Onlive Talk

സാഹസിക യൗവനത്തിന് അഭിവാദ്യങ്ങള്‍

എന്തിനും ഏതിനും ചെറുപ്പക്കാരെ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ഈ ദുരന്ത ഭൂമിയിലേക്ക് വരൂ. പ്രളയബാധിത പ്രദേശങ്ങളിലേക്ക്. നിങ്ങള്‍ക്കവിടെ അത്യന്തം സാഹസികവും ത്യാഗ പൂര്‍ണ്ണവുമായ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായ കേരളീയ യൗവ്വനത്തെ കാണാം. എവിടെയും കര്‍മ്മനിരതരായ ചെറുപ്പക്കാര്‍. കവളപ്പാറ യിലും പുത്തു മലയിലും അവര്‍ മണ്ണിനടിയില്‍ പെട്ട മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള അതീവ സാഹസിക വൃത്തികളില്‍ വ്യാപൃതരാണ്. മറ്റിടങ്ങളില്‍ കാല്‍മുട്ടോളവും അതില്‍ കൂടുതലും ചെളിയും ചേറും അടിഞ്ഞുകൂടിയ വീടുകള്‍ കള്‍ വൃത്തിയാക്കാനുള്ള തീവ്ര ശ്രമങ്ങളിലും.
ആരൊക്കെയാണിവര്‍? അവരില്‍ ഡോക്ടര്‍മാരുണ്ട്. എഞ്ചിനീയര്‍മാരുണ്ട്. പ്രൊഫസര്‍മാരുണ്ട്. സമ്പന്നരായ വ്യാപാരികളുമുണ്ട്. സ്വന്തം ജോലി മാറ്റിവെച്ച് എന്തും സഹിക്കാന്‍ സന്നദ്ധരായി വന്ന കൂലിപ്പണിക്കാരുണ്ട്.

സ്വന്തം വീട് അടിച്ചുവാരുക പോലും ചെയ്യാത്തവരാണ് മണ്ണിനോട് മല്ലിട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി പുറത്തെടുക്കാനും ഏറെ പ്രയാസപ്പെടുന്ന സഹോദരങ്ങളുടെ വീടുകള്‍ വൃത്തിയാക്കാനും ദിവസങ്ങളോളം കഠിന യത്‌നങ്ങളില്‍ മുഴുകിയിരിക്കുന്നത്.
സന്‍മാര്‍ഗ്ഗം സ്വീകരിച്ച് സത്യത്തോട് ചേര്‍ന്ന് നിന്ന് കഠിനമായ ത്യാഗം സഹിക്കേണ്ടിവന്ന മൂന്ന് സംഭവങ്ങളിലും ചെറുപ്പത്തെ പ്രത്യേകം എടുത്തു പറഞ്ഞ പരിശുദ്ധ ഖുര്‍ആന്‍ ദുര്‍ഗ്ഗികളെയും അക്രമികളെയും പറ്റി പറഞ്ഞേടത്തൊരിടത്തും യൗവനത്തെ പ്രത്യേകം എടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. മുതിര്‍ന്ന തലമുറ മറക്കാന്‍ പാടില്ലാത്തതും.

ദുരിത പ്രദേശങ്ങളില്‍ എന്തിനും സന്നദ്ധമായി സേവന വൃത്തികളില്‍ വ്യാപൃതമായ കര്‍മ്മോത്സുക യൗവ്വനത്തിന് ഹൃദ്യമായ അഭിവാദ്യങ്ങള്‍.
പ്രാര്‍ത്ഥനകളോടെ.

Facebook Comments
Related Articles
Show More

ശൈഖ് മുഹമ്മദ് കാരകുന്ന്

1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. 1982 മുതല്‍ 2007 വരെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയരക്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന അസിസ്റ്റന്റ് അമീര്‍ കൂടിയാണ്. പ്രബോധനം വാരിക ചീഫ് എഡിറ്റര്‍, ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍, ഡി ഫോര്‍ മീഡിയ ചെയര്‍മാന്‍, ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍, കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു പതിനാല് വിവര്‍ത്തന കൃതികള്‍ ഉള്‍പ്പെടെ എഴുപതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അവയില്‍ ആറെണ്ണം ഇംഗ്ലീഷിലേക്കും പതിനൊന്നെണ്ണം കന്നടയിലേക്കും നാലെണ്ണം തമിഴിലേക്കും ഒന്ന് ഗുജറാത്തിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് . അഞ്ച് ഗ്രന്ഥങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള 2018 ലെ കെ . കരുണാകരന്‍ അവാര്‍ഡിന് അര്‍ഹനായി. സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.
Close
Close