Onlive Talk

റമദാന്‍ ആരംഭത്തില്‍ തന്നെ വിലാപ ഭൂമിയായി ഗസ്സ

ഗസ്സയിലെ മറ്റുള്ള വിവിധ കുടുംബങ്ങളെ പോലെ തന്നെ തങ്ങളും സുരക്ഷിതരാണെന്ന വിശ്വാസത്തിലായിരുന്നു അല്‍ മദ്ഹൂന്‍,അബുല്‍ ജിദ്‌യാന്‍,അല്‍ ഗസ്സാലി കുടുംബങ്ങളും. എന്നാല്‍, ശനിയായഴ്ച ഇവരുടെ വീടിന് മുകളിലേക്ക് വന്നു പതിച്ച ഇസ്രായേല്‍ ബോംബുകള്‍ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. ‘വെള്ളിയാഴ്ച എന്റെ മകള്‍ ഇമാന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. റമദാനിലെ ഒന്നാമത്തെ നോമ്പിന് അവളുടെ ഭര്‍ത്താവിനും കൊച്ചുമകളായ മറിയക്കും കൂടെ നോമ്പ് തുറക്കാന്‍ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ അവരെല്ലാം കൊല്ലപ്പെട്ടതോടെ എനിക്ക് എല്ലാം നഷ്ടമായി’ കലങ്ങിയ കണ്ണുകളുമായി 56കാരിയായ സിഹാം ഹസൂന പറയുന്നു. 30കാരിയായ ഇമാനും അവളുടെ നാലു വയസ്സുകാരിയായ മറിയയും അവളുടെ ഭര്‍ത്താവ് അഹ്മദ് അല്‍ ഗസ്സാലിയും ഞായറാഴ്ച നടന്ന ഇസ്രായേല്‍ ബോംബിങ്ങില്‍ കൊല്ലപ്പെട്ടു.

ഇവരടക്കം ഇസ്രായേലിന്റെ ബോംബിങ്ങില്‍ രണ്ട് ഗര്‍ഭിണികളടക്കം 31 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. എന്റെ മകള്‍ അവളുടെ ചെറിയ കുഞ്ഞിനായി ഈദ് വസ്ത്രങ്ങള്‍ വരെ വാങ്ങിയിരുന്നു. എന്നാല്‍ നാലു മാസം മാത്രം പ്രായമുള്ള അവള്‍ക്ക് അത് അണിയാനുള്ള ഭാഗ്യമുണ്ടായില്ല. സിഹാം പറഞ്ഞു. ആ മനോഹരമായ ഉടുപ്പുകള്‍ ഇനി ആര് ധരിക്കും. ആരുമില്ല. നമ്മുടെ ഹൃദയങ്ങള്‍ കത്തിച്ചു കളഞ്ഞവരുടെ ഹൃദയങ്ങള്‍ അല്ലാഹു കരിയിപ്പിച്ചു കളയട്ടെ. സിഹാം ആതത്മഗതം പറഞ്ഞു.

വ്യാപകമായ നാശനഷ്ടങ്ങള്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഗസ്സയിലെ സായുധ സംഘം ഇസ്രായേലിനു നേരെ തിരിച്ചടിച്ചിരുന്നു. അടുത്ത രണ്ടു ദിവസങ്ങളിലായി നൂറുകണക്കിന് റോക്കറ്റുകളാണ് ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്. ഇതില്‍ നാല് ഇസ്രായേലുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ കലിപൂണ്ട ഇസ്രായേല്‍ സൈന്യം വലിയ രീതിയില്‍ ഗസ്സക്കു മേല്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഇരു വിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിന് ധാരണയിലെത്തുകയായിരുന്നു.

ഫലസ്തീന്‍ അധികൃതര്‍ പുറത്തുവിട്ട കണക്കനുസരിച്ച് 130ാളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 700 എണ്ണം ഭാഗികമായും ഇസ്രായേലിന്റെ നരനായാട്ടില്‍ തകര്‍ന്നു.
‘തന്റെ വീട് തകര്‍ന്നു പോയി. താനിപ്പോള്‍ ഭവന രഹിതനാണ്. വീട് നഷ്ടപ്പെടുക എന്നത് ഹൃദയം നഷ്ടപ്പെടുന്നതിന് തുല്ല്യമാണ്’. നാലു പേരുടെ പിതാവ് കൂടിയായ സാലിം അല്‍ ഹിന്ദി പറയുന്നു.

ഇനി എനിക്കും എന്റെ കുടുംബത്തിനും താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുക എന്നത് ഏറെ പ്രയാസമുള്ള സംഗതിയാണ്. ഇപ്പോള്‍ അവരുടെ ബന്ധുക്കളുടെ കൂടെ താമസിക്കുകയാണ് സാലിമും കുടുംബവും. ‘എനിക്ക് ജോലിയില്ല. അതിനാല്‍ തന്നെ പുതിയ വീട് വാടകക്ക് എടുക്കുവാന്‍ എന്റെ കൈയില്‍ പണമില്ല. ഞാന്‍ ഇപ്പോള്‍ എന്റെ ബന്ധുക്കളുടെ അടുത്താണ് താമസിക്കുന്നത്. എന്നാല്‍ എത്ര നാള്‍ ഇവിടെ കഴിയും. ഉടന്‍ തന്നെ ഇവിടെ നിന്നും ഇറങ്ങാന്‍ അവര്‍ പറഞ്ഞേക്കും. ഇനി അവര്‍ പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്ക് ഇറങ്ങേണ്ടി വരും. കാരണം ഞാനും എന്റെ കുടുംബവും ഒരു മുറിയിലാണ് ഇവിടെ താമസിക്കുന്നത്’. സാലിം പറയുന്നു.

ദു:ഖിതരായ കുടുംബങ്ങള്‍

അല്‍ ഗസ്സാലിയെ പോലെ ഹാനി അബൂ ഷഅറിന്റെ കുടുംബവുമെല്ലാം റമദാനിലെ ഒന്നാമത്തെ നോമ്പ് തന്നെ സങ്കടവും ദു:ഖവും തളം കെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തിലായിരുന്നു. തെക്കന്‍ ഗസ്സയിലെ റഫയിലാണ് 37കാരനായ അബൂ ഷഅര്‍ കൊല്ലപ്പെട്ടത്. മരിക്കുന്നതിന് മുന്‍പ് തന്റെ ഭാര്യ ഇബ്തിസാമിനോട് റമദാനിലെ ഒന്നാമത്തെ നോമ്പ് തുറക്കാന്‍ തന്റെ ഇഷ്ടഭക്ഷണമായ ലോഖിയ ഉണ്ടാക്കാന്‍ അബൂ ഷഅര്‍ ആവശ്യപ്പെട്ടിരുന്നു.

‘ശനിയാഴ്ച ഉച്ചയ്ക്കു ശേഷം അദ്ദേഹം ഷോപ്പിങ്ങിന് പോയിരുന്നു. റമദാനിലേക്ക് ആവശ്യമായ എല്ലാം അദ്ദേഹം വാങ്ങിക്കൊണ്ടു വന്നു. അന്നു രാത്രി ഞങ്ങള്‍ മക്കളുടെ കൂടെ ഏറെ സന്തോഷത്തോടെയാണ് ചിലവഴിച്ചത്. അടുത്ത ദിവസം അദ്ദേഹം കൊല്ലപ്പെട്ടു.’ 33കാരിയായ ഇബ്തിസാം പറഞ്ഞു.

തന്റെ ഭര്‍ത്താവില്ലാത്ത ഒരു റമദാന്‍ അവര്‍ക്ക് ആലോചിക്കാന്‍ പോലുമാകുന്നില്ലെന്ന് ഇബ്തിസാം പറയുന്നു. ‘റമദാനിലെ എല്ലാ നോമ്പുകളിലും അദ്ദേഹം സ്ഥിരമായി എന്നെയും അവരുടെ സഹോദരി സഹോദരങ്ങളുടെയും കൂടെയാണ് അത്താഴം കഴിക്കാനായി എഴുന്നേറ്റിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഒറ്റക്കായി. അദ്ദേഹത്തിന്റെ സ്ഥാനം ഇനി ആര് ഏറ്റെടുക്കും’? നിറകണ്ണുകളോടെ ഇബ്തിസാം ചോദിക്കുന്നു.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: പി.കെ സഹീര്‍ അഹ്മദ്

Facebook Comments
Show More

Related Articles

Close
Close