Onlive Talk

ജി.സി.സി മരിച്ചുവോ ?

ജി സി സി എന്തിനു നിലകൊള്ളുന്നു അല്ലെങ്കില്‍ അതിന്റെ ആവശ്യകതയെന്ത് എന്ന ചോദ്യം പലരും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫിനെ മൊത്തമായി ബാധിക്കുന്ന വിഷയങ്ങള്‍ എന്നതിലപ്പുറം അംഗ രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പോലും ഇന്നവരുടെ അജണ്ടയിലില്ല. കഴിഞ്ഞ തവണ കുവൈത്തില്‍ വെച്ച് നടന്ന അംഗ രാജ്യങ്ങളിലെ നേതാക്കളുടെ ഒത്തുചേരലില്‍ ഖത്തര്‍ അമീര്‍ മാത്രമാണ് പങ്കെടുത്തത്. അതെ സമയം ഇക്കൊല്ലം നടന്ന റിയാദ് ഉച്ചകോടിയില്‍ ഖത്തര്‍ ഒരു സാധാരണ പ്രതിനിധി സംഘത്തെ മാത്രമാണ് അയച്ചത്. അത് കൊണ്ട് തന്നെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഇന്നൊരു ചോദ്യ ചിഹ്നമായി തീര്‍ന്നിരിക്കുന്നു.

ഇറാനില്‍ നടന്ന വിപ്ലവമാണ് ഇത്തരം ഒരു സംഘടനയുടെ ആവശ്യത്തിലേക്കു ചര്‍ച്ച കൊണ്ടുപോയത്. ഇറാന്‍ തൊട്ടടുത്ത രാജ്യങ്ങളിലേക്ക് വിപ്ലവം കയറ്റി അയക്കുമെന്ന ഭയമാണ് ഇത്തരം ഒരു സംഘടനയുടെ പിറവിക്കു പിന്നിലെ കാരണം. ശേഷം ഇറാന്‍ -ഇറാഖ് യുദ്ധം വന്നപ്പോള്‍ അംഗ രാജ്യങ്ങള്‍ ഇറാഖിന് പിന്നില്‍ ഉറച്ചു നിന്നു. പലപ്പോഴും അംഗ രാജ്യങ്ങള്‍ക്കിടത്തില്‍ കുഴപ്പങ്ങള്‍ പൊട്ടി പുറപ്പെട്ടപ്പോഴും ഇറാന്‍ എന്ന വലിയ ശത്രു കാരണം അതെല്ലാം പെട്ടെന്ന് പരിഹരിക്കപ്പെട്ടു.

ഖത്തറില്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഭാരണമേറ്റെടുത്തപ്പോള്‍ മുതല്‍ അത് ആ രാജ്യത്തിന്റെ വിദേശ നയങ്ങളില്‍ കാര്യമായ മാറ്റമുണ്ടാക്കി. ജി സി സി അംഗ രാജ്യങ്ങളില്‍ പലര്‍ക്കും ഖത്തറിന്റെ ഈ നിലപാട് അത്ര സുഖകരമായി തോന്നിയില്ല എന്നാണ് പറയപ്പെടുന്നത്. മേഖലയില്‍ വാര്‍ത്താമാധ്യമ രംഗത്തു അല്‍ ജസീറ വരുത്തിയ മാറ്റം പലരെയും ചൊടിപ്പിച്ചു. പ്രത്യേകിച്ച് സഊദിയെ. അറബ് ജനത്തിനിടയില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം ഉറപ്പിക്കാന്‍ ഈ ചാനലിന് കഴിഞ്ഞു.

2011ല്‍ മുല്ലപ്പൂ വിപ്ലവം ആരംഭിച്ചപ്പോള്‍ അതില്‍ മുഖ്യ പങ്കു വഹിക്കാന്‍ ചാനലിന് കഴിഞ്ഞു. ഈ വിപ്ലവത്തെ ഇത്ര വേഗം ആളുകളിലെത്തിക്കാന്‍ അല്‍ ജസീറ സ്വീകരിച്ച നടപടിയെ അന്ന് തന്നെ അംഗ രാജ്യങ്ങളില്‍ പലരും വിമര്‍ച്ചിരുന്നു. വിപ്ലവാനന്തരം ഈജിപ്തില്‍ പുതിയ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. മിഡില്‍ ഈസ്റ്റിലെ മൂന്നു പ്രഗത്ഭ രാജ്യങ്ങളില്‍ (ഇറാന്‍,ഈജിപ്ത്,തുര്‍ക്കി) ജനാധിപത്യം നിലനില്‍ക്കുന്നു എന്നത് പല അംഗ രാജ്യങ്ങള്‍ക്കും അങ്കലാപ്പ് ഉണ്ടാക്കി. ഇവരില്‍ ചിലര്‍ തന്നെയാണ് ഈജിപ്തിലെ തിരഞ്ഞെടുക്കപ്പെട്ട മുര്‍സി സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചതും എന്ന് പറയപ്പെടുന്നു.

അന്നും മറ്റുള്ള ജി സി സി രാജ്യങ്ങളില്‍ നിന്ന് ഈ വിഷയത്തില്‍ ഭിന്നമായ നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. അത് പോലെ തന്നെ ഇറാനുമായും തുര്‍ക്കിയുമായും അവര്‍ നല്ല ബന്ധം കാത്തു സൂക്ഷിച്ചു. മേഖലയിലെ ആധിപത്യം ആര്‍ക്കെന്ന ചോദ്യത്തില്‍ തുര്‍ക്കിയും ജി സി സി അംഗ രാജ്യവും തമ്മില്‍ ശീത സമരം നടക്കുകയും ചെയ്തു. മൊത്തത്തില്‍ അംഗ രാജ്യങ്ങളുടെ പൊതു താല്പര്യത്തിനു വിരുദ്ധമായി പല വിഷയങ്ങളിലും ഖത്തര്‍ നിലപാട് സ്വീകരിക്കുന്നു എന്നത് മറ്റു അംഗ രാജ്യങ്ങളുടെ അമര്‍ഷത്തിന് കാരണമായി. ഖത്തറിനെ ഒതുക്കാന്‍ പറ്റിയ കാരണം അന്വേഷിച്ചു നടക്കുകയായിരുന്നു അവര്‍.

2014 തന്നെ ഖത്തറില്‍ നിന്നും തങ്ങളുടെ പ്രതിനിധികളെ പിന്‍വലിച്ചു അംഗ രാജ്യങ്ങള്‍ നടപടി തുടങ്ങിയിരുന്നു,. പക്ഷെ അന്ന് ഒബാമ ഭരണകൂടത്തില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല എന്നത് കൊണ്ട് വിഷയം പെട്ടെന്ന് കെട്ടടങ്ങി. ട്രംപിന്റെ വരവ് സഊദിയെ കൂടുതല്‍ കരുത്തരാക്കി എന്നവര്‍ മനസ്സിലാക്കുന്നു. അത് കൊണ്ട് തന്നെയാണ് പെട്ടെന്ന് ഉപരോധം എന്ന പേരില്‍ കാര്യങ്ങള്‍ സംഭവിച്ചത്. അപ്പോഴും ജി സി സി എന്നത് നിലനിന്നു. വിഷയത്തില്‍ ഇടപെടാന്‍ കുവൈത്ത് പോലുള്ള അംഗ രാജ്യങ്ങള്‍ ശ്രമിച്ചെങ്കിലും എവിടെയും കാര്യങ്ങള്‍ എത്തിയില്ല. മേഖലയിലെ അംഗ രാജ്യങ്ങളെ പുറത്തു നിന്നുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുക എന്നതായിരുന്നു ജി സി സി യുടെ നിര്‍മാണ ലക്ഷ്യം. അന്ന് ചൂണ്ടി കാണിക്കാന്‍ ഇറാന്‍ എന്ന പൊതു ശത്രു ഉണ്ടായിരുന്നു. എണ്‍പതുകള്‍ക്കു ശേഷം ലോകത്തു ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. മധ്യേഷ്യയിലും. അതെല്ലാം ജി.സി.സിയെ ബാധിച്ചു. ഇപ്പോള്‍ അതിന്റെ നിലനില്‍പിനെയും.

ആര്‍ക്കും ഉപകാരമില്ലാത്ത ഒന്നായി ജി.സി.സി മാറി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പുറത്തു നിന്നും വരുന്ന ശത്രുവിനെ ഒന്നിച്ചു പ്രതിരോധിക്കുക എന്നതിനപ്പുറം ഉള്ളില്‍ നിന്നുള്ള ശത്രുവാണ് മുഖ്യ വിഷയം എന്നിടത്താണ് കാര്യങ്ങള്‍ വന്നു നില്‍ക്കുന്നത്.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: എ.എസ്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker