Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക് മിനിമലിസം

തലവാചകം എതിർന്യായത്തിന് സാധ്യതയുള്ളതും സംവാദാത്മകവുമാണ്. കാരണം യൂറോപ്പിൽ നാം പരിചയിച്ച മിനിമലിസ്റ്റുകളുടെ ഡ്രെസ്കോഡ് ഇസ്ലാമിക അധ്യാപനങ്ങളുമായി ചില വിഷയങ്ങളിൽ ഏറ്റുമുട്ടുന്നുണ്ടെന്നതിൽ സംശയമില്ല. എന്നാൽ ഇസ്ലാമിക അധ്യാപനങ്ങളുമായി ചേർന്നു പോകുന്ന പല അധ്യാപനങ്ങളും മിനിമലിസ്റ്റുകളിൽ നിന്നു ഇസ്ലാമിസ്റ്റുകൾ പഠിക്കാനുണ്ട്. ഭക്ഷണത്തിലെ ലാളിത്യത്തിൽ മാത്രമല്ല; വേഷ- ഭൂഷാതികളിലെ അകൃത്രിമത്വം, ഭാഷണത്തിലെ സാധാരണത്വം എന്നു തുടങ്ങി എല്ലാ ചലന- നിശ്ചലങ്ങളിലുമുള്ള മധ്യമ രീതി തുടങ്ങി പലതും പ്രാഥമികമായി നാമാണ് ശീലിക്കേണ്ടിയിരുന്നത്

وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا
(ഫുർഖാൻ : 67 )
ഈ സൂക്തം നൽകുന്ന നിർദേശം നമ്മുടെ ജീവസന്ധാരണഹേതുക്കളിലും അവശ്യോപാധികളിലും ഖവാം (ഋജുത്വം ) കൈവെടിയരുതെന്നാണ്.
ഒഴുക്കുള്ള പുഴയിലാണ് അംഗസ്നാനം (വുദു) ചെയ്യുന്നതെങ്കിലും മിതമായി വേണം എന്നു തുടങ്ങുന്ന പ്രവാചക വചനങ്ങൾ നാമിതിനോട് ചേർത്തുവേണം വായിക്കുവാൻ . മധ്യമ സമുദായത്തിന്റെ ഏറ്റവും വൃതിരിക്ത ഗുണം ആ മധ്യമത്വം (വസത്വിയ്യ ) ജീവിതമുടനീളം പാലിക്കുമെന്നതാണ്. ഇസ്ലാം സന്തുലിതമാണ് എന്ന് പ്രഘോഷണം നടത്തുന്നവർ പോലും ഭാഷണ -ഭൂഷണ – ഭക്ഷണാധികളിൽ കാട്ടുന്ന ധൂർത്ത് പലപ്പോഴും അവരുടെ വീടുകളിൽ നടക്കുന്ന കല്യാണം പോലെയുള്ള സന്ദർഭങ്ങളിലാണ് പ്രകടമാവുന്നത്. എച്ചിക്കാനത്തിന്റെ ബിരിയാണി നോവൽ അതിലെ അതിശയോക്തികൾ ഒഴിവാക്കിയാൽ ഒരു സാധാരണ മുസ്ലിം ചടങ്ങിന്റെ കൃത്യമായ ചിത്രീകരണമാണെന്നാണ് കുറിപ്പുകാരന്റെ നിരീക്ഷണം.
അത്യാവശ്യം , ആവശ്യം , അനാവശ്യം എന്നത് എകണോമിസ്റ്റുകളേക്കാൾ മുമ്പ് പഠിപ്പിക്കപ്പെട്ട നമ്മൾക്ക് ഏത് അനാവശ്യത്തേയും അനാവശ്യമായി ന്യായീകരിച്ച് അത്യാവശ്യമായി ബോധ്യപ്പെടുത്തുവാനുള്ള കച്ചിത്തുരുമ്പുകൾ പ്രമാണങ്ങളിൽ നിന്നും തെരെഞ്ഞ് കണ്ടു പിടിക്കാനും മനസ്സാക്ഷി കുത്തില്ലെന്ന് പറയാവുന്നിടത്തേക്ക് കാര്യങ്ങൾ എത്തി തുടങ്ങി. ആഴ്ചയിലൊരിക്കലുള്ള ” ഡൈൻ – ഔട്ട് ” ഇന്ന് ഫാഷനല്ല ; ഫാമിലി ബഡ്ജറ്റിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നുവെന്ന് വേണം പറയാൻ .

ധൂർത്തിനും ലുബ്ധിനുമിടയിൽ

ഉപരിസൂചിത ആയത്ത് നല്കുന്ന പ്രധാന അധ്യാപനം ധൂർത്തിനും ലുബ്ധിനുമിടയിലുള്ള ജീവിതശൈലി സ്വീകരിക്കുന്നവരാണ് കാരുണ്യവാന്റെ ദാസന്മാർ എന്നതാണ്. പലപ്പോഴും ഇതു ശരാശരി മുസ്ലിമിന്റെ പൊകവാദമായി മാറിയിരിക്കുന്നു ഈ മുദ്രാവാക്യം.

*thrift = اقتصاد= മിതവ്യയം എന്നതാണ് ഇക്കണോമിക്സ് എന്ന പദത്തിന്റെയർഥം. ഇത് ജന്മനാലോ പാരമ്പര്യമായോ കിട്ടുന്നതല്ല; പ്രത്യുത ബോധപൂർവ്വമായ ആസൂത്രണത്തിലൂടെ മാത്രം സാധ്യമാവുന്നതാണ്. ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി നമ്മുടെ വീടകങ്ങളിൽ നിന്നും അന്യംനിന്നുപോയ ഒരു സൽഗുണമാണ് മിതവ്യയം. ഷോപ്പിങ് മാളുകളിലെ വേണ്ടതും വേണ്ടാത്തതുമെല്ലാം “ഓഫർ ” എന്ന മാർക്കറ്റിങ് തന്ത്രത്തിൽ വീണ് നാമോരോരുത്തരുടേയും വീടുകൾ നാം തന്നെ നിറക്കുന്നു. പലതും കവറുപോലും പൊട്ടിക്കാതെ എക്സ്പയർ ആവുന്നു എന്നല്ലാതെ അവ കൊണ്ടുള്ള ഒരുപകാരവും ഉപഭോക്താവിന് കിട്ടുന്നില്ല.
അറബിയിൽ ഉപഭോക്ത സംസ്കാരം എന്നതിന് ഇസ്തിഹ് ലാക്ക് (استهلاك)എന്നണത്രേ പറയുക. അഥവാ നമ്മുടെ ഹലാക്ക് (നാശം) നാം പൈസ കൊടുത്ത് വീട്ടിൽ കൊണ്ടുവന്നു വെക്കുന്നുവെന്നർഥം. ചില്ലറ കച്ചവടക്കാരൻ കടം കയറി ആത്മഹത്യ ചെയ്യുന്നത് മാത്രമല്ല, നമ്മുടെ കുഴി നാം തന്നെ മാന്തുന്ന പരിണതിയാണ് ഈ മോൾ / മന്തി സംസ്കാരം നമുക്ക് നല്കുന്നതെന്ന് ചുരുക്കം.

പിശാചിന്റെ സഹോദരന്മാർ ധൂർത്തരാണ് എന്നതാണ് إن المبذرين كانوا إخوان الشياطين
(17:27) എന്ന ആയത്തിന്റെ ഒരു വായന . അല്ലാഹുവിന്റെ ഹിസ്ബ് എന്ന് വാദിക്കുന്ന വിശ്വാസി സമൂഹം ആയതിനാൽ ധൂർത്തരാവരുത് .

ലോക മിതവ്യയ ദിനം ഒക്ടോബർ 30/31

ഒക്ടോബര്‍ 30 മിതവ്യയ ദിനമായാണ് ഇന്ത്യയിൽ ആചരിക്കുന്നത്. എന്നാൽ മറ്റ് ലോക രാഷ്ട്രങ്ങളിൽ ഒക്ടോ 31 നാണ് മിതവ്യയ ദിനം കൊണ്ടാടുന്നത്. 1924ല്‍ ഇറ്റലിയിലെ മിലാനില്‍ ലോക സേവിങ്ങ്സ് ബാങ്ക് കോണ്‍‌ഗ്രസ്സ് നടന്നിരുന്നു. അതിലാണ് ലോക മിതവ്യയ ദിനം ആചരിക്കാനുള്ള തീരുമാനം ഉണ്ടായത്. ചുരുങ്ങിയ ജീവിതത്തെ കുറിച്ച് ബോധവത്കരണമാണ് ഇത്തരുണത്തിൽ നമുക്ക് നിർവഹിക്കാനുള്ള കടമ.

ബാബർ ബഐശ് കോശ് , കേ ആലം ദുബാര നേസ്ത് (ബാബർ,അടിച്ചു പൊളിച്ചു ജീവിക്കൂ, ലോകം ഇനി വരാനില്ല) എന്ന് ഉപദേശിച്ചിരുന്ന മുടിയനായ ഒരു ചങ്ങാതി ബാബറിനുണ്ടായിരുന്നുവത്രെ. നമുക്കുമുണ്ടാവും നമ്മുടെ പരിചയവൃത്തത്തിൽ – കുടുംബത്തിലോ പുറത്തോ – ഏതായാലും നമ്മുടെടെ സമ്പത്ത് കാലത്തേ അവർ കൂടെയുണ്ടാവൂ എന്ന് നാം തിരിച്ചറിയണം.

മിതവ്യയവുമായി ബന്ധപ്പെട്ട ചില നബി വചനങ്ങൾ താഴെ കൊടുക്കുന്നു :

മിതവ്യയവുമായി ബന്ധപ്പെട്ട ചില നബി വചനങ്ങൾ താഴെ കൊടുക്കുന്നു :-
عن عمرو بن شعيب، عن أبيه، عن جدِّه رضي الله عنهما؛ أنَّ النبيَّ صلى الله عليه وسلم قال:(كُلُوا، وتصدَّقوا، والبسوا، في غير إسرافٍ ولا مَخِيلَةٍ)
ഭക്ഷിച്ചോളൂ, ദാനം ചെയ്തോളൂ, ധരിച്ചോളൂ; ധൂർത്തും അഹങ്കാരവും കൂടാതെ

وعن ابن عباس رضي الله عنه أنه قال: “كُلْ ما شئتَ، والْبَسْ ما شئتَ، ما أخطأَتْكَ اثنتانِ: سَرفٌ أو مَخِيلَةٌ”

നിന്റെ ഇഷ്ടം പോലെ തിന്നുകയും ഉടുക്കുകയും ചെയ്യാം; ധൂർത്തും പൊങ്ങച്ചവും നിന്നെ തെറ്റിച്ചു കളയരുത്

. وعن المِقدام بن معدِي كَرِب رضي الله عنه أنَّ النبيَّ صلى الله عليه وسلم قال: ((ما مَلأَ آدميٌّ وِعاءً شرًّا مِن بطنه، بحسْبِ ابن آدم أُكُلاتٌ يُقِمْنَ صُلْبَه، فإن كان لا محالة، فثُلُثٌ لطعامه، وثُلُثٌ لِشَرَابه، وثُلُثٌ لِنَفَسِه )
തന്റെ വയറിനേക്കാൾ മോശം പാത്രം മനുഷ്യൻ നിറക്കുന്നില്ല. അവന്റെ നട്ടെല്ല് നിവർത്താനുള്ള ഭക്ഷണ വിഭവങ്ങൾ അവനു എമ്പാടും മതി. ഇനി നിർബന്ധമാണെങ്കിൽ അവന്റെ വയറിന്റെ മൂന്നിലൊന്ന് തീറ്റക്കും മൂന്നിലൊന്നും വെള്ളത്തിനും മൂന്നിലൊന്ന് ശ്വാസോഛാസത്തിനുമായി കണ്ടുകൊള്ളട്ടെ

Related Articles