Current Date

Search
Close this search box.
Search
Close this search box.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരിലും മുന്നില്‍ ഇന്ത്യക്കാര്‍

ലോകത്തില്‍ തന്നെ ആധുനിക വാര്‍ത്താ മാധ്യമങ്ങള്‍ മോശമായ രൂപത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഒന്നാം സ്ഥാനത്തു ഇന്ത്യയാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മുപ്പതോളം ആള്‍ക്കൂട്ട കൊലകള്‍ നടന്നിട്ടുണ്ട്. അതിലെ മുഖ്യ വില്ലന്‍ സോഷ്യല്‍ മീഡിയ തന്നെ എന്നാണു കണ്ടെത്തല്‍. വാര്‍ത്തകള്‍ ശരിക്കും വായിക്കാതെയും മനസ്സിലാക്കാതെയും ഫോര്‍വേഡ് ചെയ്യപ്പെടുന്നു എന്നതാണ് ഇതിനു ഒരു കാരണം. കുട്ടികളെ തട്ടികൊണ്ട് പോകുന്നു എന്നതിന്റെ പേരിലാണ് ഇന്ത്യയില്‍ കൂടുതല്‍ ആള്‍ക്കൂട്ട കൊലകള്‍ നടന്നിട്ടുള്ളത്. അതെ പോലെ തന്നെ പശുക്കടത്തിന്റെ പേരിലും ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയില്‍ സാധാരണമായിരുന്നു.

ഇത്തരം വ്യാജ വാര്‍ത്തകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന വ്യവസ്ഥാപിത വിഭാഗങ്ങള്‍ ഇന്ത്യയില്‍ സുലഭമാണ്. ഇടതുപക്ഷത്തേക്കാള്‍ ആ വിഷയത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വലതു പക്ഷം തന്നെ. ദേശീയത,ദേശസ്‌നേഹം എന്ന പേരിലും വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ടു അതുണ്ടാക്കുന്ന ദുരന്തങ്ങള്‍ ഇന്ത്യയില്‍ ഒരു സ്ഥിരം കാഴ്ചയാണ്.

ഇന്ത്യ, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നടത്തിയ ഒരു സര്‍വേയുടെ ഫലങ്ങള്‍ കാണിക്കുന്നത് നാട്ടിലെ സാധാരണ ജനം പോലും ഇത്തരം വ്യാജ വാര്‍ത്തകളുടെ പിന്നിലാണ് എന്നായിരുന്നു. വാര്‍ത്തകള്‍ ലഭിക്കുന്ന സോഴ്സുകള്‍ പരിഗണിക്കാതെ നിമിഷ നേരം കൊണ്ട് പ്രചരിപ്പിക്കപ്പെടുന്നു എന്നതാണ് വലിയ ദുരന്തം. ഫേസ്ബുക്കിനേക്കാള്‍ ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പ്രചരിപ്പിക്കപ്പെടുന്നത് വാട്‌സ്ആപ്പ് പോലുള്ള മാധ്യമങ്ങള്‍ വഴിയാണ്. ഈ മൂന്നു രാജ്യങ്ങളിലും കണ്ട സാദൃശ്യം ശരിയായ വഴികളില്‍ നിന്നും വരുന്ന വാര്‍ത്തകളേക്കാള്‍ ആധികാരികതയില്ലാത്ത വാര്‍ത്തകള്‍ക്കാണ് കൂടുതല്‍ പ്രിയം എന്നതാണ്.

കിംവദന്തികള്‍ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടാണ് ഇന്ത്യയില്‍ ആക്രമണത്തിന് വഴിവെക്കുന്നത്. മത സ്പര്‍ദ്ധ,കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, സമുദായങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന വാര്‍ത്തകളാണ് പെട്ടെന്ന് പ്രചരിക്കപ്പെടുന്നത് എന്നാണു അടുത്തിടെ ബി ബി സി നടത്തിയ ‘Beyond Fake News’ എന്ന അന്വേഷണത്തില്‍ നിന്നും മനസ്സിലായത്.

ദേശീയതയും ദേശ സ്‌നേഹവും എങ്ങിനെ മോശമായി ചൂഷണം ചെയ്യപ്പെടുന്നു എന്നത് കൂടി അന്വേഷണം വെളിച്ചത്തു കൊണ്ട് വരുന്നു. അസമിലെ നിലോത്പാലിന്റെയും അഭിഷേക്യുടെയും മരണം ഒരു ഉദാഹരണാമായി കാണാം. അടുത്തിടെ കണ്ടെത്തിയ വെള്ളച്ചാട്ടം കാണാന്‍ രണ്ടു പേരും പോയിരുന്നു. ഒരു ഗ്രാമത്തില്‍ എത്തിയപ്പോള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ എന്ന രീതിയില്‍ അവരെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കപ്പെടുകയും നിമിഷ നേരം കൊണ്ട് നൂറു കണക്കിന് ആളുകള്‍ രംഗത്തു വന്നു രണ്ടു പേരെയും ദാരുണമായി തല്ലിക്കൊല്ലുകയും ചെയ്തു എന്നാണു കേസ്. ഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റും മറ്റു ആധുനിക സൗകര്യങ്ങളും ലഭ്യമാണ് എന്നത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്നു.

ഇന്ത്യയെ പോലെ സാമൂഹിക സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു രാജ്യത്തു ടെക്നോളജിയുടെ വളര്‍ച്ച ശരിയായ ദിശയിലേക്കു കൊണ്ട് പോകാന്‍ കഴിയാതെ പോയാല്‍ മോശമായ രീതിയില്‍ അതിനെ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. മതവും വിശ്വാസവും സാമൂഹിക ക്രമത്തിന് മാന്യമായി ഉപയോഗിക്കുക എന്ന സംസ്‌കാരം ഇനിയും പഠിപ്പിച്ചിട്ടു വേണം. കിട്ടുന്നതെല്ലാം മുന്‍ പിന്‍ നോക്കാതെ കയറ്റി അയക്കുന്ന സംസ്‌കാരം അവസാനിപ്പിക്കണം. പലപ്പോഴും കുടുംബ ഗ്രൂപുകളില്‍ വരുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ അന്വേഷണം നടത്താതെ അധികവും ഫോര്‍വേഡ് ചെയ്യപ്പെടുന്നു. അബ്ദുസ്സമദ് അണ്ടത്തോട്

ദേശീയതയും ദേശസ്‌നേഹവും കൂട്ടികുഴഞ്ഞു കിടക്കുന്ന ഒരു രാജ്യത്ത് എങ്ങിനെ വേണമെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ അതിനെ വളച്ചൊടിക്കാന്‍ കഴിയും എന്നത് തന്നെയാണ് ഈ മേഖലയില്‍ കാര്യമായി ഇടപെടാന്‍ പലര്‍ക്കും താല്പര്യം.

Related Articles