Current Date

Search
Close this search box.
Search
Close this search box.

നാളേക്കുവേണ്ടി പെണ്‍കുട്ടികളെ ശാക്തീകരിക്കുക

‘തിളക്കമുള്ള നാളേക്കുവേണ്ടി പെണ്‍കുട്ടികളെ ശാക്തീകരിക്കുക’ എന്ന പ്രമേയത്തോടെ 2019 ലെ പെണ്‍കുട്ടികളുടെ അന്തര്‍ദേശീയ ദിനം ഒക്ടോബര് 11 ന് ലോകാടിസ്ഥാനത്തില്‍ കൊണ്ടാടപ്പെടുന്നു . പെണ്‍കുട്ടികളെ രക്ഷിക്കുക,പെണ്‍കുട്ടികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ കാമ്പയിന്‍ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ UNO ആഗോളതലത്തില്‍ സംഘടിപ്പിക്കുകയും ഷെഡ്യൂള്‍ ചെയ്യുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ പെണ്‍കുഞ്ഞുങ്ങളെ കുറിച്ച് ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു:

പുരുഷനെപ്പോലെതന്നെ സ്ത്രീയും പടച്ചതമ്പുരാന്റെ സവിശേഷ സൃഷ്ടിയാണെന്നാണ് ഖുര്‍ആനികാധ്യാപനം. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍” (4:1)
ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്; പുരുഷനും സ്ത്രീയും ഒരേ ആത്മാവിന്റെ രണ്ട് അംശങ്ങളാണെന്ന വസ്തുത. ഈ രണ്ട് അംശങ്ങളും കൂടിച്ചേരുമ്പോഴാണ് അതിന് പൂര്‍ണത കൈവരുന്നത്. അഥവാ സ്ത്രീയുടെയും പുരുഷന്റെയും പാരസ്പര്യത്തിലാണ് ജീവിതം പൂര്‍ണമാവുന്നത്. സ്ത്രീ-പുരുഷബന്ധത്തിലെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയുമെല്ലാം ഉറവിടം ഈ പാരസ്പര്യമാണ്. ദമ്പതികള്‍ തമ്മില്‍ നിലനില്‍ക്കുന്ന കരുണയും സ്നേഹവുമെല്ലാം ദൈവിക ദൃഷ്ടാന്തങ്ങളാണെന്നാണ് ഖുര്‍ആനിക കാഴ്ചപ്പാട്. ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്”(30:21).

ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. സ്ത്രീ-പുരുഷ സമത്വമെന്ന ആശയത്തെ അത് നിരാകരിക്കുകയും ചെയ്യുന്നു. സ്ത്രീ, പുരുഷന് സമമോ പുരുഷന്‍,സ്ത്രീക്ക് സമമോ ആവുക അസാധ്യമാണെന്നാണ് അതിന്റെ വീക്ഷണം. അങ്ങനെ ആക്കുവാന്‍ ശ്രമിക്കുന്നത് പ്രകൃതി വിരുദ്ധമാണ്. സ്ത്രീയെയും പുരുഷനെയും പ്രകൃതി അവര്‍ക്കനുവദിച്ച സ്ഥാനങ്ങളില്‍തന്നെ നിര്‍ത്തുകയാണ് ഖുര്‍ആ ന്‍ ചെയ്യുന്നത്. പ്രകൃതി സ്ത്രീക്കും പുരുഷനും നല്‍കിയ സ്ഥാനങ്ങള്‍ തന്നെയാണ് പ്രകൃതിമതമായ ഇസ്ലാമും അവര്‍ക്ക് നല്‍കുന്നത്.

നബിതിരുമേനി(സ) അരുളി: ”ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടായിട്ട് അവളെ കുഴിച്ചുമൂടാതെ, നിന്ദിക്കാതെ, ആണ്‍കുട്ടികള്‍ക്ക് അവളേക്കാള്‍ മുന്‍ഗണന നല്‍കാതെ വളര്‍ത്തിയാല്‍ അല്ലാഹു അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യം തീര്‍ച്ചയായി.” (അബൂദാവൂദ്) പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനിക്കാന്‍ പോലും അവകാശമില്ലാത്ത നാടായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുകയാണ്. പെണ്‍ഭ്രൂണഹത്യ കൊലക്കുറ്റമായി പരിഗണിച്ച് നിയമഭേദഗതി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയും പെണ്‍ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ജനങ്ങളുടെ മനോഭാവം തിരുത്താന്‍ ശക്തമായ നടപടികളുണ്ടാകണമെന്നും സുപ്രീം കോടതി നിരീക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്ത അതേ കാലയളവില്‍ തന്നെയാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു ഓടയില്‍നിന്ന് പെണ്‍ഭ്രൂണങ്ങള്‍ കണ്ടെടുക്കപ്പെട്ടതും ഭ്രൂണഹത്യയടക്കം ലോകത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും അധികം അതിക്രമം നടക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്തേക്ക് നമ്മുടെ രാജ്യം ‘ഉയര്‍ന്നതും’ എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഇന്ത്യയില്‍ ഏറ്റവുമധികം പെണ്‍ഭ്രൂണഹത്യ നടക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്നും ദിനംപ്രതി ആയിരം ഗര്‍ഭഛിദ്രങ്ങള്‍ ഇവിടെ നടക്കുന്നുവെന്നുമുള്ള ഒരു പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് അടുത്തകാലത്താണ് നാം വായിച്ചത്. നിയമനിര്‍മാണങ്ങളേക്കാള്‍ മനോഭാവങ്ങളിലും സമീപനങ്ങളിലുമുള്ള മാറ്റത്തിനാണ് നാം പരിശ്രമിക്കേണ്ടതെന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

തനിക്ക് ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിയുമ്പോള്‍ അപമാനഭാരത്താല്‍ തല കുനിക്കുന്നവരായിരുന്നു മുഹമ്മദ് നബി(സ) നിയോഗിക്കപ്പെടുന്ന കാലത്തെ അറബ് സമൂഹം. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരും അവരിലുണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അതിനെ ശക്തമായി അപലപിക്കുകയും വിരോധിക്കുകയും ചെയ്തിട്ടുണ്ട്. ”അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ടുപോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍നിന്ന് അവന്‍ ഒളിച്ചുകളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!” (16:58, 59). ‘താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് (ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് (പരലോകത്തുവെച്ച്) ചോദിക്കപ്പെടുമ്പോള്‍”(81:8,9). ജനിച്ചയുടനെ വായില്‍ നെന്‍മണിയിട്ടും ചില ചെടികളുടെ ഒട്ടിപ്പിടിക്കുന്ന പശ വായിലൊഴിച്ചും പെണ്‍കുഞ്ഞുങ്ങളെ കൊല ചെയ്യുന്ന ക്രൂരത ഇന്ത്യയിലേറ്റവും കൂടുതല്‍ അബോര്‍ഷനുകള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നായ തമിഴ്നാട്ടിലെ ഉസിലാംപെട്ടിയില്‍ വ്യാപകമാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ സംസ്‌കൃതരെന്നവകാശപ്പെടുന്നവരുടെ സ്വാര്‍ഥമായ സാമ്പത്തിക താല്‍പര്യങ്ങളുടെ ക്രൂരമുഖമാണ് അനാവരണം ചെയ്യുന്നത്.

സ്വന്തം സുഖാഡംബരങ്ങളുടെ സംരക്ഷണമാണ് ഏറ്റവും വലുത് എന്ന ചിന്തയില്‍നിന്നാണ് ഗര്‍ഭഛിദ്രത്തിന് നിയമപ്രാബല്യം വേണമെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നവരെ ശിക്ഷിക്കണമെന്നുമെല്ലാമുള്ള ‘ബില്ലുകള്‍’ രൂപപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളെപ്പോലെ ജനിക്കുവാനുള്ള അവകാശമുണ്ടെന്നും അവളെ അവമതിക്കാതെ തുല്യനീതിയോടെ വളര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്നും പഠിപ്പിച്ച മുഹമ്മദ് നബി(സ) ഇസ്ലാമിന്റെ മാനവിക മുഖമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. അവിടുന്ന് പറഞ്ഞു: ”പെണ്‍കുട്ടികളുടെ ജനനം ഒരാള്‍ക്ക് സ്വര്‍ഗം അനിവാര്യമാക്കുകയോ അല്ലെങ്കില്‍ നരകത്തില്‍നിന്ന് അയാളെ മോചിപ്പിക്കുകയോ ചെയ്യും”(മുസ്ലിം). പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നും അവരെ മാന്യമായി വിവാഹം ചെയ്തയക്കണമെന്നും അവരോട് ലിംഗവ്യത്യാസത്തിന്റെ പേരില്‍ അനീതി കാണിക്കരുതെന്നും ഇസ്ലാമിക പ്രമാണങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെയൊന്നും പ്രവര്‍ത്തന അജണ്ടകളില്‍ ഇനിയും കടന്നുവരാത്ത നിരവധി അവകാശപ്രശ്നങ്ങളില്‍ പതിനാല് നൂറ്റാണ്ട് മുമ്പ് ഇടപെടുകയും എല്ലാവിധ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ നീതിപൂര്‍ണമായ നിയമങ്ങള്‍ പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബിയുടെ ആദര്‍ശമല്ലാതെ മറ്റേതാണ് സ്ത്രീകള്‍ക്ക് കരണീയമായിട്ടുള്ളത്.ഓറിയന്റലിസ്റ്റുകള്‍ എഴുതിവെച്ചത് വായിച്ചു ഇസ്ലാമിലെ പെണ്ണിനേയും പെണ്ണവകാശങ്ങളെയും കുറിച്ച് ചര്‍വിതചര്‍വണങ്ങള്‍ നടത്തുന്ന ജബ്ര -മിഷനറി -സംഘ് ബോധികള്‍ ഇത്തരം അധ്യാപനങ്ങള്‍ കൂടി വായിക്കാന്‍ തയ്യാറായാല്‍ തീരുന്നതേയുള്ളൂ ഈ വിഷയ സംബന്ധിയായ ഏത് തെറ്റുധാരണയും.

 

Related Articles