Onlive Talk

വിഭാഗീയത – മധ്യേഷ്യയുടെ ശാപം

മധ്യേഷ്യ ഇന്ന് എത്തി നില്‍ക്കുന്ന വലിയ രാഷ്ട്രീയ പ്രതിസന്ധി സുന്നി- ഷിയാ എന്ന വിഭാഗീയത തന്നെയാണ്. സുന്നി -ഷിയാ എന്നതിന് ഒരുപാട് പിന്നിലേക്കുള്ള ചരിത്രമുണ്ട് എന്നത് ശരിയാണെങ്കിലും ഇന്ന് നടക്കുന്ന സംഘട്ടനങ്ങള്‍ക്കു വലിയ പഴക്കമില്ല എന്നാണു മനസ്സിലാവുന്നത്. ഒരു രാഷ്ട്രീയ വിഷയമായാണ് സുന്നി ഷിയാ വിഭാഗീയത ഉടലെടുത്തത്. ആധുനിക ലോകത്തു ഇറാന്‍ വിപ്ലവം വരെ ഇതൊരു രാഷ്ട്രീയ വിഷയമായിരുന്നില്ല. ഇറാന്‍ വിപ്ലവം മധ്യേഷയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വളരെ വലിയ മാറ്റത്തിന് ആക്കം കൂട്ടി എന്ന് വേണം മനസ്സിലാക്കാന്‍. ഇറാന്‍ -ഇറാഖ് യുദ്ധം അതിന്റെ തുടക്കമായിരുന്നു എന്ന് മാത്രം.

ഇറാനില്‍ നടന്ന വിപ്ലവം അടുത്ത നാട്ടുകാരെ ഭയപ്പെടുത്തി എന്നത് നേരാണ്. ഇറാന്‍ വിപ്ലവം കയറ്റി അയക്കാന് ശ്രമിക്കുന്നു എന്നൊരു വാര്‍ത്തയും ആ കാലത്തു കേട്ടിരുന്നു. സദ്ദാം ഹുസൈന്റെ പതനം ഇറാന് കൂടുതല്‍ മേല്‍കൈ നല്‍കി. അരക്ഷിതമായി തീര്‍ന്ന മേധ്യഷ്യയില്‍ ഇറാന്‍ കൂടുതല്‍ രാഷ്ട്രീയ കരുത്ത് കാണിച്ചു. സദ്ദാമിന്റെ പതനത്തിനു ശേഷം അടുത്ത രാജ്യങ്ങളുടെ മേല്‍ ഇറാന്റെ സ്വാധീനം വര്‍ധിക്കുന്നതായി കണ്ടു. ഈ സമയത്തു സുന്നി- ഷിയാ വിഭാഗീയത കൂടുതല്‍ കത്തിച്ചു മുതലെടുക്കാന്‍ പലരും ശ്രമിച്ചു.

എന്ത് വില കൊടുത്തും തങ്ങളുടെ വിഭാഗത്തെ താങ്ങി നിര്‍ത്തണം എന്ന ഇറാന്റെ തീരുമാനമാണ് സിറിയന്‍ വിഷയം ഇത്ര രൂക്ഷമാക്കിയത്. സിറിയ ഒരു സുന്നി ഷിയാ വിഷയമല്ല. അതൊരു ജനാധിപത്യ വിഷയമാണ്. ഏകാധിപതിയായ ഭരണാധികാരിക്കെതിരെ ജനം തെരുവില്‍ ഇറങ്ങിയതാണ് സിറിയന്‍ വിഷയം. മുല്ലപ്പൂവിപ്ലവം നല്‍കിയ ഉണര്‍വ് സിറിയയിലും ഉണ്ടായി എന്നത് മാത്രമാണ് അതിന്റെ രാഷ്ട്രീയ വശം. ഈജിപ്തില്‍ കാണിക്കാത്ത താല്പര്യം ചിലര്‍ സിറിയയില്‍ കാണിച്ചു. കക്ഷിത്വത്തിന്റെ പേരില്‍ ഇറാനും രംഗത്തു വന്നതോടെ ജനാധിപത്യ സമരം എന്നതിന്റെ ദിശ തന്നെ മാറി പോയി.

സദ്ദാമിനെ കൊന്നത് ശിയാക്കള്‍ ഒരു രാഷ്ട്രീയ ആയുധമായി ആഘോഷിച്ചു. അല്ലെങ്കില്‍ ആ രീതിയില്‍ കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കാന്‍ അവര്‍ക്കു പുറത്തു നിന്നും പലരും പിന്തുണ നല്‍കി. മൊത്തത്തില്‍ 1979 വരെ ഒരു രാഷ്ട്രീയ വിഷയമല്ലാതിരുന്ന ഷിയാ -സുന്നി ഒരു വലിയ രാഷ്ട്രീയമായി മാറി. ജനാധിപത്യം എന്നതാണ് ഇറാന് കിട്ടിയ മേല്‍കൈ. അതില്ല എന്നതാണ് സുന്നി ലോകത്തിന്റെ വിഷയവും. മധ്യേഷ്യ എന്നതിനെ മൊത്തത്തില്‍ പരിഗണിക്കുന്നതിന് പകരം സുന്നി -ഷിയാ വിഭാഗീയതയില്‍ കാര്യങ്ങളെ കാണുന്നു എന്നത് തന്നെയാണ് ഇന്ന് മധ്യേഷ്യ നേരിടുന്ന വലിയ പ്രതിസന്ധി.

മധ്യേഷ്യയുടെ രാഷ്ട്രീയത്തില്‍ ഒരു മാറ്റം വരണമെങ്കില്‍ വര്‍ധിച്ചു വരുന്ന ഈ വിഭാഗീയത ഇല്ലാതാവണം. അതിനുള്ള സാധ്യത വളരെ കുറവാണ്. ജനാധിപത്യം എന്നത് മധ്യേഷ്യയില്‍ അധിക നാടുകളിലും ഇന്നും സ്വപ്നം മാത്രമാണ്. ജനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവസരം ഇല്ലാതാവുന്നു എന്നതാണ് അതിന്റെ ദൂഷ്യ ഫലം. ഭരണകൂടത്തിന്റെ നിലപാടുകള്‍ ശിരസാ വഹിക്കുക എന്നതാണ് അവര്‍ക്കു ചെയ്യാന്‍ കഴിയുക. അത് കൊണ്ട് തന്നെ ഭരണകൂടങ്ങള്‍ നല്‍കുന്ന വിവരത്തിനപ്പുറം മറ്റൊന്നും അവര്‍ക്കു ലഭിക്കുക സാധ്യമല്ല. മധ്യേഷ്യന്‍ രാഷ്ട്രീയത്തില്‍ മതത്തിനു കാര്യമായ സ്വാധീനമുണ്ട്. ഇസ്ലാമിന്റെ വിശാലതയില്‍ സുന്നിയും ഷിയായും ഉള്‍ക്കൊള്ളുന്നു എന്ന ബോധം പൊതുജനത്തിന് ഉണ്ടാകുക എന്നത് അത്യാവശ്യമാണ്. രണ്ടു കൂട്ടരും പരസ്പരം ശത്രുക്കളാകുന്നു എന്ന നിലയിലാണ് ഇന്ന് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. അവിടെയാണ് യഥാര്‍ത്ഥ ശത്രു വിജയിക്കുന്നതും.

സുന്നികളുടെ നേതൃത്വം ഏറ്റെടുത്തു കൊണ്ടാണ് ഐ എസ് രംഗത്തു വന്നത്. ഈ വിഭാഗീയതയുടെ മറവിലാണ് അവര്‍ക്കു സിറിയന്‍ വിഷയത്തില്‍ പെട്ടെന്നു കയറി കൂടാന്‍ കഴിഞ്ഞതും. ഐ എസിന്റെ ഇസ്ലാം തന്നെ ഒരു ചോദ്യ ചിഹ്നമാണ് എന്നിരിക്കെ അവര്‍ ഷിയാക്കള്‍ക്കെതിരെ സുന്നികളുടെ മിശിഹായാണ് എന്ന പ്രചാരണത്തിന് കുറഞ്ഞ കാലത്തെ ജീവനെ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തിക രാഷ്ട്രീയ ഭിന്നതകള്‍ തീര്‍ക്കണമെങ്കില്‍ ആദ്യത്തെ ദുരന്തമായ വിഭാഗീയത അവസാനിക്കണം എന്നാണ് നിരീക്ഷകര്‍ ഒന്നാകെ പറയുന്നതും.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: എ.എസ്

Facebook Comments
Show More

Related Articles

Close
Close