Onlive Talk

മാനവികതയും യുക്തിവാദികളുടെ ധാര്‍മിക പ്രതിസന്ധിയും

പച്ചയായ ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ വിഷലിപ്തമാക്കുന്നതില്‍ കേരളത്തിലെ യുക്തിവാദികളെ തോല്‍പിക്കാന്‍ വേറെ ആളുണ്ടാവില്ല. ഒരു പ്രത്യേക മതത്തിലും അതില്‍ വിശ്വസിക്കുന്ന ആളുകളിലും ആ മതത്തിന്റെ വേദഗ്രന്ഥത്തിലും പ്രവാചകനിലും തെറ്റുകള്‍ മാത്രം കണ്ടെത്തുകയും അതിനു വേണ്ടി നുണകള്‍ എഴുന്നള്ളിക്കുകയും ചരിത്രത്തെയും പ്രമാണത്തെയും വക്രീകരിച്ച് ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന മനോഘടനയെ എന്ത് പേരിലാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല. മനഷ്യ ജീവിതത്തിലെ സങ്കീര്‍ണമായ സമസ്യകളെയൊക്കെ ലളിത യുക്തി കൊണ്ട് സമീപിച്ച്, ബാലിശമായ ചോദ്യങ്ങളും വാദങ്ങളും ഉന്നയിക്കുന്ന നാസ്തികരെ യുക്തിവാദികള്‍ എന്ന് വിളിക്കേണ്ടി വരുന്നത് വ്യാവഹാരിക സൗകര്യത്തിനു വേണ്ടി മാത്രമാണ്. ഇവര്‍ ദൈവത്തില്‍ വിശ്വസിക്കാത്തത് ദൈവാസ്തിക്യത്തെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തതു കൊണ്ടാണത്രെ. പക്ഷേ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കാന്‍ മാത്രമേ ഇവര്‍ക്ക് ശാസ്ത്രീയമായ തെളിവ് ആവശ്യമുള്ളൂ. സൃഷ്ടിവാദത്തിന് പകരമായി, ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത പരിണാമവാദവും പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തവുമൊക്കെ പൊക്കിപ്പിടിച്ചു നടക്കുന്ന യുക്തിവാദികളില്‍ പലരും ശാസ്ത്രീയ യുക്തിയെ തള്ളിപ്പറഞ്ഞു കൊണ്ടാണ് ഇപ്പോള്‍ മാനവികതയെക്കുറിച്ചും ധാര്‍മിക മൂല്യങ്ങളെക്കുറിച്ചും വാചാലരാവുന്നത്!

‘ഇസ്‌ലാമാണ് എന്റെ ഏറ്റവും വലിയ ശത്രു’ എന്ന് ഒരു അഭിമുഖത്തില്‍ തുറന്ന് പ്രഖ്യാപിച്ച, ഇസ്‌ലാം വിരുദ്ധ പ്രചാര വേലകളില്‍ ആയുസ്സിന്റെ വലിയ പങ്കും ഹോമിച്ച കേരളത്തിലെ തലമുതിര്‍ന്ന യുക്തിവാദി ഇ.എ ജബ്ബാര്‍ ഈയിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. ആഗസ്റ്റ് അവസാനം നടന്ന ഫ്രീതിങ്കേഴ്സ് മീറ്റില്‍ സംസാരിക്കവെ സ്വതന്ത്ര ചിന്തകരെ അഭിമുഖീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, ‘വികലമായ സാമൂഹ്യ ബോധവും ദുര്‍ബലമായ പൗരബോധവും വിചിത്രമായ സദാചാര ബോധവുമുള്ള അപരിഷ്‌കൃത സമൂഹമാണ് നമ്മള്‍ എന്ന് നമ്മള്‍ സ്വയം തിരിച്ചറിയണം.’ ഈ വാക്കുകള്‍ കൊണ്ട് ജബ്ബാര്‍ ഉദ്ദേശിച്ചത് എന്തു തന്നെയായാലും കേരളത്തിലെ യുക്തിവാദികളെ വിശേഷിപ്പിക്കാന്‍ ഇതിനേക്കാള്‍ അനുയോജ്യമായ പദപ്രയോഗങ്ങള്‍ കണ്ടെത്താന്‍ പ്രയാസം. ‘സ്വതന്ത്ര ചിന്തകരുടെ’ മതവിമര്‍ശന രീതിയെക്കുറിച്ച് അതേ സമ്മേളനത്തില്‍ അവരുടെയിടയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു വന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ലോകചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച മഹാ വിപ്ലവകാരി എന്ന് ചരിത്രകാരന്മാരും ചിന്തകന്മാരും വാഴ്ത്തിയ മുഹമ്മദ് നബിയെക്കുറിച്ച് ജബ്ബാറും ജാമിദയും ഉള്‍പ്പെടെയുളള കേരളത്തിലെ യുക്തിവാദികൾ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും കണ്ടാൽ ഇസ്‌ലാമോഫോബിയക്ക് പേരുകേട്ട നവനാസ്തികരുടെ ആചാര്യന്മാരായ റിച്ചാഡ് ഡോക്കിന്‍സും സാം ഹാരിസുമൊക്കെ തല കുനിച്ചു പോകും. കൃസ്ത്യന്‍ ഓറിയന്റലിസ്റ്റുകള്‍ പണ്ടെങ്ങാണ്ടോ എഴുതി വിട്ടതും പാശ്ചാത്യന്‍ ചിന്തകരില്‍ പലരും അവജ്ഞയോടെ തള്ളിക്കളഞ്ഞതുമായ നുണകളാണ് യുക്തിവാദികള്‍ പൊടി തട്ടിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഛര്‍ദ്ദിക്കുന്നത്. മുഹമ്മദ് നബി സ്ത്രീലമ്പടനാണെന്നും യുദ്ധക്കൊതിയനാണെന്നുമൊക്കെയുള്ള പഴകിപ്പുളിച്ച ആരോപണങ്ങള്‍ക്ക് മുസ്‌ലിം പണ്ഡിതന്മാര്‍ മറുപടി പറയാന്‍ വിസമ്മതിച്ചപ്പോള്‍ അത് തങ്ങളുടെ വിജയമായി ആഘോഷിച്ചവരാണ് കേരളത്തിലെ യുക്തിവാദികള്‍. ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് തുരുതുരാ അടിച്ചു കൊണ്ടിരുന്ന പന്തുകള്‍ മുസ്‌ലിം നവയൗവനം നരകയറിയ യുക്തിവാദി ഗോള്‍ കീപ്പര്‍മാരുടെ പോസ്റ്റിലേക്കു് തിരിച്ചടിക്കാന്‍ തുടങ്ങിയപ്പോൾ ”അയ്യയ്യേ, മറുപടി പറയുന്നേ” എന്നായി പരിദേവനം.

യുക്തിവാദികളുടെ വംശീയച്ചുവയുള്ള പരിഹാസോക്തികള്‍ക്ക് ക്ലാസിക് ഉദാഹരണമാണ് ജബ്ബാറിന്റെ ഈയിടത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റ്. മുസ്‌ലിംകളില്‍ ആത്മഹത്യാ നിരക്ക് കുറവാണ് എന്ന് സൂചിപ്പിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെ ജബ്ബാര്‍ എഴുതിയത് മൃഗങ്ങൾ ആത്മഹത്യ ചെയ്യാറില്ലെന്നും കാട്ടിലും മറ്റും മൃഗതുല്യരായി ജീവിക്കുന്ന അപരിഷ്‌കൃത സമൂഹങ്ങളിലാണ് ആത്മഹത്യാ നിരക്ക് ഏറ്റവും കുറവ്
എന്നുമായിരുന്നു. മുസ്‌ലിംകള്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇസ്‌ലാം അനുവദിക്കുന്നില്ലെന്നും സ്വയം മരിച്ച് രക്ഷപ്പെടാനുള്ള അറിവു പോലും അവര്‍ക്കില്ലെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. സ്വതന്ത്ര ചിന്തയുടെ ഒരു പോക്ക്!

ആത്മഹത്യ ചെയ്യാന്‍പോലും അറിവില്ലാത്ത ഈ ആള്‍ക്കൂട്ടത്തില്‍ നിന്ന് ധാരാളമാളുകള്‍ ഇപ്പോള്‍ യുക്തിവാദത്തിലേക്ക് കൂടു മാറിക്കൊണ്ടിരിക്കുന്നു എന്നാണ് മറ്റൊരു ജബ്ബാറിയൻ വിരുദ്ധോക്തി! മുസ്‌ലിംകളില്‍ കുറ്റകൃത്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും മതബോധം കുറഞ്ഞു വരികയാണെന്നും ഒരേ സമയം ഇയാള്‍ പറഞ്ഞു കളയും. യുക്തിവാദികളുടെ ന്യായം അനുസരിച്ച് മതബോധം കുറയുന്നതിന് ആനുപാതികമായി കുറ്റ കൃത്യങ്ങള്‍ കുറയുകയാണല്ലോ വേണ്ടത്. അപ്പോള്‍ മതബോധം കുറയുന്നതു കൊണ്ടും യുക്തിവാദികളുടെ എണ്ണം വര്‍ധിക്കുന്നതു കൊണ്ടുമാണ് മുസ്‌ലിംകളില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നത് എന്ന് ന്യായമായും അനുമാനിക്കണം.

മുസ്‌ലിം പേരുള്ള ആരെങ്കിലും എന്തെങ്കിലും കുറ്റകൃത്യത്തില്‍ പ്രതികളായാല്‍ അവര്‍ മതപരമായ ജീവിതം നയിക്കുന്നവരാണോ എന്നൊന്നും പരിശോധിക്കാതെ ഇസ്‌ലാമിന്റെ പട്ടികയില്‍ വരവ് വെയ്ക്കും. മുസ്‌ലിം പേരുള്ള യുക്തിവാദികള്‍ കുറ്റം ചെയ്താലും അതിന്റെ പാപഭാരം ഇസ്‌ലാം ഏറ്റെടുക്കണം. യുക്തിവാദികള്‍ക്ക് സ്വന്തമായ ഒരു ഐഡന്റിറ്റി ഇല്ലാത്തതു കൊണ്ട് സ്വന്തം പാപത്തിന്റെ ഭാരം ഏതെങ്കിലും മതത്തിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാം. മതത്തിന് മനുഷ്യനെ നന്നാക്കാന്‍ കഴിയില്ല എന്ന സിദ്ധാന്തവും ചമയ്ക്കാം.

ഒരു സമൂഹത്തിന്റെ തെറ്റുകളും കുറ്റങ്ങളും പെരുപ്പിച്ച് കാണിക്കുകയും നന്മകള്‍ക്കു നേരെ പൂര്‍ണമായി കണ്ണടയ്ക്കുകയും അതിലൂടെ അവരെ പൈശാചികവല്‍ക്കരിക്കുകയും (demonise) ചെയ്യുന്ന പ്രവണത വംശീയതയില്‍ നിന്ന് ഉണ്ടാവുന്നതാണ്. സംഘ്പരിവാര്‍ മുസ്‌ലിംകളെ അപരിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വളരെ നേരത്തെ തുടങ്ങിയ ഈ ഏര്‍പ്പാട് കേരളത്തില്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് യുക്തിവാദികളാണ്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ഈ രണ്ട് കൂട്ടരും ഉന്നയിക്കുന്ന വിമര്‍ശനങ്ങളുടെ സാമ്യത അമ്പരിക്കുന്നതാണ്. വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ടെസ്‌ററ് ഡോസ് എന്ന് വിശേഷിപ്പിക്കാവുന്ന ഹാദിയാ സംഭവത്തില്‍, വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി അലമുറയിടുന്ന യുക്തിവാദികള്‍ സ്വീകരിച്ച പ്രതിലോമപരമായ നിലപാട് അവരുടെ എല്ലാ പൊയ്മുഖങ്ങളും തുറന്നു കാണിക്കുന്നതായിരുന്നു.

കോടിക്കണക്കിന് മനുഷ്യര്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ജീവിതത്തില്‍ അവര്‍ക്ക് മാതൃകയായി കാണുകയും ചെയ്യുന്ന മഹത് വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന മനോവൈകൃതം, ധാര്‍മികതയെക്കുറിച്ച യുക്തിവാദികളുടെ സവിശേഷമായ കാഴ്ചപ്പാടില്‍ നിന്ന് ഉരുത്തിരിയുന്നത് കൂടിയാണ്. മനുഷ്യ സമൂഹം പൊതുവെ അംഗീകരിച്ചു വരുന്ന മൂല്യങ്ങളോട് അവര്‍ക്ക് പുഛമാണ്. ധാര്‍മികതക്ക് വ്യക്തമായ ഒരു അടിസ്ഥാനം കണ്ടെത്താന്‍ നാസ്തികര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പല കാലങ്ങളായി നാസ്തിക ചിന്തകൻമാർ ആവിഷ്‌കരിച്ച സിദ്ധാന്തങ്ങളൊന്നും തന്നെ മനുഷ്യരോട് പറയാന്‍ കൊള്ളാത്തതായത് കൊണ്ട് യുക്തിവാദികളില്‍ പലരും അത് തുറന്ന് പറയാറില്ല. സ്വവര്‍ഗരതി മുതല്‍ ശവരതി വരെയുള്ള ലൈംഗിക വൈകൃതങ്ങളെ പച്ചയായി ന്യായീകരിച്ച നാസ്തിക ദാര്‍ശനികരുണ്ട്. അവരൊന്നും ചില്ലറക്കാരല്ല. പക്ഷെ, റസ്സൽ മുതൽ, പീറ്റര്‍ സിംഗറും ഡോക്കിന്‍സും ഉൾപ്പെടെയുള്ള നാസ്തികരുടെ ധാര്‍മികതയെക്കുറിച്ച കാഴ്ചപ്പാടുകള്‍ ആധികാരികമായി ചൂണ്ടിക്കാണിച്ചാല്‍ കേരളത്തിലെ യുക്തിവാദികളിൽ ചിലര്‍ പറയും അവരെയൊന്നും തങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്ന്.
സ്വതന്ത്ര ചിന്ത ഒരു സമഗ്ര ചിന്താ പദ്ധതിയാണ് എന്നൊക്കെ ജബ്ബാറിനെപ്പോലുള്ളവര്‍ ഊറ്റം കൊള്ളുമെങ്കിലും ഈ ചിന്താപദ്ധതിയുടെ ദാര്‍ശനിക അടിത്തറ എന്താന്നെന്ന് ചോദിച്ചാൽ പദാര്‍ഥവാദത്തിനപ്പുറം ഒരു ഉത്തരം നാസ്തികര്‍ക്ക് നല്‍കാന്‍ കഴിയാറില്ല. ഈ ദാര്‍ശനിക ദാരിദ്ര്യം മറച്ചു പിടിക്കാനുളള മറയാണ് ഹിംസാതമകമായ മതവിമര്‍ശനങ്ങള്‍. ഇത്തരം വിമര്‍ശനങ്ങള്‍ കൊണ്ട് മാത്രം അധികകാലം പിടിച്ചു നില്‍ക്കാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ധാര്‍മികതയുടെയും മാനവികതയുടെയും ഹോള്‍സെയില്‍ ഏജന്റുമാരായി സ്വയം ചമയാനുള്ള യുക്തിവാദികളുടെ ബൗദ്ധിക വ്യായാമങ്ങള്‍.

കേരളത്തിലെ യുക്തിവാദികള്‍ക്കിടയില്‍ എത്ര ഗ്രൂപ്പുകളുണ്ടെന്ന് തിട്ടമില്ല. ഇ.എ ജബ്ബാറും സി.രവിചന്ദ്രനും നയിക്കുന്ന ഗ്രൂപ്പുകളാണ് പ്രബലം. ഇവര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പങ്ങളും അനാവരണം ചെയ്യുന്നതായിരുന്നു ഫ്രീ തിങ്കേഴ്‌സ് മീറ്റിലെ ജബ്ബാറിന്റെ നേരത്തെ സൂചിപ്പിച്ച പ്രഭാഷണം. പ്രഭാഷണത്തിലെ നല്ലൊരു ഭാഗം ജബ്ബാര്‍ വിനിയോഗിച്ചത് വലതുപക്ഷ നവനാസ്തികതയുടെ പ്രചാരകനായ രവിചന്ദ്രനെതിരെ ഒളിയമ്പെയ്യാനും സ്വതന്ത്ര ചിന്തകരുടെ മാനവികതയെക്കുറിച്ച പുതിയ തിസീസ് അവതരിപ്പിക്കാനും വേണ്ടിയായിരുന്നു.

ഇസ്‌ലാമിന്റെ ആളുകള്‍ മാനവികതയെ പുറത്തു നിന്നെടുത്ത് ഇസ്‌ലാമില്‍ ഒട്ടിക്കുകയാണെന്ന് വിമര്‍ശിക്കാറുള്ള ജബ്ബാര്‍ (ഈ പ്രഭാഷണത്തിലും അങ്ങനെ പറയുന്നുണ്ട്.) യുക്തിവാദികളുടെ മാനവികതാ സങ്കല്‍പത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക:
”സ്വതന്ത്ര ചിന്തകരില്‍ ശാസ്ത്രവാദികളുണ്ട്. പ്രകൃതിവാദം ഉന്നയിക്കുന്നവരുണ്ട്. മാനവികത നാം പ്രസംഗിക്കാറുണ്ട്. പക്ഷേ ശാസ്ത്രവും പ്രകൃതിയും മാനവികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശരിയായ അവബോധം നമുക്കുണ്ടോ? മാനവികത എന്നു പറയുന്ന നമ്മുടെ സാമൂഹിക, ധാര്‍മിക ബോധത്തിന്റെ അടിത്തറയായിട്ടുള്ള സിദ്ധാന്തം പ്രകൃതി വിരുദ്ധമാണ്. ജനിക്കുന്ന മുഴുവന്‍ മനുഷ്യരും തുല്യരാണ് എന്നതാണ് മാനവികതയുടെ അടിസ്ഥാനം. അര്‍ഹതയുള്ളവര്‍ അതിജീവിച്ചാല്‍ മതി എന്നാണ് പ്രകൃതി പറയുന്നത്.”
‘അര്‍ഹതയുള്ളവരുടെ അതിജീവനം’ എന്ന പരിണാമവാദത്തിന്റെ സിദ്ധാന്തം ”ശാസ്ത്രപരമായും യുക്തിപരമായും പ്രകൃതിപരമായും ശരിയാണെങ്കിലും മാനവികതയുടെയും മനുഷ്യത്വത്തിന്റെയും തലത്തില്‍ തെറ്റാണെ”ന്നും ജബ്ബാര്‍ പറയുന്നു. രവിചന്ദ്രന്റെ വിവാദപരമായ സംവരണവിരുദ്ധ നിലപാടിനെ സൂചിപ്പിച്ചു കൊണ്ട് ഈ യുക്തിവാദി നേതാവ് പറയുന്നതുകൂടി കേട്ടാല്‍ കാര്യം വ്യക്തമാവും. ”അര്‍ഹതയുള്ളവര്‍ മാത്രം അതിജീവിച്ചാല്‍ മതി എന്ന പ്രകൃതിതത്വം അനുസരിച്ചാണ് ഞാന്‍ എല്ലാ സംവരണത്തിനും എതിരാണെന്ന് ചിലര്‍ പറയുന്നത്.”

ശാസ്ത്രത്തിനും പ്രകൃതിക്കും യുക്തിക്കും യോജിക്കാത്ത മാനവികതയെ എവിടെ നിന്നാണ് യുക്തിവാദികള്‍ കണ്ടെടുക്കുന്നത്? പ്രകൃതി ശാസ്ത്രത്തിന്റെയും ഭൗതിക ശാസ്ത്രത്തിന്റെയും കാഴ്ചപ്പാടില്‍ മനുഷ്യര്‍ തുല്യരല്ല. എന്നിട്ടും എല്ലാ മനുഷ്യരും തുല്യരാണ് എന്ന, ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്ത ആശയത്തെ ഏത് സാമൂഹിക പരിസരത്തു നിന്നാണ് അവര്‍ കടമെടുക്കുന്നത്?

‘എല്ലാ മനുഷ്യരും തുല്യരാണ്’ എന്ന വിഭാവനം പുറത്തു നിന്നെടുത്ത് ഒട്ടിക്കേണ്ട ഗതികേട് ഇസ്‌ലാമിന്റെ ആളുകള്‍ക്ക് ഏതായാലും ഇല്ല. എല്ലാ മനുഷ്യരും ഏകദൈവത്തിന്റെ സൃഷ്ടികളാണെന്നും ഒരേ സ്രോതസ്സില്‍ നിന്ന് ഉത്ഭവിച്ച ഒരേ മാതാപിതാക്കളുടെ സന്തതിപരമ്പരകളാണെന്നുമുള്ള കാഴ്ചപ്പാട് ഖുര്‍ആന്‍ മുന്നോട്ട് വെച്ചത് യൂറോപ്പില്‍ മാനവികവാദം (Humanism) ഉടലെടുക്കുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്. മനുഷ്യരെല്ലാം ആദമിൽ നിന്നാണെന്നും, അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ദൈവഭക്തിയുടെ കാര്യത്തിലല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും പഠിപ്പിച്ചതും വംശീയമായ എല്ലാ വേര്‍തിരിവുകളും അപ്രസക്തമാക്കിക്കൊണ്ട് ഒരു പുതിയ വ്യവസ്ഥിതി കെട്ടിപ്പടുത്തതും മുഹമ്മദ് നബിയാണ്. യുക്തിവാദികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ നിലനില്‍ക്കാന്‍ കഴിവുള്ളതാണ് ഇസ്‌ലാമിന്റെ മാനവികത.

ജബ്ബാറും രവിചന്ദ്രനും അഭിമുഖീകരിക്കുന്ന ധാര്‍മിക പ്രതിസന്ധി നവനാസ്തികരുടെ ബൗദ്ധികാചാര്യന്മാരെയും വേട്ടയാടുന്നത് കാണാം. The Selfish Gene എന്ന തന്റെ പുസ്തകത്തില്‍ മനുഷ്യന്‍ അവന്റെ അതിജീവനത്വരയുടെ ഭാഗമായി ജീനുകളെ തലമുറകളിലേക്ക് വ്യാപിപ്പിക്കാനുള്ള കിടമത്സരത്തിലാണ് എന്ന് പരിണാമ ശാസ്ത്രജ്ഞനായ ഡോക്കിന്‍സ് വാദിക്കുന്നു.

‘സ്വാര്‍ഥത മനുഷ്യന്റെ ജനിതകഗുണമാണ്. സ്വയം സ്വാര്‍ഥനായിരിക്കെത്തന്നെ, ഒരു നിസ്വാര്‍ഥനായി (altruist) അഭിനയിക്കുന്നതിലൂടെ താന്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ മനുഷ്യന് കഴിയും. ഇതിലൂടെ നമ്മുടെ താല്‍പര്യങ്ങളെത്തന്നെയാണ് നാം സംരക്ഷിക്കുന്നത് ‘, ഡോക്കിന്‍സ് പറയുന്നു. ധാര്‍മികത ഒരു നല്ല അഭിനയമാണെന്നര്‍ഥം!

മനുഷ്യന്‍ ചിലപ്പോള്‍ പ്രകൃതി നിശ്ചയിച്ച നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഡോക്കിന്‍സിനെ കുഴക്കുന്നുണ്ട്. മനുഷ്യന്‍ മറ്റു ജീവികളെ അപേക്ഷിച്ച് അതി സങ്കീര്‍ണമായ ഒരു വര്‍ഗമാണെന്നും നമ്മുടെ ജീനുകള്‍ക്ക് വേണ്ടത് എന്താണെന്ന് തിരിച്ചറിയാനും അത് നമുക്ക് ദോഷകരമാണെങ്കില്‍ അതിനെ പ്രതിരോധിക്കാനും കഴിവുള്ള ഒരു തലച്ചോറ് ജൈവ പരിണാമത്തിലൂടെ മനുഷ്യന് ലഭ്യമായിട്ടുണ്ടെന്നുമാണ് അദ്ദേഹം കണ്ടെത്തുന്ന ഉത്തരം. പഞ്ചസാര ഇഷ്ടപ്പെടുന്ന മനുഷ്യര്‍, ശരീരത്തിന് ദോഷകരമായത്‌കൊണ്ട് അതിന്റെ ഉപയോഗം നിയന്ത്രിക്കുന്നതും പ്രത്യുല്‍പാദനത്തിനുള്ള ജനിതകമായ ത്വരയെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കൊണ്ട് പ്രതിരോധിക്കുന്നതും ഉദാഹരണങ്ങളായി ഡോക്കിന്‍സ് ചൂണ്ടിക്കാണിക്കുന്നു.
പഞ്ചസാര കുറച്ച് മാത്രം കഴിക്കുന്നത് പോലെ, മനുഷ്യന് അവന്റെ സ്വാര്‍ഥതയെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ധാര്‍മിക ജീവിയായി മാറാന്‍ കഴിയുമെന്നുമാണല്ലോ ഡോക്കിന്‍സ് പറയാന്‍ ശ്രമിക്കുന്നത്. ബുദ്ധിയും ബോധവുമുപയോഗിച്ച് മനുഷ്യന്‍ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ തീര്‍ത്തും വ്യക്തിനിഷ്ഠവും അവസരവാദപരവുമാണെന്ന് കാണാന്‍ കഴിയും. ഇതിലൂടെ പൊതുവായ ധാര്‍മിക മൂല്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമോ എന്നതാണ് മൗലികമായ ചോദ്യം. അതിന് കഴിയണമെങ്കില്‍ നന്മയും തിന്മയും വേര്‍തിരിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ടാവണം. വ്യഭിചാരം, മദ്യപാനം തുടങ്ങി ശവരതി വരെയുള്ള കാര്യങ്ങള്‍ യുക്തിവാദികളില്‍ ചിലര്‍ക്ക് സ്വീകാര്യമാവുന്നതും മറ്റു ചിലര്‍ക്ക് അസ്വീകാര്യമാവുന്നതും ധാര്‍മികതക്ക് വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ്. ഉയര്‍ന്ന സാമൂഹിക ബോധം പുലര്‍ത്തുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന ജബ്ബാറിനെപ്പോലുള്ളവര്‍ക്ക് മനുഷ്യര്‍ക്കിടയില്‍ പരസ്പര വിദ്വേഷം സൃഷ്ടിക്കുന്ന തരത്തില്‍ തരംതാണ പ്രചാരവേലകള്‍ നടത്തുന്നതും അസ്തിത്വ ഭീഷണി നേരിടുന്ന ഒരു സമുദായത്തെ വേട്ടക്കാരോടൊപ്പം ചേര്‍ന്ന് പൈശാചികവല്‍ക്കരിക്കുന്നതും സാമൂഹിക വിരുദ്ധതയായി അനുഭവപ്പെടാത്തത് ‘വികലമായ സാമൂഹിക ബോധവും വിചിത്രമായ സദാചാര ബോധവും’ കൊണ്ട് നടക്കുന്നതു കൊണ്ടാണ്.

ദൈവത്തില്‍ നിന്ന് സ്വതന്ത്രമായ ഒരു വസ്തുനിഷ്ഠ ധാര്‍മികത (objective morality) യെക്കുറിച്ചാണ് നവനാസ്തികര്‍ ഇപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. നാസ്തിക സംഘടനകളുടെ അന്തര്‍ദേശീയ വേദിയായ Atheist Alliance International അവരുടെ വെബ്‌സൈറ്റില്‍ Can Atheists be Moral ? എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ധാര്‍മികതയെ നിര്‍വചിക്കുന്നത് ഇങ്ങനെ:
‘മനുഷ്യര്‍ക്ക് അനാവശ്യമായ ദ്രോഹവും കഷ്ടപ്പാടും സമ്മാനിക്കുന്ന എല്ലാം ധാര്‍മികമായി തെറ്റാണ്. മനുഷ്യ നന്മക്ക് സംഭാവന നല്‍കുന്നതെല്ലാം ധാര്‍മികമായി ശരി. തെറ്റും ശരിയും നിര്‍ണയിക്കാന്‍ ഇത്തരം ഒരു മാനദണ്ഡം ലഭിച്ചു കഴിഞ്ഞാല്‍ നമുക്ക് പറയാന്‍ കഴിയും, ഒരു മനുഷ്യനെ ചുറ്റിക കൊണ്ട് അടിക്കുന്നത് വസ്തു നിഷ്ഠമായി ധാര്‍മികമായ തെറ്റും, മറ്റു ചില പ്രവൃത്തികള്‍ ധാര്‍മികമായ ശരിയും ആണെന്ന്. ഈ ലോജിക്കിന് രണ്ട് പ്രധാന തലങ്ങളുണ്ട്. യുക്തിയും ശാസ്ത്രവും ഉപയോഗിച്ച് കണ്ടെത്താവുന്ന വസ്തുനിഷ്ഠ, ധാര്‍മിക ശരികള്‍ ഉണ്ട്. അത് കണ്ടെത്താന്‍ ദൈവവിശ്വാസത്തിന്റെ ആവശ്യം ഇല്ല.’ ചുറ്റിക കൊണ്ടടിക്കുന്നത് മനുഷ്യന് ദോഷകരമാണെന്ന് വസ്തുനിഷ്ഠമായി തെളിയിക്കാന്‍ കഴിയും. പക്ഷേ സ്വവര്‍ഗ രതിയും വ്യഭിചാരവും കളവും ചൂഷണവും തെറ്റാണോ ശരിയാണോ എന്ന് വസ്തുനിഷ്ഠമായി തെളിയിക്കാന്‍ കഴിയുമോ? വ്യക്തിയുടെ പ്രവൃത്തികള്‍ ആത്യന്തികമായി സമൂഹത്തിന് ദോഷകരമാണോ ഗുണകരമാണോ എന്ന് ആര്, എങ്ങനെ തീരുമാനിക്കും? വ്യക്തിയാണ് തീരുമാനിക്കുന്നതെങ്കിൽ അത് ആത്മനിഷവും സ്വാർത്ഥപരവുമായിരിക്കും. സമൂഹമാണ് തീരുമാനിക്കുന്നതെങ്കിൽ, ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങൾക്ക് അനുഗുണമായ ധാർമികതയായിരിക്കും അത്.

ആത്മഹത്യയും സ്വവർ‌ഗരതിയുമൊക്കെ സമൂഹത്തെ ബാധിക്കാത്ത, ധാർമികമായ ശരിയും തെറ്റും ഉൾപ്പെടാത്ത വ്യക്തിപരമായ ചെയ്തികളാണ് എന്ന് പല നാസ്തികരും വാദിക്കുന്നത്, വ്യക്തിയുടെ കർമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ തിരിച്ചറിയാൻ മാത്രം അവരുടെ ബുദ്ധിയും ബോധവും വികസിക്കാത്തത് കൊണ്ടാണ്. ഗേ, ലസ്ബിയൻ പ്രസ്ഥാനങ്ങളുടെ ഉത്ഭവവും വളർച്ചയും അവയുടെ സാമൂഹിക, രാഷടീയ സ്വാധീനവും പരിശോധിച്ചാൽ സ്വവർഗരതി അത് ചെയ്യുന്ന വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് ബോധ്യമാവും. വസ്തുനിഷ്ഠ ധാർമികതയെക്കുറിച്ച ചർച്ചകൾ ഒടുക്കം ചെന്നെത്തുക മനുഷ്യന്നും പ്രപഞ്ചത്തിന്നും അതീതമായ ഒരു ശക്തിക്ക് മാത്രമേ ധാർമിക നിയമങ്ങൾ ഉണ്ടാക്കാൻ കഴിയൂ എന്ന നിഗമനത്തിലാണ്.

ധാര്‍മികത മനുഷ്യനില്‍ സഹജമായി ഉള്ളതാണ് എന്ന ഒരു വാദത്തിലൂടെ യുക്തിവാദികള്‍ ഈ സമസ്യയെ നേരിടാന്‍ ശ്രമിക്കാറുണ്ട്. മനുഷ്യ സൃഷ്ടിയോടൊപ്പം തന്നെ അടിസ്ഥാനപരമായ ഒരു ധാര്‍മിക ബോധം ദൈവം മനുഷ്യ പ്രകൃതിയില്‍ നിക്ഷേപിച്ചിരിക്കുന്നു എന്നത് മതത്തിന്റെ കാഴ്ചപ്പാടാണ്. ദൈവത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ഈ വാദം നാസ്തികര്‍ കടമെടുക്കുകയാണെങ്കില്‍ മനുഷ്യനില്‍ നിലീനമായ ധാര്‍മികതയുടെ സ്രോതസ്സ് ശാസ്ത്രീയമായും വസ്തുനിഷ്ഠമായും തെളിയിക്കാന്‍ അവര്‍ക്ക് കഴിയണം. സ്‌നേഹവും ത്യാഗവുമൊക്കെ പരിണാമത്തിന്റെ ഏത് ഘട്ടത്തില്‍, മനുഷ്യന്റെ ഏത് ജീനില്‍, മസ്തിഷ്‌കത്തിന്റെ ഏത് കോശത്തില്‍ ആണ് നിക്ഷേപിക്കപ്പെട്ടത് എന്ന ചോദ്യത്തിന് അവര്‍ ഉത്തരം പറഞ്ഞേ മതിയാവൂ.

മതവിശ്വാസികള്‍ ചെയ്യുന്ന തിന്മകളും നാസ്തികര്‍ ചെയ്യുന്ന നന്മകളും ചൂണ്ടിക്കാണിച്ചു കൊണ്ട് മനുഷ്യനെ നന്നാക്കാന്‍ മതവും ദൈവവും ആവശ്യമില്ല എന്ന് യുക്തിവാദികള്‍ പറയാറുണ്ട്. നന്മയും തിന്മയും യുക്തിവാദികൾ നിര്‍വചിക്കുന്നത് മിക്കപ്പോഴും മതത്തിന്റെ മാനദണ്ഡങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് എന്നതാണ് ഏറ്റവും രസകരം. ഒരേസമയം അവർ സ്വവർഗരതിയെ ന്യായീകരിക്കുകയും അതേ തിൻമ ഒരു മതവിശ്വാസിയിൽ നിന്ന് സംഭവിച്ചാൽ ‘ധാർമിക രോഷം ‘ കൊള്ളുകയും ചെയ്യും!

ദൈവവിശ്വാസിയാവുന്നതോടെ ഒരാൾ താനെ നല്ലവനായിക്കൊള്ളും എന്നല്ല മതം പറയുന്നത്. ധാര്‍മിക ജീവിതം നയിക്കാനും മനുഷ്യന്റെ സഹജഗുണമായ സ്വാര്‍ഥതയെ നിയന്ത്രിച്ചു നിര്‍ത്താനും നിരന്തരവും ബോധപൂര്‍വവുമായ പ്രയത്‌നം ആവശ്യമുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കാണാം. കുറ്റകൃത്യങ്ങളുടെ പ്രതിപ്പട്ടികയില്‍ കാണുന്ന മുസ്‌ലിം പേരുള്ളവരൊക്കെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് യുക്തിവാദികളുടെ രീതി. മതത്തെ എത്രത്തോളം ആത്മാര്‍ഥമായി അനുധാവനം ചെയ്യാന്‍ ശ്രമിക്കുന്നുവോ അത്രത്തോളം വ്യക്തിയിലും സമൂഹത്തിലും അതിന്റെ ഗുണഫലങ്ങളുണ്ടാകും. മുസ്‌ലിം സമൂഹത്തില്‍ എന്തെല്ലാം നന്മകള്‍ അവശേഷിക്കുന്നുണ്ടോ അതൊക്കെയും ഇസ്‌ലാം അവര്‍ക്ക് നല്‍കിയ മൂല്യബോധത്തില്‍ നിന്ന് ഉറവെടുത്തതാണെന്ന് കാണാന്‍ കഴിയും. ശാസ്ത്രീയമായി സമര്‍ഥിക്കാന്‍ കഴിയാത്തത് എന്ന് സ്വയം സമ്മതിക്കുന്ന ധാര്‍മികതയെക്കുറിച്ചും മാനവികതയെക്കുറിച്ചും യുക്തിവാദികള്‍ വാചാലരാവുന്നതു പോലും തലമുറകളിലൂടെ അവർക്ക് കൈവന്ന ദൈവപ്രോക്തമായ ധാര്‍മിക, സദാചാരബോധത്തിന്റെ സാമൂഹിക പരിസരത്ത് നിന്നുകൊണ്ടാണ്. ദൈവത്തിൽ നിന്നും മതത്തിൽ നിന്നും മുക്തമായ നാസ്തികരുടെ ഒരു സമൂഹം ലോകത്ത് ഇന്നേവരെ നിലനിന്നിട്ടില്ലാത്തത് കൊണ്ട് നാസ്തികധാർമികതയെക്കുറിച്ച് യുക്തിവാദികൾക്ക് ദിവാസ്വപ്നം കാണാനേ കഴിയൂ. അലി ഇസ്സത്ത് ബെഗോവിച്ച് പറയുന്നത് പോലെ, ധർമനിഷ്ഠയുള്ള നാസ്തികരുണ്ടാവാം, പക്ഷെ നാസ്തിക ധാർമികത എന്നൊന്ന് ഇല്ല.

Facebook Comments
Show More
Close
Close

Adblock Detected

Please consider supporting us by disabling your ad blocker