Current Date

Search
Close this search box.
Search
Close this search box.

ശുഭ പ്രതീക്ഷ നല്‍കുന്ന ആഗോള മുസ്‌ലിം ഐക്യം

അറബ് ലോകം പുതിയ വഴിത്തിരിവിലാണ്, ഒരു പുതിയ ലോകം വരാനുള്ള പാതയില്‍. ഈ അടുത്തിടെയായി നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ പല കാര്യങ്ങളും നമ്മോട് വിളിച്ചുപറയുന്നു. സാമ്രാജ്യത്വ, കൊളോണിയല്‍ ശക്തികള്‍ പ്രതിഷ്ഠിച്ച, മുസ്‌ലിം ഉമ്മത്തിന്റെ അഭിമാനവും അന്തസ്സും ഇല്ലാതാക്കിയ ഏകാധിപത്യ വിഗ്രഹങ്ങള്‍ക്കെതിരെ അതി ശക്തമായ രൂപത്തില്‍ ചില സഖ്യങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.തുര്‍ക്കി -ഖത്തര്‍ അച്ചുതണ്ടാണ് ഈ സംഘത്തിലെ പ്രധാന അംഗങ്ങള്‍. മലേഷ്യ, പാകിസ്ഥാന്‍, കുവൈറ്റ് എന്നീ രാഷ്ട്രങ്ങള്‍ അടുത്ത് തന്നെ ഈ സഖ്യത്തില്‍ അംഗങ്ങളാകും.

ഒന്നര വര്‍ഷം മുമ്പ് ഖത്തര്‍ ഉപരോധത്തിന് വിധേയമായപ്പോള്‍ സൈനിക സഹായമടക്കമുള്ള എല്ലാ സഹായങ്ങളും തുര്‍ക്കി വാഗ്ദാനം ചെയ്തിരുന്നു. തുര്‍ക്കിക്കെതിരെ അമേരിക്ക അടിച്ചേല്‍പ്പിച്ച സാമ്പത്തിക യുദ്ധത്തിന്റെ ഫലമായുണ്ടായ ലിറ ഡോളര്‍ വിനിമയ പ്രശ്‌നത്തില്‍ നിന്നുത്ഭവിച്ച താത്കാലികമായ കൃത്രിമ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ ഉചിതമായ ഇടപെടലാണ് നടത്തിയത്.
തീര്‍ച്ചയായും വിശ്വാസികള്‍ സഹോദരന്മാരാണ് എന്ന് പറഞ്ഞ, ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ശേഷം ഇല്ലാതായിപ്പോയ, വിശുദ്ധ ഖുര്‍ആനിന്റെ സങ്കല്‍പ്പം പ്രായോഗിക രംഗത്തേക്ക് രണ്ടു രാഷ്ട്രങ്ങള്‍ പതുക്കെ പതുക്കെ കൊണ്ടുവന്നുകൊണ്ടിരിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അധിനിവേശ ശക്തികള്‍ പ്രത്യക്ഷത്തില്‍ നമ്മെ വിട്ടുപോയ ശേഷം അവര്‍ മുസ്ലിം മനസ്സുകളില്‍ അരക്കിട്ടുറപ്പിച്ച ആശയങ്ങള്‍ക്ക് മങ്ങലേല്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം.
ഈ അടുത്ത കാലത്തായി പടിഞ്ഞാറും മുസ്ലിം ഉമ്മത്തിലെ അവരുടെ ശിങ്കിടികളും തുര്‍ക്കി-ഖത്തര്‍ അച്ചുതണ്ടിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ശ്രമങ്ങളും പരാജയത്തില്‍ കലാശിച്ചുകൊണ്ടിരിക്കുന്നതായി നാം കാണുന്നു.

ഇവിടെ ചരിത്രത്തിലെ ഒരു യാഥാര്‍ഥ്യം നാം ഓര്‍ക്കേണ്ടതുണ്ട്. ഇസ്ലാമിനെ എതിര്‍ത്തുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിനേതിരേ ഇസ്ലാമിന്റെ ആളുകള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മാത്രമാണ് ശത്രുക്കള്‍ക്ക് തിരിച്ചടികള്‍ ലഭിക്കൂ എന്നതാണത്. കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്നതാണ് പ്രവാചകന്മാര്‍ ചെയ്തത്. മാരണക്കാരെ നേരിടാന്‍ അമാനുഷിക ശക്തി നല്‍കി മൂസ നബിയെ അള്ളാഹു സഹായിച്ചത് ഉദാഹരണം.

തുര്‍ക്കി – ഖത്തര്‍ അച്ചുതണ്ട് ഇന്ന് പലര്‍ക്കും ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ആര്‍ എന്തൊക്കെ ശ്രമങ്ങള്‍ നടത്തിയാലും ശരി തുര്‍ക്കി-ഖത്തര്‍ അച്ചുതണ്ട് വിജയിക്കുക തന്നെ ചെയ്യും. കാരണം അവര്‍ നീതിയുടെ സംസ്ഥാപനം ഉദ്ദേശിക്കുന്നു, ഇവിടെ നീതി എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഒരു പ്രത്യേക സമുദായത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടമല്ല, മറിച്ച് ഭൂമിയിലെ മനുഷ്യരുടെ ഇടയില്‍ നീതി നടപ്പാക്കുന്നതിനുള്ള ആഗ്രഹവും ശ്രമവുമാണ്.

വെനിസ്വേലയില്‍ ആഗോള നവ സാമ്രാജ്യത്വത്തിന്റെ നേതാവായ അമേരിക്കയും ശിങ്കിടികളും ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിന്നെതിരെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. സുഡാനിലും അവരുടെ കളികള്‍ തുടങ്ങിയിരിക്കുന്നു. കാര്യം വളരെ വ്യക്തം. എല്ലാം ലക്ഷ്യം വെക്കുന്നത് തുര്‍ക്കി ഖത്തര്‍ അച്ചുതണ്ടിന്റെ വളര്‍ച്ച ഇല്ലാതാക്കുക. തുര്‍ക്കിയും ഖത്തറും ഈ രാഷ്ട്രങ്ങളുമായി നല്ല ബന്ധത്തിലാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന തുര്‍ക്കി സ്വാധീനം ഇല്ലാതാക്കുക, പക്ഷെ ഒരു കാര്യം അവര്‍ മനസ്സിലാക്കേണ്ടതുണ്ട് ഒരു സമൂഹം തങ്ങളുടെ അസ്തിത്വം തിരിച്ചറിയുകയും അതിന്റെ സംസ്ഥാപനത്തിന്റെ മാര്‍ഗത്തില്‍ എന്തും ചെയ്യാന്‍ തയ്യാറാവുകയും ചെയ്താല്‍ ആ സമൂഹത്തിനേതിരേ ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല, തീര്‍ച്ച.

Related Articles