Onlive Talk

ബാബറി നീതിയാണ് പ്രതിവിധി

“ പോലീസ് സംരക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയ അവസാന ബാരിക്കേഡും തകര്‍ത്തു അക്രമികള്‍ മുന്നേറി. പോലീസ് അവര്‍ക്ക് വഴി മാറിക്കൊടുത്തു. ആവേശത്തോടെ ജനം പള്ളിയുടെ നേരെ അക്രമം അഴിച്ചു വിട്ടു. തങ്ങളുടെ മേല്‍ കല്ല്‌ വീഴാതിരിക്കാന്‍ പോലീസുകാര്‍ അവിടെ നിന്നും മാറി നിന്നു. ഒരു ചരിത്രത്തിനു സാക്ഷിയായി ഞാനും അവിടെ ഉണ്ടായിരുന്നു. സ്വാതന്ത്ര ഇന്ത്യയില്‍ അന്നാണ് ആദ്യമായി ഹിന്ദു ദേശീയത വിജയിച്ചത് എന്നെനിക്കു തോന്നി” ബിബിസി ലേഖകന്‍ മാര്‍ക്ക് ടുല്ലിയുടെ വാക്കുകളാണിത്..

ഒന്നര ലക്ഷം ആളുകളെയാണ് സംഘ് പരിവാര്‍ അവിടെ എത്തിച്ചത്. എന്തോ ഒരു ആജ്ഞ കിട്ടിയത് പോലെ അവര്‍ ഒന്നിച്ചു മുന്നോട്ടു വന്നു അക്രമം തുടങ്ങി. പേരിനു മാത്രമായിരുന്നു അവിടെ പോലീസ് സാന്നിധ്യം. ആറു വര്‍ഷത്തെ നിരന്തര പ്രചാരണത്തിന് ശേഷമാണു ഇത്രയും വലിയ ഒരു ജനക്കൂട്ടത്തെ സംഘ് പരിവാര്‍ അവിടെ ഒരുമിച്ചു കൂട്ടിയത്. അവസാനം പള്ളി നിലംപതിച്ചു എന്നുറപ്പായപ്പോള്‍ അക്രമികള്‍ക്ക് വീടുകളിലേക്ക് തിരിച്ചു പോകാന്‍ സര്‍ക്കാര്‍ വകയില്‍ വാഹനം ഒരുക്കിയാണ് അവര്‍ക്ക് സമ്മാനം നല്‍കിയത്.

സ്വാതന്ത്രാനന്തര ഭാരതത്തിന്റെ കറുത്ത ദിനങ്ങളില്‍ ഒന്ന് കൂടി എന്നാണ് അന്ന് സാമൂഹിക നിരീക്ഷകരും രാഷ്ട്രീയ നിരീക്ഷകരും ഈ ദുരന്തതിനെ വിശേഷിപ്പിച്ചത്‌. ഒരിക്കലും പാടില്ലാത്ത ഒന്ന് അന്ന് നടന്നു. ഒരു വിഭാഗം ആരാധിച്ചു കൊണ്ടിരുന്ന സ്ഥലം മറ്റൊരു വിഭാഗം അക്രമത്തിലൂടെ തകര്‍ത്തു കളയുക എന്ന കാടത്തം അതിനു മുന്‍പ് നാം കേട്ടത് പഴയ രാജാക്കന്മാരുടെ കാലത്താണ്. അന്ന് സമ്പത്ത് കൊള്ളയടിക്കുക എന്ന കാരണവും അതിന്റെ പിന്നിലുണ്ട്. പക്ഷെ നാം ചര്‍ച്ച ചെയ്യുന്നത് ആധുനിക ജനാധിപത്യ മതേതര ഇന്ത്യയെക്കുറിച്ചാണ്.

ഭരണകൂടങ്ങള്‍ അന്ന് മുന്‍ തീരുമാന പ്രകാരം മൗനം പൂണ്ടു. അല്ലെങ്കില്‍ അക്രമികള്‍ക്ക് വഴി ഒരുക്കി കൊടുത്തു. പിന്നെ നാട്ടില്‍ തികഞ്ഞ അരാചകത്വമായിരുന്നു. പള്ളിയുടെ തകര്‍ച്ചക്ക് സമാനമായി ഒരു പാട് ജീവനുകളും അന്ന് ബലി നല്‍കപ്പെട്ടു. ആ ദുരന്തത്തിന് ഇരുപത്തിയേഴു വയസ്സായി. പള്ളിയില്‍ വിഗ്രഹം കൊണ്ട് വെച്ചതും പള്ളി പൊളിച്ചതും തെറ്റാണ് എന്ന് നമ്മുടെ പരമോന്നത കോടതി പറയുന്നു. നീണ്ട കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒരു നടപടിയും നാം കണ്ടില്ല. അന്ന് പള്ളി പൊളിക്കാന്‍ മുന്നിലുണ്ടായിരുന്ന പലരും പിന്നെ ഇന്ത്യയുടെ ഭരണ തലപ്പത്തെത്തി. നിയമത്തെ നോക്ക് കുത്തിയാക്കി അക്രമം അഴിച്ചു വിട്ടവര്‍ തന്നെ പിന്നെ നിയമം ഉണ്ടാക്കുന്ന വിചിത്ര സംഭവം നാം കണ്ടു. രാമന്‍റെ ജന്മ സ്ഥലത്തുണ്ടായിരുന്ന അമ്പലം പൊളിച്ചാണ്‌ ബാബര്‍ പള്ളി നിര്‍മ്മിച്ചത് എന്ന ശുദ്ധ നുണ ഇപ്പോഴും നുണയായി തന്നെ നിലനില്‍ക്കുന്നു. പള്ളിയുടെ ഭൂമി പൊളിച്ചവര്‍ക്ക് തന്നെ അമ്പലം പണിയാന്‍ ഭൂമി വിട്ടു കൊടുത്ത കോടതി വിധി മേല്‍ പറഞ്ഞ വാദത്തെ പൂര്‍ണമായി നിരാകരിക്കുന്നു. പള്ളിയില്‍ ആക്രമിച്ചു കടന്നു വിഗ്രഹം കൊണ്ട് വെച്ചതും കോടതി നിരാകരിക്കുന്നു. എന്നിട്ടും കുറ്റവാളികള്‍ സമൂഹത്തില്‍ മാന്യമായി വിലസുന്നത് കോടതികള്‍ കാണാതെ പോകുന്നു. ബാബറി പള്ളി തകര്‍ത്ത് അമ്പലം പണിതാല്‍ ഹിന്ദുക്കളുടെ എല്ലാ വിഷയങ്ങളും അവസാനിക്കും എന്ന വിചാരമല്ല സംഘ് പരിവാറിനെ ഈ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്ന് പറയാന്‍ കഴിയില്ല. മുസ്ലിംകളെ ഒന്നാം ശത്രുവായി പ്രഖ്യാപിച്ചാണ് സംഘ് പരിവാര്‍ രംഗ പ്രവേശനം ചെയ്തത്. അവരെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തകര്‍ക്കുക എന്നത് അവരുടെ അജണ്ടയുടെ ഭാഗമാണ്. തങ്ങള്‍ ഉദ്ദേശിച്ചാല്‍ നിയമത്തെ പോലും നോക്കുകുത്തിയാക്കാന്‍ കഴിയും എന്ന സന്ദേശമാണ് അവര്‍ മുസ്ലിംകള്‍ക്ക് നല്‍കാന്‍ ആഗ്രഹിച്ചത്‌. ഇന്ത്യയില്‍ രാമഭാക്തരായ ഹിന്ദുക്കള്‍ ധാരാളമാണ്. അവരുടെ പിന്തുണയും അവര്‍ ആഗ്രഹിക്കുന്നു.

ശിവസേന നേതാവ് Sanjay Raut 2018 ല്‍ പറഞ്ഞ ഒരു കാര്യം ഇങ്ങിനെയാണ് “ ആ പഴയ കെട്ടിടം പൊളിക്കാന്‍ ഞങ്ങള്‍ക്ക് ആകെ പതിനേഴു മിനുട്ടേ വേണ്ടി വന്നുള്ളൂ. അതിനു ശേഷം അവിടെ അമ്പലം പണിയാന്‍ ഞങ്ങള്‍ നീണ്ട കാല്‍ നൂറ്റാണ്ടു കാത്തിരിക്കുന്നു . അര മണിക്കൂര്‍ കൊണ്ട് കേന്ദ്ര സര്‍ക്കാരിനു ഒരു ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയും. പക്ഷെ എന്ത് കൊണ്ട് അവര്‍ അത് ചെയ്യുന്നില്ല എന്നതാണ് ഞങ്ങള്‍ക്ക് മനസ്സിലാവാത്തത്” . സംഘ പരിവാറിന്റെ മതവും രാഷ്ട്രീയവും മനസ്സിലാക്കാന്‍ ഇത്തരം വാക്കുകള്‍ ധാരാളം. കുറ്റം ചെയ്തു എന്നത് മാത്രമല്ല അത് എടുത്തു പറയുകയും ചെയ്യുക എന്നതിന്റെ മനശ്ശാസ്ത്രം സംഘ പരിവാര്‍ എത്ര നിസാരമായി രാജ്യത്തിന്റെ ഭരണ ഘടനയെ കാണുന്നു എന്ന് വ്യക്തമാക്കുന്നു.

ഒരിക്കല്‍ കൂടി ആ ദിനം കടന്നു വരുന്നു. സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പല കരിദിനങ്ങള്‍ ഉണ്ടെനാണ് പറയപ്പെടുന്നത്‌. അതില്‍ ഒന്നാമത്തെ കരിദിനം ഇന്ത്യ മതത്തിന്റെ പേരില്‍ രണ്ടായി എന്നതാണു. ഇന്ത്യന്‍ ജനാധിപത്യ മതേതരത്വ അടിത്തറയെ ചില അക്രമികള്‍ തകര്‍ത്തു കളഞ്ഞു എന്നതാണ് ഡിസംബര്‍ 6 നെ കരിദിനത്തിലെക്ക് ഉയര്‍ത്തുന്നത്. അക്രമികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ നീതി നടപ്പാകുകയുള്ളൂ. അതെ സമയം ഇരയുടെ അവകാശം പ്രതിക്ക് വിട്ടു കൊടുത്താല്‍ അതിനെ നീതി എന്ന് വിളിക്കാന്‍ കഴിയുമോ എന്ന ചോദ്യം കാലം ഉയര്‍ത്തും എന്നുറപ്പാണ്.

Facebook Comments
Show More
Close
Close