Current Date

Search
Close this search box.
Search
Close this search box.

മരുന്നിനും മുമ്പേ പ്രാര്‍ത്ഥന

കാലിലെ വേദന അയാളുടെ ഉറക്കത്തെ അസ്വസ്ഥപ്പെടുത്തി. ഉറങ്ങാന്‍ കഴിയാതെ എഴുന്നേറ്റ് എന്തെങ്കിലും വേദനാസംഹാരിക്കായി അദ്ദേഹം പരതി. അത് കിട്ടുന്നതോടെ അതില്‍ ശമനവും ആശ്വാസവും പ്രതീക്ഷിച്ച് ഉടനെ അത് കഴിക്കുകയാണവന്‍. എന്നാല്‍ രോഗശമനത്തിന്റെ ആദ്യഘട്ടമായ പ്രാര്‍ഥന കൊണ്ട് തുടങ്ങാന്‍ അവന്‍ ഓര്‍ക്കുന്നില്ല.

നമ്മില്‍ പലരുടെയും അവസ്ഥ ഇതാണ്. എന്തെങ്കിലും ഒരു ചെറിയ വേദന വന്നാല്‍ രോഗം തിരിച്ചറിയാനും ചികിത്സ തേടാനുമായി നാം ഡോക്ടറുടെ അടുത്തേക്ക് ഓടുന്നു. അത് ഇസ്‌ലാം അനുവദിക്കുന്നു എന്നല്ല; കല്‍പിക്കുന്ന കാര്യമാണ്. ആരോഗ്യത്തിനും സൗഖ്യത്തിനും അല്ലാഹു നിശ്ചയിച്ചിട്ടുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. നബി(സ) പറയുന്നു: ‘തീര്‍ച്ചയായും അല്ലാഹു രോഗവും മരുന്നും സൃഷ്ടിച്ചു. അതുകൊണ്ട് നിങ്ങള്‍ ചികിത്സിക്കുക, നിഷിദ്ധങ്ങള്‍ കൊണ്ട് നിങ്ങള്‍ ചികിത്സിക്കരുത്.’

ചികിത്സയും മരുന്നുകളും അവഗണിക്കല്‍ ഒരിക്കലും തവക്കുലല്ല (അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍). ശാരീരിക സൗഖ്യത്തിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കലാണത്. എന്നാല്‍ അത്തരത്തിലുള്ള ആളുകളും നമുക്കിടയിലുണ്ടെന്നത് ദുഖകരമാണ്. പ്രവാചകന്‍(സ) രോഗശമനത്തിനുള്ള പ്രാര്‍ഥന പഠിപ്പിച്ചതോടൊപ്പം തന്നെ മരുന്നുകളുപയോഗിച്ച് ചികിത്സ തേടാനുമാണ് പഠിപ്പിച്ചിട്ടുള്ളത്.

‘ഞാന്‍ രോഗിയായാല്‍ അവന്‍ എനിക്ക് ശമനം നല്‍കുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് അല്ലാഹുവാണ് മുഴുലോകത്തിന്റെയും രക്ഷിതാവെന്ന് ഇബ്‌റാഹീം നബി(അ) സമര്‍ഥിക്കുന്നത്. ഇതുപറഞ്ഞു കൊണ്ട് തന്റെ സമൂഹത്തെ അദ്ദേഹം ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നു. ദൃശ്യവും അദൃശ്യവുമായ ലോകത്തെ കുറിച്ച ജ്ഞാനത്തിന്റെ ഉടമയാണ് അല്ലാഹു. അവന്റെ കാഴ്ച്ചക്ക് മുമ്പില്‍ ഒന്നും അദൃശ്യമായിട്ടോ മറഞ്ഞോ ഇല്ല. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത സൂക്ഷ്മമായ വൈറസുകളാണ് പലപ്പോഴും രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ആര്‍ക്കും കാരണം കണ്ടെത്താനാവാത്ത രോഗങ്ങളുമുണ്ട്. അവ കണ്ടെത്തുമ്പോഴാണ് ഡോക്ടര്‍ക്ക് ചികിത്സ നല്‍കാന്‍ സാധിക്കുക. ഡോക്ടര്‍ക്ക് മരുന്നിനെ കുറിച്ച് അറിവുണ്ടെങ്കിലും രോഗം നിര്‍ണയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ശരിയായ ചികിത്സ നല്‍കാനാവില്ലല്ലോ. എന്നാല്‍ അല്ലാഹു അതെല്ലാം കാണുകയും അറിയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഏതവസ്ഥയിലും പ്രാര്‍ഥന നിര്‍ബന്ധമാണ്. രോഗശമനത്തിന്റെയും ഭൗതികവിഭവങ്ങളുടെയും ആരോഗ്യത്തിന്റെയും നന്മകളുടെയും താക്കോലുകള്‍ക്കുടമായ സര്‍വജ്ഞാനിയുടെ വാതിലില്‍ നാം മുട്ടേണ്ടത് അനിവാര്യമാണ്.

ഈ ലോകത്തെ ജീവിതത്തിന് കുറവുകളുണ്ട്. പ്രവാചകന്‍മാരാണെങ്കില്‍ പോലും അവര്‍ പൂര്‍ണരല്ല. ആര്‍ക്കെങ്കിലും പ്രാര്‍ഥനയുടെ ആവശ്യം ഇല്ലായിരുന്നുവെങ്കില്‍ അത് പ്രവാചകന്‍മാര്‍ക്കാകുമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഏറ്റവും മുമ്പിലുള്ളത് അവരായിരുന്നല്ലോ. പ്രാര്‍ഥനക്കും രോഗശമനം തേടുന്നതിനും അവരുടെ മാതൃകയാണ് ഖുര്‍ആന്‍ നമുക്ക് വരച്ചുകാട്ടുന്നത്. അല്ലാഹു തന്റെ പ്രിയ ദാസനും സഹനശീലനായ പ്രവാചകനുമായ അയ്യൂബ്(റ)യെ പ്രശംസിക്കുന്നത് നോക്കൂ: ”അല്ലാഹുവാണ് മുഴുലോകത്തിന്റെയും രക്ഷിതാവെന്ന് സമര്‍ഥിക്കുന്നതിനായി ഇബ്‌റാഹീം നബി(അ) തെളിവായി ഉദ്ധരിക്കുന്നത്.” (അല്‍അമ്പിയാഅ്: 83) ഖുര്‍ത്വുബി അദ്ദേഹത്തിന്റെ തഫ്‌സീറില്‍ പറയുന്നു: ”അയ്യൂബ്(അ) നമസ്‌കരിക്കുന്നതിനായി എഴുന്നേല്‍ക്കും, എന്നാല്‍ അദ്ദേഹത്തിന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോള്‍ തന്റെ അവസ്ഥ വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ‘എന്നെ ദുരിതം ബാധിച്ചിരിക്കുന്നു’. ആ പരീക്ഷണത്തിലുള്ള ആവലാതിയായിരുന്നില്ല അത്. പ്രാര്‍ഥനയിലൂടെ അദ്ദേഹം തന്റെ ദൗര്‍ബല്യം അംഗീകരിക്കുകയാണെങ്കിലും അത് അദ്ദേഹത്തിന്റെ സഹനത്തിന് വിരുദ്ധമോ അക്ഷമയുടെ അടയാളമോ ആവുന്നില്ല. അക്കാരണത്താല്‍ അല്ലാഹു പറയുന്നു: ‘നാം അദ്ദേഹത്തെ സഹനശീലനായി കണ്ടു.’ അല്ലാഹുവിനോട് ആവലാതി പറയുമ്പോഴല്ല, സൃഷ്ടികളോട് ആവലാതിപ്പെടുമ്പോഴാണ് അക്ഷമയായിട്ടത് മാറുന്നത്. പ്രാര്‍ഥന തൃപ്തിക്ക് വിരുദ്ധമല്ല.

അയ്യൂബ് നബി പ്രാര്‍ഥിച്ചു. വളരെ നീണ്ട കാലത്തെ പരീക്ഷണത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന് ഉത്തരം ലഭിക്കപ്പെട്ടത്. അല്ലാഹു പറയുന്നു: ”നാം ആ പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തെ ബാധിച്ച ദുരിതം ദൂരീകരിച്ചുകൊടുത്തു.അദ്ദേഹത്തിനു സ്വന്തം കുടുംബത്തെ നല്‍കി, കൂടാതെ അവരോടൊപ്പം അത്രയുംകൂടി നല്‍കി നമ്മുടെ സവിശേഷ അനുഗ്രഹമായിക്കൊണ്ട്; ഇബാദത്തു ചെയ്യുന്നവര്‍ക്ക് ഒരു പാഠമായിക്കൊണ്ടും. (അല്‍അമ്പിയാഅ്: 84) രോഗികള്‍ക്കും പരീക്ഷിക്കപ്പെടുന്നവര്‍ക്കും അന്ത്യനാള്‍ വരെയുള്ള മാതൃകയായി അല്ലാഹു അദ്ദേഹത്തെ കാണിച്ചു തരുന്നു. ദീര്‍ഘിച്ച പ്രാര്‍ഥനകളും രോഗത്തിന് ശമനമില്ലാതെ ദീര്‍ഘകാലം തുടരുന്നതും പ്രാര്‍ഥന ഉപേക്ഷിക്കാനുള്ള കാരണല്ലെന്നാണ് എല്ലാവരെയും അല്ലാഹു അതിലൂടെ പഠിപ്പിക്കുന്നത്. പ്രാര്‍ഥനയും സഹനവും ധൃതികാണിക്കാതിരിക്കലും ഉത്തരം നല്‍കപ്പെടാനുള്ള കാരണങ്ങളില്‍ പെട്ടതാണ്. എന്നാല്‍ പ്രതിഫലം വാരിക്കൂട്ടാനുള്ള മാര്‍ഗം കൂടിയാണത്. വേദനയും രോഗത്തെ കുറിച്ച ഭീതിയും കാരണവും രോഗശമനത്തെ കുറിച്ച അതിയായ ആഗ്രഹത്തിനുമിടയില്‍ ചില രോഗികള്‍ പ്രാര്‍ഥന വിസ്മരിച്ചു പോകുന്നു എന്നത് ദുഖകരമാണ്. അല്ലെങ്കില്‍ ‘ഞാനെത്ര പ്രാര്‍ഥിച്ചു, ഒരുത്തരവും ലഭിക്കുന്നില്ല’ എന്ന ആവലാതിയായിരിക്കും അവര്‍ക്കുണ്ടാവുക.

ആരാധനകളുടെ സത്ത

പ്രാര്‍ഥന കൊണ്ട് ക്ലേശങ്ങള്‍ നീക്കപ്പെടുകയും അനുഗ്രഹങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരത്തിന്റെ പ്രതിരോധ വാക്‌സിനുകളും വിജയകരമായ ശസ്ത്രക്രിയകളും മരുന്നും പോലെയാണത്. പ്രയാസങ്ങളെയത് നീക്കുന്നു. വേദനകളെ ശമിപ്പിക്കുന്നു. ഉയര്‍ന്ന ഊഷ്മാവ് താഴ്ത്തി അതിന്റെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നു. നബി(സ) പറഞ്ഞു: ‘ഇറങ്ങിയതും ഇറങ്ങാത്തതുമായ വിപത്തുകള്‍ക്ക് പ്രാര്‍ഥന ഫലം ചെയ്യുന്നു. അല്ലാഹുവിന്റെ ദാസന്‍മാരേ, അതുകൊണ്ട് നിങ്ങള്‍ പ്രാര്‍ഥിക്കുക.” മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ”പ്രാര്‍ഥനയല്ലാതെ വിധിയെ തടുക്കുകയില്ല.” ‘പ്രാര്‍ഥന തന്നെയാണ് ഇബാദത്ത്’ എന്നും ‘പ്രാര്‍ഥനയാണ് ഇബാദത്തിന്റെ തലച്ചോര്‍’ എന്നും ഹദീസുകളില്‍ നമുക്ക് കാണാം. മുഴുവന്‍ ആരാധനകളുടെയും ശുദ്ധമായ അകക്കാമ്പാണ് പ്രാര്‍ഥന. അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന ഒരാള്‍ അവനല്ലാത്ത മറ്റെല്ലാ ശക്തികളിലുമുള്ള പ്രതീക്ഷ ഉപേക്ഷിച്ചാണത് ചെയ്യുന്നത്. അതിലപ്പുറം എന്ത് ഏകദൈവ വിശ്വാസമാണുള്ളത്!

എല്ലാ രോഗത്തിനും മരുന്നുണ്ട്. എല്ലാ മരുന്നുകളിലും രോഗത്തിനനുസരിച്ച് ശമനം നല്‍കുന്ന ഘടകങ്ങളുമുണ്ട്. അവയാണ് അതിനെ ഉപയോഗപ്രദവും ഫലപ്രദവുമാക്കുന്നത്. ആ ഘടകങ്ങളില്‍ കുറവ് വരുമ്പോള്‍ ആ മരുന്നിന്റെ ഫലം ഉറപ്പിക്കാനാവില്ല. ഒരുപക്ഷേ കഴിക്കുന്ന ആളുടെ ജീവന്‍ തന്നെ അത് അപഹരിച്ചേക്കാം. അപ്രകാരം പ്രാര്‍ഥനക്കും പല ഘടകങ്ങളും മര്യാദകളുമുണ്ട്. അതെല്ലാം ഒത്തുവരുമ്പോഴാണ് പ്രാര്‍ഥന അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമാകുന്നതും ഉത്തരം നല്‍കപ്പെടുന്നതും. അതില്‍പെട്ടതാണ് പ്രാര്‍ഥിക്കുന്നവന്റെ മനസ്സിലുണ്ടായിരിക്കേണ്ട കളങ്കമില്ലാത്ത ഏകദൈവവിശ്വാസവും രോഗത്തിന് ശമനം നല്‍കി പ്രയാസം ദുരീകരിക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്ന അടിയുറച്ച ബോധ്യവും. പ്രാര്‍ഥിക്കുന്നവന്‍ ശിര്‍ക്കില്‍ നിന്നും അതിന്റെ വഴികളില്‍ നിന്നും അകലുന്നതിനനുസരിച്ച് പ്രാര്‍ഥനക്കുള്ള ഉത്തരത്തോട് കൂടുതല്‍ അടുക്കുന്നു. പ്രാര്‍ഥനയുടെ ഘടകങ്ങളില്‍ പെട്ടതാണ് കീഴ്‌വണക്കവും താഴ്മയും. അല്ലാഹുവിന്റെ അടിമയായ തന്റെ ദൗര്‍ബല്യവും അശക്തിയും തിരിച്ചറിയുന്നതില്‍ നിന്നായിരിക്കണം അതുണ്ടാവേണ്ടത്. എല്ലാറ്റിനും കഴിവുറ്റ അല്ലാഹുവിനുള്ള അടിമത്വം അംഗീകരിക്കുക കൂടിയാണവന്‍.

ശിര്‍കില്‍ നിന്നും പക, അസൂയ, അഹങ്കാരം തുടങ്ങിയ മനസ്സിനെ ബാധിക്കുന്ന മുഴുവന്‍ രോഗങ്ങളില്‍ നിന്നും മുക്തവും ശുദ്ധവുമായ മനസ്സ് പ്രാര്‍ഥനക്കുള്ള ഉത്തരത്തോട് കൂടുതല്‍ അടുപ്പിക്കുന്നു. അപ്രകാരം കൈക്കൂലി, പലിശ, നിഷിദ്ധമായ സമ്പാദ്യം തുടങ്ങിയ നിഷിദ്ധങ്ങളുടെ പോഷണത്തില്‍ നിന്നും ശുദ്ധമായ ശരീരവും പ്രാര്‍ഥനക്കുള്ള ഉത്തരത്തിന് സ്വീകാര്യതയേകുന്നു. ഈ ഗുങ്ങള്‍ക്കുടമയായിട്ടുള്ളവര്‍ക്ക് ഇഹത്തിലും പരത്തിലും നല്ല പര്യവസാനമായിരിക്കും ഉണ്ടാവുക. വിശിഷ്യാ പ്രാര്‍ഥന പതിവാക്കുകയും ആ പ്രാര്‍ഥനകളെ അല്ലാഹുവിനുള്ള പ്രശംസകളും പ്രവാചകന്റെ മേലുള്ള സ്വലാത്തുകളും കൊണ്ട് അലങ്കരിക്കുകയും ചെയ്യുമ്പോള്‍. എന്നാല്‍ ആ പ്രാര്‍ഥന തെറ്റായ കാര്യത്തിനോ കുടുംബബന്ധം മുറിക്കുന്നതിനോ ആയിരിക്കരുതെന്ന നിബന്ധനയുണ്ട്. അപ്രകാരം പ്രാര്‍തിക്കുന്നത് സ്വന്തത്തിനോ കുടുംബത്തിനോ മറ്റാര്‍ക്കെങ്കിലുമോ ഏതെങ്കിലും മൃഗത്തിനോ ജീവികള്‍ക്കോ പോലും എതിരെയായിരിക്കരുത് എന്നും നിബന്ധനയുണ്ട്. നബി(സ) പറഞ്ഞു: ”ഈ ഭൂമിയില്‍ ഒരു മുസ്‌ലിമും പ്രാര്‍ഥിക്കുന്നില്ല, അല്ലാഹു അവനത് നല്‍കിയിട്ടല്ലാതെ, അല്ലെങ്കില്‍ തത്തുല്ല്യമായ ഒരു ദോഷം അവനില്‍ നിന്നും തെറ്റിച്ചിട്ടല്ലാതെ, അവന്റെ പ്രാര്‍ഥന തെറ്റായ എന്തെങ്കിലും കാര്യത്തിനോ കുടുംബബന്ധം മുറിക്കുന്നതിനോ ആയിരിക്കരുത്.” അപ്പോള്‍ ശ്രോതാക്കളിലൊരാള്‍ ചോദിച്ചു: ‘ഞങ്ങള്‍ അധികരിപ്പിക്കുകയാണെങ്കിലോ?’ നബി(സ) പറഞ്ഞു: ‘അല്ലാഹു കൂടുതലായി അധികരിപ്പിക്കും.’ (തിര്‍മിദി)

പ്രാര്‍ഥന മരുന്നിനും മുമ്പേ

ഡോക്ടര്‍ നമുക്ക് നിര്‍ദേശിക്കുന്ന മരുന്ന് സ്വീകരിക്കുന്നതിനും മുമ്പേ നാം പ്രാര്‍ഥനയുടെ ഘട്ടത്തില്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനക്ക്. നബി(സ) പറഞ്ഞു: ‘അല്ലാഹുവിന്റെ അടുക്കല്‍ പ്രാര്‍ഥനയോളം ആദരണീയമാക്കപ്പെട്ട മറ്റൊന്നുമില്ല.’ (ഇബ്‌നുഹിബ്ബാന്‍) സുപ്രധാനമായ ഈ ഘട്ടത്തിലൂടെ കടന്നു പോകുന്നില്ലെങ്കില്‍ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ശമനം നല്‍കുകയും ചെയ്യുന്ന അല്ലാഹുവിന്റെ കോപത്തിനത് കാരണമാകും. പ്രാര്‍ഥനക്കൊപ്പം മരുന്നുകൂടി ചേരുമ്പോള്‍ ദൈവഹിതത്താല്‍ രോഗത്തിന് ശമനമുണ്ടാകും. ശരീരത്തിനും മനസ്സിനും ശാന്തതയും സ്വസ്ഥതയും ഉണ്ടാവുകയും ചെയ്യും. രോഗത്തിന്റെ സന്ദര്‍ഭത്തില്‍ രോഗിക്ക് ആവശ്യമായ മനസ്സമാധാനവും സ്‌നേഹവും അതിലൂടെ കൈവരും.

അല്ലാഹുവിനോടുള്ള പ്രാര്‍ഥനയും അവനോട് സൗഖ്യം തേടുന്നതും ഈമാനിന്റെയും അടിയുറച്ച വിശ്വാസത്തിന്റെയും അടയാളമാണ്. ഓരോ നേരവും മരുന്നു കഴിക്കാന്‍ താല്‍പര്യമെടുക്കുന്ന അവന്‍ തന്റെ രക്ഷിതാവിനോടുള്ള പ്രാര്‍ഥനയും അവഗണിക്കില്ല. രോഗങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട പ്രവാചകന്‍ പഠിപ്പിച്ച മര്യാദകള്‍ അവന്‍ പാലിക്കും. ദൈവിക ഔഷധമായി പല ഖുര്‍ആന്‍ സൂക്തങ്ങളും നബി(സ) പഠിപ്പിച്ചു തന്നിട്ടുണ്ട്. സൂറത്തുല്‍ ഫാതിഹയും മുഅവ്വിദതൈനിയും അതില്‍ പ്രധാനമാണ്. നബി(സ)ക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ മുഅവ്വിദതൈനി ഓതി ഊതാറുണ്ടായിരുന്നുവെന്ന് ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) പറയുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ നബി(സ) മുഅവ്വിദതൈനി ഓതി ഊതിക്കൊടുക്കാറുണ്ടായിരുന്നെന്ന് ഇമാം മുസ്‌ലിം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖുര്‍ആനില്‍ ശമനമുണ്ടെന്ന് അല്ലാഹു തന്നെ പറയുന്നു: ”നാം അവതരിച്ചുകൊണ്ടിരിക്കുന്ന ഈ ഖുര്‍ആനില്‍, വിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമുണ്ട്.” (അല്‍ഇസ്‌റാഅ്: 82)

രോഗി പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനക്ക് രോഗശമനത്തില്‍ വലിയ ഫലമുണ്ടെന്നാണ് പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്. ഉഥ്മാന്‍ ബിന്‍ അബുല്‍ആസ്വ് അ-ഥഖഫിയില്‍ നിന്നും നിവേദനം ചെയ്യുന്നു: ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പേ തന്റെ ശരീരത്തിലുണ്ടായിരുന്ന ഒരു വേദനയെ കുറിച്ച് അദ്ദേഹം നബി(സ)യോട് ആവലാതിപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തോട് പറഞ്ഞു: ”വേദനയുള്ള ശരീരഭാഗത്ത് നിന്റെ കൈ വെക്കുക, എന്നിട്ട് മൂന്ന് പ്രാവശ്യം ‘ബിസ്മില്ലാഹ്’ എന്ന് പറയുക. തുടര്‍ന്ന് ‘എന്നെ ബാധിച്ചിരിക്കുന്ന, എന്നെ ഭയപ്പെടുത്തുന്ന ദോഷത്തില്‍ നിന്നും അല്ലാഹുവിലും അവന്റെ കഴിവിലും ഞാന്‍ അഭയം തേടുന്നു.’ എന്ന് ഏഴ് തവണ പറയുക.” (മുസ്‌ലിം) രോഗിയുടെ അടുത്തു ചെന്നാല്‍ അദ്ദേഹത്തിന് വേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കുന്ന്ത് നബി(സ)യുടെ ചര്യയായിരുന്നു: ”അല്ലാഹുവേ, ജനങ്ങളുടെ നാഥാ, നീ രോഗം ശമിപ്പിക്കേണമേ, നീയാണ് ശമനം നല്‍കുന്നവന്‍. നിന്റെ ശമനമല്ലാതെ മറ്റൊരു ശമനവുമില്ല. എല്ലാ രോഗവും സുഖപ്പെടുത്തണേ.” (മുസ്‌ലിം)

നാം ഒരു രോഗത്തിന് ചികിത്സ തേടുമ്പോള്‍ ഭൂമിയിലെ ഔഷധത്തിനൊപ്പം ആകാശലോകത്തെ ഔഷധം കൂടി സ്വീകരിക്കേണ്ടതുണ്ട്. ഡോക്ടറുടെ ഔഷധത്തിനൊപ്പം ഡോക്ടറുടെ സ്രഷ്ടാവിന്റെ ഔഷധവും നമുക്ക് വേണം. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ കുറിച്ചു തന്നെ മരുന്നിനൊപ്പം മഹാനായ പ്രവാചകന്‍ കുറിച്ചു തന്നെ ഔഷധവും നാം ഉപയോഗപ്പെടുത്തണം. നമ്മുടെ പ്രാര്‍ഥന നാം കഴിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കും. അതുകൊണ്ട് ഔഷധം കയ്യിലെടുക്കുന്നതിന് മുമ്പ് പ്രാര്‍ഥന കൊണ്ടായിരിക്കണം നാം തുടങ്ങേണ്ടത്.

 أعوذُ باللهِ وقدرتِه من شرِّ ما أجدُ وأُحاذِرُ
أذهِبِ الباسَ، ربَّ الناسِ، واشفِ أنتَ الشافي، لا شفاءَ إلا شفاؤُكَ، شفاءً لا يغادِرُ سَقَماً

മൊഴിമാറ്റം: അബുഅയാശ്‌

Related Articles