Current Date

Search
Close this search box.
Search
Close this search box.

പന്തുകളിയുടെ രാഷ്ട്രീയം

ആരവങ്ങള്‍ അടങ്ങി. ഇനി ഖത്തറില്‍ എന്നാണു അവസാന തീരുമാനം. ലോകത്തെ ചര്‍ച്ചകളും പ്രതീക്ഷകളും ഒരേ ബിന്ദുവില്‍ സംഗമിക്കുന്ന മറ്റൊന്നും കാല്‍പ്പന്തു കളിയുടെ അത്ര വരില്ല എന്നുറപ്പാണ്. കഴിഞ്ഞ ഒരു മാസം ലോകം പന്തിനു പിന്നാലെയായിരുന്നു. ഊണിലും ഉറക്കിലും ഉണര്‍ച്ചയിലും പന്ത് കളിയും കളിക്കാരും മാത്രമായി ഈ വിശാല ഭൂമി ചുരുങ്ങിപ്പോയി. ലോകത്തില്‍ നിലവിലുള്ള രാഷ്ട്രങ്ങളില്‍ 4 എണ്ണം മാത്രമാണ് അവസാന റൗണ്ടില്‍ വന്നത്. എങ്കിലും ലോകം മുഴുവന്‍ അതില്‍ കളിച്ചതു പോലെയായിരുന്നു അനുഭവം.

നാട്ടിന്‍ പുറവും പട്ടണവും എന്ന വ്യത്യാസമില്ലാതെ നാടും നഗരവും ഒരേ പോലെ കഴിഞ്ഞ ഒരു മാസം ആഘോഷിച്ചു. ഇന്ത്യ ലോകകപ്പില്‍ കളിച്ചില്ല എന്നത് ശരിയാണ്. എന്നാല്‍ ഓരോ ഇന്ത്യക്കാരനും ആ കളിയില്‍ ഭാഗമായിരുന്നു. പല ടീമുകള്‍ക്ക് വേണ്ടിയും അവര്‍ ഉത്സാഹിച്ചു. കേരളത്തില്‍ മെസ്സിയുടെയും നെയ്മറിന്റെയും ഫ്‌ളക്‌സില്ലാത്ത ഒരു ഗ്രാമവും പട്ടണവും കണ്ടില്ല.

വിനോദങ്ങള്‍ മാനസിക ആരോഗ്യത്തെ ഉത്തേജിപ്പിക്കാനുള്ളതാണ്. കളിയില്‍ കളിക്കാര്‍ മാത്രമല്ല കാണികളും ഭാഗമാകും. കളിയെ കാര്യമായെടുക്കുന്ന സംസ്‌കാരമാണ് ആധുനിക ജനതയുടേത്. വിനോദം എന്നതില്‍ നിന്നും അതൊരു കാര്യമായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പോലും മറ്റു ചര്‍ച്ചകളെ കളി മറികടന്നു. ഒരുപാട് പ്രാധാന്യമുള്ള അന്താരാഷ്ട്ര ദേശീയ പ്രാദേശിക വിഷയങ്ങള്‍ കളിയുടെ കാര്യത്തില്‍ മുങ്ങിപ്പോയി. വിനോദത്തിലൂടെ ജനതയെ തളച്ചിടുക എന്ന ഒരു ഭരണകൂട വിദ്യയുണ്ട്. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ അതൊരു സ്ഥിര സ്വഭാവമാണ്. രാജ്യത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ജനത ചിന്തിക്കരുത് എന്നാണു അവരുടെ ഉദ്ദേശം. ആ നാടുകളില്‍ ഇത്തരം വിനോദങ്ങള്‍ക്കു നക്കുന്ന പ്രാധാന്യം തന്നെ അത് വിളിച്ചോതുന്നു.

അന്താരാഷ്ട്ര തലത്തില്‍ പലതും നടന്നു. വേണ്ടത്ര പ്രതികരണം നാം കണ്ടില്ല. ദേശീയ തലത്തിലും അങ്ങിനെ തന്നെ. കളിക്ക് ഒരു രാഷ്ട്രീയമുണ്ട്. അത് അരാഷ്ട്രീയമാണ്. അതെ സമയം കേരള ജനതയില്‍ രാഷ്ട്രീയം നോക്കി നാടിനെ പിന്തുണച്ചവര്‍ ധാരാളം. സാമ്രാജ്യത്വ രാജ്യങ്ങളോടുള്ള എതിര്‍പ്പ് അവര്‍ കളിയിലും കാത്തു സൂക്ഷിച്ചു. ലോക ഫുട്ബാള്‍ ഭൂപടത്തില്‍ യൂറോപ്പ് ശക്തി ഉറപ്പിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ നാല് വര്‍ഷം കപ്പ് അവര്‍ ഭൂഖണ്ഡത്തിന്റെപുറത്തു കൊടുത്തില്ല. ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ സൗന്ദര്യം യൂറോപ്യന്‍ കളിയുടെ മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ചയും കണ്ടു. പവര്‍ ഗെയിം എന്ന യൂറോപ്യന്‍ രീതി കൂടുതല്‍ പ്രചാരം നേടുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

ഏഷ്യ ഇക്കൊല്ലവും നിരാശപ്പെടുത്തി. ഒറ്റപ്പെട്ട കുറച്ചു മുന്നേറ്റം എന്നതൊഴിച്ചാല്‍ എടുത്തു പറയാന്‍ കഴിയുന്ന ഒന്നും അവിടെയുമില്ല. കുടിയേറ്റങ്ങള്‍ യൂറോപ്യന്‍ കാല്‍പ്പന്തു കളിക്കു കരുത്തു പകരുന്നു. മറ്റുള്ള നാട്ടുകാരെ അപേക്ഷിച്ചു കുടിയേറ്റക്കാരുടെ എണ്ണം യൂറോപ്പിന്റെ ഫുട്ബാളില്‍ കൂടുതലാണ്. യൂറോപ്പില്‍ ഉണ്ടാകുന്നു എന്ന് പറയപ്പെടുന്ന വംശീയ വാദം, ഇസ്ലാമോഫോബിയ അതിന്റെ ഭാഗമായ വലതു തീവ്ര പക്ഷത്തിന്റെ വളര്‍ച്ച എന്നിവയുടെ രാഷ്ട്രീയ മാനം ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യും. കറുത്തവനെയും മുസ്ലിമിനെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ജനത അവര്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ വിജയത്തെ ആഘോഷിക്കുന്നു എന്നത് രാഷ്ട്രീയത്തിന്റെ നല്ലൊരു വശമാണ്.

ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ തുടര്‍ന്ന് കൊണ്ടിരുന്ന വിദ്വേഷ പ്രചാരണത്തിന് ഒരു താത്കാലിക പരിഹാരമായിരുന്നു കഴിഞ്ഞ ഒരു മാസം. അടുത്ത ലോക കപ്പ് ഉണ്ടാക്കുന്ന രാഷ്ട്രീയം ഇപ്പോള്‍ തന്നെ ചര്‍ച്ചയാണ്. മധ്യേഷ്യയിലെ നിലവിലുള്ള രാഷ്ട്രീയം അതിനെ ഒന്ന് കൂടി കൊഴുപ്പിക്കും എന്നുറപ്പാണ്.

Related Articles