Current Date

Search
Close this search box.
Search
Close this search box.

പായല്‍ തഡ്‌വി ഉയര്‍ത്തുന്ന ചോദ്യം ചെറുതല്ല

പായല്‍ തഡ്‌വി വെറും ഓര്‍ സ്ത്രീയല്ല. എം ഡി ബിരുദമുള്ള ഡോക്ടറാണ്. അവരാണ് കഴിഞ്ഞ ദിവസം ജാതി ആക്ഷേപത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തതും. അതിന്റെ പേരില്‍ മേല്‍ ജാതിക്കാരായ മൂന്നു ഡോക്ടര്‍മാര്‍ ഒളിവിലാണ് എന്നറിയുന്നു. ഒരാളെ ഇന്ന് അറസ്റ്റു ചെയ്തു എന്ന വാര്‍ത്തയും വന്നു കൊണ്ടിരിക്കുന്നു. വേണ്ടത്ര വാര്‍ത്താ പ്രാധാന്യം ഈ സംഭവത്തിന് ലഭിച്ചില്ല എന്നതാണ് പരമാര്‍ത്ഥം. താഴ്ന്ന ജാതിക്കാരിയായി പോയി എന്നത് മാത്രമാണ് അവരുടെ കുറവ്. കുറ്റമാരോപിക്കട്ട മൂന്നു പേരും പായല്‍ തഡ്‌വിയുടെ വിരിപ്പിലാണ് കാല്‍ തുടച്ചിരുന്നത് എന്ന് പറയപ്പെടുന്നു. പായല്‍ തഡ്‌വിയുടെ സാധനങ്ങള്‍ പുറത്തേക്കു വലിച്ചെറിയുക അവരെ ഓപ്പറേഷന്‍ തിയ്യറ്ററില്‍ കടക്കാന്‍ സമ്മതിക്കാതിരിക്കുക എന്നീ വേലകളും ഈ മൂന്നു പേരും ചെയ്തിരുന്നു എന്നും പറഞ്ഞു കേള്‍ക്കുന്നു. ജാതിയുടെ പേരില്‍ നിരന്തര അവഹേളനമെന്നും.

ആധുനിക ഇന്ത്യയില്‍ ജാതീയത എത്രമാത്രം ജനമനസ്സുകളില്‍ വേരൂന്നി പോയിരിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമായി നമുക്കിതിനെ മനസ്സിലാക്കാം. ജാതി പീഡനം സഹിക്കവയ്യാതെ നമ്മുടെ ഭരണ ഘടന ശില്പി മുതല്‍ മതം മാറിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അതിപ്പോഴും തുടരുന്നു എന്ന് വന്നാല്‍ നാം പഴയതില്‍ നിന്നും ഒരടി മുന്നോട്ടു പോയിട്ടില്ല എന്ന് വേണം അംഗീകരിക്കാന്‍. ജാതി ഇന്ത്യ സാഹചര്യത്തില്‍ ഒരു സത്യമാണ്. ഒരാളുടെ ജനനവുമായി ബന്ധപ്പെട്ടതാണ് ജാതി. അതൊരു സത്യമാണ്. ഇന്ന് ജാതിയില്‍ ജനിച്ചു എന്നത് ഒരു അടയാളമാണ്. അതിന്റെ പേരില്‍ മനുഷ്യരെ തരം തിരിക്കുക എന്നത് തെറ്റായ പ്രവണതയും. ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥ ഇപ്പോഴും വടക്കേ ഇന്ത്യയില്‍ രൂക്ഷമാണ്. ദളിതരും ആദിവാസികളും പിന്നോക്കക്കാരും അതിനെ പേരില്‍ നേരിടുന്ന ദുരന്തം വളരെ കൂടുതലും. അടുത്തിടെ ഒരു പിന്നോക്കക്കാരന്‍ പുതിയ കാര്‍ വാങ്ങി എന്നതിന്റെ പേരില്‍ മുന്നോക്ക ജാതിക്കാര്‍ ആക്രമിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു.

ഹിന്ദുത്വ ശക്തികളാണ് നാട് ഭരിച്ചു കൊണ്ടിരിക്കുന്നത്. ജാതി വ്യവസ്ഥ അംഗീകരിച്ചു കൊണ്ടാണ് അവര്‍ മുന്നോട്ടു പോകുന്നതും. അതിനാല്‍ തന്നെ ജാതിയുടെ പേരിലുള്ള ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത കൂടുതല്‍. സമൂഹത്തിലെ പഠിപ്പും വിവരവുമുള്ള ഒരു ഡോക്ടര്‍ക്കാണ് ഈ അവസ്ഥ വന്നത് എന്നത് തന്നെ നമ്മെ ചിന്തിപ്പിക്കണം. സാധാരണക്കാരന്റെ അവസ്ഥ എന്ത് മാത്രം ദുരിതം നിറഞ്ഞതാകും എന്നതു കൂടി ചിന്തിക്കാനുള്ള അവസരമാണിത്. നമ്മുടെ നാട്ടില്‍ അത്തരം പീഡന വാര്‍ത്തകള്‍ക്ക് വാര്‍ത്താ പ്രാധാന്യം തീര്‍ത്തും കുറഞ്ഞു വരുന്നു. സമൂഹത്തിന്റെ നിസ്സംഗത നമ്മെ ഭയപ്പെടുത്തണം. സ്വാതന്ത്ര സമര കാലത്തു മഹാത്മാ ഗാന്ധി മറ്റൊന്നിനു കൂടി വേണ്ടി സമരം ചെയ്തിരുന്നു. തൊട്ടുകൂയ്മ എന്ന സാമൂഹിക നിലപാടിനെതിരെ. ‘ തൊട്ടുകൂടായ്മ ദൈവത്തോടും മനുഷ്യരോടുമുള്ള കുറ്റമാണ്’ എന്നായിരുന്നു ഗാന്ധിയന്‍ നിലപാട്. സ്വാതന്ത്രത്തിന്റെ ഏഴു പതിറ്റാണ്ടു കഴിഞിട്ടും ജാതി ഭൂതം നമ്മെ പിടിവിടാതെ പിന്തുടരുന്നു. നമ്മുടെ വിദ്യാഭ്യാസവും വിവരവും അതിനെ മറികടക്കാന്‍ നമുക്ക് അനുഗുണമായില്ല എന്നത് നമ്മെ ചിന്തിപ്പിക്കണം.

ജാതീയത നിലനില്‍ക്കണം എന്നാഗ്രഹിക്കുമ്പോള്‍ തന്നെ ജാതിയുടെ പേരിലുള്ള സംവരണം പാടില്ല എന്നതാണ് സംഘ പരിവാര്‍ നിലപാട്. ഇന്ത്യന്‍ ഭരണ ഘടനയുടെ ഏറ്റവും നല്ല കാര്യമായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ഈ സംവരമാണ്. സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങള്‍ ഇന്ന് നാടിന്റെ അധികാര സ്ഥാനങ്ങളില്‍ നിലയുറപ്പിക്കുന്നു എന്നതിന് നാം സംവരണത്തോടു നന്ദി പറയണം. അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ പലരുടെയും അവസ്ഥ തീരെ ദയനീയമായേനെ. പായല്‍ തഡ്‌വി ഉയര്‍ത്തുന്ന ചോദ്യം വളരെ വലുതാണ്. രോഹിത് വിമല ബാക്കി വെച്ച ചോദ്യത്തിന് നമുക്ക് ഉത്തരം നല്കാന്‍ കഴിഞ്ഞില്ല. ജാതിയുടെ പേരില്‍ അങ്ങിനെ ഇല്ലാതാക്കുന്ന ഒരു പാട് ആത്മാക്കള്‍ നമ്മുടെ ചുറ്റുമുണ്ട്. അതൊരു ഞെട്ടലായി പോലും നമ്മുടെ ചര്‍ച്ചകളിലേക്ക് വരുന്നില്ല എന്ന് പറഞ്ഞാല്‍ നമ്മുടെ സാമൂഹിക ബോധം ദിനേന താഴോട്ടു പോകുന്നു എന്ന് വേണം അനുമാനിക്കാന്‍

Related Articles