Current Date

Search
Close this search box.
Search
Close this search box.

ബോളിവുഡിനെ ഉപയോഗിക്കുന്ന ഇസ്രായേൽ

ഇന്ത്യ-ഇസ്രായേൽ സാംസ്കാരികബന്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായി വിശേഷിപ്പിക്കപ്പെട്ട ഒരു “സാംസ്കാരിക പ്രദർശനത്തിൽ” പങ്കെടുക്കാൻ ഇസ്രായേലിലേക്കുള്ള യാത്രയിലായിരുന്നു കഴിഞ്ഞ ഒക്ടോബർ 15നും 17നും ഇടയിൽ നമ്മുടെ ബോളിവുഡ് താരങ്ങൾ. അനിൽ കപൂർ, അമീഷ പട്ടേൽ തുടങ്ങി ചുരുങ്ങിയത് ഏട്ടോളം ഇന്ത്യൻ സിനിമാ താരങ്ങൾ പങ്കെടുക്കുന്ന ഉത്സവം, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് രൂപകൽപന ചെയ്യപ്പെട്ടിരുന്നത്. തെൽഅവീവിൽ നടന്ന പരിപാടിയിൽ ഏതാണ്ട് 30000 ഇന്ത്യക്കാർ പങ്കെടുക്കുമെന്ന് പ്രതീക്ഷപ്പെട്ടിരുന്നു.

എന്നാൽ പരിപാടി തുടങ്ങുന്നതിനു മുമ്പു തന്നെ വിവാദങ്ങളും ആശയകുഴപ്പങ്ങളും ഉയർന്നുവന്നു. കഴിഞ്ഞാഴ്ച, ബോളിവുഡ് താരങ്ങളോട് ഇസ്രായേൽ സന്ദർശനം ഉപേക്ഷിക്കാൻ സമ്മർദ്ദം ചെലുത്താനും, ഇസ്രായേലിനെതിരെയുള്ള സാംസ്കാരിക ഉപരോധത്തെ ബഹുമാനിക്കാൻ ആവശ്യപ്പെടാനും ബി.ഡി.എസ് (Boycott Divestment and Sanction) പ്രവർത്തകർ തങ്ങളുടെ അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു. സമാനമായി 2018-ൽ താരങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തപ്പെട്ടതിനെ തുടർന്ന് പരിപാടി അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കപ്പെട്ടിരുന്നു. എന്നാൽ, ഈ പരിപാടി നടന്നാലും ഇല്ലെങ്കിലും, ബോളിവുഡിൽ ഇസ്രായേലിന്റെ വശീകരണ പ്രയോഗം നല്ലരീതിയിൽ തന്നെ നടക്കുന്നുണ്ട്.

“ഫലസ്തീനികളോടു കാണിക്കുന്ന മനുഷ്യാവകാശ ലംഘനകളെ വെള്ളപൂശാൻ ബോളിവുഡിനെ ആകർഷിക്കുന്നത് ഇസ്രായേലിനെ ബ്രാൻഡ് ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്,” ബി.ഡി.എസ് കാമ്പയിനിന്റെ സൗത്ത് ഏഷ്യ കോർഡിനേറ്റർ അപൂർവ പി.ജി പറഞ്ഞു. അതിപ്പോൾ പുതിയ തലങ്ങളിലേക്കും ഉയരങ്ങളിലേക്കും എത്താൻ പോവുകയാണ്. ഭാഗികമായി ഇസ്രായേലിൽ ചിത്രീകരിക്കപ്പെട്ട ആദ്യ ഹിന്ദി സിനിമ നവംബർ 1ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോവുകയാണ്. സുശാന്ത് സിങ് രജ്പുത്, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ‘ഡ്രൈവ്’ എന്ന സിനിമ, തെൽഅവീവിലെ തെരുവോരങ്ങളിലും, പുരാതന നഗരമായ ജാഫയിലെ മനോഹരമായ വഴിത്താരകളിലുമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

പാശ്ചാത്യലോകത്ത് ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ പ്രതിച്ഛായ സംരക്ഷിക്കാനായി ബോളിവുഡിന്റെ സൗമ്യശക്തിയെ നിക്ഷേപമിറക്കി ഉപയോഗപ്പെടുത്തുന്നതിന്റെ ആദ്യ ലാഭമായിരിക്കും ഒരുപാടു തരത്തിൽ ‘ഡ്രൈവ്’. പുതിയ വിപണിയിൽ പ്രവേശിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, സിനിമകളിൽ നിക്ഷേപമിറക്കാമെന്നും നികുതിയിളവുകൾ നൽകാമെന്നും ഇസ്രായേൽ വാഗ്ദാനം ചെയ്തു കഴിഞ്ഞു; ഇസ്രായേൽ ടൂറിസം മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഭാഗികമായി ‘ഡ്രൈവ്’ന് ധനസഹായം നൽകിയിട്ടുണ്ട്.

ഇസ്രായേലും ബോളിവുഡും തമ്മിലുള്ള ബന്ധം ദ്രുതഗതിയിൽ ശക്തിപ്പെട്ടുവരുന്നത് “ഇസ്രായേലുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിന്റെയും ഫലസ്തീൻ അധിനിവേശത്തിനുള്ള ഇന്ത്യയുടെ പിന്തുണയുടെയും പ്രശ്നകരമായ അടയാളമാണ്” എന്ന് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഇനീഷ്യേറ്റീവ് അംഗം റോബിന്ദ്ര ദെബ് പറയുന്നു. ഫലസ്തീൻ അധിനിവേശത്തെ വെള്ളപ്പൂശുന്ന ഇസ്രായേലി പദ്ധതിക്ക്, നിലവിൽ ഇസ്ലാമോഫോബിയയിലും വംശീയ ദേശീയ ആഖ്യാനങ്ങളിലും മുങ്ങിക്കിടക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾക്കിടയിൽ നിന്നും കാഴ്ചക്കാരെ ലഭിച്ചുകഴിഞ്ഞു.

നിശബ്ദ സിനിമാകാലഘട്ടത്തിലെ ബോളിവുഡിലെ ജൂത ചരിത്രവുമായി ബന്ധപ്പെട്ട ഒരു ഇന്ത്യൻ ടെലിവിഷൻ പരിപാടിയുടെ ആമുഖത്തിൽ, “ഹിന്ദി സിനിമയുമായുള്ള ഇസ്രായേലിന്റെ ബന്ധം 1900കൾ മുതൽ നിലനിൽക്കുന്നതാണ്,”എന്നു കാണാം, അന്നത്തെ അഭിനേതാക്കൾ “ബാഗ്ദാദി ജൂതൻമാർ” ആയിരുന്നു എന്നും അതു സമ്മതിക്കുന്നുണ്ട്. അതേസമയം 1948 വരേക്കും ഇസ്രായേൽ എന്നൊരു രാഷ്ട്രം ഈ ലോകത്ത് നിലവിലുണ്ടായിരുന്നില്ല എന്ന വസ്തുത അതു അവഗണിക്കുന്നു.

ഇസ്രായേൽ സർക്കാർ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങൾ കാണിക്കുന്ന സന്നദ്ധതയിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ്, ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസർച്ച് ആന്റ് ജേണലിസം ഹബ്ബായ ‘പോളിസ് പ്രൊജക്ട്’ ഡയറക്ടർ സുജിത്ര വിജയൻ പറയുന്നത്. “കലയെയും സംസ്കാരത്തെയും ഇസ്രായേൽ കോളനിവത്കരിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ബോളിവുഡ്. ഇന്ത്യയുമായി ഫലസ്തീൻ ഒരു നീണ്ടകാലത്തെ ബന്ധം ഉണ്ടായിരുന്നു, ആ ബന്ധത്തിന്റെ ചരിത്രവും കൂടി മായ്ച്ചുകളയാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്,” സുജിത്ര വിജയൻ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യൻ വംശജരായ ഏതാണ്ട് 85000 ജൂതൻമാർ നിലവിൽ ഇസ്രായേലിൽ ജീവിക്കുന്നുണ്ട്. അതുപോലെ ആരോഗ്യരംഗം, ഐ.ടി, വജ്ര വ്യാപാരം തുടങ്ങിയ വിവിധ തൊഴിൽ മേഖലകളിലായി 12500 ഇന്ത്യൻ പൗരൻമാർ ജോലി ചെയ്യുന്നുമുണ്ട്. സംഘാടകരുടെ കണക്കനുസരിച്ച്, ഏതാണ്ട് 30000 ഇന്ത്യക്കാർ തെൽഅവീവിലെ പരിപാടിയിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

വിദഗ്ധ തൊഴിൽ മേഖലയിൽ ജോലിയെടുക്കുന്ന പ്രവാസി ഇന്ത്യക്കാരിൽ ഭൂരിഭാഗവും മേൽജാതികളിൽ പെട്ടവരാണ് എന്നത് പരിഗണിക്കുമ്പോൾ, “തീവ്രദേശീയബോധവും ജാതി രാഷ്ട്രീയവും അവർ കൂടെക്കൂട്ടുന്നുണ്ട്, ബോളിവുഡ് നടത്തിയ മുന്നേറ്റങ്ങളെ ഇതു വിശദീകരിക്കുന്നു. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു വലിയ വിപണി കൂടിയാണെന്നതും ഇതിന്റെ മറ്റൊരു വശമാണ്.” സുജിത്ര വിജയൻ വിശദീകരിക്കുന്നു. 1990-കൾ മുതൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും, 2014-ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതു മുതൽക്ക്, ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം അഭൂതപൂർവ്വമായ തലങ്ങളിലേക്ക് എത്തി.

2017-ൽ, ഇസ്രായേൽ സന്ദർശിക്കുന്ന പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ഇത് ഇന്ത്യയുടെ വിദേശനയത്തിലെ സുപ്രധാനമാറ്റമായി അടിവരയിട്ടു പറയേണ്ട ഒരു കാര്യമാണ്. ഇന്ന്, ഇസ്രായേലി ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ, ഏകദേശം ഒരു ബില്ല്യൺ അമേരിക്കൻ ഡോളറാണ് ഇന്ത്യ ഓരോ വർഷവും ഇസ്രായേലിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ ചെലവഴിക്കുന്നത്.

2018 ജനുവരിയിലെ ആറു ദിവസത്തെ ഇന്ത്യാ സന്ദർശനവേളയിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുംബൈയിൽ വെച്ച് അമിതാഭ് ബച്ചൻ, ഇംതിയാസ് അലി അടക്കമുള്ള ഇന്ത്യൻ സിനിമാതാരങ്ങളുമായും നിർമാതാക്കളുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇസ്രായേൽ-ബോളിവുഡ് സഹകരണമായിരുന്നു ചർച്ചാവിഷയം. അന്നുമുതൽക്ക്, ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായകരമാവുന്ന ഒരവസരവും ഇന്ത്യയിലെ ഇസ്രായേൽ പ്രതിനിധികൾ നഷ്ടപ്പെടുത്തിയിട്ടില്ല.

‘ഫ്രണ്ട്ഷിപ്പ് ഡേ’ ആയി ആഘോഷിക്കുന്ന ആഗസ്റ്റ് 3ന്, നെതന്യാഹുവും മോദിയും തമ്മിലുള്ള ബ്രൊമാൻസ് ആഘോഷിക്കുന്ന ഒരു വീഡിയോ കൊളാഷ് ന്യൂഡൽഹിയിലെ ഇസ്രായേലി എംബസി പുറത്തിറക്കുകയുണ്ടായി. ‘യേ ദോസ്തി ഹം നഹീ തോഡേഗേ’ എന്ന പ്രശസ്തമായ ബോളിവുഡ് ഗാനമായിരുന്നു പ്രസ്തുത വീഡിയോയുടെ പശ്ചാത്തലസംഗീതമായി ഉപയോഗിച്ചത്.

അതുപോലെ കഴിഞ്ഞ സെപ്റ്റംബറിൽ, ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം അമിതാഭ് ബച്ചന് ലഭിച്ചപ്പോൾ, അഭിനന്ദനമറിയിച്ച് ആദ്യം ട്വീറ്റ് ചെയ്ത ആളുകളിൽ ഇന്ത്യയിലെ ഇസ്രായേലി സ്ഥാനപതി റോൺ മൽക്കയും ഉണ്ടായിരുന്നു.

ബോളിവുഡിനെ ആകർഷിക്കുന്നത് ബി.ഡി.എസ് പ്രസ്ഥാനത്തെ തകർക്കാനും ഇന്ത്യയിൽ ഇസ്രായേലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും വേണ്ടിയാണ് എന്ന കാര്യത്തിൽ ഇസ്രായേൽ അധികൃതർ ഒന്നും ഒളിച്ചുവെക്കുന്നില്ലെന്ന് അപൂർവ പി.ജി പറയുന്നു. “ഇന്ത്യൻ സിനിമാനിർമാതാക്കൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ ഇസ്രായേൽ വാഗ്ദാനം ചെയ്യുന്നുണ്ട്, അതിനാൽ അവർ അവിടെ പോവുകയും സിനിമ ചിത്രീകരിക്കുകയും ചെയ്യുന്നു,” അപൂർവ പറഞ്ഞു.

“ഇന്ത്യയെ സംബന്ധിച്ച് എന്താണോ പ്രശ്നകരമായിട്ടുള്ളത് അതിനെ നോർമലൈസ് ചെയ്യുകയാണ് ബോളിവുഡ് എല്ലായ്പ്പോഴും ചെയ്തിട്ടുള്ളത്. ഇന്ത്യയെ ‘നല്ലതായും’ ‘മാന്യമായും’ അവതരിപ്പിക്കാൻ ബോളിവുഡ് എല്ലായ്പ്പോഴും ഒരു വഴി കണ്ടെത്തിയിരുന്നു,” സുജിത്ര വിജയൻ പറയുന്നു. “ബോളിവുഡിനെ ഉപയോഗിച്ച്, ഓരോ ദിവസവും മിലിറ്ററി ഇൻഡസ്ട്രിയൽ കോംപ്ലക്സിനെ ജനകീയവൽകരിക്കുകയും നോർമലൈസ് ചെയ്യുകയുമാണ് ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നത്.” അവർ കൂട്ടിച്ചേർത്തു.

ഈ വർഷം തുടക്കത്തിൽ, നടിയും യൂനിസെഫ് സമാധാന അംബാസഡറുമായ പ്രിയങ്ക ചോപ്ര, കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 5ന് കശ്മീരിൽ ഇന്ത്യൻ ഗവൺമെന്റ് വാർത്താവിനിമയ ബന്ധം വിച്ഛേദിച്ചപ്പോൾ, ‘കശ്മീർ പരിഹാരം’ ആരംഭിച്ചു കഴിഞ്ഞു എന്നാണ് മുതിർന്ന ഇന്ത്യൻ നടനും ഹിന്ദു ദേശീയവാദിയുമായ അനുപം ഖേർ ട്വീറ്ററിൽ കുറിച്ചത്.

സെപ്റ്റംബറിൽ, ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാൻ ‘ബാർഡ് ഓഫ് ബ്ലഡ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസ് റീലീസ് ചെയ്തിരുന്നു, പാക് ഭരണത്തിന് കീഴിലുള്ള ബലൂചിസ്ഥാനിലെ കലാപകാരികളിലാണ് കഥ കേന്ദ്രീകരിക്കുന്നത്. കഥാപരിസരം ആകർഷണീയമായി തോന്നാമെങ്കിലും, കശ്മീർ അധിനിവേശത്തിനു നേരെയുള്ള വിമർശനങ്ങളെ വഴിതിരിച്ചു വിടാൻ മോദി സർക്കാർ ഔദ്യോഗികമായി നിരന്തരം ഉപയോഗിച്ചു വരുന്ന ഒന്നാണ് ബലൂചിസ്ഥാൻ വിഷയം.

‘ബാർഡ് ഓഫ് ബ്ലഡ്’ന്റെ ഒരു നിരൂപണം ഇങ്ങനെ വായിക്കാം, “ധാർമിക ബോധം ഇല്ലാത്ത, വ്യഭിചാരികളായ, ശിശുപീഡകരായ, ക്ഷിപ്രകോപത്തിന്റെ പുറത്ത് ആളുകളുടെ തലയറുക്കുന്ന മതതീവ്രവാദികളായ ആളുകളായാണ് ബാർഡ് ഓഫ് ബ്ലഡിലെ ഒട്ടുമിക്ക പാകിസ്ഥാനി അഫ്ഗാനി കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ളത്. അതേസമയം, ഇന്ത്യൻ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും നല്ലവരായ പൗരൻമാരാണ്. അവർ ശരിയായ കാര്യം ചെയ്യാൻ ശ്രമിക്കുന്നവരാണ്.”

ഭരണകൂട ദാസ്യവൃത്തിയുടെ ചരിത്രമാണ് ഉള്ളതെങ്കിലും, ഏതെങ്കിലും തരത്തിൽ എന്തെങ്കിലും ആഭ്യന്തര വിമതസ്വരങ്ങൾ ബോളിവുഡിനകത്ത് ഉയർന്നുവന്നാൽ തന്നെ പൊതുജനം അത് അറിയാൻ പോകുന്നില്ല. സെപ്റ്റംബറിൽ, 49 തിയ്യറ്റർ കലാകാരൻമാർ, അവരിൽ ചിലർ ബോളിവുഡിൽ പ്രവർത്തിക്കുന്നവരാണ്, ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു തുറന്ന കത്ത് എഴുതുകയുണ്ടായി- ഈ കത്തെഴുതിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയാണ് സർക്കാർ ചെയ്തത്.

“ആത്യന്തികമായി, ഇസ്രായേലിന്റെ കൈയ്യിലെ കളിപ്പാവകൾ ആവുന്നതിന് പകരം, ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധ അധിനിവേശത്തിനെതിരെ എഴുന്നേറ്റ് നിൽക്കണമെന്നാണ് ബോളിവുഡിലെ മുൻനിര-അണിയറ പ്രവർത്തകരോട് ഞങ്ങൾക്ക് പറയാനുള്ളത്.” അപൂർവ പി.ജി പറയുന്നു.

അവലംബം : middleeasteye.net
വിവ. ഇര്‍ശാദ് കാളാചാല്‍

 

Related Articles