Onlive Talk

എര്‍ദോഗാന്‍ പുതിയൊരു ഖിലാഫത്തിന്റെ അമരക്കാരനാകുമോ?

ഖിലാഫത്തിന്റെ വീണ്ടെടുപ്പെന്ന സ്വപ്‌നത്തിന്റെ ആരംഭമായി എര്‍ദോഗാന്റെ തുര്‍ക്കിയെ മുസ്‌ലിം ലോകത്തെ വലിയൊരു വിഭാഗം ഇന്ന് ഉറ്റുനോക്കുന്നുണ്ട്. ലോകത്തിന്റെ പലഭാഗത്തുമുള്ള ദുര്‍ബലര്‍ക്ക് അത്താണിയായി തുര്‍ക്കിയിന്ന് മാറിയിരിക്കുന്നു. മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ തുര്‍ക്കി ജനതയും ഭരണകൂടവും ശ്രദ്ധേയമായ നിലപാടാണ് സ്വീകരിക്കുന്നത്. നിരാലംബരായ ഗസ്സ ജനതക്ക് മേലുള്ള ഉപരോധം ഭേദിച്ച ഫ്രീഡം ഫ്‌ളോട്ടില്ല മുതല്‍ നമുക്കത് കാണാം. അപ്രകാരം എര്‍ദോഗാന്റെ ദാവോസ് ഉച്ചകോടിയിലെ നിലപാടും അറബ് വസന്തത്തിന്റെ സന്ദര്‍ഭത്തില്‍ സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ള അറബ് പ്രദേശങ്ങളിലെ ജനതകളുടെ ആവശ്യത്തിനുള്ള പിന്തുണയും അതിലുണ്ട്. അറബ് വസന്തത്തിനേറ്റ തിരിച്ചടികള്‍ക്ക് ശേഷവും തുര്‍ക്കി തങ്ങളുടെ നിലപാട് മാറ്റിയില്ലെന്നതും ശ്രദ്ധേയമാണ്. ഇതെല്ലാമാണ് ആയിരത്തിലേറെ വര്‍ഷം ലോകം ഭരിച്ച മഹത്തായ ഖിലാഫത്തിന്റെ വീണ്ടെടുപ്പിന് ഇസ്‌ലാംപൂളിന്റെ (സുല്‍ത്താന്‍ മുഹമ്മദ് അല്‍ഫാതിഹ് നല്‍കിയ നാമം) നേരെ മുസ്‌ലിം സമൂഹത്തിന്റെ കണ്ണുകളെ തിരിക്കുന്നത്.

ഒരു ഇസ്‌ലാമിക പദ്ധതിയല്ല തങ്ങളുടേതെന്ന് എര്‍ദോഗാനും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റെ് പാര്‍ട്ടിയും നിരന്തരം പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെയും അതിന്റെ സ്ഥാപനത്തിന്റെയും പശ്ചാത്തലവും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള പ്രസ്താവനകളും പുതിയൊരു ഖിലാഫത്തിന്റെ തുടക്കമാണ് തുര്‍ക്കിയെന്ന വികാരം മുസ്‌ലിം മനസ്സുകളില്‍ ഉണര്‍ത്തുന്നുണ്ട്. അത് യാഥാര്‍ഥ്യമായി പുലരട്ടെയെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ അത് അസംഭവ്യമെന്ന് തീര്‍ത്ത് പറയാനാവില്ലെങ്കിലും വളരെയേറെ പ്രയാസകരമായ കാര്യമാണെന്നതാണ് യാഥാര്‍ഥ്യം. അതിന് ഞാന്‍ മനസ്സിലാക്കുന്ന കാരണങ്ങള്‍ ചുവടെ ചേര്‍ക്കാം.

പുറത്തു നിന്ന് വീക്ഷിക്കുന്നവര്‍ കരുതുന്ന പോലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് വ്യക്തമായ ഒരു ആദര്‍ശം ഇല്ലെന്നതാണ് ഒന്നാമത്തെ കാര്യം. അതില്‍ ഇസ്‌ലാമിസ്റ്റുകളുണ്ട്, ഇടതുപക്ഷമുണ്ട്, ലിബറലുകളുണ്ട്, സൂഫികളും സംഘടനയുള്ളവും ഇല്ലാത്തവരുമെല്ലാമുണ്ട്. എര്‍ദോഗാന്‍ മുന്നോട്ടുവെച്ച സാമ്പത്തിക പദ്ധതിയും അദ്ദേഹത്തിന്റെ വിജയവുമാണ് അവരെയെല്ലാം അതില്‍ ചേര്‍ത്തുനിര്‍ത്തുന്ന ഘടകം. പാര്‍ട്ടിയുടെ സാമ്പത്തിക വശത്തിന് വല്ല പതര്‍ച്ചയും സംഭവിച്ചാല്‍ അത് പാര്‍ട്ടിയെയും നേരിട്ട് ബാധിക്കും.

ശക്തമായ ഒരു ഘടനയോ കെട്ടുറപ്പോ പാര്‍ട്ടിക്കില്ലെന്നതാണ് രണ്ടാമത്തെ കാര്യം. നേരത്തെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി ഫത്ഹുല്ല ഗുലന്റെ സംഘടനയുമായി സഖ്യത്തിലായിരുന്നു. രാഷ്ട്രത്തിന്റെ തന്ത്രപ്രധാന സ്ഥാനങ്ങളിലെല്ലാം തങ്ങളുടെ ആളുകളെ കടത്തിക്കൂട്ടാന്‍ അതിലൂടെ അവര്‍ക്ക് സാധിക്കുകയും ചെയ്തു. ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിക്കെതിരെ അട്ടിമറി നടത്താനും അവര്‍ പദ്ധതിയിട്ടു. അട്ടിമറിശ്രമം പരാജയപ്പെടുകയും ഗുലന്റെ സംഘത്തിലെ നിരവധിയാളുകളെ പിടികൂടപ്പെടുകയും ചെയ്‌തെങ്കിലും തുര്‍ക്കിയുടെ മണ്ണില്‍ ഗുലന്റെ സംഘടനക്ക് അനുയായികളും ശക്തിയുമുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രഹസ്യ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന അവയെ നശിപ്പിക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. എന്നാല്‍ എര്‍ദോഗാനെയും പാര്‍ട്ടി നേതൃത്വത്തെയും കെട്ടുറപ്പുള്ള ഒരു ഘടനയെ കുറിച്ച് ചിന്തിക്കുന്നവരാക്കി ഈ ശ്രമം മാറ്റിയിട്ട്. അതിന് അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് നമുക്ക് അല്ലാഹുവോട് പ്രാര്‍ഥിക്കാം.

തുര്‍ക്കി ജനതയുടെ പ്രകൃതവും ദേശീയബോധവുമാണ് മറ്റൊരു കാര്യം. തങ്ങളില്‍ തന്നെ ഒതുങ്ങിക്കൂടുന്ന ഒരു ജനതയായി അത്താതുര്‍ക് അവരെ മാറ്റിയിട്ടുണ്ട്. അറബികളോ അനറബികളോ ആയ മറ്റു ജനതകളെയോ ഉള്‍ക്കൊള്ളുന്ന ഒരു തുറന്ന മനസ്സ് അവരില്‍ കാണപ്പെടുന്നില്ല. തുര്‍ക്കി സന്ദര്‍ശിക്കുന്നവര്‍ക്ക് വേഗത്തിലിത് ബോധ്യപ്പെടും. തുര്‍ക്കിയല്ലാത്ത മറ്റൊരു ഭാഷയും അറിയാത്തവരാണ് അവിടത്തെ ജനങ്ങളിലേറെയും. മറ്റു ദേശക്കാരുമായി ഇടപഴകേണ്ടുന്ന സ്ഥാനങ്ങളിലിരിക്കുന്ന പലര്‍ക്കും തങ്ങളുടെ മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷ ശരിയായി വഴങ്ങുന്നില്ല. വിദേശ ഭാഷകള്‍ പ്രത്യേകിച്ചും അറബി ഭാഷ പ@ിപ്പിക്കുന്നതിന് ഭരണകൂടം ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ മതവിഷയങ്ങള്‍ പ@ിക്കുന്നവര്‍ക്ക് പോലും അറബി ഭാഷ ശരിയായി കൈകാര്യം ചെയ്യാനറിയില്ല.

രാജ്യത്ത് വസിക്കുന്ന അറബ് ഇസ്‌ലാമിക സമൂഹങ്ങളെ ഭരണകൂടം വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നതാണ് മറ്റൊരു കാരണം. മൂന്ന് ദശലക്ഷത്തിലേറെ സിറിയക്കാരും അഞ്ച് ലക്ഷത്തോളം ഇറാഖികളും ഈജിപ്ത്, ഫലസ്തീന്‍, ജോര്‍ദ്ദാന്‍, മൊറോക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിനാളുകളും അവിടെയുണ്ട്. ഈ സമൂഹങ്ങളെ മുന്‍നിര്‍ത്തിയുള്ള ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ദുര്‍ബലമാണ്. ഈ സമൂഹങ്ങളില്‍ നിന്നുള്ളവരിലേറെയും സര്‍വകലാശാല പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, നിയമവിദഗ്ദര്‍ പോലുള്ള ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ അവരിലേറെ പേര്‍ക്കും ജോലി ലഭിക്കുന്നില്ല. അവരിലേറെയും പ്രവര്‍ത്തിക്കുന്നത് തങ്ങളുടെ സമൂഹത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ തന്നെയാണ്. ഈ വലിയ മാനവവിഭവശേഷി ഉപയോഗപ്പെടുത്താനുള്ള വ്യക്തമായ ആസൂത്രണവും പദ്ധതിയും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്.

ചുരുക്കത്തില്‍ തുര്‍ക്കി മുസ്‌ലിം ലോകത്തിന്റെ നേതൃതലത്തിലേക്ക് വരുന്നത് വളരെ വിദൂരത്താണെന്ന് നമുക്ക് പറയാം. മേല്‍പറഞ്ഞവ തന്നെയാണ് അതിന്റെ കാരണങ്ങള്‍. തുര്‍ക്കിയെ നാം കൈയ്യൊഴിയണമെന്നല്ല അതിന്റെ അതിന്റെ അര്‍ഥം. മറിച്ച് അറബികളും തുര്‍ക്കികളും പേര്‍ഷ്യക്കാരുമായ ഇസ്‌ലാമിക സമൂഹത്തിന് ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഒരു ബോധമുണ്ടാക്കാനും മുസ്‌ലിം ഉമ്മത്തിനെ അതിന്റെ ഗാഢനിദ്രയില്‍ നിന്ന് ഉണര്‍ത്തുന്നതിനും ഇത്തരത്തിലുള്ള ലേഖനങ്ങള്‍ സഹായകമാകട്ടെ എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്.

വിവ: അബൂഅയാശ്
അവലംബം: അല്‍ജസീറ

Author
അഹ്മദ് റഫീഖ് ഖള്വീര്‍
Facebook Comments
Related Articles
Show More

Check Also

Close
Close
Close