Onlive Talk

അസാം: ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ സഹോദരപുത്രനും പൗരത്വം തെളിയിക്കണം

അസാമിലെ ദേശീയ പൗരത്വ പട്ടികയുടെ കരട് 2018 ജൂലൈ മാസം പുറത്തുവിട്ടപ്പോള്‍, 40.7 ലക്ഷം അപേക്ഷകര്‍ അതില്‍ നിന്നും പുറത്തായിരുന്നു. ഇത്തരത്തില്‍ പുറത്താക്കപ്പെട്ടവരില്‍ ചിലര്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അസാമിലെ കാംരൂപ് ജില്ലയിലെ ഒരു കര്‍ഷക കുടുംബത്തിന്‍റെ കഥ അത്തരമൊന്നാണ്.

ഇന്ത്യയുടെ അഞ്ചാമത്തെ പ്രസിഡന്‍റ് ഫഖ്റുദ്ദീന്‍ അലി അഹ്മദിന്‍റെ ഇളയ സഹോദരന്‍ ഇഹ്തിറാമുദ്ദീന്‍ അലി അഹ്മദിന്‍റെ മകനാണ് 50 വയസ്സുകാരനായ സിയാവുദ്ദീന്‍ അലി അഹ്മദ്. ഇദ്ദേഹമൊരു കര്‍ഷകനാണ്. സിയാവുദ്ദീന്‍ അലി അഹ്മദിന്‍റെ മുത്തച്ഛന്‍ സല്‍നൂര്‍ അലി അഹ്മദ് സൈന്യത്തില്‍ നിന്നും കേണലായി വിരമിച്ച ആളാണ്, അദ്ദേഹമൊരു ഡോക്ടറും കൂടിയായിരുന്നു. കൂടാതെ, മെഡിക്കല്‍ ഡിഗ്രി നേടിയ പ്രഥമ അസാംകാരന്‍ എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്.

കരട് പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കാതെ പോയ ഭൂരിഭാഗം പേരും, അന്തിമ പട്ടികയില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോള്‍, സിയാവുദ്ദീന്‍ അലി അഹ്മദ് അത്തരം പ്രതീക്ഷകളൊന്നും വെച്ചുപുലര്‍ത്തുന്നില്ല. “ഞങ്ങളുടെ പേരുകള്‍ വരില്ലെന്ന് അറിയാം, എന്നിരുന്നാലും അവസ്ഥകള്‍ കാണിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്”, അദ്ദേഹത്തിന്‍റെ മകന്‍ സാജിദ് അലി അഹ്മദ് പറഞ്ഞു.

അപേക്ഷ തള്ളപ്പെട്ട മറ്റുള്ളവരെ പോലെ പട്ടികയില്‍ ഇടംപിടിക്കാനായി പുതുക്കിയ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്നതാണ് ഈ നിരാശക്കു കാരണം. പുതിയ അപേക്ഷ ഫയല്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ ആദ്യം ദേശീയ പൗരത്വ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചിരിക്കണം.

സിയാവുദ്ദീന്‍ അലി അഹ്മദ് ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല, കാരണം തങ്ങളുടെ വംശപരമ്പര തെളിയിക്കുന്ന മതിയായ രേഖകള്‍ ഒന്നും തന്നെ ഹാജറാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല.

ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടണമെങ്കില്‍, അപേക്ഷകര്‍ 1971 മാര്‍ച്ച് 24 അര്‍ദ്ധരാത്രിക്കു മുന്‍പു തന്നെ തങ്ങള്‍ അല്ലെങ്കില്‍ തങ്ങളുടെ പൂര്‍വികറ്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതു തെളിയിക്കാന്‍ ഭൂരിഭാഗം പേരും 1951-ലെ യഥാര്‍ഥ ദേശീയ പൗരത്വ പട്ടികയെയും 1971-നു മുന്‍പുള്ള തെരഞ്ഞെടുപ്പ് രേഖകളെയുമാണ് ആശ്രയിച്ചത്.

പക്ഷേ എന്‍.ആര്‍.സി അധികാരികള്‍ ഡിജിറ്റല്‍വത്കരിച്ച രേഖകളില്‍ തന്‍റെ പിതാവിന്‍റെ പേര് കണ്ടെത്താന്‍ സിയാവുദ്ദീന് കഴിഞ്ഞിട്ടില്ല. സേവാ കേന്ദ്രം എന്നു വിളിക്കപ്പെടുന്ന എന്‍.ആര്‍.സി സഹായകേന്ദ്രങ്ങളില്‍ പ്രസ്തുത രേഖകള്‍ ലഭ്യമായിരുന്നു. “പിതാവിന്‍റെയും മുത്തച്ഛന്‍റെയും പേരുകള്‍ ഞങ്ങള്‍ എല്ലായിടത്തും പരതി, പക്ഷേ കണ്ടെത്താന്‍ കഴിഞ്ഞില്ല” അദ്ദേഹം പറയുന്നു. കൂടാതെ പ്രാദേശിക സേവാകേന്ദ്രത്തില്‍ പോയ തന്‍റെ കുടുംബത്തെ സഹായിക്കാന്‍ അധികൃതര്‍ മനസ്സുകാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിതാവ് ഇഹ്തിറാമുദ്ദീന്‍റെ പേരുള്ള ഭൂരേഖകള്‍ സിയാവുദ്ദീന്‍റെ കൈവശമുണ്ടായിരുന്നു, പക്ഷേ അതു സമര്‍പ്പിക്കാന്‍ ചെന്നപ്പോഴേക്കും അവസാന തിയ്യതി കഴിഞ്ഞുപോയിരുന്നു.

ഇനി കാത്തിരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ മുന്നിലില്ല. അന്തിമ പട്ടികയില്‍ ഇടംപിടിക്കാത്തവര്‍ അസാമിലെ ഏതെങ്കിലും ഫോറിനേഴ്സ് ട്രൈബ്യൂണലിനു മുന്നില്‍ ഹാജറായി പൗരത്വം തെളിയിക്കേണ്ടി വരും. അതുവരേക്കും, അവരാരും തന്നെ ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കപ്പെടുകയില്ല.

“എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം,” സിയാവുദ്ദീന്‍റെ ഭാര്യ ഹകീമ ബീഗം പറഞ്ഞു.

ഹ്യൂമണ്‍സ് ഓഫ് അസാം എന്ന പേരില്‍ സ്ക്രോള്‍.ഇന്‍ പ്രസിദ്ധീകരിക്കുന്ന യഥാര്‍ഥ അനുഭവവിവരണങ്ങളില്‍ നിന്നും ഒരു ഭാഗം.

വിവ. ഇര്‍ശാദ് കാളാചാല്‍

Facebook Comments
Show More

Related Articles

Close
Close