Onlive Talk

കമ്യൂണിസ്റ്റ് പാർട്ടിക്കാരായ ഉയിഗൂർ മുസ്ലിംകളും ചൈനയിൽ തടങ്കലിലാണ്

മുപ്പതിലേറെ വർഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണ് ഐനിവ നിയാസി. സ്വയംഭരണാധികാര പ്രദേശമായ സിൻജിയാങിന്റെ തലസ്ഥാന നഗരിയായ ഉറുംഖിക്കു പുറത്തുള്ള ഒരു സ്കൂളിൽ മാവോ സേതൂങിന്റെയും ഡെങ് സിയാഒപങിന്റെയും സദ്ഗുണങ്ങളെ കുറിച്ച് കുട്ടികൾക്ക് പാഠങ്ങൾ പകർന്നു കൊടുക്കുന്ന ഒരു അധ്യാപകനായിരുന്നു അദ്ദേഹം. സ്വദേശമായ തുർപാൻ പട്ടണത്തിലെ പാർട്ടിയുടെ വിദ്യാഭ്യാസകാര്യ വിഭാഗത്തിന്റെ വൈസ് സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നതിനു മുമ്പ്, മിഡിൽ സ്കൂൾ പ്രിൻസിപ്പാളായി നിയാസിക്ക് സ്ഥാനംകയറ്റം ലഭിച്ചിരുന്നു.

സമുദായത്തിലെ ജനകീയനും ആദരണീയനുമായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം- പാർട്ടി പദവികളല്ല മറിച്ച് അദ്ദേഹത്തിന്റെ നിഷ്കളങ്ക സ്വഭാവ പ്രകൃതമായിരുന്നു അതിനു കാരണം.

അങ്ങനെയിരിക്കെയാണ്, 2018 ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ, സർക്കാർ അധികൃതർ വന്ന് നിയാസിന്റെ വീടിന്റെ വാതിൽ മുട്ടുന്നത്. യാതൊരുവിധ വിശദീകരണവും നൽകാതെ തങ്ങളോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് വരാൻ അവർ അദ്ദേഹത്തോട് പറഞ്ഞു. അൽപസമയത്തിനു ശേഷം നിയാസി അപ്രത്യക്ഷനായി. ഭാര്യ ഇസർഹാൻ എഹ്മദിനോട് യാത്ര പറയാൻ പോലും അദ്ദേഹത്തിനു സാധിച്ചില്ല. അന്നേ ദിവസം വൈകുന്നേരം വീട്ടിലെത്തിയ ഭാര്യ അറിയുന്നത് തന്റെ ഭർത്താവിനെ കാണാതായിരിക്കുന്നു എന്ന വിവരമാണ്.

ചൈനയുടെ ഏറ്റവും പടിഞ്ഞാറെ അതിർത്തിയിലുടനീളമുള്ള തുർക്കി സംസാരിക്കുന്ന മുസ്ലിംകൾക്കു വേണ്ടി ഒരുക്കിയ തടങ്കൽപ്പാളത്തിലെ പതിനായിരക്കണക്കിനു വരുന്ന ഉയിഗൂർ മുസ്ലിംകളിൽ ഒരാളാണ് നിയാസി. ഒരു പ്രാദേശിക കമ്യൂണിസ്റ്റ് പാർട്ടി ഭാരവാഹി എന്ന നിലയിലുള്ള ‘ഉന്നത’ പദവിക്കു പോലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. വർഷങ്ങളോളം കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ആത്മാർഥമായി പ്രവർത്തിച്ച തങ്ങളുടെ ബന്ധുക്കൾക്കും നിയാസിയുടെ ഗതി തന്നെയാണ് വന്നതെന്ന് മറ്റുരാഷ്ട്രങ്ങളിൽ അഭയം തേടിയ ഉയിഗൂർ പൗരൻമാർ അൽജസീറയോട് പറയുകയുണ്ടായി. തങ്ങളുടെ കുടുംബാംഗങ്ങളെ തടങ്കലിൽ നിന്നും മോചിപ്പിക്കാൻ ചൈനയ്ക്കു മേൽ സമ്മർദ്ദം ചെലുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അവർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ചുരുങ്ങിയത് ഒരു മില്ല്യൺ ഉയിഗൂറുകളും മറ്റു മുസ്ലിം ന്യൂനപക്ഷങ്ങളും തടങ്കലിൽ കഴിയുന്നുണ്ട്. അതായത് ചൈനയിലെ എട്ടു മില്ല്യൺ വരുന്ന ഉയിഗൂർ ജനതയുടെ 12.5 ശതമാനം തടങ്കലിലാണ്.

സിൻജിയാങിലെ “ഭീകരവാദ ഭീഷണി”, “തീവ്രവാദം” തുടങ്ങിയവയെ നേരിടാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള “ട്രെയ്നിങ് സെന്ററുകൾ” അല്ലെങ്കിൽ “പുനഃവിദ്യഭ്യാസ ക്യാമ്പുകൾ” (re-education) ആണ് അവ എന്നാണ് തടങ്കൽ പാളയങ്ങളെ കുറിച്ച് നേരത്തെ ചൈന നൽകിയ വിശദീകരണം.

“ദാരിദ്ര്യ നിർമാർജനത്തിനുള്ള ഒരു അനിവാര്യ നടപടി എന്ന നിലയ്ക്കാണ് പുനഃവിദ്യഭ്യാസ-ട്രെയ്നിങ് ക്യാമ്പുകളെ ചൈന പരിഗണിക്കുന്നത്. ഉയിഗൂറുകളെ മോശക്കാരാക്കുകയല്ല, മറിച്ച് അവരെ സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഭാവിയില്ലാത്ത ഒരു കൂട്ടം ജനങ്ങളെ ഉൾക്കൊള്ളാൻ ചൈനയ്ക്കു കഴിയില്ല. ഭീകരവാദത്തെ ചെറുക്കാൻ മാത്രമല്ല അവ. യഥാർഥത്തിൽ അവ ദാരിദ്ര്യ നിർമാർജനത്തിനു വേണ്ടി കൂടിയുള്ളതാ.” രാഷ്ട്രീയ നിരീക്ഷകനും ചൈനീസ് ഗവൺമെന്റിന്റെ ഉപദേഷ്ടാവുമായ ഐനർ ടാൻജെൻ അൽജസീറയോട് പറഞ്ഞു.

ജൂലൈ മാസത്തിൽ, “ട്രെയ്നിങ് സെന്ററുകളിലെ” 90 ശതമാനത്തിലധികം പേരെയും വിട്ടയച്ചതായി സിൻജിയാങിലെ ഉയിഗൂർ ഗവർണർ ശൊഹ്റത്ത് സാക്കിർ പറഞ്ഞിരുന്നു. പ്രസ്തുത വാദം ചൈനീസ് സർക്കാർ സ്ഥിരീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചൈനക്കു പുറത്തുള്ള ഉയിഗൂർ പൗരൻമാർ സോഷ്യൽ മീഡിയയിൽ #provethe90% എന്ന പേരിൽ കാമ്പയിൻ തുടങ്ങിയിരുന്നു. ചൈനയുടെ അവകാശവാദങ്ങളെ സംബന്ധിച്ച് നോർവീജിയൻ ഉയിഗൂർ കമ്മറ്റി സെക്രട്ടറി അദിൽജാൻ അബ്ദുറഹീം സംശയാലുവാണ്. “ഇതൊരുപക്ഷേ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന അനുഭവസാക്ഷ്യങ്ങളെ നിശ്ബദമാക്കാനുള്ള പുതിയ തന്ത്രമായിരിക്കാൻ സാധ്യതയുണ്ട്.” അദ്ദേഹം പറഞ്ഞു. നോർവേയിലെ ഉയിഗൂർ അംഗങ്ങൾക്കിടയിലെ, കുടുംബാംഗങ്ങൾ തടങ്കലിൽ കഴിയുന്ന 80 കുടുംബങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ ശേഖരിച്ചതായി അബ്ദുറഹീം കൂട്ടിച്ചേർത്തു.

സിൻജിയാങിലെ ഉയിഗൂർ അക്കാദമിക്കുകളിൽ ഒരുപാടു പേരെ ചൈനീസ് അധികൃതർ മുഖ്യധാരയിൽ നിന്നും ഒറ്റപ്പെടുത്തിയിട്ടുണ്ട്. അവരുടെ “ബൗദ്ധിക” പശ്ചാത്തലമാണത്രേ കാരണം. ഇത്തരക്കാരെ വിശേഷിപ്പിക്കാൻ “ഇരട്ടമുഖം” (two-faced) എന്ന പുതിയ സംജ്ഞയും ചൈനീസ് സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.രാഷ്ട്രത്തോട് പൂർണമായും കൂറുപുലർത്താത്തവരെന്ന് കണക്കാക്കപ്പെടുന്നവരെ വിശേഷിപ്പിക്കാൻ വേണ്ടിയാണിത്.

ഹംദുല്ല അബ്ദുറഹ്മാൻ അക്കൂട്ടത്തിൽ ഒരാളായിരുന്നു. 2019 ജനുവരിയിലാണ് അദ്ദേഹം തടവിലാക്കപ്പെടുന്നത്. 30 വർഷത്തോളമായി അബ്ദുറഹ്മാൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാണെന്ന് അദ്ദേഹത്തിന്റെ മകൻ യഷർ ഹംദുല്ല പറഞ്ഞു. യഷർ ഇപ്പോൾ നോർവേയിൽ പ്രവാസജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്. ഖുർആൻ വായിക്കുകയും പ്രാർഥന നിർവഹിക്കുകയും ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുല്ലയും കുടുംബവും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

2018ന്റെ തുടക്കത്തിൽ, മുസ്ലിം കുട്ടികൾ മതപഠന ക്ലാസുകളിലും മതകീയ ചടങ്ങുകളിലും പങ്കെടുക്കുന്നതിൽ നിന്നും ചൈന വിലക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഹംദുല്ലയെ സംബന്ധിച്ചിടത്തോളം, പത്തു വർഷങ്ങൾക്കു മുമ്പ് ജൻമനാടിനെയും സ്വന്തം മാതാപിതാക്കളെയും വേർപിരിയാനുള്ള തീരുമാനം തികച്ചും പ്രയാസമേറിയ ഒന്നായിരുന്നു. പിതാവ് തടങ്കലിൽ അടക്കപ്പെട്ടതോടെ അദ്ദേഹം അപ്പാടെ തകർന്നിരിക്കുകയാണ്. എന്നിരുന്നാലും, പിതാവ് തടങ്കലിൽ നിന്നു മോചിതനാകുമെന്ന പ്രതീക്ഷ അദ്ദേഹം കൈവെടിയുന്നില്ല.

“ഇൻഷാ അല്ലാഹ്” അദ്ദേഹം പറഞ്ഞു.

അവലംബം: aljazeera
മൊഴിമാറ്റം: ഇർഷാദ് കാളച്ചാൽ

Facebook Comments
Related Articles
Show More
Close
Close