Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് രാഷ്ട്രീയത്തിലെ അലയൊലികള്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞിട്ടും ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നിട്ടില്ല. ഷിയ നേതാവ് മുക്തദാ അല്‍ സദറിന്റെ നേതൃത്വത്തിലുള്ള സഖ്യം, ഹാദി അല്‍ അമീരിയുടെ നേതൃത്വത്തിലുള്ള ഫത്തേഹ് സഖ്യവും പല വിഷയത്തിലും വിഘടിച്ചു നില്‍ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. അമേരിക്കയെയും ഇറാനിനെയും ഒരേപോലെയാണ് അല്‍ സദര്‍ എതിര്‍ക്കുന്നത്. പുറമെ നിന്നുള്ള ഇടപെടല്‍ അനുവദിക്കില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അതെ സമയം ഫത്തേഹ് ഗ്രൂപ്പ് ഇറാനുമായി അടുപ്പം കാത്തു സൂക്ഷിക്കുന്നു.

ഇതിനിടയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സുന്നി – കുര്‍ദ് സഖ്യങ്ങള്‍ ശ്രമം നടത്തുന്നു എന്നും പറഞ്ഞു കേള്‍ക്കുന്നു. അതിനുള്ള സാധ്യതയും നിരീക്ഷകര്‍ പങ്കുവെക്കുന്നു. മൊത്തം സീറ്റുകളില്‍ പല പാര്‍ട്ടികളും സഖ്യങ്ങളും മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചിട്ടുള്ളത് അല്‍ സദിറിന്റെ പാര്‍ട്ടിക്കാണ്. രണ്ടു വലിയ ഷിയാ സഖ്യങ്ങളും ഒരു യോജിപ്പില്‍ എത്താനുള്ള സാധ്യത വളരെ വിരളമാണ് എന്നതാണ് നിരീക്ഷകര്‍ കരുതുന്നത്.

നൂരി മാലിക്കിയുടെ പാര്‍ട്ടി മൂന്നാം സ്ഥാനത്തു നിലകൊള്ളുന്നു. അവരുമായി ഒരു സര്‍ക്കാര്‍ ഉണ്ടാക്കുന്നത് സദര്‍ സഖ്യം ആഗ്രഹിക്കുന്നില്ല. മാലിക്കി ഒരിക്കല്‍ തങ്ങളെ വിഭജിക്കാന്‍ ശ്രമിച്ചു എന്ന കാരണമാണ് അവര്‍ പറയുന്നതും. അതെ സമയം ഫത്തേഹ് സഖ്യം ആ വഴിക്കും ചര്‍ച്ചകള്‍ നടത്തുന്നു എന്നാണു അറിവ്. ഐ എസിനെ ഇറാഖിന്റെ മണ്ണില്‍ നിന്നും തുരത്തിയതിനു ശേഷം നടന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ പഴയതിലും കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം ഈ തിരഞ്ഞെടുപ്പിന് നിരീക്ഷകര്‍ കാണുന്നു.

ഹൈദര്‍ അല്‍ അബാദിയുടെതുള്‍പ്പെടെ അഞ്ചോളം പ്രമുഖ ഷിയാ ഗ്രൂപ്പുകള്‍ ഇറാഖ് രാഷ്ട്രീയത്തില്‍ സജീവമാണ്. അതെ സമയം ഇവര്‍ക്കിടയില്‍ ശക്തമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു എന്നതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സം. എല്ലാ അഭിപ്രായ ഭിന്നതകള്‍ക്കും അപ്പുറം ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല അവരിപ്പോള്‍. അതെ സമയം സുന്നി ഗ്രൂപ്പുകള്‍ക്കിടയില്‍ ഒരു ഐക്യം സാധ്യമാണ്. കുര്‍ദുകള്‍ക്കും സുന്നികള്‍ക്കുമിടയില്‍ ഒരു യോജിപ്പിലൂടെ പുതിയ സര്‍ക്കാര്‍ സാധ്യതയുണ്ട് എന്നതാണ് പുതിയ കണ്ടെത്തല്‍. അതെസമയം കൂടുതല്‍ സീറ്റും വോട്ടും ലഭിച്ചിട്ടും പ്രതിപക്ഷ സ്ഥാനത്തു വരിക എന്നത് ഷിയാ ഗ്രൂപ്പുകളുടെ രാഷ്ട്രീയ സ്ഥിരത ചോദ്യം ചെയ്യപ്പെടാന്‍ കാരണമാകും എന്ന ഭയവും അവര്‍ക്കിടയില്‍ വ്യാപകമാണ്.

അമേരിക്കയും ഇറാനും ഇറാഖിന്റെ കാര്യത്തില്‍ ഇടപെടുന്നു എന്നത് ഷിയാ വിഭാഗത്തിന്റെ തന്നെ വലിയ ആരോപണമാണ്. രണ്ടു പക്ഷത്തേയും ഒരേ പോലെ എതിര്‍ത്താണ് സദര്‍ പക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒന്നാം സ്ഥാനത്തു അവര്‍ വന്നതും വിദേശ ഇടപെടലുകളെ ഇറാഖ് ജനത ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ കൂടി തെളിവാണ്. ജനസംഖ്യയുടെ 60 ശതമാനം ഷിയാക്കളും 20 ശതമാനം സുന്നികളും 17 ശതമാനം കുര്‍ദുകളും എന്നതാണ് ഇറാഖ് ജനസംഖ്യയുടെ കണക്ക്. കുര്‍ദുകളില്‍ തന്നെ വലിയ ശതമാനം സുന്നികളാണ്. തരക്കേടില്ലാത്ത ശതമാനം ഷിയാക്കളും ഉള്‍പ്പെടുന്നു. സുന്നി – ഷിയാ വിഭാഗീയത കുര്‍ദുകളില്‍ കുറവാണ്. ഇറാനില്‍ നിന്നും കുടിയേറി പാര്‍ത്ത വിഭാഗമാണ് ഇവരെന്ന് പറയപ്പെടുന്നു. സുന്നി – ഷിയാ എന്നതിലപ്പുറം കുര്‍ദ് ദേശീയത എന്നതാണ് അവരെ യോജിപ്പിക്കുന്ന ഘടകം.

Related Articles