Onlive Talk

ഈ ദേശീയത  അന്തസ്സാരശ്ശൂന്യമാണ്

ഈ ദേശീയത 
അന്തസ്സാരശ്ശൂന്യമാണ് (superficial) 
അപരവിദ്വേഷപരമാണ് (xenophobic) 
സങ്കുചിതമാണ് (narrow) 

ഉറച്ച ശബ്ദങ്ങളാണ് ഇന്ത്യയിൽ ചില പ്രതീക്ഷകളായി നിലനിൽക്കുന്നത്. പ്രത്യേകിച്ചും യുവപ്രായത്തിലുള്ള ഒരു പെണ്ണിന്റെ ശബ്ദത്തിന് ദാര്‍ഢ്യം കൂടും, ധൈര്യവും. കൃത്യമായ വിശകലനമാണ് മഹുവ മൊയ്ത്ര ലോക്‌സഭയിലെ തന്റെ കന്നിപ്രസംഗത്തിൽ നടത്തിയത്. വര്‍ത്തമാനകാല ഇന്ത്യയിൽ പ്രകടമായിക്കഴിഞ്ഞ പ്രവണതകൾ, അപകടകരമായ ഫാഷിസ്റ്റ് വാഴ്ചയുടെ ഏഴ് ലക്ഷണങ്ങൾ അവർ എണ്ണിപ്പറഞ്ഞു.

# ഇന്ത്യൻ ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയബോധം അന്തസ്സാരശ്ശൂന്യവും അപരവിദ്വേഷപരവും സങ്കുചിതവുമാണ് (superficial, xenophobic and narrow).

ഇതാണ് അവർ പറഞ്ഞ ഒന്നാമത്തെ ലക്ഷണം.

വിവിധപാരമ്പര്യങ്ങൾ പേറുന്ന ജനതകളെയും വൈവിധ്യപൂര്‍ണമായ സംസ്‌കാരങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്ന ദേശീയബോധത്തിന്റെ സ്ഥാനത്ത് ഭ്രാന്തവും അപകടകരവുമായ ദേശീയതാവാദത്തെ പകരം വെക്കുക. അതിന്റെ പേരിൽ ഒഴുക്കപ്പെട്ട രക്തങ്ങൾ, അരിയപ്പെട്ട തലകൾ, ചൂഴ്‌ന്നെടുക്കപ്പെട്ട ഗര്‍ഭങ്ങൾ.. പിന്നെ, കുടിയേറ്റ വിരുദ്ധ നിയമങ്ങൾ, നാഷനൽ രജിസ്റ്റർ ഒഫ് സിറ്റിസൻസ്..

കൊല്ലങ്ങളോളം ഈ രാജ്യത്ത് കഴിയുന്നവർ അവരുടെ അസ്തിത്വം തെളിയിക്കാൻ വേണ്ടി ഒരു കഷണം കടലാസിനെ ആശ്രയിക്കേണ്ടി വരുന്നത് എത്ര വലിയ ഗതികേടാണ് എന്നാണ് മഹുവ മൊയ്ത്രയുടെ ചോദ്യം.

# മനുഷ്യാവകാശങ്ങൾ അവഗണിക്കപ്പെടുകയും അവകാശങ്ങൾക്ക് വേണ്ടിയുള്ള ശബ്ദങ്ങൾ വെറുക്കപ്പെടുകയും ചെയ്യുന്നു. രണ്ടാമത്തെ ഘടകം ഇതാണ്.

വിദ്വേഷപ്രചാരങ്ങൾക്ക് ഭരിക്കുന്നവർ തന്നെ നേതൃത്വം നല്‍കുക. അതിന്റെ ഫലമായാണ് ആള്‍ക്കൂട്ടങ്ങൾ മനുഷ്യരെ കൊന്നൊടുക്കുന്നത്.

# മാധ്യമങ്ങളെ അധീനപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതാണ് മൂന്നാമത്തെ കാര്യം. unimaginable subjugation and controlling of mass media.

വിലക്കെടുക്കപ്പെട്ട മാധ്യമങ്ങളാണ് ഇന്ന് രാജ്യത്തുള്ളത്. ഫാക്ടുകളും ഫിഗറുകളും ജനങ്ങളിലേക്കെത്തിക്കാനല്ല, മറിച്ച് വ്യാജവാര്‍ത്തകളും പ്രോപഗന്‍ഡകളും കൊണ്ട് ഹെയ്റ്റ് കാംപെയിനുകള്‍ ആഘോഷിക്കാനാണ് മാധ്യമങ്ങൾക്ക് ഇന്ന് തിടുക്കം.

അതിൽ പ്രതിഷേധത്തിന്റെ ശബ്ദങ്ങളില്ല, കര്‍ഷകരുടെ പ്രശ്‌നങ്ങളോ തൊഴിലില്ലായ്മയോ അതിൽ വിഷയമേയല്ല. വ്യാജവാർത്തകളും വാട്‌സ് ആപ് നിര്‍മിതികളും കൊണ്ടാണ് നിങ്ങൾ തെരഞ്ഞെടുപ്പ് തന്നെ ജയിച്ചു കയറിയത്. രാജ്യത്തിന്റെ സകല സൈനിക നേട്ടങ്ങളെയും ഒരു വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിപ്പിക്കുകയാണ് നിങ്ങൾ വിലക്കെടുത്ത മാധ്യമങ്ങൾ.

# ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട ഒബ്‌സെഷൻ വളര്‍ത്തുന്നു എന്നത് കൃത്യമായും ഫാഷിസ്റ്റ് അധികാരത്തിന്റെ നാലാമത്തെ ലക്ഷണമാണ്.

New enemies are being created everyday.

# മതതാൽപര്യങ്ങളെയും ചിഹ്നങ്ങളെയും ഭരണവുമായി കൂട്ടിക്കെട്ടുക എന്നത് അഞ്ചാമതായി ചൂണ്ടിക്കാണിക്കപ്പെട്ട കാര്യം.

# ധിഷണയോടും സര്‍ഗാത്മകതയോടുമുള്ള പുഛവും വിദ്വേഷവുമാണ് ഫാഷിസ്റ്റ് അധീശത്വത്തിന്റെ ആറാമത്തെ അടയാളം.

വിയോജിപ്പുകളോടും ചോദ്യങ്ങളോടുമുള്ള അസഹിഷ്ണുത ഭരണകൂടത്തിന്റെ മുഖമുദ്രയായിത്തീരുന്നു. വിയോജിപ്പുകളാണ് ഇന്ത്യയുടെ ഉല്‍ഗ്രഥനത്തിന്റെ ഊര്‍ജം. നിങ്ങൾക്ക് ഞങ്ങളെ കെട്ടിയിടാനാവില്ല.

# തെരഞ്ഞെടുപ്പ് സംവിധാനത്തെ ദുര്‍ബ്ബലപ്പെടുത്തുന്നു എന്നത് മൊയ്ത്ര ചൂണ്ടിക്കാണിച്ച അവസാനത്തെ ഫാഷിസ്റ്റ് ലക്ഷണം.

ഒരു ഫാഷിസ്റ്റ് രാജ്യമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഈ രാജ്യത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണോ അതോ അതിന്റെ ശവമടക്കിന്റെ പരികർമികളാകണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് എന്ന് മഹുവ മൊയ്ത്ര പാര്‍ലിമെന്റംഗങ്ങളോട് പറഞ്ഞു. തീരുമാനിക്കേണ്ടത് പക്ഷേ, നമ്മളാണ്. നാം ജനങ്ങള്‍.

You do not even tolerate questioning let alone dissent. The spirit of dissent is integral to India. You cannot shackle us

സഭീ കാ ഖൂൻ ഹെ ശാമിൽ യഹാ കാ മിട്ടീ മെ
സകലരുടെയും, എല്ലാ വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെയും രക്തകണങ്ങൾ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടീ മണ്ണിൽ
കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹെ
ഒരുത്തന്റെയും തന്തക്ക് സ്ത്രീധനം കിട്ടിയതല്ല ഈ ഹിന്ദുസ്ഥാൻ.

Facebook Comments
Show More

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Related Articles

Close
Close