Current Date

Search
Close this search box.
Search
Close this search box.

പുനരുദ്ധാരണ പ്രവര്‍ത്തനം: ലക്ഷ്യം നേടാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണം

കേരളത്തിലെ ദുരിതബാധിതര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായം വന്നുകൊണ്ടേയിരിക്കുന്നു. പണത്തേക്കാളേറെ ഭക്ഷണം, വെള്ളം, മരുന്ന്, വസ്ത്രങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികളാണ് ടണ്‍ കണക്കിന് എത്തുന്നത്. കേരളം അതിന്റെ ചരിത്രത്തിലെതന്നെ ആദ്യത്തെ ഭീകര ദുരന്തമാണ് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ആയതിനാല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഒരുപാട് പാളിച്ചകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി കൃത്യമായി മനസ്സിലാക്കാന്‍ ഇനിയും സമയമെടുക്കുമെന്നത് യാഥാര്‍ഥ്യമാണ്.

സഹായമായി ഇനി സാധന സാമഗ്രികള്‍ (പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ) ഇനി വേണ്ടതില്ല എന്ന മെസേജാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ അറിയിച്ചിരക്കുന്നത്.

സഹായമായി ലഭിച്ച സാധന സാമഗ്രികള്‍ (ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ) പാഴാക്കാതെ ഗുണഭോക്താക്കള്‍ക്കെത്തിക്കുകയെന്നത് വലിയ കടമ്പ തന്നെയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ പല സ്ഥലങ്ങളിലും ശേഖരിച്ച ഭക്ഷണവും വസ്ത്രവും കെട്ടികിടപ്പാണ്.

അതിനാല്‍ ഇത്തരം കെട്ടി കിടക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ദുരിതബാധിതരല്ലാത്ത ആവശ്യക്കാര്‍ പരമാവധി വില നല്‍കി വാങ്ങിയാല്‍ ഭക്ഷ്യധാന്യങ്ങള്‍ നഷ്ടപ്പെടില്ല. എന്നുമാത്രമല്ല, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇനി ഏറ്റവും ആവശ്യമുള്ളത് പണത്തിനുമാണ്.

20000 കോടിയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ആവശ്യമായ തുക എന്നാണ് പ്രാഥമിക കണക്ക്. വിദേശ രാജ്യങ്ങളടക്കം എത്ര സഹായിച്ചാലും ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ കേരളം വലിയ രീതിയില്‍ പ്രയാസപ്പെടും. പ്രളയത്തിന്റെ വേദനകള്‍ അലയടിക്കുന്ന ആദ്യ ഘട്ടത്തില്‍ ശേഖരിക്കുന്ന ഫണ്ട് സൂക്ഷമതയോടെ ചിലവഴിച്ചില്ലെങ്കില്‍ യഥാര്‍ഥ്യ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നാം പകച്ചു നില്‍ക്കും. വീട് നിര്‍മാണം, റിപ്പയര്‍, തൊഴില്‍, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ വലിയ സാമ്പത്തിക വിഭവം ചിലവഴിച്ചാല്‍ മാത്രമേ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.

ഏകദേശം 70,000 ത്തോളം വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. വീടുകളിലെ ഫര്‍ണിച്ചര്‍, ഇലക്ട്രിക് – പ്ലബിംഗ് ഐറ്റംസ്, പാത്രങ്ങള്‍, ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷീന്‍, അയേണ്‍ മെഷീന്‍, മിക്‌സി, ഗ്രൈന്‍ഡര്‍ , ഇലക്ട്രിക് മോട്ടോര്‍ തുടങ്ങിയ ഉപകരണങ്ങള്‍ തുടങ്ങിയവ ഭൂരിഭാഗം വീടുകളിലും ഉപയോഗ ശൂന്യമായിട്ടുണ്ട്. ഇത്തരം ഉപയോഗ ശൂന്യമായ സാധനങ്ങള്‍ മുഴുവന്‍ ശേഖരിച്ച് സ്‌ക്രാപ് മാര്‍ക്കറ്റ് മുഖേന വിറ്റഴിച്ചും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ സാധിക്കും. ദുരന്ത നിവാരണ മേഖലയില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന NGO കള്‍ക്ക് ഈ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ സാധിക്കും. കൃത്യമായ ഡോക്യുമെന്റെഷന്‍ ഈ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്.

സന്നദ്ധ സംഘടനകള്‍ ശേഖരിക്കുന്ന ഫണ്ട് എത് രീതിയില്‍ ചിലവഴിക്കുമെന്നത് വളരെ സുപ്രധാനമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തന രീതിയും മുന്‍ഗണനയും ഇനി കാണാനിരിക്കുന്നേയുള്ളൂ. വ്യക്തികളുടെ അടിസ്ഥാന ആവശ്യങ്ങളുടെ നിര്‍വഹണത്തോടൊപ്പം റോഡ്,പാലങ്ങള്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മാണം സര്‍ക്കാറിന്റെ മുന്നില്‍ വലിയ വെല്ലു വിളി തന്നെയാണ്. റോഡുകളുടെയും പാലങ്ങളുടെയും പുനര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ തന്നെ ഫണ്ട് നല്‍കേണ്ടി വരും. പുനരധിവാസ പ്രര്‍ത്തനങ്ങളില്‍ അതിന് മുന്‍ഗണന നല്‍കേണ്ടത് അനിവാര്യമാണ്.

സാധാരണക്കാരുടെ വീടുകളുടെ പുനര്‍നിര്‍മാണം, തൊഴില്‍ സംരംഭങ്ങളുടെ പുന:ക്രമീകരണം, കുടിവെള്ള ലഭ്യത തുടങ്ങിയവ ഇനിയും നീളാനാണ് സാധ്യത. ദുരിതബാധിതര്‍ക്ക് വീട്, തൊഴില്‍ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ദീര്‍ഘകാല തിരിച്ചടവ് കാലാവധിയുള്ള പലിശരഹിത വായ്പകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.

സന്നദ്ധ സംഘടനകള്‍ ശേഖരിച്ച ഫണ്ടുകള്‍ അവര്‍ നേരിട്ട് തന്നെ ചിലവഴിക്കുന്നതാണ് ഉചിതം. പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍, തൊഴില്‍ സംരംഭങ്ങള്‍ ഒഴുകിപ്പോയവര്‍ തുടങ്ങിയവരെ അടിയന്ത പ്രാധാന്യത്തോടെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ലിസ്റ്റില്‍ ഗുണഭോക്താക്കളായി വരുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് ഇനിയും തീരുമാനമായിട്ടില്ല. ഭരണ-പ്രതിപക്ഷ കക്ഷികളുടെ ചേരിപ്പോരും ചാക്യാര്‍കൂത്തും കാണാനിരിക്കുന്നേയുള്ളൂ. പഞ്ചായത്ത് – ലോക്‌സഭ ഇലക്ഷനുകള്‍ അടുത്ത സാഹചര്യത്തില്‍ വോട്ട്ബാങ്ക് പൊളിറ്റിക്‌സിന് പ്രളയത്തെ ഉപയോഗപ്പെടുത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. സഹായം ആവശ്യമായവരുടെ കണ്ണീര്‍ തോരുകയില്ലെന്നതും നാം കാണാനിരിക്കുന്നേയുള്ളൂ.

സന്നദ്ധ സംഘടനകള്‍ സ്വന്തം നിലക്കു തന്നെ ഭൂമി,വീട്, തൊഴില്‍, കുടിവെള്ളം മേഖലയില്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ടാര്‍ഗറ്റ് എറ്റെടുത്ത് ഗുണഭോക്താവിനെ നേരിട്ട് കണ്ടെത്തി സഹായം ചെയ്തു കൊടുത്താല്‍ കാലതാമസമില്ലാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.

പ്രളയ റിഹാബിലിറ്റേഷനില്‍ സന്നദ്ധ സംഘടനകള്‍ക്കും NGO കള്‍ക്കും മഹല്ലുകള്‍ക്കും ക്ലബ്ബ് കള്‍ക്കും റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കും കരയോഗങ്ങള്‍ക്കും ഇടവകകള്‍ക്കും ദേവസ്വങ്ങള്‍ക്കും അവരുടേതായ പങ്ക് നിര്‍വഹിക്കാന്‍ കഴിയും. ഇവരെ കൂടി ചേര്‍ത്ത് പിടിച്ചാലേ സര്‍ക്കാറിന് ലക്ഷ്യം നേടാന്‍ കഴിയൂ. പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ആഗ്രഹിക്കുന്ന മുഴുവന്‍ സന്നദ്ധ സംഘടകള്‍ക്കും NGO കള്‍ക്കും വേണ്ടി പ്രത്യേക രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം.

കേരളത്തിലെ മത – രാഷ്ട്രീയ – സംരംഭകര്‍ സാമൂഹ്യ സേവന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചവരാണ്. ഓരോ വിഭാഗത്തിന്റെയും ഏറ്റവും വലിയ നന്‍മയും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിലെ മത്സരമാണ്. പ്രളയബാധയേല്‍ക്കാത്ത ഓരോ മഹല്ലുകളും ഇടവകകളും ക്ഷേത്ര കമ്മറ്റികളും ക്ലബുകളും വ്യവസായ സംരംഭകരും ചുരുങ്ങിയത് ശരാശരി ഒരു വീടിന്റെ നിര്‍മാണവും ഒരു വ്യക്തിയുടെ തൊഴിലും ഏറ്റെടുത്താല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ അത് വലിയ ചലനം സൃഷ്ടിക്കും.

Related Articles