അവര്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു .ഏക ദൈവവിശ്വാസം ,ജാതിരഹിത ജീവിതം തുടങ്ങി അനേകം വിശിഷ്ടതകള്‍ ഇസ്ലാമിനെ അവശത അനുഭവിച്ചിരുന്ന സാമാന്യ ജനങ്ങളെ ആകര്‍ഷിച്ചു ‘(സാഹിത്യ ചരിത്ര സംഗ്രഹം പേജ് 46).
കേരളത്തില്‍ ഉണ്ടായിരുന്ന നീച സമ്പ്രദായമായിരുന്നു ‘വിശുദ്ധ വേശ്യാവൃത്തി !’ക്ഷേത്രങ്ങളോടനുബന്ധിച്ച് ദേവദാസികളും ഉണ്ടായിരുന്നു .കാലാന്തരത്തില്‍ അവര്‍ കേവലം വേശ്യകളായി രൂപാന്തരപ്പെട്ടു .ഇവരെ ചുറ്റിപറ്റിയാണ് സാഹിത്യത്തില്‍ മണിപ്രവാള പ്രസ്ഥാനം വളര്‍ന്നുവന്നത്.

‘നമ്പൂതിരിമാര്‍ ജന്മിമാര്‍ സൗകര്യത്തിനുവേണ്ടി നിയമമുണ്ടാക്കി സാന്മാര്‍ഗ്ഗികമായ ഈ അധപതനം അതിന്റെ പാരമ്യത്തിലെത്തിച്ചത് പതിനഞ്ചും പതിനാറും ശതകങ്ങളില്‍ ആണ് ‘(കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ ബഇളംകുളം കുഞ്ഞന്‍പിള്ള )ധാര്‍മികവും സാംസ്‌കാരികവുമായ അധപതനത്തില്‍നിന്നും കേരളത്തിലെ ജാതി സമൂഹങ്ങളെ നവോത്ഥാനത്തിലേക്കും മനുഷ്യത്വത്തിലേക്കും കൈപിടിച്ചുനടത്തിയത് ഇസ്ലാമായിരുന്നു .ശരീരം മറച്ച മുസ്ലിം സ്ത്രീകളും ജാതിനിയമങ്ങള്‍ ആചരിക്കാതെ സമത്വപൂര്‍വം പെരുമാറുന്ന മുസ്ലിം സാമൂഹിക ബന്ധങ്ങളും സാമ്പത്തികകാര്യങ്ങളില്‍ മുസ്ലിങ്ങള്‍ കാണിച്ച വിശുദ്ധിയും പതുക്കെ ഹിന്ദുസമൂഹങ്ങളെ മാറ്റങ്ങള്‍ക്ക് പ്രേരിപ്പിച്ചു .ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറില്‍ നടന്ന സംഘര്‍ഷങ്ങളുടെ തുടക്കം മണ്ണാര്‍ക്കാട് പള്ളി കറുപ്പില്‍ വച്ചായിരുന്നു.

ഇതിന് കാരണം കീഴാള ജാതിയില്‍പ്പെട്ട ഒരു സ്ത്രീയുടെ അഭിമാനം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിങ്ങള്‍ സ്വീകരിച്ച നിലപാടായിരുന്നു .നായര്‍ ജന്മിയില്‍ നിന്നും തന്റെ ശരീരവും മാനവും രക്ഷിക്കണമെന്ന പേക്ഷിച്ച് ഒരു സ്ത്രീ കുഞ്ഞിക്കോയ തങ്ങളുടെ അടുത്ത് വന്ന് അഭയം തേടുന്നു ഉടനെ വാരിയന്‍കുന്നത്ത് ഹാജിയുടെ പിതാവ് മൊയ്തീന്‍കുട്ടി ഹാജിയെയും സുഹൃത്തുക്കളെയും വിളിച്ചുചേര്‍ത്ത് കുഞ്ഞിക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു ‘ഒരു സ്ത്രീ അവള്‍ ഏതു മതത്തിലോ ജാതിയിലോ പെട്ടതാവട്ടെ തന്റെ മാനവും ജീവനും അപകടത്തിലാണെന്ന് ഉത്തമ ബോധ്യത്തില്‍ ഭയപ്പെട്ട് മുസ്ലിമായ മനുഷ്യന്റെയടുത്ത് അഭയം തേടിയാല്‍ സ്വന്തം ജീവന്‍ കൊടുത്തും അവളെ രക്ഷിക്കേണ്ടത് അവന്റെ മതപരമായ ബാധ്യതയാണ് .

ഈ ആഹ്വാനത്തോടെയാണ് ചാവേറുകളായി മാപ്പിളപ്പോരാളികള്‍ പോരാടാന്‍ ഇറങ്ങിയത് .32 മാപ്പിളമാര്‍ രക്ത സാക്ഷികളാവുകയും 5 പട്ടാളക്കാര്‍ കൊല്ലപ്പെടുകയും ചെയ്ത പോരാട്ടത്തില്‍ മാപ്പിളമാരുടെ കൂടെ സ്ത്രീകളും പങ്കെടുത്തിരുന്നതായി ചരിത്രരേഖകളില്‍ കാണാം .സ്ത്രീയുടെ അഭിമാനസംരക്ഷണത്തിനു നടത്തിയ പോരാട്ടത്തിനൊടുവില്‍ കീഴാള ജാതിക്കാര്‍ക്കിടയില്‍ സുരക്ഷിതത്വവും അഭിമാനബോധവും വളര്‍ന്നുതുടങ്ങി. ഇസ്ലാം സ്വീകരിച്ചാല്‍ ഇല്ലത്തേക്ക് കടക്കാം എന്ന പണ്ഡിറ്റ് കറുപ്പന്റെ പ്രസ്താവനയും ചൂഷണങ്ങള്‍ക്കെതിരെ സംഘടിക്കാനുള്ള ഇസ്ലാമിന്റെ ജൈവ ശേഷിയെക്കുറിച്ചുള്ള ഇഎംഎസിന്റെ നിരീക്ഷണവും കേരളീയസമൂഹത്തില്‍ ഇസ്ലാം ചെലുത്തിയ സ്വാധീനങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ്. ടിപ്പുവിന്റെ സാമൂഹിക പരിഷ്‌കരണങ്ങളും വളരെ പ്രധാനമാണ് . ദക്ഷിണകേരളത്തിലെ 60 ക്ഷേത്രങ്ങള്‍ക്ക് പണം നല്‍കിയിരുന്നതായി ഡോ.സി കെ കരീം രേഖപ്പെടുത്തിയിട്ടുണ്ട് .ഗുരുവായൂര്‍ ക്ഷേത്രത്തിന് മാത്രം 625 ഏക്കര്‍ അദ്ദേഹം ദാനം ചെയ്തിരുന്നു.

ടിപ്പുസുല്‍ത്താന്‍ തന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ മതസ്വാതന്ത്ര്യം അനുവദിച്ചു .അതേസമയം വിശ്വാസത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിച്ചിരുന്നില്ല. ഹിന്ദു സമൂഹത്തിലെ അടിമത്തം അദ്ദേഹം നിരോധിച്ചു .ഹിന്ദു സ്ത്രീകളെ പൊതുസ്ഥലങ്ങളിലും ചന്തകളിലും വച്ച് ലേലം ചെയ്തു വിറ്റിരുന്നു .ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി സ്ത്രീകള്‍ കച്ചവടം ചെയ്യപ്പെട്ടിരുന്നു .ഇതിനെയാണ് ടിപ്പു രാജകീയ കല്‍പ്പനയിലൂടെ നിരോധിച്ചത് .സ്ത്രീകള്‍ക്ക് ഒരേസമയം നാലും അഞ്ചും ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്ന സമ്പ്രദായവും ടിപ്പു നിരോധിച്ചു .മാറുമറക്കാതെ നടന്നിരുന്ന സ്ത്രീകളോട് മാറുമറക്കാന്‍ ആജ്ഞാപിച്ചു .അവര്‍ക്കാവശ്യമായ ചേലകള്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തു. ക്രോഡീകരിച്ച ഒരു നിയമവ്യവസ്ഥ മൈസൂര്‍ ഭരണം പ്രസിദ്ധീകരിച്ചു.

ക്രോഡീകൃത നിയമമോ ചട്ടം കേരളത്തില്‍ അന്നുണ്ടായിരുന്നില്ല .(കൊച്ചി രാജ്യചരിത്രം ,പത്മനാഭമേനോന്‍ വാല്യം 2 പേജ് 425 ഉദ്ദരണം ടി മുഹമ്മദ് മാപ്പിള സമുദായം ചരിത്രം സംസ്‌കാരം) ഓരോ കുറ്റത്തിനും ജാതി പരിഗണിക്കാതെ തുല്യ ശിക്ഷയും നിശ്ചയിക്കപ്പെട്ട ചട്ടങ്ങളും ടിപ്പു കൊണ്ടുവന്നതോടെ സാമൂഹികവും രാഷ്ട്രീയവുമായ വലിയ ചൂഷണങ്ങള്‍ക്കാണ് തല്‍ക്കാലത്തെക്കെങ്കിലും ശമനമായത് .തന്റെ പ്രദേശങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധമാണ് ടിപ്പു നടപ്പിലാക്കിയത് .ജാതി തീണ്ടാപ്പാടുകള്‍ പാലിക്കുന്നത് വിലക്കി .ഒരേ വഴിയിലൂടെ ആര്‍ക്കും നടക്കാമെന്ന് അദ്ദേഹം ഉത്തരവിറക്കി .റോഡുകള്‍ ധാരാളം നിര്‍മ്മിച്ചു .എല്ലാ മനുഷ്യര്‍ക്കും ഒരുമിച്ച് സഞ്ചരിക്കാന്‍ സാധിക്കുന്ന വഴികള്‍ എന്ന ആശയമാണ് റോഡുകളിലേക്കും ഗതാഗത പരിഷ്‌കരണത്തിലേക്കും നയിച്ചത്.

തന്റെ ആത്മാഭിമാനബോധമുള്ള മതവിശ്വാസം തന്നെയാണ് കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കാന്‍ ടിപ്പുവിനെ പ്രേരിപ്പിച്ചത്.
ജാതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ അലയൊലികളായിരുന്നു യഥാര്‍ത്ഥത്തില്‍ കേരളീയ നവോത്ഥാനം.കടുത്ത ജാതിവ്യവസ്ഥ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് നിഷേധിച്ച സാഹോദര്യവും ഏക മാനവികതയും മനുഷ്യര്‍ക്കിടയില്‍ നടപ്പിലാക്കിയ ഇസ്ലാമിക സംസ്‌കാരത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്താതെയുള്ള ഏതൊരു നവോത്ഥാന ചിന്തയും ചരിത്രത്തെ വിസ്മരിക്കുകയാണ്. കേരളത്തില്‍ രൂപപ്പെട്ട നവോത്ഥാനം ‘മതാതീതമായ ഒരു പാരസ്പര്യം രൂപപ്പെടുത്തിയെന്ന ഇടതുപക്ഷത്തിന്റ ചരിത്രവാദം വ്യാജ നിര്‍മിതിയാണ്.

പത്തൊമ്പത്തും ഇരുപതും നൂറ്റാണ്ടുകളില്‍ കേരളത്തിലുണ്ടായ എല്ലാ ഉണര്‍വുകളുടെയും അടിസ്ഥാന പ്രചോദനം യൂറോപ്യന്‍ നവോത്ഥാനമാണ് എന്നതാണ് ഇടതു മതേതര വാദികളുടെ വിശകലനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സ്വാഭാവികമായും ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും സംഭാവനകള്‍ അവിടെ തമസ്‌കരിക്കപ്പെട്ടു. മുസ്ലിംകളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിലും അത് കേരളീയ സാമൂഹിക ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വിശകലനം ചെയ്ത് അതിന് സിദ്ധാന്ത വല്‍ക്കരിക്കുന്നതിലും മുസ്ലിങള്‍ പിന്നോട്ട്‌ പ്പോയതും ഈ തമസ്‌കരണത്തിനു കാരണമായിട്ടുണ്ട്.

Facebook Comments
Show More

Related Articles

Close
Close