Current Date

Search
Close this search box.
Search
Close this search box.

കുടിവെള്ളത്തിനായി കേഴുന്ന കറാച്ചി

ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കറാച്ചി ഇന്ന് ഒരു തുള്ളി വെള്ളത്തിനായി അലയുകയാണ്. കുടിവെള്ളം എന്നത് അക്ഷരാര്‍ത്ഥത്തില്‍ കിട്ടാക്കനിയായി മാറിയിരിക്കുകയാണ് ഇവിടെ. പൊതു ടാപ്പുകള്‍ വഴി ഇവിടെ വെള്ളം ലഭിക്കുക എന്നത് അപൂര്‍വ സംഭവമാണ്. ‘അവസാനമായി ഞങ്ങള്‍ക്ക് പൈപ്പ് ലൈന്‍ വഴി വെള്ളം ലഭിച്ചത് 33 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു തരത്തിലുള്ള വെള്ളവും ഞങ്ങള്‍ക്ക് ഇവിടെ ലഭിക്കാറില്ല, കുടിക്കാനുള്ള ശുദ്ധജലത്തിനായി ഞങ്ങള്‍ കൊതിക്കുകയാണ്. എന്തായാലും അല്ലാഹു ഞങ്ങള്‍ക്ക് ശുദ്ധ ജലം തരും’ അറുപതുകാരിയായ റാബിയ ബീഗം പറയുന്നു. പാകിസ്താനിലെ ഏറ്റവും വലിയ നഗരം കൂടിയായ കറാച്ചിയിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ കാണാന്‍ കഴിയുന്ന കാഴ്ചയാണിത്.

ഇവിടെ ഭൂരിഭാഗം പേരും വെള്ളം ശേഖരിക്കുന്നത് കുഴല്‍ കിണറുകളില്‍ നിന്നാണ്. തീരദേശ നഗരമായതിനാല്‍ തന്നെ ഭൂഗര്‍ഭ ജലത്തില്‍(കിണര്‍) ഉപ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇവ ഉപയോഗ ശൂന്യമാണ്. അതുകൊണ്ടാണ് ഇവര്‍ കുഴല്‍ കിണര്‍ കുഴിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.

വെള്ളക്ഷാമത്തിനുള്ള മറ്റൊരു പരിഹാരം എന്നത് സ്വകാര്യ കുടിവെള്ള ടാങ്കറുകളില്‍ നിന്നും പണം കൊടുത്ത് വെള്ളം വാങ്ങുക എന്നതാണ്. ഇതാണെങ്കില്‍ ഫില്‍ട്ടര്‍ ചെയ്യാത്ത വെള്ളമാണ്. നിയമപരമായും അനധികൃതമായുമെല്ലാം സ്വകാര്യ ടാങ്കര്‍ ലോറികള്‍ ഇവിടെ വെള്ളം വിതരണം ചെയ്യുന്നുണ്ട്.

ആയിരം ഗാലണ്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കിന് 1500 മുതല്‍ 2000 രൂപ വരെയാണ് വില. 10 പേരടങ്ങിയ തന്റെ കുടുംബാംഗങ്ങള്‍ക്ക് അടിസ്ഥാനാവശ്യങ്ങള്‍ക്ക് മാത്രമായി ഒരു മാസം തങ്ങള്‍ക്ക് ഇത്തരത്തിലുള്ള നാലു ടാങ്കുകള്‍ വേണ്ടി വരുമെന്ന് റാബിയ ബീഗം പറയുന്നു.

എന്നാല്‍, സാധാരണക്കാരായ എല്ലാവര്‍ക്കും ഇത്തരത്തില്‍ പണം നല്‍കി വെള്ളം വാങ്ങുക എന്നത് അസാധ്യമാണ്. ഇനി വീട്ടില്‍ കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ഒരു ലക്ഷത്തോളം വരും നിര്‍മാണ ചിലവ്. അതും കുടിക്കാന്‍ പറ്റാത്ത വെള്ളമാകും. ‘അഞ്ചു അംഗങ്ങളുള്ള എന്റെ കുടുംബത്തിന് മാസ വരുമാനം ഏകദേശം 24000 രൂപയാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ നല്ല ബുദ്ധിമുട്ടിലാണ്. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ ഞങ്ങള്‍ കുളിക്കാറുള്ളൂ. അലക്കാനുള്ള വസ്ത്രങ്ങള്‍ ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്.’ നാല്‍പ്പതുകാരിയായ ഫര്‍സാന ബീബി പറയുന്നു. ഞങ്ങള്‍ ബന്ധുക്കളുടെ വീടുകളില്‍ പോയാണ് അലക്കാറുള്ളത്. അവിടെ നിന്നാണ് കുടിവെള്ളവും കൊണ്ടുവരുന്നത്. പ്രശ്‌ന പരിഹാരത്തിന് അധികൃതര്‍ എന്തെങ്കിലും ചെയ്യണം. നിസ്സഹായതയോടെ അവര്‍ പറഞ്ഞു.
20 മില്യണിലധികം ജനങ്ങളാണ് കറാച്ചിയിലുള്ളത്. 67.76 ലിറ്റര്‍ വെള്ളം ഒരു ദിവസം ഇവര്‍ക്ക് വേണമെന്നാണ് കണക്കുകള്‍. എന്നാല്‍ ഇതിന്റെ പകുതിപോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ് കറാച്ചി ജനത.

Related Articles