Current Date

Search
Close this search box.
Search
Close this search box.

വെറ്റിലക്കച്ചവടക്കാരനും ട്രെയിന്‍ യാത്രക്കാരനും

ഇന്ത്യയിലെ കുറ്റാന്വേഷണ രംഗത്തെ ഏറ്റവും ഉയര്‍ന്ന സംവിധാനമായ സെന്ററല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ഒന്നാം പ്രതിയാക്കി സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ദേഹം രണ്ടു കോടിരൂപ കൈക്കൂലി കൈപ്പറ്റിയതായി പറയുന്നു. ഇതുകൂടാതെ ആറ് അഴിമതി കേസുകളില്‍ കൂടി അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നു. അതേസമയം സി.ബി.ഐ. ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരെ അസ്താന പത്ത് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. വേലിതന്നെ വിള തിന്നാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. എന്നല്ല;തിന്നു കൊണ്ടേയിരിക്കുകയാണ് .അല്ലെങ്കിലും ഉദ്യോഗസ്ഥരുള്‍പ്പെടെ രാജ്യത്തെ സകല സംവിധാനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഭരണാധികാരികളില്‍ അഴിമതി നടത്താത്ത വരായി ആരുണ്ട്? മന്ത്രിമാരും അധികാര കേന്ദ്രങ്ങളില്‍ ഉള്ള മറ്റുള്ളവരും കോടികള്‍ കട്ടതിന്റെ വാര്‍ത്തയില്ലാതെ എന്നെങ്കിലും പത്രങ്ങള്‍ പുറത്തിറങ്ങാറുണ്ടോ?

അഴിമതി ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കേവലം നിയമങ്ങള്‍ കൊണ്ട് സാധ്യമല്ലെന്ന് നമ്മുടെ നാടുള്‍പ്പെടെ ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും തെളിയിച്ചിരിക്കുന്നു. ഇവിടെയാണ് സി. രാധാകൃഷ്ണന്‍ പലപ്പോഴും പറയുകയും എഴുതുകയും ചെയ്ത വെറ്റില കച്ചവടക്കാരന്‍ ഏറെ പ്രസക്തനാകുന്നത്. അദ്ദേഹത്തിന്റെ മാതൃക പ്രധാനമാകുന്നതും. ചമ്രവട്ടം സ്വദേശിയായ സി. രാധാകൃഷ്ണന്‍ പൊന്നാനി സ്‌കൂളിലാണ് പഠിച്ചിരുന്നത്. എല്ലാ ദിവസവും പോയിരുന്നത് തോണിയിലാണ്. അതിലെന്നും ഒരു വെറ്റില കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. അയാളുടെ വശം രണ്ട് തരംവെറ്റിലക്കെട്ടുകളും. ഒന്ന് തലേന്നാള്‍അങ്ങാടിയില്‍ നിന്ന് വില്‍ക്കാതെ മടക്കി കൊണ്ടുവന്ന വാടിയ വെറ്റിലയുടെ കെട്ട്. മറ്റൊന്ന്അന്ന് രാവിലെ നുള്ളിയെടുത്ത നല്ല പച്ചപ്പുള്ള, തുടുപ്പുള്ള വെറ്റിലയുടെ കെട്ട്. എന്നും ഇതു രണ്ടും ചുമന്നുകൊണ്ടു പോയിക്കൊണ്ടിരുന്ന അയാളോട് രാധാകൃഷ്ണന്‍ ചോദിച്ചു.: എന്തിനാണ് കാരണവരെ; ഈ രണ്ട് കെട്ട് വെറ്റില ? വാടിയ വെറ്റില നല്ല വെറ്റിലകള്‍ക്കിടയില്‍ അടുക്കി വെച്ചാല്‍ പോരേ? എന്നാല്‍ ഒരു കെട്ട് കൊണ്ടുപോയാല്‍ മതി . നല്ല വിലയും കിട്ടും.

ഇതുകേട്ട് ഗ്രാമീണനായ കര്‍ഷകന്‍ പറഞ്ഞു: ന്നാലും മക്കളെ ; പടച്ചോന്‍ കാണൂലേ!. ഓന്‍ ഞമ്മളെവെറുതെ വിടോ?. കാലില്‍ ചെരിപ്പില്ലാത്ത; ഷര്‍ട്ട് ധരിച്ചിട്ടില്ലാത്ത; കീറിപ്പറിഞ്ഞ കള്ളി മുണ്ടെടുത്ത നിരക്ഷരനായ ഗ്രാമീണന്റെ ഈ ജീവിത വിശുദ്ധി പുലര്‍ത്തുന്നവരെയല്ലേ നമുക്ക് വേണ്ടത്? എന്നാല്‍ അത്തരം ആരെയെങ്കിലും ഏതെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനത്ത് കാണാന്‍ ഇന്ന് കഴിയുമോ?.

പ്രസന്നന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളില്‍ ചേര്‍ത്ത ഒരു സംഭവത്തിന്റെ ആശയം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും. ഉത്തര മലബാറിലെ നിത്യ യാത്രക്കാരനായിരുന്ന അദ്ദേഹം ഒരുദിവസം റെയില്‍വെ സ്‌റ്റേഷനിലിരിക്കുകയാണ് .തീവണ്ടി വരാന്‍ സമയമായിട്ടില്ല .അപ്പോള്‍ ഏറെ പ്രായമായ ഒരാള്‍ മുണ്ട് വിരിച്ച് നമസ്‌കരിക്കുന്നു. വണ്ടി വന്നപ്പോള്‍ അയാള്‍ അതില്‍ കയറി. അല്പം മുന്നോട്ട് പോയപ്പോഴാണ് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റാണെന്ന് മനസ്സിലായത്. അതിനാല്‍ പെട്ടെന്നുതന്നെ ഇറങ്ങാനായി വാതിലിനടുത്തേക്ക് പോയി. ഇതു കണ്ട് പ്രസന്നന്‍ ചോദിച്ചു: എന്താണ് പ്രശ്‌നം?

ഇത് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റാണ്. ഞാന്‍ യാത്ര ചെയ്യേണ്ടത് സാധാരണ കമ്പാര്‍ട്ട്‌മെന്റിലാണ്.അയാള്‍ അറിയിച്ചു. അത് സാരമില്ല. കുറഞ്ഞ ദൂരമല്ലേയുള്ളൂ. വേണമെങ്കില്‍ അടുത്ത സ്‌റ്റേഷനില്‍ഇറങ്ങി കയറാം. വണ്ടി പുറപ്പെടാറായിട്ടുണ്ട്.പ്രസന്നന്‍ പറഞ്ഞു. അത് പറ്റില്ല.ഞാന്‍സാധാരണ ടിക്കറ്റാണെടുത്തത്.റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്നത് തെറ്റാണ്.പാപമാണ്. ഇത്രയും പറഞ്ഞ് അയാള്‍ ധൃതിയില്‍ ഇറങ്ങി. അടുത്തുള്ള സാധാരണ കമ്പാര്‍ട്ട്‌മെന്റില്‍ കയറി. സാമ്പത്തിക രംഗത്തുള്‍പ്പെടെ മുഴു ജീവിത മേഖലകളിലും ഇത്രയേറെ വിശുദ്ധി പുലര്‍ത്താന്‍ ദൈവത്തിലും മരണാനന്തര ജീവിതത്തിലും യഥാവിധി വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.. മത വിശ്വാസമില്ലാത്തവരും ചിലജീവിതമേഖലകളില്‍ വിശുദ്ധി പുലര്‍ത്തിയേക്കാം.എന്നാല്‍ സാമ്പത്തിക, സദാചാര, മണ്ഡലങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജീവിത രംഗങ്ങളിലും വിശുദ്ധി പുലര്‍ത്താന്‍ അത്തരക്കാര്‍ക്ക് സാധ്യമല്ലെന്നുറപ്പ്. ഇവിടെയാണ് മതം ഇന്നും ഏറെ പ്രസക്തവും പ്രധാനവുമാകുന്നത്.

Related Articles